ജി 20 യില്‍ മനുഷ്യാവകാശങ്ങളക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും മോദിയുമായി ചര്‍ച്ച ചെയ്തു : ജോ ബൈഡന്‍

Facebook
Twitter
WhatsApp
Email

Joe Biden on G20 summit: ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യം, പൗരസമൂഹത്തിന്റെ പങ്ക്, മാധ്യമസ്വാതന്ത്ര്യം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം വിയറ്റ്‌നാമിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

‘എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ, മനുഷ്യാവകാശങ്ങള്‍ മാനിക്കേണ്ടതിന്റെ പ്രാധാന്യം, സമൂഹത്തില്‍ പൗരന്മാരുടെ സുപ്രധാന പങ്ക്, സ്വതന്ത്ര മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുകയും ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് മിസ്റ്റര്‍ മോദിയുമായി സംവദിക്കുകയും ചെയ്തു.
ഞങ്ങള്‍ക്ക് സുപ്രധാനമായ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു’ യുഎസ് പ്രസിഡന്റ് ഹനോയിയില്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഉഭയകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംവദിക്കാനും പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാനും സര്‍ക്കാര്‍, ബൈഡന്റെ ടീമിനെ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ ആരോപിച്ചിരുന്നു .’പത്രസമ്മേളനം നടത്തുകയുമില്ല, നടത്താന്‍ അനുവദിക്കുകയുമില്ല, ഒരു സ്വാധീനവും ഉണ്ടാക്കില്ല.’ കോണ്‍ഗ്രസ് നേതാവ്  ജയറാം രമേഷ് എക്സില്‍ കുറിച്ചു.

അതേസമയം, ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയുടെ നേതൃത്വത്തിനും ആതിഥേയത്വം വഹിച്ചതിനും നന്ദി പറയുന്നതായും ബൈഡന്‍ ഹനോയിയില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റെന്ന നിലയില്‍ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ബൈഡന്‍ പ്രധാനമന്ത്രി മോദിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 31 ഡ്രോണുകള്‍ വാങ്ങുന്നതിലും ജെറ്റ് എഞ്ചിനുകളുടെ സംയുക്ത വികസനം ഉള്‍പ്പെടെ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

‘പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും ജി 20 ആതിഥേയത്വം വഹിച്ചതിനും ഒരിക്കല്‍ കൂടി നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ജൂണില്‍ വൈറ്റ് ഹൗസില്‍, ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്തും എന്നതിനെക്കുറിച്ച് ഞാനും അദ്ദേഹവും കാര്യമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു’ ബൈഡന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജി20 ഉച്ചകോടിക്കിടെ ഇന്ത്യയില്‍ നടത്തിയ സുപ്രധാന ബിസിനസ്സുകളെക്കുറിച്ചും യുഎസ് പ്രസിഡന്റ് സംസാരിച്ചു. ‘നമ്മുടെ ആഗോള നേതൃത്വവും, സമഗ്രമായ വളര്‍ച്ചയിലും സുസ്ഥിര വികസനത്തിലും നിക്ഷേപം നടത്തുക, കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുക, ഭക്ഷ്യ സുരക്ഷയും വിദ്യാഭ്യാസവും ശക്തിപ്പെടുത്തുക, ആഗോള ആരോഗ്യവും ആരോഗ്യ സുരക്ഷയും എന്നിങ്ങിനെ ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നിമിഷമായിരുന്നു യുഎസിന് ഇത്.’ ബൈഡന്‍ പറഞ്ഞു. ‘നമ്മുടെ ഭാവിയെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള ഒരു പങ്കാളിയാണ് യുഎസ് എന്ന് ഞങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *