മൃതദേഹം അഫ്ഗാനിലെത്തിച്ചു, യന്ത്രത്തോക്ക് ഉപയോഗിച്ച് ചിന്നിച്ചിതറിപ്പിച്ചു, ഹിന്ദുകുഷ് പർവ്വതനിരകളിൽ വലിച്ചെറിഞ്ഞു: ഒസാമ ബിൻ ലാദൻ്റെ മൃതദേഹത്തിന് സംഭവിച്ചത്…

Facebook
Twitter
WhatsApp
Email

വേൾഡ് ട്രേഡ് സെൻ്റർ ആക്രമിക്കപ്പെട്ട് ഏകദേശം 10 വർഷത്തിന് ശേഷമാണ് പാകിസ്ഥാനിലെ ലാദൻ്റെ സാന്നിധ്യത്തെക്കുറിച്ച് അമേരിക്കഅറിയുന്നതും ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയർ ആരംഭിക്കുകയും ചെയ്തത്. കുടുംബത്തോടൊപ്പം ലാദൻ ഒളിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയ അമേരിക്കൻ സൈന്യത്തിൻ്റെ പ്രത്യേക സ്ക്വാഡാണ് ലാദനെ പിടികൂടി വധിച്ചത്. ഹെലികോപ്റ്ററിൽ അബോട്ടാബാദിൽ എത്തിയ രണ്ട് ഡസനോളം കമാൻഡോകളായിരുന്നു അന്ന് ആ കൃത്യം നടപ്പിലാക്കിയത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്ന ലാദന് എതിർക്കാനുള്ള അവസരം പോലും നഷ്ടപ്പെട്ടു. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞതോടെ അനിവാര്യമായ മരണം തന്നെ തേടിയെത്തിയെന്ന് ലാദന് മനസ്സിലായ സമയം കൂടിയായിരുന്നു അത്.

ലാദനെ എതിരിട്ട കമാൻഡോ സംഘം ഒന്നിനുപുറകെ ഒന്നായി വെടിയുതിർക്കുമ്പോൾ വൈറ്റ് ഹൗസിൽ ഈ രംഗങ്ങൾ തത്സമയം കാണുകയായിരുന്നു അമേരിക്കൻ  പ്രസിഡൻ്റും മറ്റുദ്യോഗസ്ഥരും. ലാദൻ കൊല്ലപ്പെട്ടതിനു പിന്നാലെ മൃതദേഹത്തിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്തി കൊല്ലപ്പെട്ടത് ലാദനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

കമാൻഡോകൾ പറന്നിറങ്ങി ഏകദേശം ഒരു മണിക്കൂറിനുള്ളിൽ എല്ലാം അവസാനിച്ചു. ഇതിനുശേഷം അമേരിക്കൻ കമാൻഡോകൾ ഇയാളുടെ മൃതദേഹം ബാഗിനള്ളിലാക്കി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ നിന്ന് യുഎസ്എസ് കാൾ വിൻസൺ എന്ന പ്രത്യേക യുദ്ധക്കപ്പലിൽ മൃതദേഹം എത്തിച്ചു.

വലിയ ചോദ്യം: മൃതദേഹം എന്താണ് ചെയ്യേണ്ടത്?

സാധരണ രീതിയിൽ ബിൻ ലാദനെ അടക്കം ചെയ്താൽ അവിടം തീവ്രവാദികളുടെ ആരാധനാലയമായി മാറുമെന്ന് അമേരിക്കൻ ഭരണകൂടം കണക്കുകൂട്ടിയിരുന്നു. മാത്രമല്ല പ്രതികാരത്തിനായി വീണ്ടും തീവ്രവാദികളുടെ കടന്നു വരവിന് ലാദൻ്റെ ഓർമ്മകൾ പ്രചോദനമാകുമെന്നും അമേഎരിക്ക ഭയന്നിരുന്നു. എന്നാൽ ചിന്തിച്ചു നിൽക്കാൻ അധികം സമയം ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഒസാമയുടെ മരണവിവരം പുറത്തുവന്നുകഴിഞ്ഞിരുന്നു. മൃതദേഹം കൂടുതൽ നേരം സൂക്ഷിച്ചാൽ ഇസ്ലാം വിശ്വാസം അനുസരിച്ച് ഒരാൾ മരിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ സംസ്‌കരിച്ചിരിക്കണമെന്നാണ്. മൃതദേഹം എന്തു ചെയ്യണമെന്ന ചോദ്യത്തിന് തീരുമാനമെടുക്കാൻ വെെകുന്നത് ഈ വിശ്വാസത്തിന് പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം ബിൻലാദൻ്റെ മാതൃരാജ്യമായ സൗദി അറേബ്യ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മൃതദേഹം സംബന്ധിച്ച് മുഴുവൻ ഉത്തരവാദിത്തവും അമേരിക്കയുടെ തലയിലായി മാറുകയായിരുന്നു.

ഇസ്ലാമിക ആചാര പ്രകാരം അന്ത്യ കർമ്മങ്ങൾ

ഒസാമ ബിൻ ലാദൻ്റെ മൃതദേഹം ഇസ്ലാമിക ആചാരങ്ങളോടെ കുളിപ്പിച്ച് വെള്ള തുണി കൊണ്ട് മൂടി. പരിഭാഷകൻ മുഖേന അറബിയിൽ പ്രാർത്ഥനകൾ നടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി കടലിൽ എറിയുകയായിരുന്നു. മൃതദേഹം വീർത്ത് പൊങ്ങിക്കിടക്കാതിരിക്കാൻ 150 കിലോയിലധികം ഭാരമുള്ള ഇരുമ്പ് ചങ്ങലകൊണ്ട് ഈ പെട്ടി ബന്ധിപ്പിച്ചിരുന്നു. കടലിനു മുകളിലൂടെ പറന്നാണ് ഈ ചടങ്ങുകളെല്ലാം പൂർത്തിയാക്കിയത്. 2012-ൽ, യുഎസ് പ്രതിരോധ വകുപ്പിന്റെ ചില സൈനിക രേഖകൾ ചോർന്നപ്പോൾ ഈ വിവരങ്ങളും പുറത്തു വന്നിരുന്നു.

എന്ത് കൊണ്ട് ഫോട്ടോ പുറത്ത് വിട്ടില്ല?

ബിൻ ലാദൻ്റെ മരണശേഷം കഥകൾ പലരീതിയിൽ പുറത്തു വന്നു. അമേരിക്ക ലാദനെ കൊന്നിട്ടില്ല, പകരം ജയിലിലടച്ചിരിക്കുകയാണെന്നും വാദങ്ങളുണ്ടായി. ലോകം ഭയക്കുന്ന ഈ ഭീകരനെ കൊന്നിരുന്നെങ്കിൽ തീർച്ചയായും അയാളുടെ മരണശേഷമുശള്ള ചിത്രങ്ങൾ പുറത്തുവിടുമായിരുന്നെന്നുള്ള വാദങ്ങളും ഉയർന്നിരുന്നു. ലാദൻ്റെ തലയ്ക്കാണ് വെടിയേറ്റതെന്ന് അന്നത്തെ പ്രസിഡൻ്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ചുള്ള ചിത്രങ്ങൾ പുറത്തു വിടാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ പുറത്തുവിടുന്നത് അക്രമത്തിന് പ്രേരിപ്പിക്കുമെന്ന് അമേരിക്ക കരുതി.ബിൻ ലാദൻ്റെ ചിത്രങ്ങൾ അമേരിക്ക പുറത്തുവിടാത്തതിൻ്റെ  കാരണം ഇതാണെന്ന സൂചനകളാണ് അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ നൽകുന്നതും.

മൃതദേഹം ചിന്നിച്ചിതറിപ്പിച്ചു?

ലാദൻ്റെ മൃതദേഹം കടലിൽ തള്ളിയെന്ന വാദത്തിനു പുറമേ മറ്റു വാദങ്ങളും പ്രചരിക്കുന്നുണ്ട്. ലാദൻ്റെ ശരീരം പല കഷണങ്ങളാക്കി അവിടവിടെ വലിച്ചെറിഞ്ഞുവെന്ന പ്രചരണമാണ് അതിൽ പ്രധാനം. കൊല്ലപ്പെട്ട ലാദൻ്റെ മൃതദേഹവുമായി അഫ്ഗാനിലെത്തിയ കമാൻഡോകൾ മൃതശരീരം റൈഫിൾ ബുള്ളറ്റുകൾ ഉപയോഗിച്ച് കഷണങ്ങളാക്കിയതായി അമേരിക്കൻ അന്വേഷണാത്മക പത്രപ്രവർത്തകൻ സെയ്‌മോർ ഹെർഷ് അവകാശപ്പെട്ടിരുന്നു. അവയിൽ ചിലത് ഹിന്ദു കുഷ് പർവ്വ നിരകളിൽ എറിഞ്ഞുകളഞ്ഞുവെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും മൃതദേഹം കടലിൽ എറിഞ്ഞുകളഞ്ഞുവെന്ന വാദമാണ് വിശ്വസനീയമായി നിലനിൽക്കുന്നത്.

ലാദൻ്റെ ഗതി അബൂബക്കർ അൽ- ബാഗ്ദാദിക്കും

ലാദൻ്റെ അതേസ ഗതിയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ-ബാഗ്ദാദിക്കും. ബാഗ്ദാദിയുടെ മരണത്തിന് ശേഷം ആ മൃതദേഹവും അമേരിക്കൻ കമാൻഡോ സംഘം കടലിൽ എറിയുകയായിരുന്നു. ബാഗ്ദാദിയെ അടക്കം ചെയ്ത ഇടം  തീവ്രവാദികളുടെ തീർത്ഥാടന കേന്ദ്രമായി മാറരുതെന്ന ചിന്തയായിരുന്നു ഈ തീരുമാനമെടുക്കാനുള്ള കാരണം. അതേസമയം ബാഗ്ദാദിയുടെ മരണത്തെക്കുറിച്ചും നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

മൃതദേഹം കടലിൽ അടക്കം ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നുണ്ടോ?

മൃതദേഹം കടലിൽ അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇസ്ലാമിക പണ്ഡിതർ വ്യത്യസ്തമായ ചർച്ചകൾ ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ ലാദൻ്റെ മരണശേഷം രണ്ട് വിഭാഗങ്ങൾ ഉടലെടുത്തു. കടലിൽ വച്ച് മരണം നടബക്കുകയാണെങ്കിൽ കടലിൽ ശവസംസ്‌കാരം നടത്തുന്നത് തെറ്റില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അല്ലാത്തപക്ഷം മണ്ണിൽ കുഴിച്ചിടുകയാണ് വേണ്ടതെന്നും അവർ പറയുന്നു. അതേസമയം വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രായോഗികമായ നിർദ്ദേശങ്ങളാണ് ഇസ്ലാം മതം നൽകുന്നതെന്നാണ് മറുവിഭാഗം വാദിക്കുന്നത്. സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ, വ്യത്യസ്ത രീതികൾ അവലംബിക്കുന്നതിൽ തെറ്റില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *