ഐഫോൺ 15 സീരീസ് സെപ്റ്റംബർ മൂന്നാം വാരം ലോഞ്ച് ചെയ്‌തേക്കും

Iphone 15 Launch: ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യാനുള്ള തീയതി തീരുമാനിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സെപ്റ്റംബർ മൂന്നാം വാരത്തിൽ ഫോണുകൾ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഈ കാലയളവിൽ ജീവനക്കാർ ഒരേസമയം ലീവെടുക്കരുതെന്ന് കമ്പനി നിർദ്ദേശം നൽകിയതായി 9to5Mac റിപ്പോർട്ട് സൂചിപ്പിക്കുന്നു.

9to5 Mac റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 13ന് ശേഷം സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. മുമ്പ്, ആപ്പിൾ സാധാരണയായി ചൊവ്വാഴ്‌ചകളിലാണ് ഐഫോണുകൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഈ പതിവ് തെറ്റിക്കുകയും സെപ്റ്റംബർ 7ന്, ബുധനാഴ്ച്ച മോഡലുകൾ പുറത്തിറക്കുകയും ചെയ്‌തു. ഈ വർഷം, സെപ്റ്റംബർ 13 ബുധനാഴ്‍ചയാണ് എന്നതിനാൽ തന്നെ അന്ന് ആപ്പിൾ ഫോണുകൾ അവതരിപ്പിച്ചേക്കും എന്നാണ് ഊഹാപോഹങ്ങൾ.

ഐഫോൺ 15 സീരീസിനായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15 വെള്ളിയാഴ്‌ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം, ഔദ്യോഗിക ലോഞ്ച് സെപ്റ്റംബർ 22ന് ഷെഡ്യൂൾ ചെയ്‌തേക്കും. കഴിഞ്ഞ വർഷം, ഐഫോൺ 14ന്റെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 9നാണ് ആരംഭിച്ചത്, കൂടാതെ സെപ്റ്റംബർ 16ന് ഫോണുകൾ സ്‌റ്റോറുകളിൽ എത്തി തുടങ്ങി.

ഐഫോൺ 15 സീരീസ് ചില പുത്തൻ ഫീച്ചറുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്‌പ്ലേയ്‌ക്ക് ചുറ്റും ചെറുതായി വളഞ്ഞ എഡ്‌ജുകളും കനം കുറഞ്ഞ ബെസലുകളുമുള്ള ഒരു പുതിയ ഡിസൈനാവും ഫോണിൽ ഉണ്ടാവുക. കൂടാതെ, പുതിയ നാല് മോഡലുകളിലും സാധാരണ ലൈറ്റ്നിങ് കണക്‌ടറിന് പകരം ഡൈനാമിക് ഐലൻഡും യുഎസ്ബി-സി പോർട്ടുകളും ഉണ്ടായിരിക്കും. പ്രോ മോഡലുകൾക്കായി, പരമ്പരാഗത സ്‌റ്റെയിൻലെസ് സ്‌റ്റീലിന് പകരം പുതിയ ടൈറ്റാനിയം ഫ്രെയിമാണ് ഉണ്ടാവുക, ഇത് ഫോണുകൾക്ക് ആകർഷകമായ രൂപം നൽകുന്നു.

ഐഫോൺ 14 പ്രൊയ്ക്ക് സമാനമായി ഐഫോൺ 15, 15 പ്ലസ് എന്നിവയ്ക്ക് എ16 ബയോണിക് ചിപ്പ് നൽകാനാണ് സാധ്യത. എന്നിരുന്നാലും, ഐഫോൺ 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നിവയിൽ പുതിയ A17 ചിപ്പ് അവതരിപ്പിക്കും, ഇത് മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പ്രൊ മോഡൽ ഒരു പുതിയ പെരിസ്‌കോപ്പ് ലെൻസുമായി വന്നേക്കാം, ഇത് ഫോട്ടോഗ്രാഫി പ്രേമികൾക്ക് മെച്ചപ്പെടുത്തിയ ഒപ്റ്റിക്കൽ സൂം സൗകര്യം വാഗ്‌ദാനം ചെയ്യും.

ഈ അപ്‌ഡേറ്റുകൾ നല്ല പ്രതീക്ഷ നൽകുന്നതാണെങ്കിലും, നിലവിലെ സീരീസ് അപേക്ഷിച്ച് പുതിയ ഐഫോണുകളുടെ വില 16,000 വരെ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഐഫോൺ 15 സീരീസിനെ കുറിച്ചുള്ള പൂർണ വിവരം ലഭിക്കുന്നതിനായി ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ.

Credits : https://malayalam.indiatoday.in/

LEAVE A REPLY

Please enter your comment!
Please enter your name here