വീണവൻ്റെ
ചിറകേ കുഴഞ്ഞിട്ടുള്ളൂ
വീഴാത്തവനേ തേടി
മുകളിലൊരാകാശമുണ്ട്
ചിറകടിച്ചുയരാൻ
കൊതിക്കുമാ തളർന്നവനേ
കാണാതെ പോകരുതാരും
നിനക്കു ചിറകുണ്ട്
ആകാശവും വീണവനോ?
ഒരു വറ്റുകൊക്കിലെത്താതെ
തുള്ളി ജലമിറക്കാതെ
സ്വപ്നങ്ങളാൽ
ആകാശംഭേദിച്ചു
ചിന്തകളാൽ
നൊമ്പരക്കൂടുനെയ്ത്
ചിറകൊടിഞ്ഞ പറവയായി
അവൻ
ആ പുൽക്കൊടികളിൽ
അങ്ങനെ കിടക്കും
പറന്നുയരുന്ന നിങ്ങളേ
നോക്കി കൊതിയുടെ
കൊടുങ്കാറ്റെയ്യും
നോക്കാതെ പോകുമ്പോൾ
കാക്കക്കൂട്ടങ്ങളെ
സ്മരിക്കും
പറവയാണു വെറും
പറവ
തിരിഞ്ഞു നോക്കുക
നിങ്ങളവൻ്റെ
ചിറകടിക്കായി
കാതോർക്കുക
നിങ്ങളുടെ
ഹൃദയ മരച്ചില്ലയാൽ
അവനുമൊരു കൂടാകട്ടെ












