ഡച്ച് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരന്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

Facebook
Twitter
WhatsApp
Email

Dutch cargo ship fire: നെതര്‍ലന്റ്‌സ് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യന്‍ ക്രൂ അംഗം മരണപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 3,000 കാറുകള്‍ കയറ്റിക്കൊണ്ട് വന്ന ചരക്ക് കപ്പലിലാണ് വന്‍ തീപിടിത്തമുണ്ടായത്. ജര്‍മ്മനിയില്‍ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലാണ് ചൊവ്വാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ നിരവധി ക്രൂ അംഗങ്ങള്‍ കടലില്‍ ചാടി.

തീപിടിത്തത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരണപ്പെട്ടതായി നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു. പരിക്കേറ്റ 20 ജീവനക്കാരുമായും എംബസി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ സുരക്ഷിതരാണ്. വൈദ്യസഹായം നല്‍കുന്നുണ്ട്. ഡച്ച് അധികൃതരുമായും ഷിപ്പിംഗ് കമ്പനിയുമായും ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു.

രക്ഷാപ്രവര്‍ത്തന ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് 23 ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഡച്ച് കോസ്റ്റ്ഗാര്‍ഡ് വക്താവ് വാര്‍ത്താ ചാനലായ സിഎന്‍എന്നിനോട് പറഞ്ഞു. ഡച്ച് ദ്വീപായ അമേലാന്‍ഡിന് വടക്ക് വാഡന്‍ കടലില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ കപ്പല്‍ മുങ്ങിയേക്കുമെന്നാണ് സൂചന.

ഡച്ച് നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ എന്‍ഒഎസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന 25 ഇലക്ട്രിക് കാറുകളിലൊന്നിനാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായി 16 മണിക്കൂറിന് ശേഷവും ഡച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഡച്ച് കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു. തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ ഇനിയും മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ അഗ്‌നിശമന സേനാംഗങ്ങളെ കപ്പലില്‍ കയറ്റുന്നത് വളരെ അപകടകരമാണെന്നും ഡച്ച് വക്താവ് പറഞ്ഞു.

അപകടത്തിന്  പിന്നാലെ കപ്പലിലെ 23 ജീവനക്കാര്‍, സ്വയം തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വളരെ വേഗത്തില്‍ പടരുകയായിരുന്നു. റോട്ടര്‍ഡാമില്‍ നിന്ന് പ്രത്യേക അഗ്‌നിശമന സേനാംഗങ്ങളെ എത്തിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും സ്ഥിതി വളരെ അപകടകരമായെന്ന് ഡച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കടലില്‍ ചാടിയ ഏഴ് ജീവനക്കാരെ സമീപത്തെ കപ്പലിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. ശേഷിച്ച ജീവനക്കാരെ ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തി. ഇന്ത്യന്‍ പൗരന്‍ എങ്ങനെയാണ് മരണപ്പെട്ടതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പല്‍ മുങ്ങുന്നത് തടയാനാണ് അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കപ്പലിനെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാന്‍ ബോട്ടുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *