രൂപാന്തരം – ( കാർത്തി ചാരുംമൂട് )

മാന്യതയിൽ മെഴുകിയ
കാരുണ്യത്തിൻ്റെ
മുഖമാണയാൾക്ക്
വിനയത്തിൽ നെയ്ത
ശാന്തതയുടെ പുറംചട്ടയും
മനുഷ്യത്വത്തിൻ്റെ
മുഖാവരണവും.
ഉടമ നഷ്ടപ്പെട്ട
വിധവകളെയാണ്
ആദ്യം ലക്ഷ്യം വെക്കുക
ദൈന്യതയുടെ ആഴങ്ങളിൽ
ഉപകാരങ്ങളുടെ
പെരുമഴ നിറക്കും
സ്വപ്നങ്ങൾ മൃതിയടഞ്ഞ
താഴ്വരകളിൽ
പ്രതീക്ഷയുടെ
പൂന്തോട്ടങ്ങൾ സൃഷ്ടിക്കും
വിശപ്പുരുകിയ
മരുഭുമിയിൽ
ഉയിർപ്പിൻ്റെ
ധാന്യങ്ങൾ വിതറും
ഒടുവിൽ
ദൈവദൂതനെന്ന്
സ്വയം പ്രഖ്യാപിച്ച്
കടപ്പാടിൻ്റെ കണക്ക് പുസ്തകം
തുറന്നു വെക്കും
ഒരു ചോദ്യം പോലുമെറിയാനാവാത്ത വിധം
അടിമയാക്കി
അധികാരം സ്ഥാപിക്കും
പിന്നെ,
നിസ്സഹായതയെ പുണർന്ന്
നിശബ്ദതയെ ഭോഗിച്ച്
സ്വരൂപം വീണ്ടെടുക്കും….!

LEAVE A REPLY

Please enter your comment!
Please enter your name here