അന്ന് ദൈവമുണ്ടായിരുന്നൂ..
ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചോദ്യം ഇല്ലായിരുന്നു.
ദൈവം ഒരു ചുവന്ന ചെമ്പരത്തിപ്പൂവായിരുന്നൂ..
ഇന്നേ പോലെ നൂറു
നിറങ്ങൾ ഇല്ലായിരുന്നു .
അക്കാലം പൂക്കാലമായിരുന്നൂ.
പൂക്കൾ ഇറുത്ത്
ത്രിസന്ധ്യകൾ
എന്നും
കാവിൽ വിളക്ക്
വെക്കാൻ പോവും ..
ഹൃദയത്തിൻ്റെ വടക്കു കിഴക്കേ കോണിൽ
നിറയെ ചുവപ്പ്
കുടഞ്ഞ് പൂത്തു നിൽക്കുന്ന ചെമ്പരത്തിക്കൊമ്പിൽ
ദൈവം ഞാന്നു കിടന്ന്
ഊഞ്ഞാലാടിയിരുന്നു…
മഞ്ഞ ചിത്രശലഭങ്ങളും
മഴത്തുമ്പികളും തത്തിക്കളിക്കുന്ന ചെമ്പരത്തിച്ചോട്ടിൽ
കുട്ടികൾ കളിവീട് കെട്ടി
പ്ലാവില പാത്രങ്ങളിൽ
പാൽക്കഞ്ഞി വിളമ്പി
ദൈവത്തെ വിരുന്നിനു വിളിച്ചു!
വൈകുന്നേരങ്ങളിൽ
വയൽ വരമ്പിലെ
കുട്ടികൾ
ആകാശത്തിൻ്റെ
അറ്റത്തേക്ക്
പറത്തിയ പട്ടത്തിൻ്റെ
പട്ടുനൂലേണിയിലൂടെ ദൈവം
സ്വർഗ്ഗത്തിൽ നിന്നും
ഇറങ്ങി വന്നു!
മുത്തശ്ശിക്കഥയിലെ
ആയിരത്തൊന്നു രാവുകളിലേക്ക്
കുനിഞ്ഞു കയറിപ്പോകുന്ന പിരിയൻ ഗോവണിയുടെ
താഴെ, ഇരുട്ടിൽ
ദൈവവും കുട്ടികളും
ഒളിച്ചു കളിച്ചു!
പല നിറമുള്ള കടലാസു
തോണികളൊഴുകിയ
മഴവെള്ളം കെട്ടിക്കിടന്ന കുട്ടിക്കാലം ദൈവത്തിൻ്റെ സ്വന്തം രാജ്യമായിരുന്നു!!!
അന്ന് സ്വർഗ്ഗത്തിലും ഭൂമിയിലും ദൈവമുണ്ടായിരുന്നു!!
About The Author
No related posts.
One thought on “ദൈവത്തിൻ്റെ സ്വന്തം ! -സന്ധ്യ”
Such beautiful writing this is…. I appreciate your talent.. …