LIMA WORLD LIBRARY

‘രോഹിത് ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ’; ആകാശ് ചോപ്ര

Rohit Sharma ODI: ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏകദിന ഫോർമാറ്റിൽ വേണ്ടത്ര അംഗീകാരം ലഭിക്കപ്പെടാതെ പോയ താരമാണ് രോഹിത്തെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ അഫ്‌ഗാനെ എട്ട് വിക്കറ്റിന് തകർത്തപ്പോൾ മുന്നിൽ നിന്ന് നയിച്ചത് രോഹിത് ശർമ്മയായിരുന്നു. 84 പന്തിൽ 131 റൺസ് അടിച്ച രോഹിത് നിരവധി റെക്കോർഡുകളാണ് സ്വന്തം പേരിലാക്കിയത്.

“ചേസിംഗിൽ എന്റെ ശ്രദ്ധ പൂർണ്ണമായും ഇഷാൻ കിഷനിൽ മാത്രമായിരുന്നു. അവൻ മാന്യമായി കളിച്ചു, മികച്ച രീതിയിലല്ല, പക്ഷേ പിടിച്ചുനിൽക്കാൻ അവൻ ശ്രമിച്ചു, മറുവശത്ത് എല്ലാ ഭാരവും ഉയർത്താൻ ക്യാപ്റ്റനെ അനുവദിച്ചു.” ആകാശ് ചോപ്ര ജിയോ സിനിമയോട് പറഞ്ഞു.

“ലോകകപ്പിന്റെ എല്ലാ പതിപ്പുകളിലുമായി പത്തൊൻപത് മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ചുറികളാണ് രോഹിത് നേടിയത് – എന്തൊരു താരമാണയാൾ! എത്ര അനായാസമായാണ് അദ്ദേഹം സിക്‌സറുകൾ നേടുന്നത്. അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം നൽകാത്തത് നിർഭാഗ്യകരമാണ് – രോഹിത് ശർമ്മ ഏകദിനത്തിൽ അതിശക്തനാണ്. എപ്പോഴൊക്കെ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നുവോ അപ്പോഴെല്ലാം മത്സരം ഏകപക്ഷീയമാണ്” ചോപ്ര കൂട്ടിച്ചേർത്തു.

വെറും 35 ഓവറിലാണ് അഫ്‌ഗാൻ ഉയർത്തിയ വിജയലക്ഷ്യമായ 273 റൺസ് ഇന്ത്യ പിന്തുടർന്നത്. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറിയുമായി രോഹിത് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയതിന്റെ നിരാശ തീർക്കുന്ന പ്രകടനത്തിൽ 5 സിക്‌സറുകളും 16 ബൗണ്ടറികളും സഹിതം 131 റൺസാണ് ഹിറ്റ്മാൻ നേടിയത്.

ഹിറ്റ്മാൻ മുന്നിൽ നിന്ന് നയിച്ചു; അഫ്‌ഗാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മിന്നും ജയം. നായകൻ രോഹിത് ശർമ്മ ഒരുപിടി റെക്കോർഡുകളോടെ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ഇന്ത്യ അഫ്‌ഗാനിസ്ഥാനെ തകർത്തത്. രോഹിത് ശർമ്മ സെഞ്ചുറി നേടിയപ്പോൾ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി കിംഗ് കോഹ്ലി കളം നിറഞ്ഞു.

ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാൻ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മികച്ച സ്‌കോർ പടുത്തുയർത്തി തങ്ങളുടെ പോരാട്ടവീര്യം കാണിച്ചുതന്നു. ഹഷ്‌മത്തുള്ള ഷാഹിദിയും (80), ഒമര്‍സായും (62) ചേർന്നാണ് അഫ്‌ഗാൻ ഇന്നിംഗ്‌സിന് കരുത്തുപകർന്നത്. ഇന്ത്യയുടെ സ്‌റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര നാല് വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്തത് വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷയാകും.

അഫ്‌ഗാൻ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പതിനഞ്ച് ഓവറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശർമ്മയും ഗില്ലിന്റെ അഭാവത്തിൽ യുവതാരം ഇഷാൻ കിഷനും ഓപ്പൺ ചെയ്‌ത മത്സരത്തിൽ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. തുടക്കം തന്നെ അക്രമണകാരിയായ രോഹിത് തന്റെ നിലപാടറിയിച്ചു. വെറും 84 പന്തുകളിൽ നിന്ന് അഞ്ച് സിക്‌സറും 16 ഫോറിന്റെയും അകമ്പടിയോടെ 131 റൺസുമായി ഹിറ്റ്മാൻ മടങ്ങുമ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു.

ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് രോഹിത് ശർമ്മ കടപുഴക്കിയത്. ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോർഡ് താരം മറികടന്നു. ഇതിന് പുറമെ ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവിന്റെ നാൽപ്പത് വർഷം പഴക്കമുള്ള റെക്കോർഡും രോഹിതിന് മുന്നിൽ വീണു.

1983 ലോകകപ്പിൽ സിംബാബ്‌വെയ്ക്ക് എതിരെ കപിൽ 72 പന്തിൽ സെഞ്ചുറി നേടിയതായിരുന്നു ഇതുവരെ റെക്കോർഡ്. ഇതാണ് രോഹിത് ശർമ്മ മറികടന്നത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്താനും ഇന്ത്യയ്ക്കായി. ചിരവൈരികളായ പാകിസ്ഥാന് എതിരെ ഒക്ടോബർ 14നാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px