ചരിത്രപ്പെടാത്ത പേരുകൾ – ഗീത മുന്നൂർക്കോട്

Facebook
Twitter
WhatsApp
Email
മറക്കപ്പെടാതിരിക്കാനായിരിക്കാം
ചില വിശേഷപ്പേരുകൾ
കുട്ടികൾക്കിടുന്നത്
ഇതുവരേക്കും, ആരും കേൾക്കാത്തൊരു
പേരിട്ടു വിളിക്കപ്പെട്ടില്ലിതുവരെ- യെങ്കിലെന്ത് …
സ്വയം നിർമ്മിച്ചെടുക്കാവുന്നതേയുള്ളൂ
വിളിക്കപ്പെടേണ്ടുന്ന പേര്
ഇത്തരം പേരക്ഷരികൾ
വീർത്തുവരുന്ന ബലൂൺമോടിയിൽ
കണ്ടതും കേട്ടതുമായ
സർവ്വമനസ്സുകളിലും
ചാടിക്കേറി തൂങ്ങിനില്ക്കും!
കടിച്ചെടുത്ത
ഉണങ്ങാത്ത വ്രണങ്ങളായി
ജീവിതത്തെ ബാക്കിയാക്കുന്ന
പെരുമ്പാമ്പിനെപ്പോലെ…!
അടിച്ചലക്കലിൽ
കീറൽമുദ്രകൾ വരയുന്ന
പറങ്കിനീർക്കറകൾപ്പോലെ…!
ഞൊടിയിടയൊരു മിന്നൽച്ചാട്ടത്തിൽ
പാഞ്ഞുവന്നെരിഞ്ഞുമെരിച്ചും
ചുറ്റുവട്ടങ്ങളിൽ
ചാമ്പൽക്കളം തീർക്കും
സങ്കടനാളങ്ങളാളിക്കുമുൽക്കകൾപ്പോലെ ..!
ആരുമറിയാതിരുന്ന
വെളിമ്പുറങ്ങളെയൊളിപ്പിച്ച
കാടകങ്ങളിൽ നിന്നും
പൊടുന്നനെ നാടിറങ്ങി
നാടിന്റെ
നാട്ടുകാരുടെ
പേരിനെ
പെരുമയെ
ചവിട്ടി നിരത്തുന്ന
ഒറ്റയാൻചിന്നംവിളി പോലെ
ആ പേര് !
ഉള്ളൊഴുക്കുപേരുകൾ
പകപ്പെരുപ്പംകൊള്ളിച്ചുയർന്ന്
പെൺതുഴച്ചിലുകളെ
ഉലച്ചുലയ്ക്കുന്ന
സുനാമിയാകുന്നൊരു പേര്
തടവറയിലുറങ്ങില്ല
വായുവിൽ
തെന്നിത്തെന്നിയത്
ഊറാടുക തന്നെ ചെയ്യും .

About The Author

Leave a Reply

Your email address will not be published. Required fields are marked *