സ്ലേറ്റ് പെൻസിൽ – സന്ധ്യ

Facebook
Twitter
WhatsApp
Email
മൺസൂൺ മഴക്കാറ്റിൽ
ജൂണിൻ്റെ കലണ്ടർ
പിറകോട്ടു മറിയുന്നു!
പുസ്തകത്താളിലൊളിപ്പിച്ച
മയിൽപ്പീലിത്തുണ്ടൊരു
മന്ത്രവടി വീശുന്നു…..
മനസ്സിൻ്റെ സ്ലേറ്റിൽ
മഷിത്തണ്ട് കൊണ്ട്
എത്ര മായിച്ചിട്ടും മായാതെ
പറ്റിപ്പിടിച്ച് തിളങ്ങുന്നു,
ഇന്നലെയിൽ നിന്നുമടർന്ന
രണ്ട് ഇ- ല- പ്പച്ചകൾ!
അ-കാ-രാ-ദിയക്ഷരങ്ങളും
ആദ്യമായമ്മയെ വേർപെട്ട
വികാരക്ഷതങ്ങളും
കണ്ണീരുപ്പിൽ ഒലിച്ചിറങ്ങി
കല്ലുസ്ലേറ്റിൻ്റെ കറുപ്പിൽ
മിനുസമേറ്റുന്നു!
അക്ഷരപ്പുരയുടെ പടിയോളം കൈപിടിച്ച് നടത്തി പറ്റിച്ചു
കടന്നു കളഞ്ഞ വല്യേച്ചിയുടെ
കടുംകൈയുടെ കയ്പ് ;
പിടിവാശിയുടെ ബലാബലം
പരീക്ഷിച്ച പാഞ്ചാലി ടീച്ചറുടെ ചേലക്കുത്തഴിച്ച് പകരം വീട്ടിയ
പ്രതികാരത്തിൻ്റെ മധുരം ;
മഞ്ചാടിമണികൾ കൂട്ടിയും
കുറച്ചും, മണിച്ചട്ടത്തിൽ
ഗുണിച്ചും മനക്കണക്കിൻ്റെ
പെട്ടകം തുറക്കവെ,
ഉറക്കം തൂക്കിയ
കൂട്ടുകാരൻ്റെ
കുപ്പായക്കുടുക്കിലേക്ക്
ചോക്കു കഷണത്തിൻ്റെ
റോക്കറ്റ് വിക്ഷേപിച്ച്
പാറു ടീച്ചർ പുഞ്ചിരിച്ചു.
പരിഭവച്ചോപ്പും കറുപ്പും
പടർന്നൊരിഷ്ടത്തിൻ്റെ
കുന്നിക്കുരുമണികൾ
പെറുക്കുന്ന കുട്ടികൾ
ഒന്നാംക്ലാസ്സിലെ ടീച്ചർക്ക്
ഒരു പണത്തൂക്കം
മാറ്റിവെക്കുന്നു!!
പാട്ടുക്ലാസ്സിൻ്റെ
ഓടുമേൽക്കൂരയിൽ.
പാട്ടിന് ശ്രുതി മീട്ടുന്നൂ
മഴയുടെയിക് താര!!!!
തുള്ളിച്ചാടി വരുമിടവഴി-
വെള്ളച്ചാട്ടങ്ങളിൽ
നയാഗ്രകൾ കണ്ടെത്തിയ
കണ്ണിലെ തിളക്കം !!
ചായപ്പെൻസിലിന്നു
മായപ്പൊന്ന് കൈമാറിയ
ബാല്യത്തിൻ്റെ ബാർട്ടർ
കാലത്തിലേക്ക് ഞാനൊരു
കടലാസുതോണിയിൽ
യാത്ര പോകുന്നു!!
തുള്ളിക്കൊരുകുടം
ഓർമ്മകൾ പെയ്യും
പള്ളിക്കൂടപ്പെരുമഴയിൽ
ജൂൺനദി കര കവിയുന്നു!!

About The Author

Leave a Reply

Your email address will not be published. Required fields are marked *