ഇന്ന്, “കിട്ടുന്നതെല്ലാം തട്ടാം” എന്ന ഭക്ഷണ ദിനം പ്രമാണിച്ച്, -ശ്രീനിവാസ് ആർ ചിറയത്ത്മഠം 🌻
കുഞ്ഞുണ്ണി
——————-
ശ്രീനിവാസ് ആർ ചിറയത്ത്മഠം
പണ്ടുകുഞ്ഞുണ്ണിനാമനാം
ഭീമകായനൊരിക്കെനെൽ-
പ്പാടെജലസേചനാർത്ഥം
രാത്രിങ്കൽ ചെൽകെ
കുഞ്ഞുണ്ണി തൻ പെട്ട മിന്നി-
ത്തിളങ്ങീടെ ആകാശത്തിൽ
എണ്ണമറ്റ താരകളെ
എണ്ണിച്ചലിച്ചു.
വിണ്ണിലെ വെണ്താരകളെ
എണ്ണിച്ചലിച്ചീടെയാശാൻ
മണ്ണിലെ വിചാരമമ്പെ
മറന്നീടിനാൻ!
ചണ്ണവയറനാമയാൾ
ചതിക്കപ്പെട്ടപോൽ ചേറിൽ
ചെമ്മേത്തെന്നിവീണിടിനാൻ
കഷ്ടകാലത്താൽ!
ചങ്ങാടം പുഴയിപ്പോലെ
ചേറിൽ പൂണ്ടോരാശാനങ്ങ്
വന്നുപെട്ട വിധിയോർത്ത്
വിണ്ണിൽ നോക്കിയും!
ആകാശാകർഷകതയിൽ
ആശയെല്ലാം നശിച്ചാശാൻ
മോശംവന്നതാലോചിച്ച്
മുക്തികേഴിനാൻ!
വയലേലവക്കിൽനിന്ന
വലയനൊരുവൻവന്ന്
ബലമായി നിന്നുകൊണ്ട്
യുക്തി ചിന്തിച്ചു.
വിവേകപുർവം വലയൻ
നിലയുറപ്പിച്ചിട്ടൊരു-
വിധേനതൻതമ്പുരാനെ
വലിച്ചേറ്റയും!
താൽക്കാലീകമായാണേലും
വൈരൂപ്യത്തെബാധിച്ചാശാൻ
ജൽപ്പിക്കയും ലജ്ജാപൂർവം
ചുറ്റും നോക്കയും!
നന്ദിരേഖപ്പെടുത്തീടാൻ
ചെന്നു വലയൻതൻവശം
നിന്നുകെട്ടിപ്പിടിച്ചീടാൻ
വെമ്പൽ കൊണ്ടപ്പോൾ,
പിന്നോട്ടാഞ്ഞുടൻവലയൻ
ചൊന്നാൻ പോയിക്കുളിച്ചീടാൻ;
പിന്നെ തന്റെ പാടുതേടി
മടങ്ങീടയും!
ബാഹ്യമാകെ ചേറാൽ നാറി,
മാനസീകമായും നാറി,
ബഹുമാനം കാറ്റിൽ പാറി,
മലിനമായി!
നാറീടുംതന്നുടൽ നന്നായ്
ആകമാനം കഴുകീടാൻ
ആറുതേടി ആശാൻ ദൂരെ
ആശു പോകയും.
മേലാസകലം ചളിയിൻ
പൊറ്റയുണങ്ങിപ്പിടിച്ച്
മേലാതായ് – വസ്ത്രമഴിക്കാൻ
കുഴങ്ങീടയും!
കായലിൽ കന്നാലിപൊലെ,
നദിയിൽ നിമഗ്നനായി,
കാര്യമാശു നേടീടുവാൻ
ആശിച്ചീടിനാൻ!
കുതിർന്നു ശരീരമാകെ;
കുഞ്ഞുണ്ണിക്കന്നാലി തന്റെ
തുണിയെല്ലാമൂരിയങ്ങു-
തിരുമ്മിയിട്ടു.
തെരുതെരെ മുങ്ങി മുങ്ങി,
തിരിഞ്ഞു തൻ ചിന്തയാകെ;
തോരാനിട്ടമുണ്ടുതെണ്ടി-
പ്പട്ടി കൊണ്ടുപോയ്!
സ്നാനമവസാനിച്ചപ്പോൾ
നാണം മാറ്റാൻ മുണ്ടുതേടെ
ശ്വാനസാന്നിദ്ധ്യം തന്നുടെ
ശ്രദ്ധയിൽ പെട്ടു!
താമസിയാതെ തന്നുടെ
തോരാനിട്ട മുണ്ടിൻ അവ-
ശിഷ്ടഭാഗങ്ങളങ്ങിങ്ങായ്
കണ്ടീടുകയും!
പ്രതികാരം ചെയ്വാൻ കോപാ-
ക്രാന്തനായി മുതിർന്നപ്പോൾ
പ്രാണനുംകൊണ്ടോടിപ്പോയി
ശ്വാനകുമാരൻ!
ചതിച്ചല്ലോ പഹയാ നീ
എന്നു ചൊല്ലി ആശാൻതിങ്ങി-
വിങ്ങി മനസ്താപത്തോടെ
മാർഗം ചിന്തിച്ചു!
ബനിയനാൽ താറുടുക്കാൻ
ശ്രമിക്കയുമയാൾ പിന്നെ
ഭവനത്തിൽ ധൃതിപൂർവം
ചെന്നുചേരയും!
വിസ്മയാവഹമാംവണ്ണം
അച്ചനെ ശങ്കുണ്ണി കാൺകെ,
വിസ്തരിച്ചൊന്നും ചൊല്ലാതെ
വസ്ത്രം മാറാൻ പോയ്!
ചണ്ണവയറാശാനുടെ
വിശന്നുടഞ്ഞുകുടഞ്ഞു,
ചെന്നു നിന്നാനടുക്കള-
ക്കവാടത്തിങ്കൽ!
പൊന്നു പ്രേയസിയോടാശാൻ
പൊള്ളച്ചിരിയോടെതന്റെ
ഉള്ളിലുള്ള ലജ്ജാവഹ-
വൃത്താന്തം ചൊല്ലി!
കുണുങ്ങിച്ചിരിച്ചു കൊണ്ട്
കുഞ്ഞുണ്ണിക്കിലയും വച്ച്
വിഭവങ്ങളൊന്നൊന്നായി
വിളമ്പി ഭാര്യ!
തിളങ്ങുന്ന പൊൻവളകൾ
ധരിച്ച ഭാര്യാ ദേവകി
ഇടങ്ങാഴിയരിയുടെ
ചോറു വിളമ്പി!
അട്ടിയിട്ട പപ്പടങ്ങൾ
തട്ടിയുടച്ചുചേർത്തിട്ട്
കിട്ടീതെല്ലാം വാരിക്കൂട്ടി
തട്ടി മിന്നിച്ചു!
അഭ്യർത്ഥിച്ചാനൽപംകൂടെ
ലഭ്യമാക്കീടുവാൻ ചോറ്;
അദ്ഭുതമന്യെ പ്രേയസി
കോരിയിടയും!
വാരിച്ചേർത്തീടിനാൻ വീണ്ടും-
വീണ്ടും വിഭവാദികളെ;
പാരിതിലെനിക്കുസുഖ-
മിതുതാൻ ചൊല്ലി!
നാരിയായാൽ ദേവകി പോൽ
നാട്ടിൽജനിക്കേണമെന്നായ്
നരരിൽ ഭീമാകാരനാം
നമ്മുടേയാശാൻ!
അവളതു കേട്ടുവല്ലാ-
തിളിച്ചു കളിച്ചു ചൊന്നാൾ,
അതേ, തന്നോളംസാമർത്യ-
മിങ്ങാർക്കുണ്ടെന്നും!
തന്ത്രം തന്റെ ഫലിച്ചതിൽ
സന്തോഷവാനായിട്ടാശാൻ
മന്ദം തന്നിൽ ദേവകിതൻ
ശ്രദ്ധ ക്ഷണിച്ചാൻ!
അല്ലയോ എൻ പ്രാണസഖി,
ഇല്ലയോ ചോറൽപം കൂടെ;
അല്ല, ഇല്ലെങ്കിൽ വേഗേന
വച്ചീടുമല്ലോ!
അല്ലയോ എൻ വല്ലഭാ നിൻ
നന്നേച്ചെറുപ്പംമുതൽക്കേ
നല്ല പരിചയം സിദ്ധി-
ച്ചവളല്ലോ ഞാൻ!
ഓമനമോനുണ്ണി ശങ്കു,
ഉമ്മറത്തെ തിണ്ണയിങ്കൽ
ഓടം, പൊതുമ്പാലുണ്ടാക്കി-
ക്കളിച്ചിരുന്നു.
തായ പൊന്മകനെയൂട്ടാൻ
താമസിച്ചതിൽ ഖേദിച്ച്,
ആയവേഗമൂട്ടിപ്പിന്നെ
പായിലുറക്കി.
മോരു-രസാദികളുമാ-
യെരുപുളി കുറേച്ചേർത്ത്
ജോറായൊരു പൂശുപൂശി-
യാശാനന്നേരം!
മൂക്കറ്റമൂണുംകഴിഞ്ഞ്
മുണ്ടിൻകുത്തൊന്നഴച്ചിട്ട്
മൂപ്പർ തുറു കണ്ണുകളോ-
ടുറ്റു നോക്കയും!
പ്രേയസി ദേവകി പിന്നെ
പായസമുണ്ടെന്നുചൊൽകെ,
പ്രിയ പദാർത്ഥമാകയാ-
ലാവശ്യം ചൊന്നാൻ!
കുനിയവഹിയാഞ്ഞാശാൻ,
കുടിക്കാൻ വഴിയുമൊർക്കെ
കുണുങ്ങിച്ചിരിച്ചുംകൊണ്ട്
ദേവകിയെത്തി!
ഉള്ളിൽ പഴുതിത്തിരിയു-
മില്ലേലും തൻ കൊതിയിനാൽ
പല്ലിളിച്ചു കാട്ടിയയാൾ
മെല്ലെ ചോദിച്ചു!
തൊട്ടിവയറനാമാശാൻ
വട്ടിവായ തുറക്കവെ
തെക്കിയൊഴിച്ചുകൊടുത്താൾ
പായസം, പ്രിയ!
പാൽപ്പായസമായതിനാൽ,
താൽക്കാലീകമായിപ്പോലും,
അൽപമാക്കി നിർത്തിവെക്കാൻ
ഒത്തതുമില്ല!
ആശാനുടെ ഭാര്യ വയർ
വിശന്നു പൊരിഞ്ഞെങ്കിലും
ആശ്വസിച്ചു സഗദ്ഗദം
വിശപ്പടക്കി!
ഊണു-പായസാദിയെല്ലാം
അവസാനിച്ചപ്പോൾ മെല്ലെ
ഉദ്ഭവിച്ച പ്രശ്നമൊന്നോ,
ഏണീക്കാൻ മേലാ!
പ്രേയസി ദേവകി പിന്നെ
പിടിച്ചുതാങ്ങിക്കൊടുത്ത്
പ്രയാസപൂർവമാശാനെ
എണീപ്പിക്കയും!
അടിവച്ച്, അടിവച്ച്
വടി പിടിച്ചാശാൻ തിണ്ണ-
പ്പടിയിങ്കൽ ചെന്നു നിന്ന്
വായ്-കൈ കെഴുകി!
അഹ! മമ പ്രിയപമേ,
അത്താഴം ബഹുഭേഷായി;
അഹൊ! ഇഹ പ്രശ്നമിനി
ദഹനമല്ലോ!
അനന്തരമകത്തുപോയ്
കാലിന്മേലെക്കാലുമായി
ചാരിക്കിടന്നാശാൻ മെല്ലെ
ചാരുകസാലേൽ!
ആശ്വാസപൂർവം കുഞ്ഞുണ്ണി
ആകെ നല്ലോണം മയങ്ങി;
ആശുതന്നെ വന്നലട്ടി
വായു കോപവും!
വായു തന്റെ ആയുധത്തെ
വല്ലാതുപയോഗിച്ചീടെ
തായ, തന്ത ആദിയായ
ആലോചനയായ്!
ആർത്ഥപരായണാ, മത്യുൻ-
ജയദേവാ, ചതിക്കാതീ-
വീർത്ത വയറനാമെന്നെ
കാത്തീടേണമേ!
അത്തരം മന്ത്രങ്ങൾ ചൊല്ലി
തിക്തമായി ഭജിച്ചാശാൻ,
എത്തിക്കല്ലേ, പിത്തക്കോപെ,
എന്നപേക്ഷിച്ചാൻ!
ഭാര്യ ദേവകി തെല്ലോളം
വാരിയിൽ ജീരകം ചേർത്ത്,
നേരിയൊരു ചൂടിലാക്കി,
വായിൽ കൊടുത്തു.
ഈശ്വരാനുഗ്രഹത്താലൊ,
ഉറങ്ങാനാഗ്രഹത്താലൊ,
ജീരകജലം ചെന്നപ്പോൾ
ഉടൻ മയങ്ങി!
കുംബകർണ്ണൻ സ്വാധീനിക്കെ,
കുഞ്ഞുണ്ണി തുടങ്ങി കോർട്ട-
വിളിക്കാൻ, പിന്നുണ്ണി ശങ്കു
ഉണർന്നീടയും.
നേരം പുലർ ച്ചയായപ്പോൾ,
നിന്ദ്രയുണർന്നുടനാശാൻ,
നേരേചെന്നാനാറ്റിങ്കരെ
നിന്നും ചിന്തിച്ചാൻ!
നെടുവീർപ്പുകളും കോട്ടു-
വായുമയാളിട്ടു പിന്നെ
നെൽവയലിൽ ചേറിൽ-
പൂണ്ടതോർത്തുചിന്തിച്ചു!
കുന്തം വിഴുങ്ങിയ പോലെ,
കുഞ്ഞുണ്ണി മേൽപ്പോട്ടുനോക്കി
ചിന്തിച്ചു, പിന്നിളിഭ്യ-
പ്പുഞ്ചിരിതൂകയും!
അമളികളെല്ലാമ്മറ-
ന്നയാൾമെല്ലെവീട്ടിൽച്ചെന്ന്,
അഴകനാം തന്മകനെ
കളിപ്പിക്കയും.
ഉല്ലാസഭരിതനാം ശ-
ങ്കുണ്ണിയെ വാത്സല്യപൂർവം
ഉമ്മ വച്ചു രസിച്ചാശാൻ
പുളകം പൂണ്ടു.
പറ്റമായ് നിന്നീടും കേര-
വൃക്ഷക്കൂട്ടങ്ങൾക്കു മദ്ധ്യെ
പച്ചപ്പട്ടു വിരിച്ചപോൽ
നെൽ വയലോല !
അംബരം മുട്ടുമാറാടി
ഉലയുംചെംതെങ്ങുകളിൽ
തങ്കക്കുടങ്ങൾപോൽനാളി-
കേരക്കുലകൾ!
അങ്ങു ചക്ഷുസ്സയച്ചാശാൻ
ഭംഗിവർണ്ണിച്ചു വിശദീ-
കരിച്ചു തൻ നാടിലഭി-
മാനവും കൊണ്ടു!
നാടിൻ മേനി പാടിപ്പാടി,
പുകഴ്ത്തീടെ കുഞ്ഞുണ്ണീതൻ
വാടിയ വൻ വയറിങ്കൽ
ഉണ്ണി കയറി!
പാൽകുടിച്ചു, പാട്ടുകേട്ട്
ബാലകൻ ശങ്കുണ്ണി തന്റെ
താതനുടെ വിരിമാറിൽ
ചേർന്നു കിടന്നു.
പ്രേയസിയതിനിടെ തൻ
പ്രാണനാഥനേയും പിഞ്ചു-
പൈതൽ ശങ്കൂനേയും തേടി
പ്രവേശിതയായ്.
മാനസം കുളിർത്തു ഭീമ-
മാനുഷൻ കുഞ്ഞുണ്ണി പിന്നെ
താമസിയാതെ, പൊന്നോണ-
സദ്ധ്യയുണ്ണാൻ പോയ്!
About The Author
No related posts.