അഭയാർത്ഥി,
ക്കോളനികളിൽ
നിരാലംബരായ്
നിലവിളക്കും
മനുജന്റെ,
തനതായതെന്തും
നിരാകരിക്കും,
അധിനിവേശ,
ക്കഴുകന്മാർ,
കൂട്ടമായി
‘സമാധാന’മെന്ന
ഭാവിജീവിതസ്വപ്നത്തെ
കൊത്തിവലിക്കുമ്പോൾ,
നിർത്താതെ
കിതച്ചു പായും,
കാലത്തിൻ
മരണകാഹളം
കേൾക്കുന്നൂ ഞാൻ!…
അപ്പോഴും
കൺകുളിർക്കേ
കാണുന്നു ഞാൻ…
സ്വപ്നത്തിൽ
പുഞ്ചിരിതൂകും
കുഞ്ഞുങ്ങൾതൻ
ജീവതാളത്തിൻ
സൗഹൃദം!
പെട്ടെന്നൊരു
സ്ഫോടനം വീണ്ടും!
വിണ്ടുകീറിയ ഭൂമി!
ചിന്നിച്ചിതറിയ കബന്ധങ്ങൾ!
ആരിതു ചെയ്തു? ആർക്കുമറിയില്ലത്രെ!
നിശബ്ദം!
കോടതി എപ്പോഴെങ്കിലും
വിധി പറയുമായിരിക്കും?
പൂജാമുറികളിൽ മുഴങ്ങും
മണിനാദത്തിൽ മുഴുകി,
കൂപ്പിയ കൈകളിൽ കണ്ണുകൾ
സമർപ്പിച്ചവ,രേറ്റുപാടി:
“കലികാലം!
ദൈവനിഷേധികൾ
പെരുകുമ്പോൾ
സംഭവിക്കും
കൽക്കിയുടെ
സംഹാരനൃത്തം!”.
അപ്പോഴും
വിളകൾ കരിയാതെ
തൊടികളിൽനിന്നും
വെള്ളം കോരിയൊഴിച്ചു
തളർന്നു വീണ
കർഷകന്റെ
ജഢത്തിനരികെ
ഒരനാഥക്കുഞ്ഞിരുന്നു
കരയുന്നുവോ?
കാലം കാത്തുവെച്ചത്…
ആ കണ്ണീരിൽ
കുതിർന്ന കിനാവോ?
അതോ…
കരിയും ജഢങ്ങളിൽ
ജാം പുരട്ടി
നുണയുമ്പോൾ,
മാതൃരാജ്യത്തിൻ
ഏതു കോണിൽ
ബാക്കി ലേലം ചെയ്യാൻ
ബാക്കിയുണ്ട്…
മഞ്ഞ, പച്ച, നീല, ചോപ്പ്?-
കണക്കെടുക്കും,
വെള്ളത്താടിയുള്ള
അധികാരിയുടെ
നരഹോമത്തിൻ
മന്ത്രോച്ചാരണമോ?
പറയുക സഖീ…
എൻ നാക്ക്
പിഴുതെടുക്കപ്പെട്ടാലും,
നീ പാടുക ധീരമായ്…
“അനീതി
കൊടികുത്തി വാഴും നാട്ടിൽ
നിശബ്ദതയെന്നാൽ,
കള്ളൻ, കൊലയാളിക്കു
കൂട്ടിരിക്കുന്നതിനെ
ന്യായീകരിക്കുമ്പോൾ
ലഭിക്കും, നിലാവിന്റെ,
ഭാവനയുടെ,
ആത്മഹത്യയെന്നു
സാരം!”
കൊലയാളിയുടെ
സാക്ഷരത
മഹത്തരമെന്നൊരു
ജനത ഏറ്റുപാടുന്ന
ഭാവിക്കായി,
കാലം കാത്തുവെക്കുന്നത്
തമോഗർത്തങ്ങൾ!
നീ പറയും-നിന്റെ വഴി നിനക്ക്…
ഞാൻ പറയും-എന്റേത് എനിക്ക്!
നമ്മുടെതായ
പുതുവഴിയാണ്
വെട്ടിത്തുറക്കേണ്ടതെന്ന്,
കാലം കരുതലോടെ
പറയുന്നുണ്ട്!…
അതു കേൾക്കുന്നേരം,
ഇരുട്ടിൽ ഒരു വിളക്ക്
തെളിയുന്നുവെങ്കിൽ,
ആരോ ആ തിരിയിൽ
അറിവി,ന്നെണ്ണ
പകർന്നെന്നു,
മർത്ഥം വരും!
കാത്തിരിക്കുക…
ആ തിരിയുടെ
നാനാർത്ഥങ്ങൾക്കായ്,
കാലത്തിൽ കാത്തുവെച്ച
സമരവീര്യം ചോരാതെ നോക്കുക!…
മിസൈലുകളുടെ
ഇളംച്ചൂടിൽ
പ്രാവിൻമുട്ടകൾ പെട്ടെന്നു വിരിയുമെന്ന് പറഞ്ഞു,
പ്രാവിൻക്കൂടുകളെല്ലാം,
പരീക്ഷണശാലകളിലേയ്ക്കു മാറ്റിയ,
പമ്പരവിഡ്ഢിയെ നോക്കി-
“എന്തൊരു ദീർഘദൃഷ്ടി!”-
എന്ന് ഓശാന പാടുന്നവർ പെരുകുമ്പോൾ,
കാലം കാത്തുവെച്ചത്,
പാദസേവയല്ല,
ആ വിഡ്ഢിവേഷം
വലിച്ചു കീറും
പോരാട്ടവീര്യം മാത്രമല്ലോ!
ആർക്കാണറിയാത്തത്?
നന്മയുടെ
ആരാച്ചാർമാർക്ക്
അജ്ഞാതമായ സത്യം!













