മിത്തിന്റെ സൗന്ദര്യം, അതീത യാഥാർഥ്യത്തിന്റെ രൂപിമം -(സാബു ശങ്കർ)

Facebook
Twitter
WhatsApp
Email
നിരവധി മിത്തുകൾ അഥവാ സങ്കൽപ്പങ്ങൾ ഉള്ളതാണ് വേദങ്ങൾ. വേദങ്ങളിലെ ദർശനത്തെ പ്രത്യേകം ക്രോഡീകരിച്ചെടുത്ത ഭാഗമായ ഉപനിഷത്തുക്കളിലും പലവിധ സങ്കൽപ്പങ്ങളുണ്ട്. ഉപനിഷത്തുക്കൾ 108 എണ്ണം ആധികാരികമായി ഉണ്ടെങ്കിലും 10 എണ്ണം പൊതുവെ വായിക്കാൻ ഉപയോഗിക്കുന്നു. സങ്കല്പ സുന്ദരമായ ഉപനിഷത്തുക്കൾ വായിക്കുന്ന ഏതൊരു മനസ്സും താനെ സമ്പുഷ്ടമാകും. സംസ്‌കൃത സാഹിത്യത്തിലെ ഈ സർഗ്ഗസമ്പത്ത് മനുഷ്യസംസ്കാര ചരിത്രത്തിലെ അത്യുജ്വല ദീപസ്തംഭങ്ങളാണ്.
 സൈന്ധവ തീര ആര്യവംശ നാഗരികതയ്ക്ക് രണ്ടായിരം വർഷങ്ങൾക്ക് ശേഷം ബി. സി. ആറാം നൂറ്റാണ്ടിൽ ഭാരതീയ പ്രബുദ്ധതയിലുണ്ടായ മറ്റൊരു സർഗാത്മക ചിന്താ സൗന്ദര്യ വിസ്‌ഫോടനമാണ് ഇതിഹാസ രചനകൾ. മിത്തുകൾ നിറഞ്ഞ രാമായണവും മഹാഭാരതവും.
 സാഹിത്യ സൃഷ്ടിക്ക് പ്രചോദനമാകുന്ന പല ഘടകങ്ങൾ ഉണ്ട്. സാഹിത്യ സൃഷ്ടിയിലെ കഥാപാത്രങ്ങൾ ആശയത്തിന്റെ പ്രതീകങ്ങളാവാം. അത് രസകരമായി അനുവാചകനിൽ വർത്തിക്കുവാൻ പല രൂപങ്ങൾ അല്ലെങ്കിൽ രൂപിമങ്ങൾ ( Morphemes ) ആയി അവതരിപ്പിക്കാം. കുതിരശരീരമുള്ള അശ്വിനി ദേവകളും പത്തു തലയുള്ള രാവണനും ആനത്തലയുള്ള ഗണപതിയും നരസിംഹവും ഒക്കെ അങ്ങനെ കാവ്യസങ്കല്പത്തിൽ രൂപാന്തരപ്പെടാം. അവ മിത്തുകൾ തന്നെയാണ്. ആശയങ്ങളെ ആവാഹിക്കുന്ന, സന്ദേശങ്ങളുള്ള മിത്തുകൾ. യഥാർഥ്യത്തെ സംബന്ധിക്കുന്ന ചിന്തകൾ അനുവാചകനിൽ സൗന്ദര്യപരമായ ചലനം സൃഷ്ടിക്കുന്ന പ്രതീകഭാഷയാണത്. അമൂർത്തമായ പലതും എളുപ്പത്തിൽ ആസ്വദിക്കുവാൻ, മനസ്സിലാക്കുവാൻ ഈ കലാസങ്കേതങ്ങൾ സഹായകരമാണ്.
 വിശ്വസാഹിത്യത്തിൽ അങ്ങോളമിങ്ങോളം ഇങ്ങനെ ആവിഷ്കാര കല്പനകൾ കാണാം. കഥാപാത്രം മാത്രമല്ല പ്രമേയം പോലും പ്രതീകമാകാം. മഹാഭാരതത്തിലെ ഭീഷ്മ പർവ്വത്തിലെ ഭഗവദ് ഗീത വാസ്തവത്തിൽ ദർശനത്തെ, തത്വശാസ്ത്രത്തെ, പ്രതിഫലിപ്പിക്കുന്ന ഒരു സാഹിത്യ സൃഷ്ടിയാണ്. കഥാപാത്രങ്ങൾ ചിഹ്നശാസ്ത്ര ( Semiotics ) പ്രകാരമുള്ള പ്രതിനിധാനങ്ങളാണ്.
  ഇതിഹാസത്തിൽ കാവ്യസൃഷ്ടാക്കൾ തന്നെ സൃഷ്ടിയിൽ കഥാപാത്രങ്ങളാവുന്നു. വ്യാസന്റെ വാമൊഴി കേട്ട് അനുസരണയോടെ വരമൊഴിയിലാക്കിയ, ആനത്തലയുള്ള ഗണപതി ബുദ്ധിശക്തി, അറിവ്, വിദ്യാഭ്യാസം, സ്നേഹം തുടങ്ങിയ ഉത്തമ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഉപാസിച്ചാൽ ആ ഗുണം ലഭിക്കുമെന്ന വിശ്വാസം മിത്തിന്റെ ഉദാത്തതയാണ്. ഇതൊരു മാനസിക ആത്മീയ പ്രവർത്തനമാണ്. മനുഷ്യന് ആശയങ്ങൾ മനസിലാവണം, ആസ്വാദനം ഉണ്ടാവണം, നിരന്തരം ചിന്താപരമായ ഉൽപ്പാദന – പ്രത്യുൽപ്പാദന പ്രക്രിയ സംഭവിക്കണം. അതാണ് മിത്തിന്റെ സൗന്ദര്യവും കർത്തവ്യവും. യാഥാർഥ്യത്തിന്റെ സവിശേഷ കല്പനകൂടിയാണത്.
കലാസൃഷ്ടിയെ സംബന്ധിക്കുന്ന രൂപചിന്തകളിൽ പ്രമേയം മാത്രം പുതിയതായതു കൊണ്ട് പൂർണതയാവുന്നില്ല. ആവിഷ്കാര ശൈലിയും ആവിഷ്കാര സങ്കേതവും പ്രധാനമാണ്. അത് സാഹിത്യമായാലും ചിത്രകലയായാലും നാടകമായാലും സിനിമയായാലും സുപ്രധാനം തന്നെ.
റഷ്യൻ കഥാകൃത്ത് ഗോഗോളിന്റെ മൂക്ക് എന്ന കഥയിൽ ( 1835-36) ഒരു സുപ്രഭാതത്തിൽ ഒരു മേജർ കൊവല്യൊവ് ഉറക്കമുണരുമ്പോൾ തന്റെ മൂക്ക് നഷ്ടപ്പെട്ടതായി മനസിലാക്കുന്നു. മൂക്ക് ഒരു സ്വതന്ത്ര ജീവിയായി മാറുന്നു. തുടർന്നുള്ള സംഭവങ്ങൾക്കൊടുവിൽ മേജറിന് മൂക്ക് തിരികെ കിട്ടുന്നു. ഫ്രൻസ്വാ കാഫ്‌കയുടെ രൂപാന്തരം ( മെറ്റമോർഫസിസ് – 1915 ) എന്ന കഥയിലെ ഗ്രിഗർ സാംസ എന്ന കഥാപാത്രം ഒരു ദിവസം ഉറക്കമുണരുമ്പോൾ താനൊരു ഭീമൻപ്രാണിയായി മാറിയത് കാണുന്നു.
 സങ്കീർണവും അമൂർത്തവും എന്നാൽ യഥാർത്ഥവുമായ അവസ്ഥ പ്രതിഫലിപ്പിക്കുവാൻ ഇങ്ങനെ ഒട്ടേറെ നവരൂപിമങ്ങൾ കലയിൽ ഉടലെടുക്കുന്നു. അതും മിത്തുകൾ തന്നെ.
 ഇങ്ങനെയൊക്കെയുള്ള കൗതുകകരമായ മിത്തുകൾ ബി. സി. പതിനായിരം മുതൽക്കുള്ള നദീതീര സംസ്കൃതികളിൽ, പ്രത്യേകിച്ച് സുമേറിയൻ, അസീറിയൻ, ഈജിപ്ഷ്യൻ, മെസോ അമേരിക്കൻ, ചൈനീസ് സംസ്കൃതികളിലെ ദൈവസങ്കൽപ്പങ്ങളിലും കാണാം.
ആധുനിക കാലത്ത് നമ്മുടെ മലയാളത്തിലുണ്ടായ ഒരു കഥയെയും ലാറ്റിനമേരിക്കൻ സാഹിത്യത്തിലുണ്ടായ ഒരു കഥയെയും താരതമ്യം ചെയ്യുന്നതും കൗതുകകരമാണ്.
