ബറോസ് ഡിസംബറിൽ എത്തും…! റീ റെക്കോർഡിംഗ് പൂർത്തിയായി, മോഹൻലാൽ പറയുന്നു

Facebook
Twitter
WhatsApp
Email

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. മാർച്ച് 24ന് നടന്ന ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ബറോസിന്റെ ഓരോ അപ്‌ഡേറ്റിനുമായി കാത്തിരിക്കുകയാണ് ആരാധകർ.

2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവരികയാണ്. മോഹൻലാൽ തന്നെയാണ് റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ബറോസ് ഡിസംബറിൽ തിയേറ്ററുകളിലെത്തും. സിനിമയുടെ റീ റെക്കോർഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസിൽ പൂർത്തിയായി. ശേഷിച്ച ജോലികൾ ഇപ്പോൾ ഹംഗറിയിലെ ബുഡാപെസ്റ്റിൽ പുരോഗമിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.

മനോരമ ന്യൂസിനോടാണ് മോഹൻലാലിന്റെ പ്രതികരണം. ബറോസിന്റെ സ്‌പെഷൽ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലൻഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികൾ മിക്കതും പൂർത്തിയായി. ബ്രഹ്‌മാണ്ഡ ചിത്രമായ ബറോസ് ഡിസംബറിൽ പ്രേക്ഷകർക്കുമുന്നിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് മോഹൻലാൽ ബറോസിലെത്തുന്നത്.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷർ’ എന്ന കഥയെ ആധാരമാക്കി മോഹൻലാൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.

Credits : https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *