(കലയിലൂടെ അതിജീവനം
സാധ്യമാക്കിയ
ചില നാടക സുഹൃത്തുക്കളെ ഓർമ്മിച്ചെഴുതിയത്)
അവൾ രാധ.
കലയും, സാഹിത്യവും,
സംഗീതവും, നാടകവും
ആത്മാവിലും
ശരീരത്തിലും
സമൂഹത്തിലും പാകി,
നനച്ചു, വിളവെടുപ്പ്
നടത്തുന്നവൾ.
അറിഞ്ഞതെല്ലാം
പകർന്നു നൽകുന്നവൾ.
അയാൾ കൃഷ്ണൻ.
ഒന്നുമറിയാത്ത,
എന്നാൽ എല്ലാമറിഞ്ഞ
ഭാവത്തിലുള്ള,
അന്തംകുന്തമില്ലാത്ത
അരാഷ്ട്രീയ ജീവിതം.
ഒറ്റക്ക് നടക്കും, ഉറങ്ങും.
കലയെന്നു കേട്ടാൽ
കാലമേ വെല്ലും
കാലനേക്കാൾ കലിവരും.
ആടുമാടുകളെ കണ്ടാൽ,
ചില്ലിയും, വറുത്തതും,
പൊരിച്ചതും, മൂന്നു
പ്ലെയിറ്റ് ഓർഡർ കൊടുക്കും.
തീറ്റതന്നെ തീറ്റ…
മുളയുടെ കൂമ്പ് കണ്ടാൽ
ചുമ്മാ ഒടിച്ചിടും!
പിന്നെ
ഓടക്കുഴലിന്റെ കാര്യം
പറയുകയേ വേണ്ട!
കള്ളവാറ്റ്, ചീട്ടുകളി
സംഘത്തിന്റെ
കാവൽജോലിയുണ്ട്.
കുടുംബജീവിതത്തിന്റെ
കാവലാൾദൗത്യമെന്തെന്ന്
അറിയാൻ ശ്രമിക്കാറില്ല.
സാധാരണ മനുഷ്യർ
മൂന്നു നേരം
ആഹാരം കഴിക്കും.
കൃഷ്ണൻ ആറുനേരവും
ഒറ്റയ്ക്ക് വെട്ടിവിഴുങ്ങും!
കള്ളവാറ്റ് സേവയും
വർഗ്ഗീയ സേവയും
മുറപോലെ…
കന്നുകാലികൾ
അയവിറക്കുന്നത്
ആഹാരംതേടും
ജീവരാശിയുടെ
അനന്തമായ ഓർമ്മകൾ!
കൃഷ്ണൻ ഒന്നും
അയവിറക്കാറില്ല.
ഓർമ്മകളുടെ
ശവപ്പറമ്പൊരുക്കൽ
ആദ്യം നടന്നു.
സാംസ്‌ക്കാരികമായ
ശവസംസ്ക്കാരം
പുറകെ നടന്നു.
തെരുവിൽ നിക്ഷേപിക്കും
തീട്ടവും, മൂത്രവും,
കഫവും, പരസ്പ്പരം
കണക്കെടുപ്പ് തുടർന്നു…
മനുഷ്യശരീരമല്ലേ…
ഒറ്റയ്ക്ക് പള്ള
നിറയ്ക്കുമ്പോഴും,
പക്ഷം പിടിക്കാൻ ഭാര്യയും മക്കളുമില്ലെങ്കിലും,
ഒരിക്കൽ ‘വലതുപക്ഷം’
തളർന്നുകിടന്നാൽ,
എല്ലാവരു,മൊപ്പം
വേണമെന്ന വാശിയുണ്ടല്ലൊ.
മുറിച്ചു മാറ്റിയത്
ദ്രവിച്ച കുടൽ കഷ്ണം!
മൂത്രത്തിന്റെ
സഞ്ചാരസ്വാതന്ത്ര്യം!
ശരീരത്തിന്റെ
സ്വാർത്ഥപ്രയാണത്തിന്
പ്രാണവായുവിന്റെ
നിസ്വാർത്ഥപ്രയാണവുമായി
ശത്രുതയുണ്ടെന്ന്,
ഉറക്കമില്ലാത്ത
ഏതോ പാതിരാത്രി
തിരിച്ചറിഞ്ഞു.
ശരീരംതന്നെ
ഗുരുവും ശിക്ഷ്യനും.
ചോദ്യവു,മുത്തരവും
ശരീരം മാത്രം!
മനസ്സിന്റെ
സ്വാർത്ഥതയ്ക്ക്
മനഃസമാധാനം
തകർന്നുവീഴുമ്പോൾ,
മനഃസാക്ഷിയുള്ളവരെ
ശപിക്കാതിരിക്കുക.
ഓപ്പറേഷനു ശേഷം,
ഒറ്റ കിടപ്പാണ്.
ഒറ്റക്കുള്ള കിടപ്പല്ല.
ഒടപ്പിറന്നോ,രൊപ്പമുണ്ട്.
കൂടെ കഴിഞ്ഞവർക്ക്
തീരാ കടമെന്ന
വടംവലി ബാക്കി!
ചത്താൽ കാവി
പുതപ്പിക്കുമെന്ന്,
എന്നുമിരുട്ടിൽ തപ്പും
കൂട്ടുകാരുടെ പ്രതിജ്ഞ.
അന്നവും സ്നേഹവും
പങ്കുവെച്ചാൽ
ഇരട്ടിക്കുമെന്ന
വിശ്വാസവുമായി,
ഭൂമിയുടെ
ചുറ്റളവെടുത്തു,
കലയ്ക്കു വേണ്ടി
നെട്ടോട്ടം പായുന്ന രാധ!
രാത്രിയുറങ്ങാതെ,
പകൽ മയങ്ങാതെ…
ഉദയവു,മസ്തമയവും
തിരിച്ചറിയാതെ…
ഒപ്പമിരിക്കുന്നു രാധ!
ഒപ്പമിരിക്കുന്ന സമയം
‘ഒപ്പമുള്ള’വരുടെ
ജീവിതവും
ഓർത്തുകൊണ്ടേയിരിക്കുന്നു,
മികച്ച സംഘാടകയായ രാധ.
ഒപ്പമുള്ള നിഴലുകൾ
ചിരിയുടേതോ,
അതോ കരച്ചിലിന്റേതോ?
ഒപ്പിയെടുക്കാൻ
കഴിയണം.
ഒത്തുനോക്കാനും
കഴിയണം.
ഒത്തതിനൊപ്പം
കൂടാത്തതെല്ലാം,
ചത്തതിനൊപ്പം കൂട്ടാം.
കത്തിയെരിയുന്ന
അല്പസമാധാനംപ്പോലും
കുത്തിനോവിക്കുന്നു
സൗഹൃദങ്ങൾ!
ഊർജ്ജതാണ്ഡവം
നടത്തി കത്തിത്തീരാൻ
ഇനിയുമുണ്ടല്ലോ
ഭാഗ്യഹീനമാം
ജീവിതചര്യകൾ?
കുത്തകയാകേണ്ട
അനുഭവങ്ങൾ!
ഒരിക്കലെങ്കിലും
ചേർത്തുപിടിക്കണേ…
‘മിത്തി’ലുള്ള രാധയ്ക്കും
കൃഷ്ണനുമൊപ്പം,
പല്ലികളോടും ചിലന്തികളോടും
കിന്നാരം പറയുന്ന
മൂന്നു സെന്റ് കോളനിയിലെ
ദളിതരാം
കൃഷ്ണനേയും…
ആരൊക്കെ ‘അരുത്’
എന്നു കല്പിച്ചാലും,
മൊബൈൽ
ക്യാമറയുറപ്പിച്ചു,
അനീതിക്കെതിരെ,
റീൽസിലും,
ഷോർട്സിലും
‘വൈറ’ലാക്കാൻ
പൊട്ടിത്തെറിക്കും
രാധയേയും!
മാധ്യമങ്ങളിൽ
ആരോ ചോദിച്ചു:
“ഈ കൃഷ്ണേട്ടൻ
നല്ലൊരു സാമൂഹ്യ-
രാഷ്ട്രീയ
പ്രവർത്തകനായിരുന്നെങ്കിൽ?
രാധ അച്ചടക്കമുള്ള,
കുലസ്ത്രീ കുടുംബിനി
മാത്രമായേനെ, അല്ലേ?”…
ഉത്തരം,
ക്യാമറ നോക്കിയൊരു
ഇടംക്കണ്ണിറുക്കൽ മാത്രം!
ഉള്ളിൽ കലയുടെ
തീയുള്ള രാധയോടാ
നിന്റെയൊരു
വെണ്ണീർപ്പൊടി തമാശ!
“വേണമെങ്കിൽ
ഈ നാരങ്ങായല്ലി ചപ്പിക്കൊ?
കൃഷ്ണനെ കാണുമ്പോൾ
കണ്ണീർവീഴ്ത്താൻ,
നിങ്ങൾ
മീഡിയാക്കാർക്ക്,
നാരങ്ങാത്തൊണ്ട്
കരുതൽ വേണ്ടിവരും!”
രാധ,
ചെങ്കൊടി കയ്യിലേന്തി,
ഇങ്ക്വിലാബ് വിളിച്ചു,
ക്യാമറ നോക്കി
പൊട്ടിച്ചിരിച്ചു.
ഒപ്പം അനശ്വര കാലവും
പുഞ്ചിരിച്ചു…
ചാക്കോ ഡി അന്തിക്കാട്
*2023 ഏപ്രിൽ 6*
(കാവ്യശിഖ-ടീം മുല്ലനേഴി)
About The Author
No related posts.
One thought on “കവിത *’രാധയും കൃഷ്ണനും’*”
മനോഹരമായി…ശരിക്കും ഒരു ചോക്കോഡി ടച്ചുള്ള ശക്തമായ വരികൾ..🥰