1954- ൽ വൈക്കം മുഹമ്മദ്‌ ബഷീർ രചിച്ച കഥയാണ് ( നോവലെറ്റ് ) വിശ്വവിഖ്യാതമായ മൂക്ക്. 1968 – ൽ വിശ്വപ്രസിദ്ധ കൊളംബിയൻ സാഹിത്യകാരനും നോബൽ പ്രൈസ് ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർക്വസിന്റെ കഥയാണ് വലിയ ചിറകുള്ള വൃദ്ധൻ. രണ്ടു കഥകളിലെയും വിമർശനഹാസ്യമാർന്ന സംഭവങ്ങൾക്കും സമാനതയുണ്ട്.
ആദ്യത്തെ പ്ലാസ്റ്റിക് സർജറി ആനത്തലയും മനുഷ്യ ശരീരവും കൂട്ടിച്ചേർത്ത ഗണപതിയാണെന്ന് ആരു പ്രസ്താവിച്ചാലും അത് അസംബന്ധമാണെന്ന് പറയാനും പാഠപുസ്തകത്തിൽ ശാസ്ത്രവിരുദ്ധമായ ഈ പ്ലാസ്റ്റിക് സർജറി കഥ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നത് വിഡ്ഢിത്തമാണെന്ന് പറയാനും വിജ്ഞാനലോകത്തിന് സ്വാതന്ത്ര്യമുണ്ട് .
എന്നാൽ ഗണപതി മനുഷ്യ സൃഷ്ടമായ ഇതിഹാസത്തിലെ കഥാപാത്രമാണെന്ന് പറയുന്നതിൽ തെറ്റില്ല. ഗണപതി ഒരു മിത്താണെന്ന് പറയുന്നതിലും തെറ്റില്ല. ഗണപതി ഐശ്വര്യത്തിന്റെ ചിഹ്നമാണെന്നും അറിവിന്റെ സൂചകമാണെന്നും വിശ്വസിക്കുന്നതിലും തെറ്റില്ല. അങ്ങനെ വിശ്വസിക്കുന്നവർ ഗണപതി പൂജ നടത്തി ആത്മവിശ്വാസം ആർജിക്കുന്നതിലും തെറ്റില്ല. വിശ്വാസവും യുക്തിയും രണ്ടു വഴികളാണ്. മിത്തുകളിലുള്ള വിശ്വാസം ഒരാളുടെ സ്വകാര്യ സ്വാതന്ത്ര്യമാണ്. തീർത്തും വ്യക്തിഗതമായ വിശ്വാസസത്യമായും വ്യാഖ്യാനിക്കാം. പക്ഷേ അത് ശാസ്ത്രത്തിന്റെ കണ്ണിൽ മനുഷ്യന്റെ സൗന്ദര്യഭാവനയുടെ മൂർത്ത ബിംബം മാത്രമാണ്. ഒരു അവികസിത സമൂഹത്തിൽ ഇത്തരം മിത്തുകളെ ഉൻമൂലനം ചെയ്യുക സാധ്യമല്ല. കാരണം വിശ്വാസം ഒരു പരമ്പരാഗത ശൈലിയായി തുടരുന്നു. മിത്ത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗവും വ്യക്തിയുടെ സംസ്കാരവുമായി നിലനിൽക്കുന്നു. ചൈനീസ് ജനതയ്ക്ക് ഡ്രാഗൺ ആരാധനാമൂർത്തിയാണ്. മത്സ്യകന്യകയും യൂണികോണും ഫീനിക്സും ഡോൾഫിനും ജലക്കുതിരയും മുതലയും നാഗവും പക്ഷിയും പൂവൻകോഴിയും സിംഹവും നീലക്കടുവയും ഒക്കെ വിവിധ ദേശങ്ങളിലെ ആരാധനാമൂർത്തികളായിരുന്നു.
മിത്തുകളെ ഏതെങ്കിലും സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അവരുടെ ബ്രാൻഡ് അംബാസിഡർ ആക്കി പൗരസമൂഹത്തിന് മേൽ അധിനിവേശം നടത്തുന്നതും വോട്ടിനു വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നതും ജീർണ്ണമായ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്. ഈ അപഹാസ്യ ആക്ഷേപഹാസ്യ സന്ദർഭങ്ങളാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയിലും ഗബ്രിയേൽ ഗാർസിയ മാർക്വസിന്റെ വലിയ ചിറകുള്ള വൃദ്ധൻ എന്ന കഥയിലും നാം കാണുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *