LIMA WORLD LIBRARY

കോടതികൾ കോടാലികളോ ? -ജയൻ വർഗീസ്

കോടതികൾ കോടാലികളോ ?

( ‘ നിയമം ഒരു ചിലന്തി വലയാണ്. ചെറിയ പ്രാണികളെ അത് നിഷ്ക്കരുണം പിടി കൂടുമ്പോൾ  വലിയകുളവികൾ  അത് തുളച്ചു കടന്നു പോകുന്നു! ‘ എന്ന് പറഞ്ഞത് ഒരു പാശ്ചാത്യ ചിന്തകനാണ്. നീതിന്യായങ്ങളുടെ ഇഴ കീറുന്ന  കോടതികൾ സത്യത്തിന്റെയും ധർമ്മത്തിന്റെയും നേരെ മുഖം തിരിച്ചുനിൽക്കുകയാണോ എന്ന് സംശയിക്കുവാൻ ആ വാക്കുകൾ നമ്മെ പ്രേരിപ്പിക്കുന്നു.  ‘ സൂര്യജന്മം ‘ എന്ന എന്റെകവിതാ സമാഹാരത്തിൽ ‘ സ്വർഗ്ഗസ്ഥനായ പിതാവേ, ‘ എന്ന നീണ്ട കവിതയുടെ ഭാഗമായ ‘ ഞങ്ങളുടെകടക്കാരോട് ‘ എന്ന കവിത സമകാലീന സംഭവങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്  ഇവിടെപ്രസിദ്ധീകരിക്കുന്നു )

ഞങ്ങളുടെ കടക്കാരോട്.

കവിത.

ജയൻ വർഗീസ്.

ഞങ്ങൾ ക്ഷമിച്ചതുപോലെ,

ഞങ്ങളുടെ കടങ്ങളും, പാപങ്ങളും

ഞങ്ങളോടും ക്ഷമിക്കേണമേ !

കടക്കാരോട് നമ്മൾ ക്ഷമിക്കുന്നുണ്ടോ ?

കാലിടറുന്നവർക്ക് കൈ കൊടുക്കുന്നുണ്ടോ ?

വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നുണ്ടോ ?

കൊള്ളാനാഗ്രഹിക്കുന്നത് കൊടുക്കുന്നുണ്ടോ ?

ചരിത്രത്തിൽ ചാല് വച്ചൊഴുകിയ ചോരപ്പാടുകൾ !

യുദ്ധങ്ങളായും, യുദ്ധ ഭീഷണികളായും

അക്ഷമയുടെ അശ്വ മേധങ്ങൾ !

അവയുടെ കാലടികൾക്കിടയിൽ പിടഞ്ഞു മരിച്ച സ്വപ്നങ്ങൾ ?

കലിംഗയിൽ കരഞ്ഞ അശോകനെ മഹാനാക്കുന്ന കാലം,

അശോകൻ അരിഞ്ഞു വീഴ്‌ത്തിയ ആയിരങ്ങളെ മറക്കുന്നു?

യുദ്ധങ്ങളിൽ ജയിക്കുന്നവരെ പട്ടും,വളയും നൽകി ആദരിക്കുമ്പോൾ,

ചുടലക്കളങ്ങളിലെ ചാരം നക്കികൾ പുരസ്‌ക്കരിക്കപ്പെടുന്നു?

ഭൂഖണ്ഡങ്ങളിൽ ഇടി മുഴക്കിയ മഹാ യുദ്ധങ്ങൾ,

അതിന്റെ ക്രൂരതയിൽ വീണടിഞ്ഞ മനുഷ്യ വംശം.

കൂടുതൽ കൊന്നവനെ കൂടുതൽ മഹാനാക്കുന്ന സംസ്‌ക്കാരം ?

ചരിത്രം അവനു തിലകം ചാർത്തുന്നു ?

ഐൻസ്റ്റെയിൻ മില്ലേനിയത്തിന്റെ പോരാളി,

അണുബോംബ് ആധുനിക യുദ്ധ വീരൻ.

ഹിരോഷിമായുടെ കണ്ണുനീർ കാണുന്നില്ലാ,

നാഗസാക്കിയുടെ വിങ്ങൽ കേൾക്കുന്നില്ലാ.

ദരിദ്ര രാജ്യങ്ങൾ അണുബോംബുണ്ടാക്കുന്നു,

ദാരിദ്ര്യത്തിനെതിരേ മുണ്ടു മുറുക്കുന്നു.

ആയുധം അക്ഷമയുടെ ആറ്റം ബോംബുകൾ,

അസിഹിഷ്‌ണുത മിസൈലുകൾ,

കണ്ണിനു കണ്ണ്, പല്ലിനു പല്ല്‌,

ഇടത്തേതിൽ അടിക്കും മുൻപ്,

വലത്തേതിൽ അടിച്ചിരിക്കും?

മാപ്പു കൊടുക്കുന്നവന് മാന്യതയില്ല,

കീഴടങ്ങുന്നവന് കിരീടവുമില്ലാ.

മനുഷ്യന്റെ നീതിശാസ്ത്രം

ദൈവത്തിന്റേതിനോട് മത്സരിക്കുന്നു?

അഹങ്കാരത്തിന്റെ ബാബേലുകളിൽ,

അതിർ മതിലുകൾ ഉയരുമ്പോൾ,

കലങ്ങലും, ചിതറലും അനിവാര്യമായി,

മനുഷ്യ വർഗ്ഗം തകരുന്നു?

തെറ്റിനാവശ്യം ശിക്ഷയാണെന്നു പഠിപ്പിക്കുന്നു,

തിരുത്തലാണെന്നത് മറക്കുന്നു.

ശിക്ഷിക്കുവാൻ വേണ്ടി നിയമങ്ങളുണ്ടാക്കുന്നു,

തിരുത്തുവാനുള്ള സംവിധാനങ്ങളില്ല.

പാപത്തിന്റെ ശിക്ഷ മരണമാണെന്നത് പഴയ കാലം,

പാപത്തിൽ നിന്നുള്ള മോചനമാണെന്നതു പുതിയ കാലം.

ശിക്ഷ എന്നത് തിന്മയുടെ വിളയാട്ടവും,

ചെകുത്താന്റെ നിയമവുമാകുന്നു.

തിരുത്തൽ നന്മയാകുന്നു,

നന്മ സ്നേഹത്തിൽ നിന്ന് വരുന്നു,

സ്നേഹം ദൈവമാകുന്നു !

രക്ഷയുടെ കിളിവാതിലുകൾ അടഞ്ഞു കിടക്കുമ്പോൾ,

ശിക്ഷിക്കുന്നതിനായി പോലീസും, പട്ടാളവും, കോടതികളും.

കോടതികളിൽ വെറും മനുഷ്യൻ ഗോഡാവുന്നു,

ഓ ലോർഡാവുന്നു?

കൊട്ടുവടിയോങ്ങി ലോകത്തെ ഭയപ്പെടുത്തുന്നു?

വിയർപ്പൊഴുക്കാതെ റെസ്‌പെക്ട് പിടിച്ചു പറ്റുന്നു?

ഈ ലോർഡുകൾ പച്ച മനുഷ്യർ !

ആഹരിക്കുന്നു, നീഹരിക്കുന്നു,

ഇണചേരുന്നു, കുട്ടികളെ പ്രസവിച്ചു വളർത്തുന്നു.

രക്തവും, മാംസവുമുള്ള ശരീരം,

തീട്ടവും, മൂത്രവുമുള്ള ഉദരം,

കാമവും, മോഹവുമുള്ള മനസ്സ്,

ലോർഡാണത്രെ, ഗോഡാണത്രെ?

മനുഷ്യനെ ശിക്ഷിക്കാൻ മനുഷ്യന് എന്തധികാരം?

അവന്റെ സ്വകാര്യ സ്വത്താണോ ഇവൻ ?

ക്ഷമിക്കുവാനും, തിരുത്തുവാനും, നടത്തുവാനും കടപ്പെട്ടവൻ ?

കരുതുവാനും, കാക്കുവാനും കടപ്പെട്ടവൻ ?

കറുത്ത കോട്ടണിയുമ്പോൾ കടിച്ചീമ്പുന്ന നരിച്ചീറുകൾ ?

മനുഷ്യന്റെ കോടതികൾ പീഡിപ്പിച്ചു ശിക്ഷിക്കുന്നു,

ദൈവത്തിന്റെ ന്യായാസനം ക്ഷമിച്ചു മാപ്പു കൊടുക്കുന്നു,

കോപത്തിന്റെ കോടതികളിൽ മനുഷ്യ നിർമ്മിത നിയമങ്ങൾ,

ക്ഷമയുടെ സ്നേഹത്തിൽ കരുതലും, തിരുത്തലും.

മനുഷ്യനെ മനുഷ്യൻ ശിക്ഷിക്കുന്നത് കാടത്തം,

മനുഷ്യൻ മനുഷ്യനോട് ക്ഷമിക്കുന്നതു മനുഷ്യത്വം.

ക്ഷമിച്ചു കിട്ടുന്നവർ പേടിച്ചു വിറയ്‌ക്കുന്നു,

ഭയന്ന് നിലവിളിക്കുന്നു,

പ്രതിബദ്ധതയോടെ തിരുത്തുന്നു.

കുറ്റത്തിന്റെ മുന മടങ്ങുന്നു,

വിധേയത്വമുണ്ടാവുന്നു, സ്നേഹമുണ്ടാവുന്നു.

ശിക്ഷയേൽക്കുന്നവനിൽ പക വളരുന്നു,

പ്രതികാരം വളരുന്നു,

ശക്തി പ്രാപിച്ചു തിരിച്ചു വരുന്നു.

കൂടുതൽ കുറ്റം ചെയ്യുന്നു.

ഇവിടെ ശിക്ഷ കുറ്റത്തിന് പ്രേരകമാവുന്നു,

കോടതികൾ കുറ്റവാളികളെ സൃഷ്ടിക്കുന്നു ?

ക്ഷമിക്കാനുള്ള വാസന നമുക്ക് പണ്ടേയില്ല,

ചരിത്രത്തിന്റെ താളുകളിൽ

അക്ഷമയോടെ ചോരപ്പാടുകൾ,

നഖവും, ശിഖവും കൊണ്ട് നമ്മൾ

ക്ഷമയെ പിച്ചിച്ചീന്തി,

കല്ലും, കവിണയും, അമ്പും, വില്ലും,

വാളും പരിചയും നോക്കി,

ലാത്തിയും തോക്കും പോരാ, ടാങ്കും ബോംബും പോരാ?

അവസാനം ആവേശത്തോടെ കണ്ടെത്തുകയായിരുന്നു,

നമ്മുടെ രക്ഷകന്മാരെ?

മിസൈലുകൾ !

ആണവത്തലപ്പുകളുടെ അലങ്കാരങ്ങളോടെ!

ഭൂഗർഭ അറകളിൽ നാമവരെ പ്രതിഷ്ഠിച്ചാരാധിച്ചു.

കടലിന്നടിയിലും, ആകാശത്തിന്റെ അനന്തതയിലും, മാത്രമല്ലാ,

ശൂന്യാകാശ നിഗൂഢതകളിലെ സ്‌പേസ് സ്റ്റേഷനുകൾ  പോലും

നാം നമ്മുടെ യജമാനന്മാരെക്കൊണ്ടു നിറച്ചു.

അവർ നമ്മുടെ ഓ! ലോർഡുകൾ,

അവരുടെ അതിശയ നാമങ്ങൾ നീണാൾ വാഴട്ടെ !

അവരുടെ സമുജ്ജ്വലമായ ശക്തി സത്തയിൽ

വിശ്വാസമർപ്പിച്ചു നമ്മൾ ഉറങ്ങുന്നു !

ശാന്തരായി, സംതൃപ്‌തരായി, നിശബ്ദരായി !

അവരുടെ തണലിൽ നാം പരസ്പരം ക്ഷമിക്കുന്നു!

സമാധാനത്തിന്റെ വെള്ളപ്പിറാവുകളെ പറത്തുന്നു !

വിശ്വ സാഹോദര്യത്തിന്റെ വിപ്ലവപ്പാട്ടുകൾ പാടുന്നു !

കാൽവരിയിലെ ഓടത്തിലകളിൽ കാറ്റിരന്പുന്നു :

” ഇവരോട് ക്ഷമിക്കേണമേ !”

ദക്ഷിണാഫ്രിക്കൻ റെയിൽവേ സ്റ്റേഷനിൽ

അത് പുനർജ്ജനിക്കുന്നു :

( കനത്ത ഷൂസിനുള്ളിൽ )

” കാൽപ്പാദങ്ങൾ വേദനിച്ചുവോ? ”

കടക്കാരോട് ക്ഷമിക്കുന്നു,

പാപികൾക്ക് മാപ്പേകുന്നു,

അടിയ്‌ക്കുന്നവനെ ചുംബിക്കുന്നു,

അവനു വേണ്ടി പ്രാർത്ഥിക്കുന്നു !

ഇവിടെ പാറകൾ പിളരുന്നു,

സൂര്യൻ ഇരുളുന്നു,

തിരശ്ശീലകൾ ചീന്തുന്നു,

വ്യാഘ്രങ്ങൾ കിടുങ്ങുന്നു,

അണപ്പല്ലുകൾ കൊഴിയുന്നു,

അവസാനം കീഴടങ്ങുന്നു,

അധികാരം പങ്കു വയ്‌ക്കുന്നു,

അപരനെ കരുതുന്നു !

അർഹതയില്ലെങ്കിലും നമുക്ക് പ്രാർത്ഥിക്കാം,

സ്വയം നമ്മെ വഞ്ചിച്ചു കൊണ്ട് തന്നെ,

ഇപ്രകാരം :

” ഞങ്ങളുടെ കടക്കാരോട്,

ഞങ്ങൾ ക്ഷമിക്കാതിരിക്കുന്നതു പോലെ,

ഞങ്ങളുടെ കടങ്ങളും, പാപങ്ങളും,

ഞങ്ങളോട് ക്ഷമിക്കാതിരിക്കരുതേ 

എന്ന്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px