രാഷ്ട്രീയ മേഖല ഇന്ന് നല്ല ലാഭം കൊയ്യുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു. അധികാരത്തില്‍ വരുന്നവര്‍ സര്‍വ്വാധികാരികളായി എവിടെ നോക്കിയാലും വെട്ടിനിരത്തലുകളും കാലുവാരലും ഓന്തിനെപ്പോലെ നിറം മാറി പാര്‍ട്ടികള്‍ മാറുന്നതും അഴിമതി, സ്വജന പക്ഷവാദം അങ്ങനെ വിലാസലീലകള്‍ തുടരുന്നു. തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കിട്ടില്ലെങ്കില്‍ അടുത്ത പാര്‍ട്ടിയിലേക്ക് കടന്നുകളയും. ഈ രാഷ്ട്രീയ വേദിയിലെ സ്വാര്‍ത്ഥത, കാര്യസാധ്യത്തിനുവേണ്ടി നിലപാടുകള്‍ എടുക്കുന്നവരെ തിരിച്ചറിയാന്‍ ഇന്നുവരെ പൊതുജനം തയ്യാറായിട്ടില്ല. ഇതിന്‍റെയെല്ലാം അടിസ്ഥാന കാരണം സ്വാര്‍ത്ഥ താല്പര്യമാണ് സമ്പത്തുണ്ടാക്കണം. അല്ലാതെ പൊതുതാല്പര്യമല്ല. ഇവര്‍ പരസ്പരം പോരടിച്ചു തല്ലുകൊള്ളുകയും,വെട്ടുകൊണ്ടു മുറിവേറ്റവരുമുണ്ട്.ചില നിരപരാധികളാകട്ടെ മറ്റുള്ളവരുടെ അറിവിലേക്ക് പലതും വെളിപ്പെടുത്തുന്നു. രാഷ്ട്രിയത്തില്‍ വികസനത്തെക്കാള്‍, ആശയ ആദര്‍ശത്തെക്കാള്‍ കച്ചവടമാണ് തഴച്ചു വളരുന്നത്. ഒടുവില്‍ എത്തപ്പെടുന്നത് വെല്ലുവിളികളിലും നശീകരണത്തിലുമാണ്. തിരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് കണ്ട കൊലപാതകം അതിനുള്ള തെളിവാണ്. തെരഞ്ഞെടുപ്പുകള്‍ വരുന്ന സമയം ജാതി, മതം പറഞ്ഞു അണികളെ വിഭജിച്ചു വോട്ടുപെട്ടി നിറക്കാറുണ്ട്. തിരഞ്ഞെടുപ്പ് കാലത്തു അവശ്യത്തിനും അനാവശ്യത്തിനും പലതും പലരും തള്ളിവിടാറുണ്ട്. അതിനായി മാധ്യമങ്ങളും സൈബര്‍ തൊഴിലാളികളുമുണ്ട്. നമ്മുടെ ജനാധിപത്യത്തില്‍ കാണുന്ന തിരഞ്ഞെടുപ്പ് തെരുവ് നാടകങ്ങള്‍ എന്നെങ്കിലും അവസാനിക്കുമോ?
