കരയാൻ കണ്ണീരു വേണ്ടാ! -(സെബാസ്റ്റ്യൻ ആർവിപുരം)

Facebook
Twitter
WhatsApp
Email
കരയാൻ കണ്ണീരു വേണ്ടാ!
(ചന്ദ്രിക പൊഴിച്ചുനിന്ന ചാന്ദ്നിക്കൊരു അന്ത്യാഞ്ജലി)
പലപ്പോഴും, പലതിനും
പ്രതിഷേധസൂചകമായും അല്ലാതെയും
കരഞ്ഞതിലേറെയും തൂലികകളാണ്;
അതിൽനിന്നുതിർന്ന അക്ഷരങ്ങളാണ്!
അനുശോചനസമ്മേളനങ്ങൾനടത്തപ്പെട്ടത്
അടുക്കളയിലും നാൽക്കവലകളിലും
ചിലരുടെയെങ്കിലും മനസ്സുകളിലും!
‘ആദരാഞ്ജലി’യും ‘പ്രണാമ’വുമെല്ലാം
ഭയപ്പാടൊഴുകിയ വിളറിയ വാക്കുകളായി-
മാറിക്കഴിഞ്ഞിരിക്കുന്നു!
അവയെന്നോ, മരിച്ചവർക്കായി സംവരണം
ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു!
ആശ്വാസംകണ്ടെത്താൻ,
ദൈവത്തെ പൂപ്പറിക്കാരനായി സങ്കല്പിച്ചവരും
‘വിധി’യിൽ സമാശ്വസിച്ചവരുമെല്ലാം
‘സമാധി’ക്കു സമമായികഴിയുന്നു!
അതിനുശേഷം ജീവിതത്തിന്റെ മറ്റൊരു ഘട്ടം
സ്വപ്നം കണ്ടുകൊണ്ടുതന്നെ!
ഒരു സ്വപ്നം പൂർത്തിയാകുംമുമ്പേ-
മരണപ്പെട്ടവർ സ്വർഗ്ഗത്തിലോ
നരകത്തിലോ എന്നറിയില്ല.
ഇവിടെ പൗർണ്ണമിയിൽതന്നെ
അമാവാസിയാക്കപ്പെട്ടിരിക്കുന്നു!
ചന്ദ്രിക പൊഴിച്ചുനിന്നവൾ
പൊടുന്നനെ അസ്തമിക്കപ്പെട്ടിരിക്കുന്നു!
കദനത്തിന്റെ മുതലക്കണ്ണീരൊഴുക്കിയുണക്കിയ
വദനത്തെ അടുത്ത നിമിഷംമുതൽ
ആഹ്ളാദത്തിനായൊരുക്കാൻ നാം കടന്നുകളയുന്നു!
വിരിയുംമുമ്പേ ചതഞ്ഞരയപ്പെടാനുള്ള പൂവുകൾ
ഇനിയുമിനിയും പിറവികൊള്ളും; മറവികൊള്ളും!
ഇടതൂർന്നുവളരുന്ന ചിന്തകളുടെയിടയിൽ
ഞെരുങ്ങി പലതും ഇല്ലാതാകുമ്പോൾ
ബോധംമറയുവോളം ബോധോദയത്തിനായി
കാത്തിരിക്കുന്നവരുടെ പട്ടികയിൽ നമ്മളുണ്ടാകും.
ഇരുളിന് ഒരു പകലിനോളമേ ആയുസ്സുള്ളുവെങ്കിലും
ഇരുളിനെ പകലാക്കാനോ
പകലിനെ ഇരുളാക്കാനോ വെമ്പുന്നവർ
ഇരുളിലും പകലിലും ജനിച്ചുകൊണ്ടിരിക്കും.
പകലിലും ഇരവിലും പതിവുപോലെ
പൂക്കൾ വിരിയും; കൊഴിയും!
കണ്ണടച്ചിരുട്ടാക്കുന്നവർക്കു മുന്നിൽ
വിരിയപ്പെടാത്ത പൂവുകളിൽ
മണവും മധുവും തുളുമ്പിക്കൊണ്ടേയിരിക്കും!

About The Author

Leave a Reply

Your email address will not be published. Required fields are marked *