സ്വപ്ന സങ്കല്പ സഞ്ചാരിയാമെന്റെ
സപ്ത സാലങ്ങൾ താനേ മുറിഞ്ഞതും,
രാമ ഗാഥകൾ പാടിയുണർത്തിയ ആത്മ ശുകമിന്നമ്പേറ്റു വീണതും.
ഓർമ്മകൾക്കുള്ളിൽ ജടായുവാം പക്ഷി തന്നിദ്രിയങ്ങളിൽ സൂര്യാതപങ്ങളായി.
പോയ കാലം പെയ്തഴുകുന്നതും
വീണു പോയിട്ടുമീ മണ്ണ് വിട്ടു ഞാൻ വേർപെടില്ലന്റെ
പ്രേമ സാമ്രാജ്യമേ..
എത്ര രാജ വിഷക്കൂണു കൊണ്ടെന്റെ
സർവ്വ സിരയിലും
വേദങ്ങൾ കൊത്തിയും
ചാതുർവർണ്യത്തിൻ നാരായമാലെന്റെ അക്ഷി ചൂഴ്ന്നും പക്ഷി എന്നെഴുതിയും
ഇന്നലത്തെ കൊടുങ്കാറ്റിൽ രാവണ –
ഖഡ്‌ഗ,ശൂലം നുണഞ്ഞോരെൻ ഹൃത്തവും
ചെന്നിണത്താലിയണിഞ്ഞോരീ മണ്ണിലെ ചെമ്പനീരായി തുടുത്തു വിടർന്നതും
നോവ് നിർമ്മിച്ച സ്വർഗത്തിൽ വച്ചോരീ വൃദ്ധ നേത്രത്താൽ വിഷ്ണുവെ കണ്ടതും
സൂര്യ വീഥിയിലുദിച്ച യുഗാപ്സര മൊട്ടു പൊട്ട ജാനകി ഉദിച്ചതും
ലങ്ക തന്റെ ശിoശപച്ചോട്ടിലായി ഗംഗ പോലെ മിഴിനീരു വാർന്നതും
പണ്ട് പണ്ടേ കരിയാ ച്ചിറകുകൾ കവിത പോലെ കടൽ കീറിടുന്നതും
പെൺമണികളുറങ്ങാത്ത ലങ്കയിൽ വെണ്മതിയായി വീണുറങ്ങുന്നതും
അറിയുന്നുവോ സഖേ.. ദാശരഥേ രാമ
പറയാതെ പോയ വാക്കുകൾ കൊണ്ടെന്റെ പ്രാണ വേദനയെഴുതട്ടെ പ്രിയ സുതാ..
പക്ഷം മുറിഞ്ഞു ഞാൻ കേഴുന്നു ദേവനേ, ഈ
കൊക്ക് നിന്മടി ചേർക്കട്ടെ.. സാമോദം.
ഈ ജീവനാപാദ രേണുവിലാക്കട്ടെ
സാദരമിന്നു നിന്നിലലിയട്ടെ
About The Author
No related posts.