ഈ അടുത്തനാളുകളില്‍ കേട്ട ചില വാര്‍ത്തകള്‍ വോട്ടു ചെയ്ത ജനാധിപത്യവാദികള്‍ ചിന്തിക്കണം. കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ പറയുന്നു ‘ആ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല’. ഒരു ജനപ്രതിനിധി പറയുമ്പോള്‍ ആ പാര്‍ട്ടിയുടെ പവിത്രത ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഈ എം.പി. നിയമനിര്‍മ്മാണ അധികാര ശക്തിയുള്ള ഒരംഗമാണ്. ഭരണഘടനയെ ഒരു നശീകരണത്തിന് വേണ്ടി അദ്ദേഹം വെല്ലുവിളിക്കയാണോ അതോ മറ്റുള്ളവരുടെ പ്രീതി നേടാന്‍ വേണ്ടി അരങ്ങിന്‍റെ മുന്നില്‍ വീമ്പിളക്കുകയാണോ? നമ്മുടെ ദേശീയചേതനയുടെ മൂര്‍ത്തീഭാവമായ ഒരു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനല്ല അതിലുപരി ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ ചില വ്യക്തികളില്‍ അധികാരമിരിക്കുന്നതുകൊണ്ടുള്ള ഉത്കണ്ഠയാകാം. ഇത് ഒരു പാര്‍ട്ടിയില്‍ മാത്രം കാണുന്ന പ്രതിഭാസമല്ല. മിക്ക പാര്‍ട്ടികളുടെയും ദുരവസ്ഥ ഇതുതന്നെയാണ്. ഒപ്പം നില്‍ക്കുന്നവര്‍ അനുകൂലിച്ചില്ലെങ്കില്‍ അവരെ ഞെക്കിയമര്‍ത്തി അടക്കി നിറുത്തുകയോ പുറത്താക്കുകയോ ചെയ്യും. അല്ലെങ്കില്‍ നിയമിച്ചവന്‍ തന്നെ പിരിച്ചയക്കും. അതിനവര്‍ ധാരാളം മുടന്തന്‍ ന്യായങ്ങള്‍ നിരത്താറുമുണ്ട്. ഇതിനെ നമ്മള്‍ ജനാധിപത്യമെന്ന് വിളിക്കുന്നു.
അവസാനമെത്തിയ വാര്‍ത്ത. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. കാരണം ബന്ധുനിയമനം. കഷ്ടപ്പെട്ടു പഠിച്ചു ജയിച്ചവന്‍റെ സ്ഥാനം മറ്റൊരാള്‍ അപഹരിക്കുന്നു.
ജനാധിപത്യത്തിന്‍റ തണലില്‍ അധികാരത്തില്‍ വരുന്നവര്‍ ഇങ്ങനെ അധികാര ദുര്‍വിനിയോഗം നടത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അധികാരത്തില്‍ വരുന്നവര്‍ സ്വജന പക്ഷവാദം നടത്തിയാണോ അയോഗ്യരെ നിയമിക്കുന്നത്? ഇത് മറ്റുള്ളവരുടെ അവകാശം. തൊഴില്‍ അപഹരിക്കുന്നു. ഇദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത് അതിന്‍റ മൂല്യബോധം നഷ്ടപ്പെടുത്താനാണോ? ഇത് സമൂഹത്തില്‍ വളര്‍ത്തുന്നത് അരാജകത്വവും അരക്ഷിതാവസ്ഥയുമല്ലേ? അധികാരം കിട്ടിയാല്‍ സാമൂഹികാവബോധം വേണ്ടതല്ലേ? ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോഴ വാങ്ങാന്‍ കണ്ടെത്തിയിരിക്കുന്ന പുതിയ പ്രേത്യയ ശാസ്ത്രമാണിത്. അഴിമതി നിരോധന നിയമത്തില്‍ ലോകായുക്ത കണ്ടെത്തിയ യാഥാര്‍ഥ്യങ്ങള്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ലോകായുക്തയുടെ ഉത്തരവില്‍ മന്ത്രിയായി തുടരാന്‍ അനുവാദമില്ലെന്ന് 14, 19 വകുപ്പുകള്‍ അടയാളപ്പെടുത്തുമ്പോള്‍ അതിനെ തള്ളിപറയുന്നതും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതും ഇന്ത്യന്‍ ജനാധിപത്യത്തില്‍ കാണുന്നു ബൂര്‍ഷ്വാ ആശയമാണ്. അറിവുള്ള ജനത ഇതുപോലുള്ള കപട വേഷക്കാരെ തിരിച്ചറിയണം. ഒടുവില്‍ മന്ത്രി നടത്തുന്ന വിലാപമോ അദ്ദേഹത്തെ വേട്ടമൃഗത്തെപോലെ വേട്ടയാടുന്നുവെന്നാണ്. അതൊരു സത്യമാണ്. സംസ്കാരശൂന്യര്‍ വ്യക്തിഹത്യ നടത്താറുണ്ട്. അവരെ ഇഞ്ചിഞ്ചായി കൊല്ലാന്‍ സൈബര്‍ ഗുണ്ടകളും സജ്ജമാണ്.
എല്ലാം രംഗത്തും ആരോപണവിധേയര്‍ ധാരാളമാണ്. അതില്‍ പൂച്ചയെപ്പോലെ പാല്‍ കുടിച്ചുകൊണ്ടിരിക്കുന്ന പകല്‍ മാന്യന്മാരുണ്ട്. ആര്‍ക്കും പിടികൊടുക്കില്ല. അധികാരത്തിലുള്ളവര്‍ക്കെതിരെ ജനവികാരം ആളിക്കത്തി സമ്മര്‍ദ്ദത്തിന് കിഴ്പ്പെടുമ്പോള്‍ പോക്കറ്റില്‍ ഇട്ടുകൊണ്ടു നടന്ന ധര്‍മ്മികത പുറത്തുവരും. ആശയം എന്തെന്നറിയാത്തവര്‍ ആശയപ്പോരാട്ടം നടത്തുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഓരോരുത്തര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇങ്ങനെ അനധികൃത നിയമനങ്ങള്‍ നടക്കുന്നത് ഇപ്പോഴാണ് ജനങ്ങള്‍ തിരിച്ചറിയുന്നത്. തെറ്റുകാരെ സംരക്ഷിക്കുന്ന സമീപനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലെന്നുള്ളുത് മറ്റുള്ളവര്‍ക്കും മാതൃകയാണ്. വിപ്ലവപ്രസ്ഥാനത്തിന്‍റെ സിരകളില്‍ നിന്ന് അവര്‍ പടുത്തുയര്‍ത്തിയ ആശയ സൗന്ദര്യം നഷ്ടപ്പെടുന്നുണ്ടോ? ഒരു വിപ്ലവ പ്രസ്ഥാനത്തിന് അവരുടെ ആശയങ്ങള്‍ എന്നും അമൂല്യ നിധിയാണ്. അതില്‍ ഉറച്ചു നില്‍ക്കുന്നവരാണ് സഖാവ് എം.എ. ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം അങ്ങനെ പലരുമുണ്ട്. അവരൊന്നും സങ്കുചിത നിലപാടുകള്‍ എടുക്കുന്നവരല്ല.
മന്ത്രി ജീ.സുധാകരന്‍ പറയുന്നു. ‘പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുണ്ട്’ നമ്മുടെ ജനാധിപത്യ പാര്‍ട്ടികളിലെ രണ്ട് സുധാകരന്മാര്‍ പറയുന്നത് ഒന്നുതന്നെയാണ്. ഇതൊന്നും അവരുടെ പേര് പെരുപ്പിച്ചു കാണിക്കാനാണെന്ന് തോന്നുന്നില്ല. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നവരെങ്കിലും ഇവരുടെ വാക്കുകള്‍ പലരെയും മുറിവേല്‍പ്പിച്ചിട്ടുണ്ട്. മാനസികമായ വേദന മനോവേദനയാണ് നല്‍കുന്നത്. രണ്ടു പേരുടേയും ദൃഷ്ടികളിലൂടെ നോക്കുമ്പോള്‍ എതിരാളി എത്ര ശക്തനായാലും ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ചുരുക്കം. ഇങ്ങനെ ചിന്തിക്കുന്നവര്‍ സാധാരണ അധികാരമോഹികളല്ല എന്നൊക്കെ പറയുമെങ്കിലും അധികാരത്തില്‍ നിന്ന് എന്തുകൊണ്ട്
ഒഴിഞ്ഞുമാറുന്നില്ല എന്നൊരു മറു ചോദ്യമുണ്ട്. മന്ത്രി ജി.സുധാകരന്‍ ആ മാതൃക കാട്ടി.
അങ്ങനെ ചിന്തിച്ചാല്‍ ജി.സുധാകരന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം അധികാരമോഹമല്ലെന്ന് മനസ്സിലാകും. പാര്‍ട്ടിക്കുള്ളില്‍ ക്രിമിനലുകളുണ്ടെങ്കില്‍ അവര്‍ വേട്ടക്കാരും ഇരകളുമാണ്. ആ വിഡ്ഢികള്‍ അത് തിരിച്ചറിയുന്നില്ല. ആരാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ക്രിമിനലുകളെ രൂപാന്തരപ്പെടുത്തുന്നത്?
ഒരു പുരോഗമന പ്രസ്ഥാനം മൃഗീയ സ്വഭാവമുള്ളവരെ പാര്‍ട്ടിക്കുള്ളില്‍ പരിപാലിക്കുന്നത് പാര്‍ട്ടി നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നമാണ്. ഇവരൊക്കെ റോഡുകളില്‍ തെരുവ് നായ്ക്കളെപോലെ അലഞ്ഞുനടക്കുമ്പോള്‍ അധികാരത്തിലുള്ളവര്‍ അരമനകളില്‍ ആനന്ദമുള്ളവരായി കഴിയുന്നത് ഇവരറിയുന്നില്ല. അറിവുകളില്‍ നിന്ന് അറിവില്ലായ്മയിലേക്ക് ഇവര്‍ സഞ്ചരിക്കുന്നു. മതങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. അധികാര ഗോപുരങ്ങങ്ങളില്‍ നിന്ന് സ്വന്തം പാളയത്തില്‍ ക്രിമിനലുകലുണ്ടെന്ന് സമൂഹത്തോട് പറയുമ്പോള്‍ അത് കേള്‍ക്കുന്നവരുടെ നെറ്റി ചുളിയും. വാഴ്ത്തപ്പെട്ടവരൊക്ക വഞ്ചകരെന്ന് ജനത്തിന് ബോധ്യപ്പെടും. ഈ ക്രിമിനലുകളെ പിടികൂടാനുള്ള പോരാട്ടങ്ങളും നടപടികളുമാണ് വേണ്ടത്. മറിച്ചായാല്‍ ഈ വന്‍മരം വീഴുകതന്നെ ചെയ്യും.
രാഷ്ട്രീയ രംഗത്ത് ധാരാളം വിങ്ങലും വീര്‍പ്പുമുട്ടലും പലരും അനുഭവിക്കുന്നുണ്ട്. അധികാരവും അഹന്തയും പൊങ്ങച്ചവുമുള്ളവര്‍ നാടുവാഴികളെപോലെ പെരുമാറുന്നു. ഈ ബൂര്‍ഷ്വാകള്‍ക്ക് അടിയറ വെക്കുന്നവര്‍ ധാരാളം. അധികാരികളുടെ വാക്കുകള്‍ പാടേ അനുസരിച്ചുകൊള്ളണം. എതിര്‍ത്താല്‍ ഭയപ്പെടുത്തി ഒറ്റപ്പെടുത്തും. അതോടെ ചെറുത്തുനില്‍പ്പ് അവസാനിക്കും. ഇങ്ങനെ ധാരാളം മിണ്ടാപ്രാണികള്‍ ഓരോരോ പാര്‍ട്ടികളിലുമുണ്ട്. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വീണ എസ് നായര്‍ പറയുന്നു തന്‍റെ പോസ്റ്റര്‍ തൂക്കി വിറ്റു. ആക്രി കടക്കാരന്‍ അത് കണ്ട് ഞെട്ടിക്കാണും. ഇങ്ങനെ എന്തെല്ലാം പേരുകളില്‍ ഇന്ത്യന്‍ ജനാധിപത്യം തൂക്കി വില്‍ക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ ബൂര്‍ഷ്വാകളെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യം അവര്‍ കൊള്ള ചെയ്യും. കൊള്ളക്കാര്‍, ക്രിമിനലുകള്‍ അധികാരത്തില്‍ വരും. അതിന്‍റ കണക്ക് നമ്മുടെ പാര്‍ലമെന്‍റില്‍ ലഭ്യമാണ്. സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. ‘വോട്ടു കച്ചവടം നടന്നു’. മാളോരേ ഞമ്മക്ക് അറിയാന് വയ്യാണ്ട് ചോദിക്കാ യിത് എന്തരു ജനാധിപത്യം? നമ്മുടെ സമ്പന്നമായ ജനാധിപത്യം തൂക്കി വില്‍ക്കുന്നത് ആരാണ്? ആരാണ്?
About The Author
No related posts.