ലോക പുസ്തക ദിനത്തിൽ പുതിയൊരു പുസ്തകം എഴുതിത്തുടങ്ങുന്നു .ഇന്ത്യയ്ക്കകത്തും വിദേശത്തും സ്പോർട്സുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളിൽ ഓർമയിൽ തങ്ങുന്ന സംഭവങ്ങൾ എഴുതുകയാണു ലക്ഷ്യം. അതിൽ സുഹൃത്തുക്കളായ നിങ്ങളിൽ പലരും കഥാപാത്രങ്ങളായി വരും. യാത്രാവിവരണമെഴുതി അത്ര പരിചയമില്ലെന്നു സമ്മതിക്കുന്നു. എങ്കിലും ഒരു എളിയ ശ്രമം.
ഞാൻ ഏതു പുസ്തകത്തിൻ്റെ രചനയിൽ ഏർപ്പെടുമ്പോഴും സമാന്തരമായി കായിക കേരള ചരിത്ര രചനയും നടക്കും. ഇപ്പോൾ പ്രചാരത്തിലുള്ള പുസ്തകത്തിൽ വിട്ടു പോയവരുടെ വിവരങ്ങളും തെറ്റുതിരുത്തലുമൊക്കെ നടക്കുന്നു.
ഇതിനിടെ ഒരു കാര്യം പറയാതിരുന്നാൽ ശരിയാകില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ ഒന്നര വർഷം മുൻപ് കൊടുത്ത ഒരു പുതിയ പുസ്തകം വേണ്ടെങ്കിൽ മടക്കിത്തരണമെന്ന് മാസങ്ങളായി അഭ്യർഥിക്കുന്നു. വിറ്റുതീർന്ന ചില പുസ്തകങ്ങളുടെ റീ പ്രിൻറ് സാധ്യമല്ലെങ്കിൽ മടക്കിത്തരണമെന്നും ഏറെക്കാലമായി പറയുന്നു.പുതിയ പുസ്തകം ഉടനെന്ന് സെക്രട്ടറി ഒരു വർഷത്തിലേറെയായി പറയുന്നു.(ഇപ്പോൾ കക്ഷി ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല) തീരുമാനമായില്ലെന്ന് മറ്റു ചിലർ.ഓഫിസ് സ്റ്റാഫിനെയല്ലാതെ ഭരണ സമിതിക്കാരെ പണ്ടും ഇന്നും ഞാൻ അറിയില്ല. അവർക്ക് എന്നെയും പരിചയമില്ല.
ഞാനും സംഘത്തിൽ അംഗമാണ്. പക്ഷേ, തിരഞ്ഞെടുപ്പുകാര്യമൊന്നും ഇന്നുവരെ ആരും അറിയിച്ചിട്ടില്ല. എന്നാൽ പൊതുയോഗത്തിനും മറ്റു ചില പരിപാടികൾക്കും ആളുവേണ്ടതിനാൽ കൃത്യമായി വിളിച്ചുപറയും.
എന്തൊരു സ്നേഹം. മനോരമയിൽ എത്തും മുമ്പ് ഞാൻ എഴുതിയ 10 പുസ്തകങ്ങളിൽ നാലെണ്ണം സംഘത്തിൻ്റെ ലേബലിൽ ഇറങ്ങിയെങ്കിലും മൂന്നിനും കയ്യിൽ നിന്നു പണം മുടക്കിയാണു പ്രസിദ്ധീകരിച്ചത്. ശ്രീ ജി. സുധാകരൻ സഹകരണ മന്ത്രിയായിരിക്കെ സംഘം പുനർജീവിപ്പിച്ചു. എഴുത്തുകാരൊക്കെ മടങ്ങി വന്നു തുടങ്ങി. മുപ്പതിലധികം പുസ്തകങ്ങൾ (ഭൂരിഭാഗവും ഡീസി ) പ്രസിദ്ധീകരിച്ച ശേഷമാണ് ഞാൻ വീണ്ടും സംഘത്തിൻ്റെ പടി കയറിയത്.മന്ത്രിയുടെ പ്രോത്സാഹനവും പ്രസാധക സമിതി അധ്യക്ഷൻ ഡോ. ജോർജ് ഓണക്കൂറിൻ്റെ പ്രേരണയും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. സംഘത്തിൻ്റെ
പുനർ ജീവനത്തിൽ 10 ശതമാനം റോയൽറ്റി സമ്മതിച്ചു.നാലഞ്ചു പുസ്തകങ്ങൾ ഇറങ്ങിയ ശേഷം, ഒരുനാൾ അന്നത്തെ സെക്രട്ടറി പ്രദീപിൻ്റെ മുറിയിൽ ഞാൻ ചെല്ലുമ്പോൾ മന്ത്രിയും ഭാര്യയും സംഘം പ്രസിഡൻ്റ് ശിവരാമൻ ചെറിയനാടും ഉണ്ട്. 2010 ൽ കോമൺവെൽത്ത് ഗെയിംസ് തുടങ്ങാൻ ഏതാനും ദിവസം ബാക്കി ഉള്ളപ്പോഴായിരുന്നിത്. ഞാൻ എഴുതിയ കോമൺവെൽത്ത് ഗെയിംസ് എന്ന പുസ്തകം കണ്ടിട്ട് മന്ത്രി പറഞ്ഞു. ” ഇതിൽ ഒന്നു കയ്യൊപ്പിട്ടു തന്നേ.” .
പിന്നെ ഒരു പ്രഖ്യാപനമായിരുന്നു.” ഇയാൾക്കും ഇനി 15 ശതമാനം റോയൽറ്റി കൊടുക്കണം”.
ഞാൻ ഡൽഹിക്കു പോകുന്ന ദിവസം തിരക്കി തലേന്നു വൈകുന്നേരം തിരുവനന്തപുരത്ത് പുസ്തകം മന്ത്രി തന്നെ പ്രകാശനം ചെയ്യുമെന്നും പറഞ്ഞു. രാവിലെ കൊച്ചിയിൽ നിന്നാണു ഫ്ളൈറ്റ് എന്നു പറഞ്ഞപ്പോൾ താൻ ഫ്ളൈറ്റിൽ കയറിയിട്ട് ഉറങ്ങിയാൽ മതിയെന്നു നിർദേശം.
പിന്നീട് യു.ഡി.എഫ്. ഭരിക്കുമ്പോൾ, സംഘം എടുത്തൊരു പുസ്തകം ഇറങ്ങാതെ വന്നപ്പോൾ ഞാൻ മുൻ മന്ത്രിയോട് പരിഭവം പറഞ്ഞു. അദ്ദേഹം പ്രതിപക്ഷത്തായിരുന്നെങ്കിലും ഒരാഴ്ചകൊണ്ട് പുസ്തകം ഇറങ്ങി. ആരോട് എന്താണു പറഞ്ഞതെന്ന് അറിയില്ല. ശ്രീ ജി. സുധാകരൻ സുരേഷ് കുറുപ്പിനെയൊക്കെപ്പോലെ ഇടതുപക്ഷ മതിലിനു പുറത്തും സൗഹൃദം കാട്ടുന്നു. എഴുത്തുകാരി ലെ പക്ഷം നോക്കാറില്ല.
ഇത്തവണ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ നിന്ന് ഇതിനകം ഞാൻ മൂന്നു പുസ്തകങ്ങൾ മടക്കിവാങ്ങി മറ്റു പ്രസാധകർക്ക് കൊടുത്തു. അവശേഷിക്കുന്നതിനും മറ്റു വഴി തേടേണ്ടി വന്നാൽ അദ്ഭുതമില്ല.
About The Author
No related posts.