പ്രക്ഷോഭങ്ങളുടെ സ്തുതിയും വിശ്രാന്തിയുടെ ബലിയും- ഡോ. മുഞ്ഞിനാട് പത്മകുമാർ

Facebook
Twitter
WhatsApp
Email
പ്രക്ഷോഭങ്ങളുടെ സ്തുതിയിൽ ഉയിർ കൊണ്ട വാക്കുകകളാണ് നിർദ്ദയമായ ജീവിതത്തെ കാട്ടിത്തരുന്നതെന്ന് കവി ലോർകെ എഴുതിയിട്ടുണ്ട്. ലോർ കെയുടെ കാവ്യാനുഭവ സൗന്ദര്യ നിയമങ്ങൾ വികാരപരമായ കർക്കശ നിലപാടുകളിൽ തളയ്ക്കപ്പെട്ട ഒന്നാണ്. എന്നാൽ ആ കവിതകളിൽ ഒഴുകിക്കിടക്കുന്ന മഹാവ്യസനത്തെ മാത്രമാണ് പിൽക്കാലത്ത് കാലം തിരിച്ചറിഞ്ഞതും പിൽക്കാലത്ത് കവിയെ ആഘോഷിച്ചതും. പ്രത്യക്ഷത്തിൽ പ്രക്ഷോഭത്തിന്റെയും വിശ്രാന്തിയുടെയും ആഖ്യാനപരമായ സമവായം എല്ലാ കവികളിലുമെന്ന പോലെ ലോർകയിലുമുണ്ടായിരുന്നു. അതാകട്ടെ, ദീർഘക്ഷമയുടെയോ അതല്ലെങ്കിൽ തീക്ഷ്ണമായ ജീവിത നിരാസത്തിന്റെയോ ദിവ്യവെളിപാടായി കാണാവുന്ന ഒന്നാണ്. അതിന് ഭാവനയുടെ വ്യാപ്തി മണ്ഡലത്തെ ദർശനപരമായ ഉൾക്കാഴ്ചയോടെ നിർവ്വചിക്കാൻ കഴിയുന്നിടത്താണ് കവിത പ്രത്യക്ഷയുക്തിയുടെ ശാഠ്യങ്ങളെ മറികടക്കാൻ ധൈര്യപ്പെടുന്നത്. ഇതൊരു തരം ഇളകിയാട്ടമാണ്. സ്വതന്ത്രമായൊരു ലീലയിലൂടെ വ്യവസ്ഥാപിതമായ സൗന്ദര്യ നിയമങ്ങളെയാകെ തന്നെ ഈ കവിതകൾതിരസ്ക്കരിക്കുന്നു. അതിലൂടെ കവിത മുന്നോട്ടുവയ്ക്കുന്ന സുഖബോധത്തെ അർത്ഥവത്തായ നിഷേധത്തിലൂടെ പുനരവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. ജോൺ വറുഗീസിന്റെ കവിതകളിലെ ഭിന്ന ലോകങ്ങൾ ഭ്രമാത്മക ഭാവനയുടെ ഇളകിയാട്ടങ്ങളായി മാറുന്നത് അങ്ങനെയാണ്. ആ കവിതകളിൽ യുക്ത്യധിഷ്ഠിത നിയന്ത്രണങ്ങളെ അപ്പാടെ ശീർഷാസനത്തിൽ നിർത്തുകയും നരക ജീവിതത്തിന്റെ വിഭ്രാന്തികളെ അതിദാരുണമായി വിചാരണ ചെയ്യുകയും ചെയ്യുന്നു.
ജോൺ വറുഗീസ് എഴുതുമ്പോൾ കവിത അതിന്റെ ആസ്വാദന തലത്തിൽ നിന്നിളകി ജീവിതത്തിന്റെ തന്നെ നിഷ്ഠൂരതയെ കാട്ടിത്തരാൻ ധൈര്യപ്പെടുന്നു. ഈ ധൈര്യപ്പെടലിനു പിന്നിൽ ഗാഢമായൊരു ലാവണ്യബോധമുണ്ട്. പ്രത്യക്ഷത്തിൽ തന്നെ അത് സുഖകരമായൊരു അനുഭവമായി മാറാത്തതിനു കാരണം അതാണ്. പകരം കവിത സ്വതന്ത്രമായൊരു ലീലയായി മാറുന്നു. ഇവിടെ ജീവിതത്തിന്റെ തന്നെ ആന്തരിക സംഘർഷങ്ങളെ വെളിപാടുകളാക്കി , അനുഭവത്തിന്റെ ആഘാതങ്ങളെ സമഗ്രതയിൽ അവതരിപ്പിക്കാനാണ് കവി ശ്രമിക്കുന്നത്. ഈ ശ്രമത്തിന് ഭിന്നവും വ്യതിരിക്തവുമായ ആന്തരിക പ്രത്യക്ഷങ്ങളുണ്ട്. അത് ബോധത്തിലെ ഉൾ പ്പോരുകൾ കൊണ്ട് സ്വയം നവീകരിച്ചെടുത്ത അർത്ഥവത്തായ സാക്ഷ്യങ്ങളാണ്. ഇത്തരം സൗന്ദര്യാത്മക വൈരുദ്ധ്യങ്ങളെ ഡിലൻ തോമസിനെപ്പൊലുള്ള കവികൾ നിരാകരിക്കുന്നത് കാവ്യ സാഹിത്യ ചരിത്രങ്ങളിൽ കാണാം. എന്നാൽ പ്രാപ്യമായ ഒന്നിനെയല്ല, അപ്രാപ്യമായ ഒന്നിനെയാണ് ഉടഞ്ഞ കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുവാൻ ജോൺ വറുഗീസിനെപ്പോലുള്ള അപൂർവ്വം കവികൾ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാവ്യശ്രമങ്ങൾക്ക് മലയാള കവിതയിൽ പൂർവ്വമാതൃകകൾ ഇല്ല എന്നു തന്നെ പറയേണ്ടിവരും. നിലപാടുകളിലും വീക്ഷണങ്ങളിലും പുനർമൂല്യനിർണ്ണയത്തിലും ജോൺവറുഗീസിന്റെ കവിതകൾ മുന്നോട്ടുവയ്ക്കുന്ന ജീവിതത്തിന്റെ തന്നെ താളാത്മക വിന്യാസങ്ങൾക്ക് പ്രചണ്ഡമായൊരു ആക്രമണോത്സുകതയുണ്ട്. എന്നാലിത് സ്വയം ബഹിഷ്കൃതനായി ക്കൊണ്ട് നിഷേധത്തിന്റെ തന്നെ അർത്ഥശൂന്യതയെ സൃഷ്ടിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ്.” അവസാനത്തെ അത്താഴം” എന്ന കവിതയിൽ
” ഓരോ കണ്ഠനാളത്തിൽ നിന്നും /
അന്നനാളത്തിലേക്ക് /
വായ തുറന്നൊരു /
ഗുഹാമുഖം” – എന്ന് ജോൺ വറുഗീസ് എഴുതുമ്പോൾ അകത്തേക്ക് തുറക്കാനും പുറത്തേക്ക് തുപ്പാനും കഴിയാതെ തൊണ്ടക്കുഴിയിൽ ചലനമറ്റിരിക്കുന്ന കാലത്തെ നാം കാണുന്നുണ്ട്. ഇത് ഒരേ കാലം ചരിത്രത്തിനോടും ജീവിതത്തിനോടും പ്രതിഷേധിക്കുന്ന സ്വപീഢനത്തിന്റെ തന്നെ നിർവ്വചനമാണ്. ഇവിടെ കവി ജീവിത സ്തോഭത്തിന്റെ തന്നെ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് കാവ്യാസ്വാദനത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. കാവ്യകലയിലും ഭിന്നസാംസ്കാരിക ധാരകളിലും സംഭവിക്കുന്ന ഒന്നാണ്.” അക്വേറിയം ” എന്ന കവിതയിലെ കറുപ്പു മങ്ങിയ കൃഷ്ണമണികളുടെ നോട്ടവും ഇണ സഞ്ചാരങ്ങൾക്ക് മേലുള്ള നിഴലും ഇതിന്റെ തുടർച്ചയായി വായിച്ചെടുക്കാനാകും. ഇത്തരം തുടർച്ചകൾ ” തീ പുകയാത്തൊരു നെരിപ്പൊട്ടാണവൾ” എന്നു പറയുന്നിടത്തുണ്ട്.
“നമ്മുടെ വേർപ്പുകൾ
ഒന്നിച്ചൊരു നദിയിൽ
കലരുമ്പോൾ
നിന്റെ കണ്ണീർ
എന്റെ തൊണ്ടക്കുഴിയിൽ
വീണു നിറയണം” – എന്നു പറയുന്നിടത്തുമുണ്ട്. ഇങ്ങനെ നമ്മുടെ തന്നെ മൗനങ്ങളെ നിരാകരിക്കാനും നമ്മുടെ തന്നെ മുൻ വിധികളെ തിരുത്തിക്കുറിക്കുവാനും കവി കാണിക്കുന്ന ആർജ്ജിതവ്യക്തിത്വം ചരിത്രപരമായ സത്യസന്ധതയെക്കൂടി തടയാളപ്പെടുത്തുന്ന ഒന്നാണ്. ഇവിടെയെല്ലാം ആർഭാടരഹിതമായ ഭാഷയുടെയും ഭാവനയുടെയും പവിത്ര ശാഠ്യങ്ങളുടെ കലർപ്പുണ്ട്. ഈ കലർപ്പിനു പിന്നിൽ കൃത്യമായൊരു ആത്മപരിശോധന കൂടിയുണ്ട്. അത് വൈകാരികമായ ഹിമപ്പിളർപ്പുകൾ സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് സ്നേഹവും വെറുപ്പും (വിദ്വേഷമല്ല) മാറി മാറി ഈ കവിതകളിൽ ഭരിക്കപ്പെടുന്നത്. ഇത്തരം ആഴങ്ങൾക്കാണ് മറവിയിലെ ജലനിരപ്പിൽ പ്രാവായാളങ്ങൾ സൃഷ്ടിക്കാനാവുക. വിത്തുകാളയുടെ വിലക്കപ്പെടാത്ത കനികൾക്ക് വെളുത്ത പുഴുക്കളായി മണ്ണിൽ അരിച്ചു നടക്കാനാവുക. വായിൽ കുരുക്കുന്ന വക്കുപൊട്ടിയ മൗനത്തെ കുറിച്ചു വയ്ക്കാനാകുക. ഇങ്ങനെയെല്ലാം കവിത നമ്മുടെ സ്വാതന്ത്ര്യത്തിനു നേരെ വാളോങ്ങുകയാണ് ചെയ്യുന്നത്.
മറ്റൊന്ന് ജോൺ വറുഗീസിന്റെ കവിതകളിൽ അനുഭവപ്പെടുന്ന, ലാളിത്യത്തിനുള്ളിൽ നിന്നു വമിക്കുന്ന രൂക്ഷ ഗന്ധമാണ്. ആ ഗന്ധത്തിന് കുരിശിൽ നിന്നിറക്കിക്കിടത്തിയ ദൈവപുത്രന്റെ ഗന്ധമാണ്. അതിന് ഒരുമപ്പെടാത്തവരുടെ പാപജന്മപ്പെരുക്കങ്ങളുടെ ഗന്ധമാണ്. അതിന് ഇരുളുമാഞ്ഞു പകൽ വെളിച്ചത്തിൽ നമ്മൾ നഷ്ടപ്പെടുന്നതിന്റെ ഗന്ധമാണ്. അതിന് വിലക്കപ്പെട്ട കനികൾ വിളയിച്ചെടുക്കുന്നതിന്റെ ഗന്ധമാണ്. ഇങ്ങനെ സിരാപടലങ്ങളിൽ നുണച്ചു പൊന്തുന്ന ഗന്ധമാദന ശൃംഗങ്ങൾ ചിരവന്ധ്യമാം നമ്മുടെ പിഴച്ച കാലത്തിനു മീതെ ഉർവ്വരതയുടെ വടുക്കൾ തീർക്കുന്നു. കുതിരച്ചാണകത്തിന്റെ പച്ചമണം ഇപ്പോൾ പന്തയപ്പന്തലിൽ മാത്രമേയുള്ളൂ എന്ന് കവി എഴുതുമ്പോൾ അത് യൗവനത്തിന്റെ ചിദംബരത്തിൽ ശിവകാമിയായിത്തീരുന്നതു കാണാം. അത് നീട്ടിക്കൊടുത്ത കഴുത്തിലെ ക്ലാവ് പിടിച്ച താലി അവളെ അറവുമാടിന്റെ പിച്ച തൊഴുത്തിലേക്ക് മാറ്റി കെട്ടുന്നതായി കാണാം. ഇങ്ങനെയെല്ലാം ജോൺവറുഗീസിന്റെ കവിതകൾ പ്രക്ഷോഭങ്ങളുടെ സ്തുതിയിലും വിശ്രാന്തിയുടെ ബലിയിലും ചോരയുണങ്ങാതെ നിൽക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *