എന്‍റെ രണ്ടു കണ്ണുകള്‍ കൊണ്ടും
കണ്ടതാണ്,
വിശ്വസിക്കണം സാര്‍,
അന്ധന്‍ പറഞ്ഞു.
എന്‍റെ രണ്ടു കാതുകളിലും
മുഴങ്ങിയതാണ്,
വിശ്വസിക്കണം സാര്‍,
ബധിരന്‍ പറഞ്ഞു.
അവര്‍ രണ്ടു പേരും പറയുന്നത്
സത്യമാണ്,
വിശ്വസിക്കണം സാര്‍,
മൂകന്‍ ആംഗ്യം കാട്ടി.
എന്നാല്‍ ഇവര്‍ പറയുന്നതൊന്നും
സംഭവിച്ചിട്ടില്ലെന്നും
വെറും ഭാവന മാത്രമാണെന്നും
ഒരു വൈകല്യവുമില്ലാത്ത
സാക്ഷി പറഞ്ഞു.
അന്ധനും ബധിരനും
മൂകനുമായ സാക്ഷികള്‍
ഒന്നും കാണുകയോ കേള്‍ക്കുകയോ
പറയുകയോ ഉണ്ടായില്ലെന്നും
മാനസികമായ അവരുടെ
വൈകല്യമാണ് യാഥാര്‍ഥ്യമെന്നും
ഒരു ലഹളയും എവിടെയും
സംഭവിച്ചിട്ടില്ലെന്നും
കോടതി വിധിയെഴുതി.
കത്തിയ തെരുവുകളും
ചോരക്കളങ്ങളും
ജഡങ്ങളും
അയഥാര്‍ത്ഥമായ
ഒരു ലോകമായി.
നമുക്കിനിയുറങ്ങാം
സ്വസ്ഥമായി.
______________________________ _________
Mob.9496421481













ചരിത്രത്തെയും സംഭവങ്ങളെയും ഒരു കല്പനയിൽ ഒതുക്കിയാൽ നമുക്ക് സുഖമായി ഉറങ്ങണ്ട കൺ തുറന്നിരിക്കാം.
മറവി, നിസ്സംഗത എന്നുവേണ്ട മനുഷ്യ മനസ്സിൽ ശവക്കുഴി നിർമ്മിച്ച ഗംഭീര രചന!