വൈകിവന്ന വിവേകം { അദ്ധ്യായം 1 } – മേരി അലക്സ് ( മണിയ )

Facebook
Twitter
WhatsApp
Email

അവൾ ആ ഓഫീസിന്റെ പടികൾ കയറി. ആദ്യമായി ഒരു ഓഫീസിൽ ജോലിക്കു കയറുന്നു. അവൾ നെറ്റിതൊട്ട് കുരിശു വരച്ചു.പഠിച്ചിറങ്ങിയതേയുള്ളു, ഉടനെ ജോലി കിട്ടുക. അതൊരു ഭാഗ്യം തന്നെ.
നല്ല വിശാലമായ കോമ്പൗണ്ടും നടുവിൽ ഒരു വലിയ രണ്ടു നില മാളികയും  .അവൾക്കു ആ ഓഫീസ് കെട്ടിടം വളരെ ഇഷ്ടപ്പെട്ടു. സാധാരണ ഗവണ്മെന്റ് ഓഫീസ് പോലെയല്ല. നല്ല വൃത്തിയും വെടിപ്പും ഉള്ള ചുറ്റുവട്ടവും വിശാലമായ മുറ്റവും.  അവളെ ഒരാൾ ആനയിച്ച് അകത്തേക്കു കൊണ്ടുപോയി  അകത്തെ മുറിയിൽ ഇരുന്ന ഒരു വ്യക്തിയുടെ അരികത്തേക്ക്. അവിടെ അവൾ ഏറെ മാനിക്കപ്പെട്ടു.ആ മാന്യൻ അവളെ വേറൊരാളിന്റെ അടുത്തേക്കും.
ആ ആൾ മറ്റൊരു വേഷത്തിൽ, ഗാംഭീര്യം തുളുമ്പുന്ന ഭാവം. എന്നാൽ സൗമ്യതയോടെ അവളോട് പറഞ്ഞു.
“ഗുഡ് മോർണിംഗ്!വെൽക്കം ടു  മൈ ഓഫീസ്. യു  വിൽ ബി ഹാപ്പി വിത്ത്‌ അസ്, മേക്ക് അസ് ആൾസോ ഹാപ്പി വിത്ത്‌ യുവർ ഗുഡ് ആറ്റിട്യൂട് ടു വർക്ക്‌, ബീഹെവ്യർ വിത്ത്‌ അദേഴ്സ് എസ്പെഷ്യലി യുവർ സബോർഡിനേറ്റ്സ്. ഒക്കെ!ഹാവ് എ നൈസ് ടെന്വർ വിത്ത്‌ അസ്. ഗോ ആൻഡ്‌ മീറ്റ് ദി സ്റ്റാഫ്‌. ഹി വിൽ ഇൻട്രഡ്യൂസ് ദം.”
നല്ല ശുദ്ധമായ ഇംഗ്ലീഷ്. തിരിച്ചൊന്നും പറയാൻ കഴിവില്ലെങ്കിലും എല്ലാം മനസ്സിലാകുമായിരുന്നു.രണ്ടു പേരുടെയും മേശയിലെ ബോർഡ്‌ ശ്രദ്ധിച്ചിരുന്നു. ഒരാൾ ഹെഡ്ക്ലർക്ക്, അടുത്ത ആൾ ആ ഓഫീസിന്റെ മേലധികാരി, പട്ടാളത്തിലെ ഒരു  ഉയർന്ന റാങ്ക്.
ഇഷ്ടം പോലെ  മുറികൾ. ഹെഡ്ക്ലർക്ക്  ഓരോ മുറിയിലും കയറി ഓരോ മേശക്കടുത്തു കൊണ്ടുചെന്ന് എല്ലാവരെയും പരിചയപ്പെടുത്തി. ചിലർ കൈകൂപ്പി, ചിലർ കൈ നീട്ടി.ഷേക്ക്‌ ഹാൻഡിനായി. അവൾ എല്ലാവരേയും ഒരേപോലെ വണങ്ങി കൈ കൂപ്പി. കാരണം അവൾ ഒരു കേരളീയ  പെൺകുട്ടി. തനി നാടൻ.
പരിചയപ്പെടുത്തൽ തീർന്നപ്പോൾ ഒന്നു മനസ്സിലായി. താൻ മാത്രമാണ് ആ ഓഫീസിൽ പെണ്ണായി . ബാക്കിയെല്ലാം പുരുഷന്മാർ. ഒരു ഗവണ്മെന്റ് ഓഫീസിൽ എന്തു ജോലി എന്നുള്ളത് ആരും അവൾക്കു പറഞ്ഞു കൊടുക്കാൻ സ്വന്തം വീട്ടിലോ സഹകുടുംബങ്ങളിലൊ ഇല്ലായിരുന്നു.
ഏറ്റവും ബുദ്ധിമുട്ടു കുറഞ്ഞ ഒരു സെക്ഷൻ ആണ് അവൾക്കു ലഭിച്ചത്.തുടക്കമല്ലേ ഇതു ചെയ്യുമ്പോൾ എല്ലാ ജോലിയുടെയും  ഏകദേശരൂപം കിട്ടും. ഓരോന്നും പറഞ്ഞു കൊടുക്കാൻ അതു ചെയ്തു കൊണ്ടിരുന്ന ആളെത്തന്നെ അദ്ദേഹം ചട്ടം കെട്ടി.ഒരു മേശയും ഒരു സീറ്റും കാണിച്ചു കൊടുത്തു.
പത്തു പാസ്സായാൽ കിട്ടുന്ന ജോലി. അവൾ പ്ലസ് ടു പാസ്സായവളും. പെട്ടെന്നു തന്നെ അവൾ എല്ലാം ഹൃദിസ്ഥമാക്കി. രാവിലെ മെയിൽ എടുക്കാൻ പോസ്‌റ്റോഫീസിൽ ഒരാൾ
പോകും. കൊണ്ടുവന്നാൽ ഓരോന്നായി കവർ
പൊട്ടിച്ച്  കവറിനുള്ളിലെ പേപ്പറിൽ സീൽ വച്ച് അയാൾ ഹെഡ് ക്ലർക്കിന്റെ മേശപ്പുറത്തു വയ്ക്കും. അതിൽ ഹെഡ്ക്ലർക്ക് കണ്ടതായി സൈൻ ചെയ്ത് തീയതി ഇട്ട് റിമാർക് ചെയ്ത്, ഏതു സെക്ഷൻ എന്നു മാർക്കു ചെയ്ത്  മേലധികാരിക്ക് കൊടുക്കും.അവിടെ നിന്ന് അദ്ദേഹത്തിന്റെ റിമാർക്കോടു കൂടി തന്റെ അടുത്തേക്ക്. താൻ അതു ഓരോ സെക്ഷന്റെ പേരു നോക്കി തരം തിരിച്ചു് രജിസ്റ്ററിൽ ചേർത്തു പ്യുണിനെ ഏൽപ്പിക്കുമ്പോൾ  ആ  ആൾ അതു ഓരോ ആൾക്കും കൊടുത്ത് ഒപ്പു വാങ്ങി തിരിച്ചെത്തിക്കും. ഇതേ രീതി പോസ്റ്റ്‌  ഓഫീസിൽ നിന്നും കൊണ്ടു വരുന്ന രജിസ്റ്റർഡ് കത്തുകൾക്കും. രാവിലത്തെ ജോലി തീരുന്നു. കോൺഫിഡൻഷ്യൽ കവർ വല്ലതും ആണെങ്കിൽ ആ കവർ പൊട്ടിക്കാതെ തന്നെ വച്ചിരിക്കും. ഓഫീസർ തന്നെ അതു പൊട്ടിച്ച് അതിനുള്ള മറുപടി രഹസ്യമായി ടൈപ്പ് ചെയ്യിച്ച് ഒരു കവറിനുള്ളിൽ മറ്റൊരു കവറിൽ ആക്കി അയച്ച് അതിനുള്ള പ്രത്യേക ഫയലിൽ ഇടും . പാതി പട്ടാളവും പാതി സംസ്ഥാന ജീവനക്കാരും അടങ്ങുന്ന ഒരു ഡിപ്പാർട്മെന്റ്.തലപ്പത്തിരിക്കുന്ന ആളാണ് മേലധികാരി.
അദ്ദേഹത്തിന്റെ കീഴിൽ രണ്ടു വിഭാഗങ്ങളും. ഒരു കൂട്ടർ സ്കൂളുകളിൽ പോയി പട്ടാളമുറകൾ പഠിപ്പിക്കുന്നു. അവർക്ക് ശമ്പളം കേന്ദ്രത്തിൽ നിന്ന്.അടുത്ത കൂട്ടർ ഓഫീസിനുള്ളിൽ ഇരുന്ന്
അവർക്കു വേണ്ടിയും തങ്ങൾക്കു വേണ്ടിയും ജോലിചെയ്യുന്നു.
വിവിധ സ്ഥലങ്ങളിൽ ഹെഡ് ഓഫീസും ബ്രാഞ്ച് ഓഫീസുകളും
ഉള്ള ഒരു ഡിപ്പാർട്മെന്റ്.
ഉച്ചകഴിഞ്ഞാണ് പിന്നെ തനിക്കുള്ള ജോലി. ഓരോ സെക്ഷനിൽ നിന്നും എത്തുന്ന മറുപടികൾ രജിസ്റ്ററിൽ ചേർത്ത് അഡ്രസ്സ് നോക്കി എഴുതി ഓരോന്നിനും വേണ്ട സ്റ്റാമ്പ്‌ ഒട്ടിച്ചു
അയക്കാൻ പ്യുണിനെ ഏൽപ്പിക്കുക. രജിസ്റ്റർ ആയി അയക്കണമെങ്കിൽ ആ സമയം നോക്കി. അതാണ് തനിക്കു കിട്ടിയ സെക്ഷന്റെ  ഒരു ദിവസത്തെ ജോലി.

തുടരും .. ..

About The Author

Leave a Reply

Your email address will not be published. Required fields are marked *