PM Modi France Visit: ജൂലൈ 14ന് ഫ്രാന്‍സില്‍ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹമെത്തുന്നത്. ഫ്രാന്‍സിന് ഒരു ദേശീയ ഉത്സവത്തോളം പ്രധാനപ്പെട്ടതാണ് ബാസ്റ്റില്‍ ദിനം. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.
എല്ലാ വര്‍ഷവും ജൂലൈ 14 ന് ആഘോഷിക്കുന്ന ബാസ്റ്റില്‍ ദിനം ഫ്രാന്‍സിന്റെ ദേശീയ ദിനം എന്നും അറിയപ്പെടുന്നു. ഈ ദിവസം ഫ്രാന്‍സില്‍ പൊതുഅവധിയാണ്. രാജ്യം മുഴുവന്‍ ആഘോഷത്തിന്റെ അന്തരീക്ഷത്തില്‍ മുഴുകിയിരിക്കുന്നഈ ദിവസം ഗംഭീരമായ സൈനിക പരേഡും കരിമരുന്ന് പ്രയോഗവും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നു.എല്ലാ വര്‍ഷവും പരേഡ് കാണാന്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ധാരാളം സന്ദര്‍ശകര്‍ ഫ്രാന്‍സിലെത്തുന്നു.
1789 ജൂലൈ 14 ന്, കലാപത്തിനിടെ ബാസ്റ്റില്‍ ജയിലിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.അക്കാലത്ത് ഫ്രഞ്ച് വിപ്ലവം തീ പോലെ പടരുകയായിരുന്നു.രോഷാകുലരായ ജനക്കൂട്ടം ബാസ്റ്റില്‍ ജയിലില്‍ ഇരച്ചുകയറുകയും ചില തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.ഈ സംഭവം ഫ്രഞ്ച് വിപ്ലവത്തിന് ഊര്‍ജം പകരാന്‍ സഹായിച്ചു.ഇക്കാരണത്താലാണ് ഫ്രാന്‍സില്‍ ഈ ദിവസം വിപുലമായി ആഘോഷിക്കപ്പെടുന്നത്.
ബാസ്റ്റില്‍ ഡേ സൈനിക പരേഡിന്റെ സവിശേഷത
1880 ജൂലൈ 14 ന് പാരീസില്‍ ആദ്യമായി ബാസ്റ്റില്‍ സൈനിക പരേഡ് സംഘടിപ്പിച്ചു.അതിനുശേഷം ഫ്രാന്‍സില്‍ എല്ലാ വര്‍ഷവും പരേഡ് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.രാഷ്ട്രപതിയടക്കം എല്ലാ വിശിഷ്ടാതിഥികളും പരേഡില്‍ സന്നിഹിതരാകും.ഏകദേശം 9.5000 സൈനികര്‍ പരേഡില്‍ പങ്കെടുക്കുന്നു.ഇതില്‍ 7800 സൈനികര്‍ കാല്‍നടയായി പരേഡില്‍ പങ്കെടുക്കുന്നു, ശേഷിക്കുന്ന സൈനികര്‍ വാഹനങ്ങളിലോ കുതിരകളിലോ സൈനിക വിമാനങ്ങളിലോ സഞ്ചരിച്ച് പരേഡിന്‍രെ ഭാഗമാകുന്നു.
എന്നാല്‍ ഇന്നുവരെ രണ്ടുതവണ മാത്രം പരേഡ് സംഘടിപ്പിച്ചിട്ടില്ല. ആദ്യംരണ്ടാം ലോക മഹായുദ്ധം കാരണം 1940-1944 വര്‍ഷങ്ങളില്‍ പരേഡ് മുടങ്ങി.പിന്നീട് 2020 ല്‍ കൊറോണ വൈറസ് കാരണം പരേഡ് റദ്ദാക്കേണ്ടി വന്നു.എന്നാല്‍ അന്ന് കരിമരുന്ന് പ്രയോഗം നടത്തിയെങ്കിലും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. അതേസമയം കോവിഡ് കാലത്ത് ജീവന്‍ പണയപ്പെടുത്തി സേവനരംഗത്തുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഒരു ചെറിയ ചടങ്ങ് സംഘടിപ്പിച്ചു.
റഫാല്‍-എമ്മും അന്തര്‍വാഹിനികളും വാങ്ങുന്നതിന് കരാര്‍
പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി നടത്തുന്ന ആറാമത്തെ ഫ്രാന്‍സ് സന്ദര്‍ശനമാണിത്.ഇത്തവണ ഫ്രഞ്ച് പ്രധാനമന്ത്രി, സെനറ്റ് (ഉന്നത സഭ), ദേശീയ അസംബ്ലി (ലോവര്‍ ഹൗസ്) എന്നിവയുടെ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഫ്രാന്‍സിലെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വവുമായും മോദി ചര്‍ച്ച നടത്തും.
