പ്രശസ്ത സാഹിത്യകാരൻ പ്രഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ (80) അന്തരിച്ചു.അമൽ നീരദിന്റെ പിതാവാണ്. കൊച്ചി ലിസി ആശുപത്രിയിൽ ഉച്ചയ്ക്കു 2.50നായിരുന്നു വിയോഗം. 23 വർഷം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. 2010ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1943 ഫെബ്രുവരി 13ന് കോട്ടയം തിരുനക്കരയിലായിരുന്നു ജനനം.
കോട്ടയം സിഎംഎസ് കോളജ്, കൊല്ലം എസ്എൻ കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാലുവർഷം പബ്ലിക് റിലേഷൻസിൽ ഇൻഫർമേഷൻ ഓഫിസറായി സേവനമനുഷ്ഠിച്ചു.
സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായിരുന്നു. 1973 മുതൽ മലയാളം അധ്യാപകനായി. 23 വർഷം എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്നു. 1998ൽ വിരമിച്ചു.
സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാർ സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, ചലച്ചിത്ര അവാർഡ് കമ്മറ്റി, ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയിൽ അംഗമായിരുന്നു.
പ്രധാന കൃതികൾ:
കാൽപ്പാട്, ഓമനക്കഥകൾ, പകർന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ, ഫാദർ സെർജിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർതണ്ണീർ, ദേവദാസ്, നാണു, കുമാരു.
ചലച്ചിത്ര സംവിധായകൻ അമൽ നീരദ് മകനും നടി ജ്യോതിർമയി മരുമകളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here