LIMA WORLD LIBRARY

വരൂ, നമുക്ക് ലോകം പണിയാം ! – ജയൻ വർഗീസ്

സർവ്വ രാജ്യങ്ങളുടെയും

സൈനികപ്പുരകളിൽ

ശത്രുവിന് നേരെ തൊടുത്തു വച്ച

മിസ്സൈലുകൾക്ക് കാവലിരിക്കുന്ന

സൈനികരോടായി ഒരു വാക്ക് :

അരുത് !

നിങ്ങൾ നിങ്ങളുടെ ശത്രു

എന്ന് കരുതുന്നവർ

നിങ്ങളുടെ ശത്രുക്കളേയല്ല,

നിങ്ങളുടെ മിത്രങ്ങളാണ് ?

നിങ്ങളുടെ,ഭവനവും ഭാര്യയും,

അവളുടെ മടിയിൽ

അമ്മിഞ്ഞയുണ്ണുന്ന നിങ്ങളുടെ കുഞ്ഞും,

സംരക്ഷിക്കപ്പെടുന്നത്

അവരിലൊരാളുടെ സഹിഷ്ണുതയിലാണ് !

അയാൾ അയക്കാതിരിക്കുന്ന

മിസ്സൈലുകളിലാണ്.

നിങ്ങൾ അയക്കാതിരിക്കുന്ന

മിസ്സൈലുകളിൽ

അയാളുടെ കുടുംബവും, കുഞ്ഞും

സംരക്ഷിക്കപ്പെടുന്നത് പോലെത്തന്നെ.

നിങ്ങൾ യഥാർത്ഥ മിത്രങ്ങൾ,

അജ്ഞാത മിത്രങ്ങൾ !

നിങ്ങളുടെ യഥാർത്ഥ ശത്രു

ഭരണാധികാരികൾ, രാഷ്ട്രീയക്കാർ.

അവർക്കു വേണ്ടി നിങ്ങൾ

കുഞ്ഞാടുകളെ അറുക്കുന്നു,

ആ ചോരയിൽ മുക്കി

പതാകകൾ ചുവപ്പിക്കുന്നു ?

ദൈവത്തിന്റെ ഭൂമിയിൽ

അതിരുകൾ വരച്ചു ചേർക്കുന്നു,

അവയുടെ സംരക്ഷണാർത്ഥം

ആയുധങ്ങൾ സംഭരിക്കുന്നു ?

അരുത് !

ആയുധങ്ങൾ താഴെ വയ്ക്കുക!

ആർക്കെതിരേയും

അത് പ്രയോഗിക്കുകയില്ലെന്ന്

ആത്മാവിൽ പ്രതിജ്ഞ ചെയ്യുക,

അവസാനം ഉറക്കെ പ്രഖ്യാപിക്കുക !

അധികാരികൾ നിങ്ങളെ

പീഠിപ്പിക്കാം, വധിക്കാം?

അവഗണിക്കുക !

നിങ്ങളുടെ ചെറു ജീവന് പകരമായി

ഒരു കോടി കുരുന്നുകൾ വളരട്ടെ !

ദൈവത്തിന്റെ ആരാമത്തിൽ

നിങ്ങളും ഒരു കുരുന്നാവട്ടെ !

വരൂ, നമുക്ക് നമ്മുടെ ലോകം പണിയാം !?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px