മരണമേ,
ഇത്രയും മനോഹരമായ പുഞ്ചിരികൊതിച്ചാണോ
നീ വയനാട് ചുരം കയറിയത്?
മരണമേ,
നീ ‘രംഗബോധമില്ലാത്ത
കോമാളി’യല്ല,
പരിസരബോധമില്ലാത്ത
കർട്ടൻവലിക്കാരനാണ്…
ഓരോ രംഗത്തിന്റെയും
തുടക്കവും ഒടുക്കവുമറിയാത്ത
മണ്ടശിരോമണി!
ചിലപ്പോൾ,
രംഗസജ്ജീകരണം
നടക്കുമ്പോൾ
നീ കർട്ടനുയർത്തും!
ചുറ്റും മരണക്കളം
കാണിച്ചു തരും…
ഉടൻ താഴ്ത്തും!
മറ്റു ചിലപ്പോൾ
അന്ത്യരംഗത്തിനുശേഷം
കാണികൾ കൈയ്യടിക്കുംമുൻപ്
നീ കർട്ടൻ വലിച്ചു താഴെയിടും.
അഭിനേതാവിന്
കാണികളുടെ
അനുമോദനങ്ങൾ
ആസ്വദിക്കാനുള്ള
അവസരം കൊടുക്കില്ല!
ലോകം കരയുമ്പോൾ
നീ പൊട്ടിച്ചിരിക്കും!
ലോകം ചിരിക്കുമ്പോൾ
നിനക്ക് ഒപ്പം ചിരിക്കാനുമറിയില്ല!
അതാണു സത്യം…
ഏറ്റവും കൂടുതൽ മെലോഡ്രാമ
ജീവിതത്തിൽ സംഭവിക്കുന്നത്
നിന്റെ ആഗമനത്തോടെയാണ്!
നിന്നെ തോൽപ്പിക്കാൻ
ഒറ്റ തന്ത്രമേയുള്ളൂ…
ജീവിതം ജാഗ്രതയോടെ
മെലോഡ്രാമയാക്കാതിരിക്കുക!
ഗിരീഷ്,
സംസാരത്തിൽ
എന്തൊരൂർജ്ജം!
നാടകം…നാടകം…
അതുമാത്രം
വാക്കുകളിൽ നിറയും!
കർട്ടൻ പകുതി ഉയരുമ്പോഴേയ്ക്കും നീ
അന്ത്യരംഗം ആടിതീർത്തുവോ?
പ്രവേശനോത്സവദിനം
നീ പരിണാമസിദ്ധാന്തത്തിൻ
രഹസ്യപ്പൊരുളറിയാൻ,
നിഗൂഢതയുടെ ഏതു
സാക്ഷരതാക്ലാസ്സിലേയ്ക്കാണു
പ്രവേശിച്ചത്?
സുഹൃത്തുക്കളെ,
അകാലത്തിൽ
വിടപറയുന്നവരെക്കുറിച്ചുള്ള
ഓർമ്മകളുടെ കർട്ടൻ
വലിച്ചിടാൻ ആരെയും അനുവദിക്കാതിരിക്കുക…
മരണമേ,
നിനക്ക് നിന്റെ വഴി…
ഞങ്ങൾ കലാന്വേഷകർക്ക്
ഞങ്ങളുടെ വഴി!
കാലമുണ്ട്…
മരണത്തെ പുല്ലായി കാണുന്ന
അനശ്വരതയുടെ പൊരുളറിയും കാവലാൾക്കാലം!
About The Author
No related posts.