കോഴിക്കോട്∙ മണിപ്പുർ വംശീയ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നോർക്കണമെന്നും താമരശേരി ബിഷപ് പറഞ്ഞു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി നടത്തിയ ഉപവാസം നാരങ്ങനീരു നൽകി അവസാനിപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘‘വർഗീയതയും ആക്രമണവും കണ്ടിട്ടും പോരാടാതിരുന്നാൽ നമുക്കെതിരെയും ആക്രമണം വരുമ്പോൾ ശബ്ദിക്കാൻ ആരുമുണ്ടവില്ല. ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാകാം. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുമണിപ്പുരിലേതു തിരക്കഥ തയ്യാറാക്കി നടത്തിയ ആക്രമണമാണ്. ഇത്തരമൊരു സാഹചര്യത്തിലാണു നമുക്കുവേണ്ടി ശബ്ദിക്കാൻ എം.കെ.രാഘവൻ എംപി ഉപവാസമിരുന്നത്. ഈ ഉപവാസം മണിപ്പുരിന്റെ നിലവിളിക്കൊപ്പംഅണിചേരലാണ്. ഇതു മതേതരത്വത്തിന്റെ പ്രതീകമാണ്. എം.കെ.രാഘവൻ നടത്തിയ ഉപവാസം വ്യക്തിപരമോ ഏതെങ്കിലും പ്രസ്ഥാനത്തിനോ വേണ്ടിയല്ല. ഇതു പ്രകാശവും പ്രതീക്ഷയുമാണ്. ഒരുമിച്ചു പോരാടണം’’– ബിഷപ് പറഞ്ഞു.
അതേസമയം കലാപം കത്തുന്ന മണിപ്പുരിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വെടിവച്ചുകൊന്നതായി വാർത്തകൾ പുറത്തുവന്നു. കുക്കി-സോ വിഭാഗത്തിലെ ഡോങയ്ചിങ്ങാണു ഇംഫാൽ വെസ്റ്റിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കലാപം ശക്തമായപ്പോഴും നഗരം വിടാതെ ഒരു പള്ളിക്കു പുറത്തെ ഷെഡിൽ കഴിയുകയായിരുന്നു ഡോങയ്ചിങ്. ഇന്നലെ രാവിലെയാണ് ശിശുനിസ്ത നികേതൻ സ്കൂളിനു മുന്നിൽ വച്ചു വെടിയേറ്റത്.
Credits: https://www.manoramaonline.com/













