മഴ നനഞ്ഞ വള്ളി ചെരുപ്പുകൾ ചെളികൊണ്ടു കോറിയ ചിത്രങ്ങൾ
പഴകിയ സിമന്റ് തറയിൽ
ഉണങ്ങി കിടന്ന
വിദൂരഭൂതകാലത്തെ
ക്ലാസ്സ് മുറി…….
മഴവെള്ളം
കുത്തിയൊലിച്ച
മുറ്റത്തെ
എണ്ണമറ്റ കടലാസ്സുവള്ളങ്ങൾ……
നാട്ടുമാഞ്ചോട്ടിലെ
അണ്ണാറക്കണ്ണനെ
പാട്ട് പഠിപ്പിക്കാൻ
നോക്കിയ
പൂവാലിക്കുയിൽ…..
കുമ്പഴുപ്പൻ
നീളൻ പുളി
കൊത്തി കൊത്തി
നാവിൽ
കൊതിയുടെ കപ്പലോടിപ്പിച്ച
മൈനകൾ
പൊതിച്ചോറിലെ
ബാക്കി വച്ച
അന്നം
മക്കൾക്ക് സദ്യയാക്കിയ
അമ്മകാക്ക…
വരിക്കച്ചക്ക ചൂഴ്ന്നു
തേന്മധുരം
ചുണ്ടത്തു
നിറച്ച്
ചക്ക പഴുത്തെന്നു
വിളിച്ചു പറഞ്ഞ
മരംകൊത്തി കിളി
പിച്ചിയും മന്ദാരവും
കൊടുത്ത തേനെല്ലാമുണ്ട്
വയർ നിറഞ്ഞിട്ടും
കൊതിമൂത്തു
തേനുണ്ണാൻ
ഓടി നടന്ന പൂത്തുമ്പികൾ
തെച്ചിപ്പഴക്കായയും
ഞാവൽപ്പഴവും
തിന്നു
ചോന്ന ചുണ്ട്
വീണ്ടും
ചുവപ്പിച്ച മൽബെറി പഴം
മൾബെറി തിന്നു
തുടുത്തു ഞാന്നു
കിടന്നു
മേലാകെ ചൊറിയിച്ചു
ചിരിച്ച
ചൊറിയൻ പുഴുക്കൾ…..
ചൊറിഞ്ഞ
തടിപ്പിന്മേൽ
ഭസ്മം പൂശിയ
അമ്മിണിയേടത്തീടെ
നെറ്റിയിലെ
മായാത്ത
ഭസ്മവരകൾ……
നീളൻ
ചൂരലിനെക്കാൾ
നീണ്ട
വെള്ള കുപ്പായ കൈയുള്ള
നാണു മാഷിന്റെ
സയൻസ് ക്ലാസ്
ശെരി കണക്കിന്
എന്നും
നാരങ്ങാ മിഠായി
തരുന്ന
കുഞ്ഞമ്മ ടീച്ചർ
ഒന്നാനാം
കുന്നിൽ
ഒരായിരം
കിളികളോടൊപ്പം
കുട്ടികൾക്കും
കളിവീട് ഉണ്ടാക്കി
കൂടെ കളിച്ച
അമ്മുക്കുട്ടി ടീച്ചർ…
ഓർമ്മ തൂവലുകളും
മയിൽപീലികളും
പാറി നടക്കുന്ന
പഴയ ക്‌ളാസു മുറികൾ..
സ്മൃതി ഭ്രംശം
വരാത്ത
ചുമരുകളിലെ
മേൽക്ക് മേൽ
തേച്ച
ചായക്കൂട്ടുകൾക്കിടയിൽ
സ്വപ്നങ്ങളുടെ
എത്രയോ
വർണചിത്രങ്ങൾ………
ആയിരമായിരം
വർണചിത്രങ്ങൾ……
എന്റെ
ഓർമ്മയുടെ
വിദൂര സ്‌മൃതിയിൽ
പഴയ ക്ലാസ്സ്‌മുറി
നിറയേ
വെളിച്ചത്തിന്റെ
വെയിൽ ചീളുകൾ…..
About The Author
No related posts.