അസദിനെ വരവേറ്റ് അറബ് ലീഗ്, സാക്ഷിയായി സെലെൻസ്കി

Facebook
Twitter
WhatsApp
Email

ജിദ്ദ ∙ റഷ്യയുടെ സഹായത്തോടെ രാജ്യത്ത് അടിച്ചമർത്തൽ നടത്തുന്നതിന്റെ പേരിൽ 12 വർഷമായി പുറത്തായിരുന്ന സിറിയ അറബ് ലീഗ‌ിൽ തിരിച്ചെത്തി, അതും റഷ്യയ്ക്കെതിരെ പിന്തുണ തേടിയെത്തിയ യുക്രെയ്ൻ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ.  സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിന് അറബ് ലീഗ് ഉച്ചകോടിയിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആലിംഗനം ചെയ്താണ് അസദിനെ സ്വീകരിച്ചത്. അടുത്തിടെ കയ്റോയിൽ നടന്ന അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് സിറിയയെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെയാണിത്. ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ച 2011 ലെ ജനകീയപ്രക്ഷോഭകാലത്ത് അസദ് ഭരണകൂടം നടത്തിയ ക്രൂരമായ അടിച്ചമർത്തലുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സിറിയയുടെ അംഗത്വം അറബ് ലീഗ് റദ്ദാക്കിയത്.

റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ അറബ് ലീഗിന്റെ പിന്തുണ തേടിയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി എത്തിയത്. സമാധാനം പുനഃസ്ഥാപിക്കാൻ യുക്രെയ്ൻ തയാറാക്കിയ 10 നിർദേശങ്ങൾക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. റഷ്യൻ അധിനിവേശത്തിനു ശേഷം ആദ്യമായാണ് സെലെൻസ്കി സൗദിയിലെത്തുന്നത്.

അതേസമയം, റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. മുഹമ്മദ് ബിൻ സൽമാന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നല്ല ബന്ധമാണുള്ളത്.

റഷ്യയെ ഒറ്റപ്പെടുത്താൻ പാശ്ചാത്യസമ്മർദമുണ്ടെങ്കിലും അതിനു തയാറാവാതെ നിഷ്പക്ഷ നിലപാടാണ് ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അത്തരം രാജ്യങ്ങളുടെ പിന്തുണ കൂടി തേടുക എന്നതാണ് സെലെൻസ്കിയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ഉദ്ദേശ്യം.

അറബ് ലീഗിലേക്കുള്ള സിറിയയുടെ മടങ്ങിവരവ് ഈ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സഹായകമാകുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

ആഭ്യന്തര കലാപത്തിന് അറുതിവരുത്താതെ സിറിയയുമായി ബന്ധം സ്ഥാപിക്കരുതെന്ന യുഎസ് താൽപര്യമാണ് സൗദി തള്ളിയത്. നേരത്തെ ഇറാനും ഖത്തറുമായി ബന്ധം പുനഃസ്ഥാപിച്ചിരുന്നു. അതേസമയം, സിറിയയ്ക്ക് എതിരായ ഉപരോധം നീക്കില്ലെന്ന് യുഎസ് വ്യക്തമാക്കി.

English Summary: Assad attends first Arab League summit since start of Syria war

About The Author

Leave a Reply

Your email address will not be published. Required fields are marked *