നീ വന്ന ശേഷം
എത്രയോ രാപനികളിൽ
കുളിരാർന്നു
നിന്നെ പുതച്ചു ഞാൻ
എത്രയോ ഹിമശൈലങ്ങൾ
മോഹത്താൽ താണ്ടി
ഞാൻ..നിൻ
നിശ്വാസതാളത്തിലമൃതായ്
അലിയുവാൻ..
നിൻ ഇഷ്ടങ്ങളുടെ
തോരാ ലഹരിയിൽ
എത്രയോ മഴക്കാടുകൾ
എന്നിൽ അഗ്നിയാൽ
കത്തി അമർന്നുപോയ്
നിന്നിലെ മോഹങ്ങൾ
പൂത്തൊരാകാശം
കൈ നീട്ടി
എത്രയോ അരുമയായ്
തഴുകി എന്നെ
നിന്റെ ആലിംഗനങ്ങളിൽ
എത്രയോ നീർച്ചാലുകൾ
എന്നിൽ പ്രണയത്തിൻ
ഭൂഗർഭങ്ങൾ തിരഞ്ഞു
നിന്റെ ചുംബനങ്ങളിൽ
എത്രയോ
നീർമരുതുതുകൾ
പൂത്തു കനലാടി
എൻ മെയ്യിൽ
എത്രയോ രാവുകൾ
നിൻ നെഞ്ചിലെ ചൂടാൽ
എൻ നിദ്രയെ
കൊള്ളയടിച്ചകന്നു നീ..
എത്രയോ കിനാവുകൾ
എന്നിലേയ്ക്ക്
നിന്നെ ഉതിർത്തിട്ട്
നിന്നെയെൻ
നെഞ്ചിടിപ്പിന്റെ
ശീലുകളിൽ
മനപാഠംമാക്കി
എത്രയോ നിനവുകൾ
രാഗാർദ്രമായ്
നിൻ മിഴികളെ ചുംബിച്ച്
എന്നിലേയ്ക്ക്
നിന്നെ പറിച്ചു നട്ടു..
എത്രയോ മോഹങ്ങൾ
നിന്നെത്തേടി
വഴി തെറ്റിയലഞ്ഞ്
ചിത്തഭ്രമത്തിന്റെ
ഇടനാഴികളിൽ
ആത്മഹത്യ ചെയ്തു..
എത്രയോ നിരാശകൾ
എന്നിലെ മൗനത്തിന്റെ
കടലിൽ..
നിലവിളികളില്ലാതെ
ശ്വാസം നിലച്ച്
ആഴ്ന്നുപോയ്..
എന്നിട്ടും
ഓരോ അമാവാസിയും
ഓരോ പൗർണ്ണമിയും
ഓരോ വേലിയേറ്റങ്ങളും
വേലിയിറക്കങ്ങളും
ഹൃദയത്തിൽ
ബാക്കിവെക്കുന്നതത്രയും
നിന്റെ പ്രണയത്തിന്റെ
കിതപ്പടങ്ങാത്ത
നീലീച്ച ദംശനങ്ങളാണ്..
About The Author
No related posts.