LIMA WORLD LIBRARY

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 9 – കാരൂര്‍ സോമന്‍

പൂവന്‍കോഴിയെ കുഴിച്ചുമൂടാന്‍ കുഴിയെടുത്തുകൊണ്ട് നില്ക്കേ കെവിന്‍ ചാര്‍ളിയുടെ നേര്‍ക്ക് ഒരു കല്ലെടുത്തു എറിഞ്ഞു. ചാര്‍ളി തിരിഞ്ഞു നോക്കി. കെവിന്‍ ഒരു പോരാളിയെപ്പോലെ അവന്‍റെയടുത്തേക്ക് പാഞ്ഞടുത്തു. കെവിന്‍റെ മുഖഭാവം ആകെ മാറിയിരുന്നു. സിഗററ്റ് വലിച്ച കാര്യം കുഞ്ഞമ്മ പറഞ്ഞു കാണും. കെവിന്‍ അടുത്ത് ചെന്ന് ചാര്‍ളിയുടെ നെഞ്ചത്ത് ഇടിച്ചു.

ചാര്‍ളി പകച്ചു നോക്കി. ഇടികൊണ്ടവന്‍ തറയില്‍ വീണു. കെവിന്‍ കാലുയര്‍ത്തി ഒരു ചവിട്ടും ഒപ്പം താക്കീതും കൊടുത്തു. ‘യിനി എന്‍റെ കാര്യം മമ്മീടേ പറഞ്ഞാ ഇടിച്ചു കൊല്ലും. കേട്ടോടാ.’ ഒരു ചവിട്ടു കൂടി കൊടുത്തിട്ട് അവന്‍ മടങ്ങിപ്പോയി. ആകെ തളര്‍ന്നിരുന്ന ശരീരത്തിനാണ് ഇടി കിട്ടിയത്. അവന്‍ എഴുന്നേറ്റ് കെവിനെ നോക്കി. കണ്ണുകളില്‍ നീരുറവ പൊടിഞ്ഞു. കണ്ണുനീര്‍ തുടച്ച്, തേങ്ങലടക്കി വീണ്ടും കൂന്താലികൊണ്ട് കിളച്ചു.
പൂവന്‍കോഴിയെ കുഴിയിലേക്ക് ഇടാന്‍ എടുത്തപ്പോള്‍ അതിന്‍റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി. നെറ്റിക്കു മുകളില്‍ തലപ്പാവുപോലുള്ള തൂവലുകളെ തലോടി. കോഴിയെ എല്ലാ ആദരവോടും കൂടി അടക്കി. മുകളില്‍ രണ്ട് ഉണക്കകമ്പുകള്‍ ചേര്‍ത്ത് ഒരു കുരിശുണ്ടാക്കി കുത്തിനിര്‍ത്തിയിട്ട് കുരിശു വരച്ചു. കൂന്താലിയുമായി വീട്ടിലേക്ക് നടന്നു. വിശപ്പുകൊണ്ട് അവന്‍റെ മുഖം വാടിയിരുന്നു.
അടുക്കളയില്‍ റീന കോഴി ചത്ത കാര്യം കെവിനോട് വിസ്തരിക്കയായിരുന്നു. ചാര്‍ളിക്ക് വിശ്വസിക്കാനായില്ല. തിന്നുന്ന ചോറില്‍ വിഷം ചേര്‍ക്കയോ? സത്യത്തില്‍ തത്തയുടെ ജീവനെ രക്ഷിച്ചത് പാവം പൂവന്‍കോഴിയാണ്.
തത്തമ്മയെ കാണണമെന്ന് ഏറെ ആഗ്രഹിച്ചു. അവന്‍ എഴുന്നേറ്റുനിന്ന് ആകാശത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു. ‘തത്തമ്മേ.’ പലവട്ടം വിളിച്ചെങ്കിലും തത്തമ്മ വന്നില്ല. അവന്‍റെ മുഖം വാടി. ഏറെ നേരം ആകാശത്തേക്ക് നോക്കി നിന്നു. ഒടുവില്‍ ആകാശപരപ്പിലൂടെ തത്തമ്മ പറന്നു വന്നു. തത്തമ്മയുടെ ചിറകില്‍ തൂങ്ങി എനിക്ക് കൂടി പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. തത്തമ്മയുടെ സാന്നിദ്ധ്യം അവനെ ആഹ്ലാദത്തിലാക്കി. അടുത്തേക്ക് വന്നപ്പോള്‍ ആ ചുണ്ടിലേക്ക് അവന്‍ സൂക്ഷിച്ചു നോക്കി. തത്തമ്മ എനിക്കായി എന്താണ് കൊണ്ടുവന്നത്. തോളില്‍ വന്നിക്കുമ്പോഴാണ് ആഞ്ഞിലിപ്പഴമെന്ന് മനസ്സിലായത്. അവനത് വാങ്ങിയിട്ട് തത്തമ്മക്ക് നന്ദി പറഞ്ഞു. നല്ല വിശപ്പുള്ളപ്പോഴൊക്കെ തത്തമ്മ എനിക്കായി മാമ്പഴം കൊണ്ടുവരാറുണ്ട്. ആദ്യമായിട്ടാണ് ആഞ്ഞിലിപ്പഴം കൊണ്ടു വന്നത്. അവനത് പൊളിച്ച് തിന്നു തുടങ്ങി. കുറേ ചുളയെടുത്ത് കൈവെള്ളയില്‍വച്ച് തത്തമ്മക്കും കൊടുത്തു. ഇടയ്ക്കിടെ തത്തമ്മ അവനെ ‘ചാളി….ചാളി’ എന്ന് വിളിച്ചു.
‘തത്തമ്മ ഉച്ചക്ക് ചോറ് തിന്നാന്‍ വീട്ടില്‍ വരല്ലേ. കുഞ്ഞമ്മ വിഷം പുരട്ടിയ ചോറ് തരും.’ തത്തമ്മ ചാര്‍ളിയെ സൂക്ഷിച്ചു നോക്കി. അവനും നോക്കിയിട്ട് ചോദിച്ചു. ‘തത്തമ്മക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായോ?’ തത്തമ്മ മറുപടി പറഞ്ഞു. ‘ചോര്‍…ചോര്‍…’ ചാര്‍ളിയുടെ മുഖം തെളിഞ്ഞു. ‘കുഞ്ഞമ്മ തരുന്ന ചോറില്‍ വിഷമുണ്ട്. അത് തിന്നരുത്.’ അവന്‍ വീണ്ടും പറഞ്ഞു. തത്തമ്മ അവന്‍റെ മുഖത്തേക്കു നോക്കിയത് കാര്യം മനസ്സിലായതുകൊണ്ടാണോ? എന്നാലും ഉള്ളില്‍ ഒരു നീറ്റല്‍! തത്തമ്മക്ക് ചോറ് അറിയാം. വിഷം എന്തെന്ന് അറിയില്ലല്ലോ. ഉള്ളില്‍ ഭയം നിറഞ്ഞു നിന്നു.
തത്തമ്മക്ക് ഇങ്ങനെ ഒരു കഷ്ടകാലം വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. അതിന് താന്‍ സമ്മതിക്കില്ല. തത്തമ്മയെ എങ്ങനെയും രക്ഷപ്പെടുത്തണം. എങ്ങനെ അതിന് കഴിയും. കുഞ്ഞമ്മയോട് തുറന്നു പറയണം. തത്തമ്മയെ കൊല്ലരുതെന്ന്. അങ്ങനെ പറഞ്ഞാല്‍ കുഞ്ഞമ്മ കേള്‍ക്കുമോ? അപ്പോള്‍ എന്നോട് കോപിക്കില്ലേ? ക്ഷമയില്ലാത്ത സ്ത്രീയാണ്.
മകനെ പഠിപ്പിച്ചുകൊണ്ടിരുന്ന റീന തത്തയുടെ ചിലമ്പല്‍ കേട്ട് പുറത്തേക്ക് വന്നു.
‘ക..കള്ളീ…’ റീനയെ കണ്ടതും തത്തമ്മ ആകാശത്തേക്ക് പറക്കുന്നതിനിടെ വിളിച്ച്.
കോപിഷ്ഠയായ റീന വടിയുമായി കണ്ണുകളുയര്‍ത്തി മരച്ചുവട്ടിലേക്ക് ചെന്നു. തത്തതാഴത്തെ കൊമ്പില്‍ നിന്ന് മുകളിലേക്ക് പറന്നിരുന്നു. ‘നിന്നെ ഞാന്‍ അധികകാലം മണ്ണില്‍ വെക്കില്ല. നോക്കിക്കോ.’ റീന ദേഷ്യത്തോടെ നോക്കുന്നതിനിടയില്‍ തത്ത റീനയുടെ തലയില്‍ കാഷ്ഠിച്ചു. റീനയുടെ മുഖം ചുളുങ്ങി. അവര്‍ അകത്തേക്കോടി കുളിമുറിയില്‍ കയറി കതകടച്ചു.
നല്ല വിശപ്പുണ്ട്. എന്താണ് ചെയ്യുക. പൈപ്പിലെ വെള്ളം കുടിച്ച് വയര്‍ നിറക്കാം. ഇന്ന് എന്തായാലും തെങ്ങിന് തടം എടുക്കാന്‍ വയ്യ. തടം എടുത്ത തെങ്ങുകളുടെ പണം വാങ്ങിയാല്‍ കടയില്‍ പോയി വല്ലതും വാങ്ങി കഴിക്കാം. ഒപ്പം തത്തമ്മക്ക് ഏറ്റവും ഇഷ്ടമുള്ള പഴവും വാങ്ങാം. ഇന്നുവരെ ഒന്നിനും കുഞ്ഞമ്മയുടെ മുന്നില്‍ കൈനീട്ടിയിട്ടില്ല. ഇപ്പോള്‍ ജോലി ചെയ്ത കാശല്ലേ ചോദിക്കുന്നത്. പുല്ലുമായി അവന്‍ വീട്ടിലെത്തി. കെവിനെ പഠിപ്പിച്ചുകൊണ്ടിരുന്ന മുറിയില്‍ ചെന്ന് ആത്മവിശ്വാസത്തോടെ നിന്നു. റീന മുഖം വെട്ടിച്ചു നോക്കി.
‘എന്താടാ ഇവിടെ? ഞാന്‍ പറഞ്ഞില്ലേ പച്ചവെള്ളം തരില്ലെന്ന്.’
‘ഞാന്‍ വന്നത് തടമെടുത്തതിന്‍റെ കൂലി വാങ്ങാനാ.’
‘അതിന് എല്ലാം തീര്‍ന്നില്ലല്ലോ.’ അവര്‍ ഇഷ്ടമില്ലാതെ പറഞ്ഞു.
‘അഡ്വാന്‍സായി തന്നാ മതി. എനിക്ക് വെശക്കുന്നു. കടയീ പോയി കഴിക്കാനാ.’ കുഞ്ഞമ്മയുടെ കണ്ണിലേക്ക് ദയനീയമായി നോക്കി. റീനയുടെ മാനസികനിലക്ക് യാതൊരു മാറ്റവുമുണ്ടായില്ല. നീണ്ട വര്‍ഷങ്ങളായി നടപ്പാക്കുന്ന ചട്ടമാണ് പട്ടിണിക്കിടുക. അല്ലാതെ അവന്‍ നന്നാവില്ലെന്നറിയാം. റീന അകത്തേക്ക് പോയി. ആ സമയത്ത് കെവിന്‍ എഴുന്നേറ്റ് ചെന്ന് ചാര്‍ളിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പറഞ്ഞു. ‘എന്നെപ്പറ്റി മമ്മിയോട് വല്ലതും പറയുമോടാ…’ ചാര്‍ളിക്ക് നല്ല വേദന തോന്നിയപ്പോള്‍ അവന്‍ ആ കൈ തട്ടിമാറ്റി.
റീന കതകടക്കുന്ന ശബ്ദം കേട്ട് കെവിന്‍ വേഗത്തില്‍ ഇരിപ്പുറപ്പിച്ചു. റീന ഒരു നൂറിന്‍റെ നോട്ട് അവന്‍റെ നേര്‍ക്ക് നീട്ടി. അവനത് വാങ്ങി മടങ്ങുമ്പോള്‍ കുഞ്ഞമ്മ പറഞ്ഞു ‘അര മണിക്കൂറിനകം ഇവിടെ എത്തണം.’ അവന്‍ ഒന്ന് മൂളി. മുറിക്കുള്ളിലെത്തി തുണിമാറി. കൈയിലിരുന്ന നൂറിന്‍റെ നോട്ടിനെ നോക്കി മന്ദഹസിച്ചു. സ്വന്തം അദ്ധ്വാനത്തിന് ലഭിച്ച പ്രതിഫലം. അവന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. തിടുക്കത്തോടെ പുറത്തേക്കോടുമ്പോള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കാത്തതിന് കുഞ്ഞമ്മ കെവിനെ വഴക്ക് പറയുന്നതുകേട്ടു.
ചായക്കടയില്‍ നിന്നുവയറു നിറയെ ആഹാരം കഴിച്ചു. തിരികെ മടങ്ങും വഴി പഴക്കടയില്‍ കയറി തത്തമ്മക്ക് പഴങ്ങള്‍ വാങ്ങി. മരങ്ങളില്‍ നിന്നുള്ള ചിറകടിയൊച്ച കേള്‍ക്കുമ്പോള്‍ തത്തയാണോ എന്ന് നോക്കും. വീട്ടിലെത്തുമ്പോള്‍ കുഞ്ഞമ്മയും കെവിനും പറമ്പില്‍ കോഴികളുമായി നില്ക്കുന്നത് കണ്ടു. കുഞ്ഞമ്മ വെച്ചിരിക്കുന്ന വിഷം കണ്ടെത്താന്‍ ഇതൊരവസരമാണെന്ന് അവന് തോന്നി. ശബ്ദമുണ്ടാക്കാതെ കതക് തുറന്ന് അകത്ത് കയറി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px