എഐ കാരണം തൊഴിലവസരങ്ങൾ ഇല്ലാതാകും’; ചാറ്റ്ജിപിടി സ്രഷ്‌ടാവ് സാം ആൾട്ട്മാൻ

ChatGPT AI: എഐ കാരണം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. തന്റെ സ്വന്തം സൃഷ്‌ടിയായ ചാറ്റ്ജിപിടി പോലും കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമാണെന്ന് അദ്ദേഹം മുൻപ് പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. എഐ ചാറ്റ്‌ബോട്ടിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. അടുത്തിടെ ഇന്ത്യയിൽ ആയിരുന്നപ്പോൾ, ചാറ്റ്ജിപിടി നൽകുന്ന എല്ലാ മറുപടികളും ശരിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദി അറ്റ്ലാന്റിക്കിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മനുഷ്യരാശിയിലെ എഐയുടെ സ്വാധീനം നല്ല രീതിയിൽ മാത്രം ആയിരിക്കില്ലെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. എഐയിൽ പ്രവർത്തിക്കുന്ന പലരും അത് മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് നടിക്കുകയാണെന്നും, എഐ അവർക്ക് ഒരു അനുബന്ധമായി പ്രവർത്തിക്കുമെന്നും, ജോലിയിൽ ആരെയും നീക്കില്ലെന്നും പറയുന്നുണ്ടെങ്കിലും യാഥാർഥ്യം അതല്ലെന്ന്  അദ്ദേഹം പ്രസിദ്ധീകരണത്തോട് പറഞ്ഞു.

“തൊഴിലുകൾ തീർച്ചയായും ഇല്ലാതാകും” സാം ആൾട്ട്മാൻ പറഞ്ഞു. ഇതുകൂടാതെ, ചാറ്റ്ജിപിടിയെക്കാൾ ശക്തമായ ഒന്ന് ഓപ്പൺഎഐയ്ക്ക് സൃഷ്‌ടിക്കാമായിരുന്നുവെന്നും എന്നാൽ പൊതുജനങ്ങൾ അത്തരമൊരു മുന്നേറ്റം സ്വീകരിക്കാൻ തക്കവണ്ണം മാറിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ശക്തമായ ഒരു പുതിയ ബുദ്ധിശക്തി (എഐ) ഭാവിയിൽ മനുഷ്യരുമായി ഒത്തുചേർന്ന് നിലനിൽക്കുമെന്ന ആശയവുമായി പൊരുത്തപ്പെടാൻ ആളുകൾക്ക് സമയം ആവശ്യമാണെന്നും, ചാറ്റ്ജിപിടി ഇതിന്റെ സൂചന മാത്രമാണെന്നും ആൾട്ട്മാൻ പറഞ്ഞതായി അറ്റ്ലാന്റിക് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

Credits: https://malayalam.indiatoday.in/

LEAVE A REPLY

Please enter your comment!
Please enter your name here