നനുത്ത ഏഴ് പട്ടുനൂലിനാൽ മിന്നുകെട്ടി
നീ എന്നെ നിൻ്റേതാക്കി .
താലിയെൻ്റെ നെഞ്ചിൽ തൊട്ടപ്പോൾ
അഭിമാനത്താൽ വിരിഞ്ഞെൻ വദനവും.
പട്ടുനൂലെരിച്ച് സ്വർണ്ണച്ചരടിൽ മിന്നണിയും വരെ
പൊട്ടാതെ കാത്തു; നീയും ,ഞാനും .
താലി ഒരു കുരുക്കെന്ന്
എപ്പോഴോ തോന്നി നമുക്കിരുവർക്കും .
പൊട്ടിച്ചെറിയാനുള്ള ശ്രമങ്ങൾ …..
അഴിക്കും തോറും കുരുക്ക് മുറുകിയോ ??
നീളം കൂട്ടിക്കൂട്ടി ചരടിന് നീ പതിയെ,
ചരടിൻ ഒരറ്റം നിൻ്റെ കൈകളിൽ ഭദ്രം .
ഇത്തിരി വിശാലതയിൽ
മോഹങ്ങളുടെ ചിറകിൽ പറന്നുയർന്നൂ ഞാൻ .
ആ ആനന്ദലഹരിയിൽ
ഞാനറിയാതെ നിന്നിൽ അലിഞ്ഞങ്ങനെ ….
പഴക്കത്താൽ തേഞ്ഞ് പൊട്ടേണ്ട ചരടിൻ ബലം
ഏറി വന്നു , തമ്മിൽ അലിഞ്ഞതിനാൽ .
ചരടിനറ്റം മുറുകെ പിടിച്ചിട്ടില്ല നീയിന്ന്
എങ്കിലും , ഓടി അകലാൻ ആവില്ലെനിക്ക്.
പേടിയാലല്ല ..
പിന്നെയോ ??
നിൻ പ്രണയമെൻ ജീവനെന്ന
സത്യം അറിഞ്ഞതിനാൽ …
നീയില്ലാതെ ഞാനില്ലെന്ന
തിരിച്ചറിവിനാൽ
പുഷ്പ ബേബി തോമസ്
About The Author
No related posts.