ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -28, നിലാവിലൊഴുകുന്ന കാട്ടരുവി | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

ജയിലിലെ സന്ദര്‍ശകമുറിയില്‍ അച്ഛന്‍റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് ബിന്ദു ഇരുന്നു. ജയിലിനുള്ളില്‍ ചില പ്രമുഖര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതിനെപ്പറ്റിയാണ് ജയില്‍ സൂപ്രണ്ട് അലക്സുമായി കിരണ്‍ സംസാരിച്ചത്. അത് തികച്ചും നിഷേധാര്‍ഹമല്ലേ? പോലീസുകാര്‍ ഉന്നതരുടെ താളത്തിന് തുള്ളുന്നവരാകാതെ നീതിനിയമത്തില്‍ നിലകൊള്ളുന്നവരാകണമെന്ന് അവള്‍ തുറന്നു പറഞ്ഞു. അലക്സും അതിനോട് യോജിച്ചു. ഇതിനുള്ള ഏക മാര്‍ഗ്ഗം ജയില്‍ സംവിധാനത്തില്‍ ഒരഴിച്ചുപണിയാണ്. ജയിലും ഭരണാധികാരികളില്‍ നിന്ന് മോചനം പ്രാപിക്കാതെ രക്ഷപെടില്ലെന്ന് അലക്സും പറഞ്ഞു.
ഇന്ന് ഇന്ത്യയാകെ ഒരഴിച്ചുപണിയുടെ വക്കില്‍ എത്തി നില്ക്കയാണ്. അകത്തേക്ക് കണ്ണും നട്ടിരുന്ന മകള്‍ അച്ഛനെ കണ്ട് കസേരയില്‍ നിന്നെഴുന്നേറ്റ് വടിയൂന്നി നിന്ന് ആശ്ചര്യത്തോടെ നോക്കി. വീടുപേക്ഷിച്ചു പോയ മകളും നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം കണ്‍മുന്നില്‍ മകളെ കണ്ടപ്പോഴുണ്ടായ സന്തോഷവും അവരെ കണ്ണീരിലും പൊട്ടിക്കരച്ചിലിലുമാണ് എത്തിച്ചത്. രണ്ടുപേരും കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി കരയുന്നത് ചില പോലീസുകാരും ശ്രദ്ധിച്ചു. നീണ്ട വര്‍ഷങ്ങള്‍ കാണാതിരുന്നത് ഒരു പുതിയ ജന്മത്തിലേക്ക് അവരെ വഴി നടത്തുന്നതായി തോന്നി. മണ്ടനും മടിയനുമായ അച്ഛന്‍ ചെയ്ത അപരാധത്തില്‍ അവള്‍ക്ക് കുണ്ഠിതമൊന്നും തോന്നിയില്ല. അച്ഛനോട് സഹതാപമേയുള്ളൂ.
ഭൂതകാലസംഭവങ്ങള്‍ പലതും അയവിറക്കി. അമ്മയുടെ മരണകാരണമറിഞ്ഞ് അവള്‍ വിങ്ങിപ്പൊട്ടി. അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയവനെ കൊല്ലാനുള്ള മനസുമുണ്ടായിരുന്നു. അവരുടെ വാക്കുകളില്‍ ദുഃഖവും ആശങ്കകളും നിറഞ്ഞിരുന്നു. ആ കൂട്ടത്തില്‍ മകളുടെ കുഞ്ഞിനെപ്പറ്റി മാധവന്‍ ആരാഞ്ഞു. അവന്‍റെ കാര്യം തുറന്നുപറയാന്‍ ബിന്ദു ആഗ്രഹിച്ചില്ല. നീണ്ട നാളുകള്‍ ഉള്ളില്‍ മറച്ചുവച്ച ഭയാശങ്കകള്‍ ഇനിയും അധികകാലം മൂടി വയ്ക്കാനാവില്ലെന്ന് അവള്‍ മനസ്സിലാക്കി. അച്ഛനെ രക്ഷപെടുത്താന്‍ തന്‍റെ മൊഴി വളരെ നിര്‍ണ്ണായകമാണ്. അതിന്‍റെ ഫലം ആശ്ചര്യജനകമാണ്. ആ മഹാനിഗൂഢതയുടെ മുഖംമൂടി അഴിയുമ്പോള്‍ മകന്‍ ആ സത്യം തിരിച്ചറിയും. ആ ശബ്ദം അവന്‍ കോടതി മുറിയില്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ തന്നെ ചുട്ടെരിക്കാന്‍ മനസ് പറയുമായിരിക്കും. എന്നാലും ജന്മം കൊടുത്ത മകന്‍, നാടിന്‍റെ അഭിമാനമായ മകന്‍ അങ്ങിനെ ചിന്തിക്കുമോ? തനിക്ക് ജന്മം തന്ന തന്‍റെ അച്ഛനെ ഈ ദുരിതത്തില്‍ നിന്ന് കര കയറ്റാന്‍ ഈ മകള്‍ക്ക് കഴിയേണ്ടതല്ലേ?
“ഒരു മോനാണ്. അവന്‍ സുഖമായിരിക്കുന്നു.”
തത്കാലം മറുപടി അതില്‍ ഒതുങ്ങി. പക്ഷേ, നടന്നിട്ടുള്ള സംഭവങ്ങള്‍ കോടതിയില്‍ ഉറക്കെ പറയാതിരിക്കാന്‍ പറ്റില്ലല്ലോ. ആ ഒരു ദിവസം വരും.
“ഞാന്‍ മോനുമായി കോടതിയില്‍ വരും. അച്ഛന് അന്ന് അവനെ കാണാം. അന്ന് മാത്രമേ അച്ഛന്‍റെ ആഗ്രഹം എനിക്ക് നിറവേറ്റാനാകൂ.”
മാധവന്‍റെ മുഖത്ത് പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടായില്ല. അച്ഛനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നിരപരാധി എങ്ങനെ അപരാധിയായി എന്നത് തെളിയിക്കാന്‍ നല്ലൊരു വക്കീലാണ് ആവശ്യം. അച്ഛനെ ധൈര്യപ്പെടുത്തി അറിയിച്ചു.
“വിഷമിക്കരുത്. നല്ലൊരു വക്കീലിനെ ഞാന്‍ ഏര്‍പ്പെടുത്താം.”
പുറത്ത് നിന്ന് കിരണ്‍ അവിടേക്ക് വന്നിട്ടു പറഞ്ഞു. “അച്ഛനും മകളും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞെങ്കില്‍ നമുക്ക് മടങ്ങാം.”
മാധവനോടായി കിരണ്‍ കൂട്ടിച്ചേര്‍ത്തു. “ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു. മോളെ കണ്ടല്ലോ.”
തെല്ല് ഭയത്തോടെയാണ് മാധവന്‍ അവളെ നോക്കിയത്. മുഖത്തേ പുഞ്ചിരിയിലും തൊഴുതു നിന്ന കൈകളിലും അവളോടുള്ള നന്ദി പ്രകടമായിരുന്നു. അകലെ നിന്ന പോലീസിനെ കിരണ്‍ ആംഗ്യം കാട്ടി വിളിച്ചിട്ട് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. നിശബ്ദ വേദനയുമായി മാധവന്‍ മടങ്ങിപ്പോയത് ദുഃഖഭരത്തോടെയാണ് ബിന്ദു നോക്കി നിന്നത്. പ്രകാശിച്ചു നിന്ന മുഖം മങ്ങിയപോലെ നിന്നു. വടിയൂന്നി ബിന്ദു കിരണിനൊപ്പം പുറത്തേക്ക് നടന്നുപോകുമ്പോഴും മനസ് ദുര്‍ബലമായിരുന്നു.
അന്ന് രാത്രി അരുണ കിരണിനെ വിളിച്ചു.
“എന്‍റെ അക്കൗണ്ടില്‍ രണ്ടരക്കോടി രൂപ ആരോ അടച്ചിരിക്കുന്നു. ഇത് എങ്ങിനെ വന്നു. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ഒന്നും എനിക്കറിയില്ല. അതാ ഞാന്‍ നിന്നെ വിളിക്കുന്നേ?”
കിരണ്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു. “നീ അതില്‍ വിഷമിക്കണ്ട. അതൊരു സംഭാവന കാശിപ്പിള്ളയുടെ ഭാഗത്തുനിന്നുള്ളതാണ്. കര്‍മ്മസേനയുടെ ഫണ്ടിലേക്കും അയാള്‍ ഇത്രയും തുക സംഭവാന ചെയ്തിട്ടുണ്ട്. രണ്ട് കൂട്ടരുടെയും അക്കൗണ്ട് നമ്പര്‍ കൊടുത്തത് ഞാനാണ്. അത് നമ്മുടെ നാടിന്‍റെ സമ്പത്ത് കൊള്ളയടിച്ചതിന്‍റെ ചെറിയൊരു പങ്ക്. അയാടെ മകന്‍ കേന്ദ്രത്തിലിരുന്ന് ഇതിനേക്കാള്‍ വലിയ കൊള്ള ചെയ്യുന്നുണ്ട്. കേരള ജനത ഏതാണ്ട് നാല് കോടിയോളം വരുമെന്നാണ് കണക്ക്. അതില്‍ ദരിദ്ര്യവാസികള്‍ അമ്പത് ലക്ഷത്തിലധികമെന്നാണ് നമ്മളെ ഭരിക്കുന്നവരുടെ കണക്ക്. നിനക്ക് ലഭിച്ച തുക അതില്‍പെടുത്തിയാല്‍ മതി. നിനക്ക് വേണ്ടി എനിക്ക് ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞുള്ളൂ… ഹേയ് എനിക്ക് നന്ദിയൊന്നും വേണ്ട. സത്യത്തില്‍ നിന്‍റെ ജീവിതം ഇങ്ങനെയാക്കിയതില്‍ എനിക്ക് ദുഃഖമുണ്ട്. നീ എടുത്ത ഫോട്ടോയിലാണ് എനിക്ക് പിടിച്ചു കയറാന്‍ ഒരു കച്ചിത്തുരുമ്പ് കിട്ടിയത്. ഇതിന് കഴിയാത്ത പെണ്‍കുട്ടികളുടെ കാര്യം നീയൊന്ന് ഓര്‍ക്ക്. അരുണേ നമ്മള്‍ ഇന്നും അടിമകളാണ്. പുരുഷമേധാവിത്വമാണ് ഇന്ത്യയില്‍ നടക്കുന്നത്. അത് അവഗണനയ്ക്കും ചൂഷണത്തിനുമെതിരെ പോരാടുന്ന എന്‍റെ പപ്പായെപ്പോലും ഇവര്‍ ഭീകരനാക്കുമോ എന്ന ഭയമാണ് എനിക്കുള്ളത്. ഒന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. സത്യത്തിനും നീതിക്കും വേണ്ടി പോരാടി മരിക്കുക. നീ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്ലൊരു മാതൃകയായി ജീവിക്കുക…. എന്താ … സത്യത്തില്‍ ഞാന്‍ ആകെ തിരക്കിലാണ്. കാശിപ്പിള്ള വീണതുപോലെ പല മന്ത്രിമാരും വരുംകാലങ്ങളില്‍ വീഴും. ഞാന്‍ അതിനൊക്കെ ഒരു നിമിത്തമായി എന്ന് മാത്രം. കാരണം കോടികള്‍ തന്ന് എന്നെ പാട്ടിലാക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം. പല മന്ത്രിമാര്‍ക്കെതിരെയുള്ള തെളിവുകള്‍ ഞാന്‍ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തിരിക്കയാണ്. എന്‍റെ ആവശ്യം അവര്‍ അധികാരത്തില്‍ നിന്ന് മാറി നിന്ന് അന്വേഷണങ്ങള്‍ നേരിടണം. കുറ്റക്കാരെങ്കില്‍ ശിക്ഷിക്കണം. നിരപരാധിയെങ്കില്‍ വെറുതെ വിടണം. ഈ മുഖ്യമന്ത്രി എന്‍റെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അതിന്‍റെ ഫലം അയാളും അനുഭവിക്കും. എന്‍റെ പപ്പായെ ഞാനീ കേസങ്ങ് ഏല്പിക്കും. പിന്നീട് എല്ലാം നാട്ടുകാരറിയും. അധികാരമുപയോഗിച്ച് ജനവികാരം തടഞ്ഞു നിര്‍ത്താനാവില്ല. എന്താ…. ഒന്നും ആരില്‍ നിന്നും ആഗ്രഹിച്ചല്ല അരുണാ. എന്‍റെ ജോലി ആത്മാര്‍ത്ഥമായിട്ട് ചെയ്യുന്നു എന്നു മാത്രം. ശരി… അങ്ങനെയാകട്ടെ. ടേക് കെയര്‍.”
അവള്‍ ഫോണ്‍ വച്ചിട്ട് കമ്പ്യൂട്ടറിലേക്ക് ശ്രദ്ധിച്ചു. ടൈപ്പു ചെയ്തുകൊണ്ടിരിക്കെ ഓമന മുറിയിലേക്ക് വന്നിട്ട് ഭക്ഷണം കഴിക്കാന്‍ വിളിച്ചു.
“മമ്മീ പ്ലീസ് ഒരു പത്തുമിനിട്ട്.”
അവള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരടക്കമുള്ളവര്‍ക്കുമെതിരെ പരാതി കൊടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഒരനക്കവും കാണാത്തതിനാല്‍ അവള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് വീണ്ടും പരാതി അയച്ചു. ഈ കേസില്‍ താല്പര്യമില്ലെങ്കില്‍ എന്നെ കോടതിയില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എല്ലാ കേസിന്‍റെയും പശ്ചാത്തലം അവള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ പ്രത്യേകം എഴുതിയ ഒരു കാര്യം ഇതില്‍ യാതൊരു ചര്‍ച്ചയോ കോടികളോ എനിക്കാവശ്യമില്ല എന്നതായിരുന്നു. എന്തായാലും അവള്‍ ഒരു കാര്യമുറപ്പിച്ചു. സ്വന്തം പാര്‍ട്ടിയിലുള്ളവരില്‍ പലരും മുഖ്യമന്ത്രിയെ മാറ്റണമെന്ന നിഗമനത്തില്‍ എത്തി നില്ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എതിരെ നില്ക്കുന്നവരെ അരിഞ്ഞു വീഴ്ത്താനുള്ള ആയുധമാണ് മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ടുള്ളത്.
അവള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് നോക്കി. മുഖ്യമന്ത്രി മറുപടി നല്കിയിരിക്കുന്നു. അടുത്ത മന്ത്രിസഭ കാര്യാലയ മീറ്റിംഗില്‍ ഒരു തീരുമാനമുണ്ടാകും. അതുവരെ ദയവായി ക്ഷമിക്കുക. കുറ്റക്കാരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് എന്‍റെയും ആഗ്രഹം. ഉടന്‍ മൊബൈല്‍ ശബ്ദിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഉടനെ കിരണ്‍ തിരുവനന്തപുരത്ത് എത്തണം. പ്രധാനമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.
“എന്താ സാര്‍ പുതിയ കേസുകള്‍ വല്ലതുമാണോ?”
“അത് നേരില്‍ പറയാം.”
“സാര്‍ എന്നെ വിളിച്ചത് എന്തിനെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ കുറ്റവാളികളായി മുദ്രകുത്തിയവരെ ആരൊക്കെ രക്ഷപെടുത്താന്‍ ശ്രമിച്ചാലും നടക്കില്ലെന്ന് സാറിനറിയാമല്ലോ. ഇതാണ് വിഷയമെങ്കില്‍ എന്‍റെ കേസ്സില്‍ ഇടപെടരുതെന്ന ഒരു അപേക്ഷ മാത്രമേ എനിക്കുള്ളൂ. സാറിനെ വിളിച്ചവരോട് അത് തുറന്നു പറയുക. അധികാരികളുടെ മുന്നില്‍ വിരണ്ട് ഓടുന്നവളല്ല ചാരുംമൂടന്‍റെ മോളെന്ന്. ഈ മന്ത്രിസഭ മുഴുവനായി നിലംപരിശാക്കുന്ന ധാരാളം തെളിവുകള്‍ എന്‍റെ കൈവശമുണ്ടെന്ന് സാറിനെ വിളിച്ചവരോട് പറഞ്ഞേക്കുക. കുറ്റവാളികളെ രക്ഷപെടുത്തി കോടികള്‍ സമ്പാദിക്കുന്ന നല്ല ഗുണമൊന്നും എനിക്കില്ലെന്നും ഓര്‍ക്കുക… എന്താ സാറ് പറഞ്ഞേ. അതെനിക്ക് മനസ്സിലായി. എന്നെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ത്തന്നെ കാര്യം മനസ്സിലായി. എന്‍റെ സംസാരം ആര്‍ക്കും എപ്പോഴും ചോര്‍ത്താം. തെറ്റു ചെയ്യുന്നവരല്ലേ ഭയക്കേണ്ടതുള്ളൂ. ശരി സാര്‍. താങ്ക് യു വെരി മച്ച്.”
അവള്‍ താഴേയ്ക്ക് ഇറങ്ങിച്ചെന്നു. പപ്പയും മമ്മിയും കാത്തിരിപ്പുണ്ടായിരുന്നു. ഓമന ഭക്ഷണം വിളമ്പിക്കൊടുത്തു.
ഭക്ഷണം കഴിഞ്ഞ് കിരണ്‍ മുറിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ഓമന മകളുടെ അടുത്തു ചെന്ന് സ്നേഹത്തോടെ പറഞ്ഞു. “മോളെ പപ്പ മുമ്പ് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ. ഇപ്പോള്‍ നല്ല നാല് ആലോചനകള്‍ വന്നിട്ടുണ്ട്.”
ഓമന ഒരു കവറില്‍ നിന്ന് നാല് പുരുഷന്മാരുടെ ഫോട്ടോകള്‍ അവള്‍ക്ക് മുന്നിലേക്ക് കൊടുത്തിട്ടു പറഞ്ഞു. ഇതില്‍ നിന്ന് നിനക്ക് ഇഷ്ടമുള്ള ഒരാളെ കണ്ടെത്തുക. അതിന് ശേഷം അയാളുടെ യോഗ്യതകളെപ്പറ്റി സംസാരിക്കാം. മകളുടെ പ്രതികരണത്തിനായി മാതാപിതാക്കള്‍ കാതോര്‍ത്തു. ഇതിന് ഇന്നുതന്നെ ഒരു തീരുമാനമുണ്ടാകണമെന്ന് അവളും തീരുമാനിച്ചു. ഇനിയും ഈ പ്രണയത്തിന്‍റെ തടവറയില്‍ ഒരു തടവുകാരിയായി കഴിയാന്‍ താല്പര്യമില്ല. ഇഷ്ടപ്പെടുന്ന പുരുഷന്‍റെ പേര് വെളിപ്പെടുത്തുകയേ നിര്‍വ്വാഹമുള്ളൂ. അതിലൂടെ മകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുമോ. ഒന്നും അറിയില്ല.
മമ്മി ചോദിച്ചു. “എന്താ നിനക്ക് ഫോട്ടോ കാണാന്‍ താല്പര്യമില്ലാത്തത്?”
അവള്‍ രണ്ടുപേരെയും മാറി മാറി നോക്കിയിട്ട് പറഞ്ഞു, “മമ്മി, എനിക്ക് ചെറുപ്പം മുതലെ ഒരാളെ ഇഷ്ടമാണ്….”
അവരുടെ മനസ് സംഘര്‍ഷഭരിതമായി. പുരുഷന്മാരോട് പോരടിക്കുന്ന മകള്‍ ഒരു പുരുഷനെ ചെറുപ്പം മുതലെ പ്രണയിച്ചുവെന്നോ. അവര്‍ നിശബ്ദരായി നോക്കി.
ഞെട്ടലില്‍നിന്നു പെട്ടെന്ന് മുക്തയായ ഓമന എടുത്തടിച്ചതുപോലെ ചോദിച്ചു, “ആരാണത്? എവിടെയാണ്?”
“അത് കരുണാണ് മമ്മീ….”
ഓമനയുടെ മുഖം കൂടുതല്‍ ചുവന്നു. കണ്ണുകള്‍ വികസിച്ചു. ആ വാക്കുകള്‍ ഓമനയെ ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്തു. ചാരുംമൂടന്‍ നിസ്സംഗതയോടെ നോക്കി.
ഓമന ദേഷ്യത്തോടെ ചോദിച്ചു, “നിനക്കൊരു താഴ്ന്ന ജാതിക്കാരനെയേ കിട്ടിയുള്ളോ പ്രേമിക്കാന്‍? മറ്റുള്ളവരുടെ മുന്നില്‍ നീ ഞങ്ങളെ നാണം കെടുത്തുമല്ലോ. എത്ര പരിഹാസ്സത്തോടെയായിരിക്കും മറ്റുള്ളവര്‍ ഇതിനെ കാണുക.”
അതൊരു തീനാളമായി ഓമനയില്‍ ആളിക്കത്തി. ഓമന ഭര്‍ത്താവിന്‍റെ മുഖത്തേക്കു നോക്കി. എന്താണ് മൗനമായി ഇരിക്കുന്നത്. മകളെ ഈ ആപത്തില്‍ നിന്ന് രക്ഷപെടുത്താനാകുമോ? അവളുടെ തീരുമാനത്തിന് കൂട്ടുനില്ക്കുമോ? അങ്ങനെയെങ്കില്‍ ഈ തറവാടുതന്നെ നാറില്ലേ?
ഓമന ചോദിച്ചു, “എന്താ പപ്പ ഒന്നും പറയാത്തത്?”
“ഓമനേ ഒരാള്‍ അണിഞ്ഞൊരുങ്ങി നടന്നാല്‍ മാന്യനാകുമോ? മുഖത്ത് ചായം തേച്ചാല്‍ സുന്ദരിയാകുമോ? നീ പറഞ്ഞ താഴ്ന്ന ജാതി അതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. ആണും പെണ്ണും രണ്ടു ജാതി മാത്രമേ ഈ മണ്ണിലുള്ളൂ. വെറുതെ ജാതി തിരിച്ച് നമ്മള്‍ മനുഷ്യരെ അളക്കരുത്. ജീവിതത്തോട് പോരാടുന്ന മനുഷ്യരെയാണ് എനിക്കിഷ്ടം. അവള്‍ അവനെ ഇഷ്ടപ്പെടുന്നതില്‍ ഞാനായിട്ട് ഇഷ്ടക്കേടൊന്നും പറയില്ല. കാരണം അവളാണ് അവന്‍റൊപ്പം ജീവിക്കുന്നത്. ജാതിയെന്ന ക്രൂരത പാടില്ല. എനിക്കതില്‍ ഒന്നേ പറയാനുള്ളു. അവളുടെ തീരുമാനമാണ് പ്രധാനം. നീ വെറുതെ ജാതിയും തറവാടും പാരമ്പര്യവും പറഞ്ഞ് സ്നേഹിക്കുന്ന മനുഷ്യരെ പിണക്കരുത്. മാത്രവുമല്ല എനിക്ക് കരുണിന് ഇഷ്ടമാണ്. ഇതില്‍ ആശയക്കുഴപ്പമോ അപരാധമോ ഒന്നും കാണാതെ മകളുടെ വാക്കിന് വില നല്കുക.”
അത്രയും പറഞ്ഞിട്ട് ചാരുംമൂടന്‍ എഴുന്നേറ്റ് പോയി. ഓമന ഭര്‍ത്താവ് പോകുന്നതും നോക്കി കണ്ണുംമിഴിച്ചിരുന്നു.
അവള്‍ എഴുന്നേറ്റിട്ട് പറഞ്ഞു, “മമ്മീ, വെറുതെ എന്‍റെ ജീവിതത്തിന് ഹോമകുണ്ഠമൊരുക്കരുത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ നോക്ക്. ഒന്നുകൂടി പറയാം. തല്‍ക്കാലം രജിസ്റ്റര്‍ വിവാഹമാണ് ഉദ്ദേശിക്കുന്നത്. അവന് ക്രിസ്ത്യാനിയാകാന്‍ ഇഷ്ടമില്ലെങ്കില്‍ എന്തിനാ നിര്‍ബന്ധിക്കുന്നത്. മമ്മിയില്‍ നിന്ന് കരുണിനെതിരെ ഒരക്ഷരം വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. എന്താ മമ്മി കരുണിനൊരു കുറവ്? ആരാണ് മമ്മി അവനെ ഇഷ്ടപ്പെടാത്തത്? പ്ലീസ് മമ്മീ ഇതിന് എതിര് നില്ക്കരുത്….”
ഓമന ആലോചിച്ചു, ഭര്‍ത്താവും മകളും പറയുന്നതാണ് സത്യം. ഒരു ഉത്തമ പുരുഷനെന്ന് ഇതിനകം അവന്‍ തെളിയിച്ചു കഴിഞ്ഞു. ആ പ്രതിച്ഛായ അവനിലുണ്ട്. മകളെ സന്തോഷത്തോടെ വഴി നടത്തുമെന്നുള്ള പ്രതീക്ഷയുമുണ്ട്. ഇത്രയും നാള്‍ അവനും ഈ കുടുംബത്തിലെ ഒരംഗത്തെപ്പോലയല്ലേ ജീവിച്ചത്. എഴുന്നേറ്റ് മകളെ കെട്ടിപ്പിടിച്ച് പൂര്‍ണ്ണസമ്മതമെന്നറിയിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“താങ്ക് യൂ മമ്മീ. താങ്ക് യൂ സോ മച്ച്”, കിരണിന്‍റെ സന്തോഷത്തിന് ആകാശം അതിരിട്ടു.
കരുണിനെയും ബിന്ദുവിനെയും ചാരുംമൂടന്‍ വീട്ടില്‍ വരുത്തി മകളുടെ ആഗ്രഹം അവരുമായി പങ്കുവച്ചു. ജീവിതത്തില്‍ അവര്‍ക്ക് ലഭിച്ച് ഏറ്റവും വലിയൊരു ഭാഗ്യമായി അവരതിനെ കണ്ടു.
“സര്‍വവ്യാപിയായ ഈശ്വരന്‍റെ മുന്നില്‍ നമ്മള്‍ ഒന്നാണ്. നമ്മുടെ മതവും ജാതിയുമൊക്കെ സ്നേഹമാകണം. അവിടെ മതമെന്ന മതിലുകളുണ്ടാക്കി മനുഷ്യരെ പാര്‍പ്പിക്കരുത്. അങ്ങനെയുള്ള ചെകുത്താന്‍മാരെ ഞാന്‍ വെറുക്കുന്നു. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി മാറ്റി വയ്ക്കുമ്പോഴാണ് മതം മതമാകുന്നത്. നമ്മിലെ സത്യം പുറത്തറിയുന്നത്. അത് നമ്മെ അറിവിലേക്ക് നയിക്കും. ഏത് നിമിഷവും നിരന്തരമായ പേരും പ്രശസ്തിയും പണവും സുഖവുമാഗ്രഹിക്കുന്നവര്‍ക്ക് ഇതൊന്നും കാണാനാകില്ല. ജീവിതം കുറച്ചൊക്കെ നിങ്ങളും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച് ജീവിക്കുക”, ചാരുംമൂടന്‍ പറഞ്ഞുനിര്‍ത്തി.
രജിസ്റ്റര്‍ ഓഫീസില്‍ ചില ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ കരുണ്‍ കിരണിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തി. ഒരു മഹോത്സവം പോലെ നടത്തേണ്ട വിവാഹം വെറുമൊരു ചടങ്ങാക്കി മാറ്റിയതില്‍ പലരും അതിശയിച്ചു. ആരില്‍നിന്നും ഉപഹാരം സ്വീകരിക്കുകയോ മന്ത്രിസ്ഥാനങ്ങളില്‍ നിന്നുള്ളവരെപ്പോലും ചടങ്ങിന് വിളിക്കുകയും ചെയ്തില്ല. വിവാഹച്ചിലവുകള്‍ ഒരു ധൂര്‍ത്തായി മാറ്റാന്‍ ആര്‍ക്കും താല്പര്യമില്ലായിരുന്നു.
ആദ്യരാത്രിയില്‍ മിഴികളുയര്‍ത്തി ലജ്ജയോടെ അവനെ നോക്കി. ധൈര്യശാലിയായ കിരണിന് ലജ്ജയോ? കിരണിന് അവനോട് ഒന്നും സംസാരിക്കാനുള്ള ധൈര്യമില്ലായിരുന്നു. അവരിലെ കാമതാപം വര്‍ദ്ധിച്ചുവന്നു. നീണ്ട വര്‍ഷം അണകെട്ടി നിര്‍ത്തിയ പ്രണയം ഒരു പ്രളയമായി സര്‍വതും തകര്‍ത്ത് കുതിക്കാനൊരുങ്ങുന്ന നിമിഷങ്ങള്‍. മധുരചുംബനലഹരിയില്‍ ശരീരം പുളകമണിഞ്ഞു. ശരീരാവയവങ്ങള്‍ വിറച്ചു. പുറത്തു പെയ്യുന്ന പേമാരിക്കൊപ്പം അകത്തവര്‍ ഒരു മിന്നല്‍പ്പിണരായി മാറിക്കൊണ്ടിരുന്നു. ആ മിന്നല്‍പ്പിണരുകളില്‍ അവള്‍ എരിഞ്ഞടങ്ങുകതന്നെ ചെയ്തു. മഴ മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി. അവളുടെ മധുരപുഞ്ചിരിയും ശരീരവും വിയര്‍പ്പില്‍ കുളിച്ചു. പ്രണയവും പ്രാണനും മാറോടണച്ചു കിടന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *