മ്യൂസിയം എന്ന അത്ഭുതലോകം – ( കാരൂർ സോമൻ )

Facebook
Twitter
WhatsApp
Email

 

മ്യൂസിയം എന്ന അത്ഭുതലോകം


 

വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തിനടുത്തുള്ള മാഡം തുസാഡസ് മ്യൂസിയമായിരുന്നു ഞങ്ങളുടെ അടുത്ത യാത്രപരിപാടിയില്‍. ഹാമ്മര്‍ സ്മിത്ത് ട്രെയിനില്‍ ഭൂഗര്‍ഭ സ്റ്റേഷനായ ബേക്കറില്‍ ഇറങ്ങി നടന്നാല്‍ രണ്ട് മിനിറ്റുകൊണ്ട് മാഡം തുസാഡിലെത്താം. അതിനടുത്ത് വെസ്റ്റ് മിനിസ്റ്റര്‍ ബിസ്സിനസ്സ് സ്കൂളുണ്ട്. ബേക്കര്‍ സ്ട്രീറ്റ് റോഡില്‍ ഷെര്‍ലക്ഹോംസ് വായിലൊരു പൈപ്പുമായി നില്ക്കുന്ന പ്രതിമയുണ്ട്. അതിന്‍റെ മുന്നില്‍ നിന്ന് സഞ്ചാരികള്‍ ഫോട്ടോ എടുക്കുന്നു. അതിനടുത്തുള്ള റസ്റ്റോറന്‍റിന് മുന്നില്‍ കസേരകളിലിരുന്ന് കാപ്പികുടിക്കുന്നവരും, ബിയര്‍ ആസ്വദിക്കുന്നവരെയും കണ്ടു. ഇവിടുത്തെ വഴിയോര ഹോട്ടലുകള്‍ക്ക് മുന്നിലെ മേശകള്‍ക്കും കസേരകള്‍ക്കും ഒരു ഭംഗിയുണ്ട്. മേശകള്‍ക്കു മുകളിലായി കുടകള്‍ നിവര്‍ന്നു നില്ക്കുന്നു. ഞാനും ഓമനയും മ്യൂസിയത്തിന് മുന്നിലെത്തി. കുറെ ആളുകള്‍ റോഡിന്‍റെ രണ്ടു ഭാഗങ്ങളിലായി കൂട്ടമായി നില്ക്കുന്നു. മ്യൂസിയത്തിലേക്ക് കയറാനുള്ളവരാണ്. റോഡരികില്‍ നില്ക്കുന്ന ഏതാനം നിലകളുള്ള കെട്ടിടത്തിലേക്ക് സെക്ക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് പ്രവേശിച്ചു. രാജകൊട്ടാരത്തിലേതുപോലെ ചുവന്ന പരവതാനി വിരിച്ച സുന്ദരമായ നടപ്പാതയിലൂടെയാണ് യാത്രികര്‍ അകത്തേക്ക് കടക്കുന്നത്. പുറമെ കണ്ട നിശ്ശബ്ദതയല്ല അകത്ത്. ലോകത്തെ പ്രമുഖ സാമൂഹിക- രാഷ്ട്രീയ- കലാ- സാഹിത്യ- ശാസ്ത്ര- കായിക രംഗത്തുള്ളവരുടെ മെഴുക് പ്രതിമകള്‍. ഫ്രാന്‍സില്‍ ജനിച്ച് പതിനാറാമത്തെ വയസ്സില്‍ വോള്‍ട്ടയറിന്‍റെ മെഴുക് പ്രതിമ സൃഷ്ടിച്ചുകൊണ്ട് പ്രശസ്തയായ മാരിതുസാഡ് 1802 ല്‍ ലണ്ടനിലെത്തി. 1835 ലാണ് വെസ്റ്റ്മിനിസ്റ്ററിലെ ബേക്കര്‍ സ്ട്രീറ്റില്‍ ഈ മ്യൂസിയം ആരംഭിച്ചത്. മാരിതുസാഡിന്‍റെ പുഞ്ചിരിക്കുന്ന പ്രതിമയും ഇവിടെ കണ്ടു. എല്ലാം ജിവന്‍ തുടിക്കുന്ന മെഴുക്ശില്പങ്ങള്‍.
പ്രതിമകള്‍ കണ്ട് നടക്കുന്നതിനിടയില്‍ ഭാര്യ പറഞ്ഞു. “അയാളുടെ വൃത്തികെട്ട നോട്ടം കണ്ടില്ലെ?”. ഈ രാജ്യത്ത് അങ്ങനെയുള്ളവരുണ്ടോയെന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു. ഞാനും അയാളെ നോക്കി. ശരിയാണ്. ആനോട്ടം അത്ര ശരിയല്ല. ഞാന്‍ അയാളുടെ അടുത്തേക്ക് നടന്നു. നിങ്ങള്‍ക്ക് സ്വാഗതമെന്ന പോലെ അയാള്‍ ചിരിച്ചു കാണിക്കുന്നു. ഞാന്‍ ആശ്ചര്യപ്പെട്ടു നോക്കി. അതൊരു പ്രതിമയായിരുന്നു. ദൂരെ നിന്ന് നോക്കിയാല്‍ ആ നോട്ടം അത്ര പന്തിയല്ല. അടുത്ത് ചെന്നാല്‍ ആ സന്ദേഹം മാറും. ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്ന പ്രതിമകളുണ്ടോ?. ലോക പ്രശസ്തമായ ഈ മ്യൂസിയത്തില്‍ സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. അതില്‍ ചിലര്‍ അവര്‍ക്ക് ഇഷ്ടമുള്ള പ്രതിമക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. ഫോട്ടോ എടുക്കുമ്പോള്‍ എന്‍റെ കൈകള്‍ വിറയ്ക്കുന്നതിനാല്‍ ഭാര്യയാണ് ഫോട്ടോകള്‍ എടുക്കുന്നത്. ഇതിനുള്ളിലെ ജനബാഹുല്യം കണ്ടാല്‍ നിത്യവും വന്നുപോകുന്നത് ആയിരക്കണക്കിനാളുകളെന്ന് വ്യക്തമാകും. അകത്ത് കടക്കാന്‍ ഓരോരുത്തര്‍ക്കും സമയം അനുവദിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച സമയം ഒന്നരയാണ്. അകത്തേ കാഴ്ചകള്‍ കണ്ട് പുറത്തു വരുമ്പോള്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ എടുക്കും.
ബ്രിട്ടീഷ് രാജ്ഞി രാജാക്കന്‍ന്മാരുടെ പ്രതിമകളുണ്ട്. ഇന്നത്തേ എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിലുള്ളവര്‍ക്ക് ഒപ്പം നിന്നാണ് കൂടുതല്‍ ആളുകള്‍ ഫോട്ടോ എടുക്കുന്നത്. മറ്റ് പ്രതിമകള്‍ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സ്വാതന്ത്രമുള്ളപ്പോള്‍ ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ അനുവാദമില്ല. ആ ഫോട്ടോ എടുക്കുന്നത് അവിടെയുള്ള ഫോട്ടോഗ്രാഫറാണ്. അതിനുള്ള പണം കൊടുക്കണം. യാത്രികരില്‍ പലരും ഹെന്‍ട്രി എട്ടാമന്‍, ഷെക്സ്പിയര്‍, ചാള്‍സ് ഡിക്കന്‍സ്, മൈക്കിള്‍ ജാക്സണ്‍, ദലൈലാമ, നെല്‍സണ്‍മണ്ടേല, ബിഷപ്പ് ടുട്ടു എന്നിവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തപ്പോള്‍ ഞങ്ങള്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിന്നാണ് ഫോട്ടോ എടുത്തത്. കായികരംഗത്തുനിന്നുള്ള കപില്‍ദേവ്, സച്ചിന്‍ടെന്‍ഡുല്‍ക്കര്‍, ഹിന്ദി സിനിമയിലെ പ്രശസ്ത നടി നടന്‍ന്മാര്‍ തുടങ്ങിയവരുടെ മെഴുക് പ്രതിമകളുണ്ട്. 2007 ല്‍ ഞാനിവിടെ വരുമ്പോള്‍ ഗാന്ധിജിയുടേയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ കണ്ടിരുന്നു. 2018 ല്‍ ഞാനത് കണ്ടില്ല. ഞാന്‍ കാണാതെ പോയതാണോ എന്നറിയില്ല. ഇതിനുള്ളിലെ പ്രതിമകളില്‍ തൊണ്ണൂറ് ശതമാനവും ജീവന്‍ തുടിക്കുന്നതാണ്. ലോകത്തെ പല പ്രമുഖ നഗരങ്ങളിലും ഈ മ്യൂസിയം ഉയര്‍ന്നിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രതിമ മുന്‍പ് ഇവിടെയുണ്ടായിരുന്നു. 2016 ല്‍ പല കോണില്‍ നിന്നുയര്‍ന്ന പരാതിയെ തുടര്‍ന്ന് അതവിടെ നിന്നുമാറ്റി. രണ്ടാം ലോകമഹായുദ്ധകാലത്ത് 1941 ല്‍ ഈ മ്യൂസിയംതകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഹിറ്റ്ലറുടെ മെഴുക് പ്രതിമ ഇതിനുള്ളില്‍ സ്ഥാപിക്കുക ഏതൊരു രാജ്യസ്നേഹിക്കും നൊമ്പരമുണ്ടാക്കുന്ന കാര്യമാണ്. അന്നത്തെ ബോംബിങ്ങില്‍ ഇതിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇവിടുത്തെ മിക്ക സന്ദര്‍ശന കേന്ദ്രങ്ങള്‍ക്കും നൊമ്പരപ്പെടുത്തുന്ന ഒരുഭൂതകാലമുണ്ട്. അത് തീപിടിത്തമാണ്. അതിന് ഈ മ്യൂസിയവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ അഗ്നിയുടെ പ്രഭവ കേന്ദ്രം പ്രകൃതിയാണോ അതോ ആരെങ്കിലും മനഃപൂര്‍വ്വം ചെയ്തതാണോ എന്ന സംശയം ബാക്കിയുണ്ട്. മെഴുകു പ്രതിമകള്‍ കണ്ടു തീര്‍ന്നപ്പോള്‍ അതിവേഗത്തിന്‍റെ ആള്‍ രൂപമായി ഉസൈന്‍ ബോള്‍ട്ടിന്‍റെ പ്രതിമയാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്‍റെ ദൂരേക്ക് നോക്കിയുള്ള ആ കൈചൂണ്ടല്‍ കണ്ണുകളിലെ പ്രകാശം ഈ ജീവിതം തെല്ലുനേരത്തേക്കുള്ളതല്ല തെല്ലകലെ മറ്റോരു ലോകത്തേക്ക് നമ്മേ നയിക്കുന്നതായി എനിക്ക് തോന്നി.
ഞങ്ങള്‍ നടന്നെത്തിയത് അജ്ഞാതമായ ഒരു കൊടുംവനത്തിലാണ്. അവിടെ ചിന്താമഗ്നരായി, തുറിച്ച മിഴികളോടെ സഞ്ചാരികള്‍ നില്ക്കുന്നു. വനത്തില്‍ ധാരാളം മുളകള്‍ വളര്‍ന്നു നില്ക്കുന്നു. അവിടുത്തെ പാറക്കെട്ടിന് നടുവില്‍ ഭീമാകരനായ കോങ്ങ് ഭൂതലം മുഴുവന്‍ വിറപ്പിച്ചുകൊണ്ട് സര്‍വ്വ ദിക്കിന്‍റെയും സംഹാരകനായി മുളകള്‍ക്കിടയിലൂടെ ജ്വലിക്കുന്ന കണ്ണുകളും, കൂര്‍ത്ത നീണ്ട പല്ലുകളുമായി ആരെയും ഭയപ്പെടുത്തുന്ന വിധം വായ്പിളര്‍ന്നുകൊണ്ട് നമ്മുടെ മുന്നിലേക്ക് വരുന്നു. ഒരത്ഭുത ലോകത്തു വന്ന പ്രതീതി. ആ നാവില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം ഇടിമിന്നലിനേക്കാള്‍ ഭയാനകമാണ്. ഇവിടേക്ക് കൊച്ചു കുട്ടികളെ കൊണ്ടുപോകരുതെന്ന് താക്കീത് നല്കിയിട്ടുണ്ട്. വന്നു കഴിഞ്ഞാല്‍ ഭയന്നു വിറക്കും. പത്ത് വയസ്സിന് മുകളിലുള്ള ഒരു കുട്ടി ഭയപ്പെട്ട് അവന്‍റെ അമ്മയുടെ പിറകില്‍ അമ്മയെ പിടിച്ചുകൊണ്ട് ഈ ഭയാനക ജീവിയെڔനോക്കുന്നുണ്ട്. ആരേയും ആശ്ചര്യപ്പെടുത്തുന്ന പാറക്കല്ലിന്‍റെ നിറമുള്ള രൂപം. അതിനടുത്ത് കാടുകളില്‍ നിന്ന് ഈ ഗോറില്ലയുടെ കുഞ്ഞുങ്ങള്‍ ശബ്ദമുണ്ടാക്കി കരയുന്നത് കേള്‍ക്കാം.
സര്‍വ്വ ദിക്കുകളേയും ഭീതിയിലാഴ്ത്തുന്ന ആ സിംഹഗര്‍ജ്ജനം കോംങ്ങ് വായ് തുറക്കുമ്പോള്‍ മാത്രമാണുള്ളത്. രണ്ടാള്‍ പൊക്കത്തില്‍ നില്ക്കുന്ന കോംങ്ങിന്‍റെ ശബ്ദം നേര്‍ത്തു വരുന്നത് അതിന്‍റെ വായ് അടയുമ്പോഴാണ്. ആ ഗര്‍ജ്ജന ശബ്ദം കുറഞ്ഞുവരുന്നതനുസരിച്ച് അവിടെ നില്ക്കുന്നവരുടെ ശ്വാസകോശങ്ങളും സാധാരണനിലയിലാകും. ആദ്യം തോന്നുക ഈ വന്യജീവി അക്രമിക്കാന്‍ വരികയാണോ?. അത് കണ്ട് ഭയന്നിട്ടാകണം ഒരു മുതിര്‍ന്ന പെണ്‍കുട്ടി പെട്ടന്ന പുറത്തേക്ക് പോയി. ഭൂമിയിലെ സകലജീവികളുടേയും ‘ശബ്ദം’ ഒരു ജീവിയിലാക്കിയതുപോലെയുള്ള അനുഭവം. വന്യമൃഗങ്ങളുള്ള ഒരു വനഭൂമിയുടെ വിത്യസ്ഥങ്ങളും ഭയാനകവുമായ കാഴ്ചകളാണ് ഇവിടെ പ്രദാനം ചെയ്യുന്നത്. ഈ കാടുകളുടെ നടുവില്‍ ഒരു കുഞ്ഞരുവികൂടി ഒഴുകിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു പോയി. സഞ്ചാരികളെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും ഹൃദ്യമായ ആനന്ദവും അനുഭവിക്കുന്നു.
മറ്റോരിടത്ത് ഇരുമ്പുകൊണ്ടുള്ള പാളത്തിലോടുന്ന ഓട്ടോ ടാക്സികളാണ്. ട്രാക്കിലോടുന്ന ആ വാഹനവും ഒരത്ഭുതമായി തോന്നി. അതില്‍ രണ്ട് പേര്‍ക്ക് ഇരിക്കാം. സീറ്റ് ബെല്‍റ്റ് നമ്മള്‍ മുറുക്കി ഇടേണ്ട. അത് യാന്ത്രികമായി വാഹനം ചെയ്തുകൊള്ളും. യാത്രക്കാരെ സഹായിക്കാന്‍ കയറുന്നിടത്തും ഇറങ്ങുന്നിടത്തും ജോലിക്കാരുണ്ട്. ഈ വാഹനം നമ്മെ കൊണ്ടുപോകുന്നത് മലമടക്കുകളിലൂടെ, താഴ്വാരങ്ങളിലൂടെ, നഗര-ഗ്രാമങ്ങളിലൂടെയാണ്. ചില വീടിന് മുന്നില്‍ നിറമാര്‍ന്ന ഓറഞ്ച്, ആപ്പിള്‍, മുന്തരിപടര്‍പ്പുകള്‍ മറ്റ് പഴവര്‍ഗ്ഗങ്ങള്‍ കാണാം. ഇടതിങ്ങി വളര്‍ന്നു നില്ക്കുന്ന മരങ്ങളുടേയും കുന്നുകളുടെയും മദ്ധ്യത്തിലൂടെ പോയപ്പോള്‍ എനിക്കല്പം ഭയം തോന്നി. മാത്രവുമല്ല ഇരുട്ടും ഇടിമിന്നലും മഞ്ഞും മഴയുമുണ്ടായിരുന്നു. വനപ്രദേശങ്ങളില്‍ പക്ഷികള്‍, വന്യമൃഗങ്ങളേയും ഗ്രാമങ്ങളില്‍ മനുഷ്യരെയും കണ്ടു. അതില്‍ പാടത്ത് ജോലി ചെയ്യുന്നവരുമുണ്ട്. ചില ഭാഗങ്ങളില്‍ ഉയര്‍ന്ന മലകളും പാറകെട്ടുകളുമാണ്. താഴേക്ക് നോക്കുമ്പോള്‍ അഗാധമായി കൊക്കയാണ്. ബെല്‍റ്റുള്ളതിനാല്‍ താഴേക്ക് പോകുമെന്ന ഭയം വേണ്ട. ആദ്യം കയറുന്നതുമുതല്‍ അവസാനം വരെ കാണുന്നത് ബ്രിട്ടന്‍റെ ചരിത്ര പാഠങ്ങളാണ്. അത് കാലദേശങ്ങളിലൂടെയുള്ള ഒരു യാത്രയാണ്. ആകാശത്തും കടലിലും, കരയിലും നടക്കുന്ന യുദ്ധങ്ങള്‍, ഒരേ രൂപത്തിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍ പണിയുന്നവര്‍, ഫാക്ടറികളില്‍ തൊഴില്‍ ചെയ്യുന്നവര്‍, നാടകതിയേറ്ററുകള്‍, പ്രാവുകള്‍, സംഗീതവിരുന്നുകള്‍, കായിക മത്സരങ്ങള്‍, പ്രമുഖരായ ശാസ്ത്ര-സാഹിത്യകാരന്‍ന്മാര്‍,ചിത്രകാരന്‍ന്മാര്‍, പോലീസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, സ്കൂളിലേക്ക് സൈക്കിളില്‍ പോകുന്ന കുട്ടികള്‍ ഇവയെല്ലാം ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു. യാത്രയുടെ അവസാനം വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ യാതൊരു അപകടവും കൂടാതെ എത്തിയല്ലോ എന്നാശ്വാസമായിരുന്നു. പുറത്തേക്ക് ഇറങ്ങാന്‍ അവിടുത്തെ ജീവനക്കാര്‍ സഹായിക്കും. പുറത്തിറങ്ങി നടന്ന് ചെല്ലുന്നത് ഒരു ഡിജിറ്റല്‍ ഫോട്ടോ സ്റ്റുഡിയോയിലേക്കാണ്. അവര്‍ ഓട്ടോ ടാക്സിയില്‍ ഇരിക്കുന്ന പ്രകൃതിയുടെ സൗന്ദര്യപ്പൊലിമയുള്ള ഫോട്ടോകള്‍ എടുത്ത് തരും. ചില ഫോട്ടോകള്‍ കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ എടുക്കുന്ന ഫോട്ടോകളെക്കാള്‍ സുന്ദരമാണ്. സൗന്ദര്യബോധമുള്ളവരൊക്കെ അത് വാങ്ങും. ഫോട്ടോ വേണ്ടവര്‍ അവര്‍ ഇരുന്ന് യാത്ര ചെയ്ത ഓട്ടോടാക്സിയുടെ നമ്പര്‍ കൊടുത്താല്‍ മതി. ഒരു ഫോട്ടോയുടെ തുക പതിനാറ് പൗണ്ടാണ്. ഞങ്ങള്‍ ഒരെണ്ണമെടുത്തു. അതിലിരുന്ന് ഫോട്ടോ, വീഡിയോയെടുക്കാം. അതിനടുത്തായി ചെറിയ ഒരു റസ്റ്റോറന്‍റ് ഉണ്ട്. നല്ല ക്ഷീണവും ദാഹവുമുണ്ട്. അതിനുള്ളിലേക്ക് കയറി. ആരെയും വെള്ളം കുടിപ്പിക്കുന്ന ഒരു ചരിത്രയാത്ര കണ്ടുവന്നതല്ലേ? ദാഹമില്ലാത്തവര്‍ക്കും ദാഹം തോന്നും.
ഞങ്ങള്‍ ദാഹമടക്കിയിട്ട് ഗോവണി വഴി മുകളിലേക്ക് നടന്നു. ഒരിടത്ത് സ്ത്രീകള്‍ തിങ്ങിനില്ക്കുന്നു. അവിടെ നടക്കുന്നത് ശരീരത്ത് നിറം ചാര്‍ത്തലാണ്. പതിനഞ്ച് മിനിറ്റുകൊണ്ട് എത് നിറവും അവര്‍ ചാര്‍ത്തി തരും. പലചരക്ക് കടകളില്‍ ഇരിക്കുന്ന മഞ്ഞള്‍, മുളക് പോലെയാണ് വിവിധ നിറത്തിലുള്ള നിറക്കൂട്ടുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏതാനം പുരുഷന്മാരുമുണ്ട്. ഒരാളെ തലകുനിച്ച് നിറുത്തി അയാളുടെ പുറത്തേക്ക് കറുത്ത നിറം പിടിപ്പിക്കുന്നു. ഒരു യൗവ്വനക്കാരി അവളുടെ കൈയ്യിലാണ് നീലനിറം പിടിപ്പിക്കുന്നത്. ഇവിടുത്തെ നല്ലൊരു വ്യവസായമാണെന്ന് തോന്നി. അടുത്തൊരു ഹാളില്‍ കണ്ടത് പരിഷ്കൃത വസ്ത്രങ്ങളും ചെരിപ്പുകളുമാണ്. അവിടെയും സ്ത്രീകളാണ് കൂടുതല്‍. ഓരോ ഗോവണിപ്പടികള്‍ കയറിയിറങ്ങുമ്പോഴും ആ ചുവരുകളില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ലോകപ്രശസ്തരായ ചിത്രകാരന്‍ന്മാരുടെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കും.
ഒടുവിലെത്തുന്നത് “ദി മാര്‍വ്വല്‍” സൂപ്പര്‍ ഹീറോസിന്‍റെ തിയറ്റിലേക്കാണ്. അവിടെ പ്രദര്‍ശിപ്പിക്കുന്നത് സ്പയിഡര്‍ന്മാന്‍ന്മാരുടെ ആകാശ യുദ്ധങ്ങളാണ്. ഇരുണ്ട വെളിച്ചത്തില്‍ തിയേറ്ററിനെ കിടിലം കൊള്ളിക്കുന്ന ശബ്ദൃശ്യവിരുന്നാണ് ഇതിനുള്ളിലെ പ്രത്യേകത. മ്യൂസിയത്തിലെ പല അത്ഭുത കാഴ്ചകള്‍ പോലെയാണ് ഇവിടുത്തെ തിരശ്ശീലയില്‍ സൂപ്പര്‍ സ്പയിഡര്‍ന്മാര്‍ നമ്മെ അമ്പരിപ്പിക്കുന്നത്. രാജ്യരക്ഷയും സുരക്ഷയുമാണ് ഇതിവൃത്തം. അതില്‍ ഒരു രാജ്യത്തേ ശത്രുക്കളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുത്താമെന്ന് സൂപ്പര്‍ സ്പയിഡര്‍ന്മാര്‍ കാണിക്കുന്നു. അതില്‍ മൂന്ന് സൈന്യവിഭാഗങ്ങളുണ്ട്. അവര്‍ കര-കടല്‍-ആകാശത്തെ പ്രിതിനിധാനം ചെയ്യുന്നു എന്നാണ് എനിക്ക് തോന്നിയത്. ബെക്കിങ്ങാം കൊട്ടാരത്തിന് മുന്നിലുള്ള വിക്ടോറിയ മഹാറാണിയുടെ പ്രതിമയാണ് താവളം. മഹാറാണിയുടെ മടിയില്‍ നിന്ന് മൂന്ന് സൂപ്പര്‍സ്പയിഡന്‍ന്മാര്‍ പറന്നുയര്‍ന്ന് ശത്രുസൈന്യങ്ങളെ നേരിടുന്നു. അവരെ കീഴ്പ്പെടുത്തിയിട്ട് വിജയശ്രീലാളിതരായി വീണ്ടും മഹാറാണിയുടെ മടിയില്‍ വന്നിരിക്കും. എനിക്കിതില്‍ പുതുമയൊന്നും തോന്നിയില്ല. കുട്ടികള്‍ക്ക് കണ്ട് രസിക്കാന്‍ കൊള്ളാം. എന്‍റെ അടുത്തിരുന്ന യൗവ്വനക്കാരന്‍ എഴുനേറ്റ് പോയി. ആ കൂട്ടത്തില്‍ ഞങ്ങളും എഴുനേറ്റു. ഇതുപോലുള്ള സിനിമകള്‍ പാശ്ചാത്യലോകത്ത് ഒരു കച്ചവടമാണ്. ഇന്‍ഡ്യയില്‍ യൗവ്വനക്കാരെ ത്രസിപ്പിക്കുന്ന സിനിമകളാണ്. എന്‍റെയടുത്തിരുന്ന യുവാവിനെ പുറത്ത് വച്ച് പരിചയപ്പെട്ടു. ഞാന്‍ ചോദിച്ചു എന്താ എഴുന്നേറ്റ് പോരുന്നത്?. അദ്ദേഹത്തിന്‍റെ മറുപടി.ڔ്യൂഞാനെന്തിന് സ്ക്രീനില്‍ കെട്ടിയാടുന്ന ഈ വേഷങ്ങള്‍ കണ്ടിരിക്കണം. സമയനഷ്ടം മാത്രമല്ല പണ നഷ്ടവുമാണ്. ആ സമയം എത്രയോ നല്ല പുസ്തകങ്ങള്‍ വായിക്കാം. എനിക്ക് മറിച്ചൊന്നും പറയാന്‍ തോന്നിയില്ല.
മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കാള്‍ ടിക്കറ്റിനു ഇവിടെ കൂടുതല്‍ തുകയാണ് . ഇതിനുള്ളിലെ കാഴ്ചകള്‍ കണ്ടുവരുന്നവര്‍ക്ക് ഒരിക്കലും അതൊരു നഷ്ടമായി തോന്നില്ല. അതിന്‍റെ പ്രധാന കാരണം വൈവിദ്ധ്യമാര്‍ന്ന ഒരത്ഭുത ലോകമാണിത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *