LIMA WORLD LIBRARY

വൈകിവന്ന വിവേകം { അദ്ധ്യായം 6 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 6


തുടരുന്നു….                              
               ദിവസങ്ങൾ പലതു കൊഴിഞ്ഞു അടുപ്പിച്ചു കുറച്ചു ദിവസം അവധി കിട്ടുന്ന വീക്ക്‌ എൻഡും ഒന്നോ രണ്ടോ വർക്കിംഗ്‌ ഡേയ്‌സ് അവധിയായി എടുത്തും ഗവണ്മെന്റ് ഓഫീസുകളിലെ ഒട്ടുമിക്ക ജീവനക്കാരും ചെലവിടുന്ന ഓണക്കാലം.
തനിക്കും ആ ബുദ്ധി പറഞ്ഞു തന്നത് മറ്റാരുമല്ല കൂട്ടുകാരി തന്നെ. ലീവിന് അപേക്ഷ കൊടുത്ത് താനും പത്തു ദിവസം വീട്ടിൽ നിൽക്കാനുള്ള ഒരുക്കങ്ങൾ ചെയ്തു. ഒരു ജോലിയും ബാക്കി വയ്ക്കാൻ പാടില്ല. അത്രയും ദിവസം മറ്റാരെങ്കിലും ആയിരിക്കും ആ കസേരയിൽ വന്നിരിക്കുക. അവർക്ക് അതു ബുദ്ധിമുട്ടാകും. അവധി തുടങ്ങുന്നതിനു മുൻപുള്ള ജോലി ദിവസങ്ങളിൽ രാവിലെ ഹോസ്റ്റലിൽ നിന്ന് ബാഗുമായി പോരികയാണ് പതിവ്.ജോലി കഴിഞ്ഞ് ബാഗുമായി ഇറങ്ങാം നേരിട്ട് ബസ്സൊ ട്രെയിനോ കിട്ടും. ഒന്നുകിൽ ഓട്ടോയിൽ റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ഓഫീസ് സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കയറി ബസ്സ് സ്റ്റാൻഡിൽ ഇറങ്ങി വേറെ ബസ്.ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ കൂട്ടുകാരി പറഞ്ഞു
“ഞങ്ങൾ ഒന്നിറങ്ങുമായിരിക്കും. പിള്ളാർക്ക് ഒരു എൻജോയ്മെന്റ് വേണ്ടേ?”
“നല്ല കാര്യം തീർച്ചയായും വരണം. ഞങ്ങൾക്കും എല്ലാരേം കാണാമല്ലോ. “
                            എന്നാണ് വരുന്നതെന്ന് കൃത്യദിവസം ചോദിക്കേണ്ടതായിരുന്നു. ബസ്സിൽ ഇരുന്നു ചിന്തിച്ചുപോയി.വരുന്നതിന് മുൻപേ വിളിക്കുമായിരിക്കും. സമാധാനിച്ചു. ബസ് സ്റ്റോപ്പിൽ ആരെങ്കിലും കാണും. കൂട്ടികൊണ്ട് പോകാൻ. അത്ര താമസിച്ചല്ലെങ്കിലും അതൊക്കെയല്ലേ വീട്ടുകാരുടെ കരുതൽ.രണ്ടു ദിവസം മുൻപുതന്നെ എല്ലാർക്കും ഓണക്കോടിയൊക്കെ എടുത്തിരുന്നു. അതിനൊക്കെയുള്ള കൂടുതൽ പണം ആ മാസം കിട്ടുമെന്ന് പറഞ്ഞു തന്നതും കൂട്ടിക്കൊണ്ടുപോയി എല്ലാം സെലക്ട്‌ ചെയ്യാൻ സഹായിച്ചതും അവർ രണ്ടുപേരും തന്നെ . അവർക്കും പലർക്കായി ഓണം സ്പെഷ്യൽ പലതും വാങ്ങണമായിരുന്നു താനും.
            ആ വർഷത്തെ ഓണം ഒരു അടിപൊളി ഓണം ആക്കി മാറ്റാൻ ആ വീട്ടിലെ ഏക ഗവണ്മെന്റ് ജീവനക്കാരിക്ക് കഴിഞ്ഞു.അവൾക്കു തിരിച്ചും ഒരു ഓണക്കോടി കിട്ടിയിരിക്കുന്നു. അപ്പന്റെ വീതം അതുടുത്തുവേണം ഓഫീസിൽ തിരിച്ചുചെല്ലാൻ. അമ്മ അടുക്കളയിൽ തകൃതികൃതി യായി ഓണസദ്യ ഒരുക്കുന്നു. ചെല്ലാം. അമ്മയെ വീട്ടിൽ വരുമ്പോഴെങ്കിലും സഹായിക്കാമല്ലോ. അപ്പോഴാണ് ലാൻഡ്ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.അപ്പൻപുറത്തെവിടെയോ പോയിരിക്കുന്നു. ചെന്നെടുത്തു. കൂട്ടുകാരിയുടെ വീട്ടിൽ നിന്നാണ്. പിറ്റേന്ന് അവർ വരുമത്രേ. വരട്ടെ എല്ലാർക്കും ഒരു സന്തോഷം ആകും. കൂടിച്ചേരൽ ഒരാനന്ദമാണ്.പക്ഷെ ഒന്നേയുള്ളു. അമ്മയുടെ ബുദ്ധിമുട്ട്. ഇത്രയും അകലെ നിന്നും വരുന്നതല്ലേ. ഉച്ചയൂണ് കൊടുക്കണം. ചിലപ്പോൾ അന്നുതന്നെ പോയില്ലെന്നും വരാം. എന്തായാലും അമ്മയോട് പറയുക തന്നെ.
          അടുക്കളയിൽ ചെന്ന് കാര്യം പറഞ്ഞു.
 “വരട്ടെ അവർ ഇവിടെ വന്നിട്ടുള്ളതല്ലേ നിന്നോടും ഞങ്ങളോടും ഉള്ള സ്നേഹം കൊണ്ടല്ലേ ഇങ്ങനെ വരാൻ തോന്നുന്നത്. അല്ലെങ്കിൽ നീ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് അവിടേക്ക് ചെല്ലുന്നതല്ലേ, അപ്പൊ കണ്ടാൽ പോരെ?”
“ശരിയാ. “
താനതിനെ പിൻതാങ്ങി,അമ്മ ചെയ്തു കൊണ്ടിരുന്ന ജോലികളുടെ ബാക്കി തുടർന്നു. ഹിന്ദുക്കൾക്കാണ് ഓണം, വിഷു
ഉത്സവം,എന്നൊക്കെ ഒരു വിശ്വാസം. ക്രിസ്ത്യാനികൾക്ക്. ജനനത്തിരുന്നാൾ, നോമ്പുവീടൽ പള്ളിപ്പെരുന്നാൾ, ,അങ്ങനെ പലതും. എന്നാൽ ഓണം ദേശീയോത്സവം ആയി പ്രഖ്യാപിച്ചപ്പോൾ ഓണം എല്ലാവരും ആഘോഷമാക്കാൻ തുടങ്ങി. ഓണത്തല്ലും ഓണപ്പാട്ടും ഓണക്കളികളും ഒക്കെയായി പിള്ളാർക്ക് അതൊരു ഉത്സവമായി മാറിയിരിക്കുന്നു അതിനിടയിൽ വിളിച്ചു വേണം ഇല വെട്ടാനും കഴുകി തുടച്ചു വപ്പിക്കാനും ഒക്കെ. വിളിക്കുമ്പോൾ എന്തു ബുദ്ധിമുട്ട് കാണിക്കുമെന്നോ. ആർക്കാണെങ്കിലും ബിദ്ധിമുട്ടു തോന്നും. എന്നാലും എല്ലാരേം സഹകരിപ്പിച്ചു വേണമല്ലോ ഓണാഘോഷം.അമ്മയുടെ കണക്കു കൂട്ടൽ.അമ്മ എപ്പോഴും അങ്ങനെയാണ്. കാര്യങ്ങൾ നോക്കി നടത്താൻ പ്രാപ്ത.
            എല്ലാരേം വിളിച്ച് കുളിക്കാൻ പറഞ്ഞു, അപ്പൻ വന്നാൽ അപ്പോൾ തന്നെ ഊണു വിളമ്പാൻ പാകത്തിന്, ഓരോ പാത്രത്തിൽ ഓരോന്നെടുത്ത് റെഡിയാക്കി വക്കാൻ തനിക്കു നിർദ്ദേശവും തന്ന് അമ്മ കിടന്നു അൽപസമയം കിടക്കട്ടെ എന്നു പറഞ്ഞ്.അമ്മ പറഞ്ഞതുപോലെ എല്ലാം ചെയ്ത് താൻ അടുത്തു ചെല്ലുമ്പോൾ അമ്മ വെറുതെ എന്തോ ആലോചനയിലാണ്. എന്തുപറ്റി എന്നു ചോദിച്ച് അടുത്തിരുന്നു.
” ഒന്നുമില്ല മോളെ!നാളെ അവർ വരുമ്പോൾ എന്തു കൊടുക്കും ഓണം കഴിഞ്ഞ മുറ. വെറും പച്ചക്കറി മാത്രം മതിയോ?”
“ശരിയാ ഞാനും അതോർത്തില്ലമ്മേ. ഉച്ചകഴിഞ്ഞ് ഞാനും അപ്പനും കൂടെ ഒന്നിറങ്ങാം.നമുക്ക് വേറെ എളുപ്പവഴി വല്ലോം നോക്കാം.”
താൻ അമ്മേ സമാധാനപ്പെടുത്തി.
                     (  തുടരും )

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px