26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങളും(റഫാല്‍-എം) മൂന്ന് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങുന്നതിന് ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മില്‍ ഈ ഇടപാട് നടന്നാല്‍ ഏകദേശം 96,000 കോടി രൂപയോളം ചെലവ് വരും.ഈ വേളയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സുരക്ഷ, ബഹിരാകാശം, സിവില്‍ ആണവ ഇടപെടല്‍, സൈബര്‍, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാസ്റ്റില്‍ ദിനമായ ജൂലൈ 14 ന് വൈകുന്നേരം ലൂവ്രെ മ്യൂസിയത്തില്‍ മോദിക്കായി സംഘടിപ്പിക്കുന്ന വിരുന്നോടെ പരിപാടികള്‍ സമാപിക്കും.അടുത്ത ദിവസം തന്നെ അദ്ദേഹം യുഎഇയിലേക്ക് പോകും.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഫ്രാൻസിലേക്ക് തിരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2 ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഫ്രാൻസിൽ എത്തുന്നത്. ജൂലൈ 13, 14 തീയതികളിൽ അദ്ദേഹം ഫ്രാൻസിൽ ഉണ്ടാവും. ജൂലൈ 14ന് നടക്കുന്ന ബാസ്‌റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കും.
ഫ്രാൻസിൽ, 269 അംഗ ഇന്ത്യൻ ത്രിസേനാ സംഘത്തിന്റെ പങ്കാളിത്തം കൂടി ഉൾപ്പെടുന്ന വാർഷിക ബാസ്‌റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയാകും. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മൂന്ന് റാഫേൽ യുദ്ധവിമാനങ്ങളും ഫ്രഞ്ച് ജെറ്റുകൾക്കൊപ്പം ഫ്ലൈപാസ്‌റ്റിൽ പങ്കെടുക്കും.
പ്രതിരോധം, ബഹിരാകാശം, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെ സുപ്രധാന മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി അബുദാബിയിലേക്കാവും പോവുക.
“പാരീസിലേക്ക് പോകുന്നു, അവിടെ ഞാൻ ബാസ്‌റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും മറ്റ് ഫ്രഞ്ച് പ്രമുഖരുമായും ഫലപ്രദമായ ചർച്ചകൾ ഞാൻ പ്രതീക്ഷിക്കുന്നു. മറ്റ് പരിപാടികളിൽ ഇന്ത്യൻ സമൂഹവുമായും, കൂടാതെ മുൻനിര സിഇഒമാരുമാറും ആശയവിനിമയവും ഉൾപ്പെടുന്നു.” ഇന്ന് രാവിലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
“15ന്, ഞാൻ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തും. എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഞാൻ ചർച്ച നടത്തും. ഞങ്ങളുടെ ആശയവിനിമയങ്ങൾ ഇന്ത്യയ്ക്ക് ശക്തി പകരുമെന്നും യുഎഇയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുമെന്നും ഇതിലൂടെ നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രയോജനമാവുമെന്നും എനിക്ക് ഉറപ്പുണ്ട്” പ്രധാനമന്ത്രി മോദി തന്റെ യുഎഇ സന്ദർശനത്തെക്കുറിച്ച് എഴുതി.
പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസിലെ പരിപാടികൾ
- ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് പാരീസിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ഓർലി എയർപോർട്ടിൽ ആചാരപരമായ സ്വീകരണം നൽകും.
- വൈകിട്ട് 7.30ന് (IST) പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.
- ഏകദേശം 8.45ന് (IST) പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രധാനമന്ത്രി മിസ് എലിസബത്ത് ബോണുമായി കൂടിക്കാഴ്‌ച നടത്തും.
- പ്രധാനമന്ത്രി മോദി അടുത്തതായി ലാ സീൻ മ്യൂസിക്കേലിൽ രാത്രി 11 മണിക്ക് (IST) ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യും.
- അതിനുശേഷം, ഏകദേശം 00:30ന് (IST), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന ഒരു സ്വകാര്യ അത്താഴത്തിനായി പ്രധാനമന്ത്രി മോദി എലിസി കൊട്ടാരത്തിലെത്തും.
Credits : https://malayalam.indiatoday.in/













