രണ്ടാം തരംഗത്തിലെ കോവിഡ് 19ന്റെ വകഭേദം വായുവിലൂടെ പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസിന്റെ അതിസൂക്ഷ്മകണങ്ങള്‍ വായുവിലൂടെ പകരാം. ലാന്‍സെറ്റ് ജേണല്‍ ഉദ്ധരിച്ചാണ് പിണറായിയുടെ മുന്നറിയിപ്പ്. മാസ്ക് കൃത്യമായി ധരിച്ചില്ലെങ്കില്‍ അപകടസാധ്യത വര്‍ധിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ കോവിഡ് പരിശോധന നടത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ ഫലം വരുംവരെ ഐസലേഷനില്‍ കഴിയണമെന്നും-മുഖ്യമന്ത്രി പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥിതി അതീവഗൗരവതരമാണ്. നാളെയും മറ്റന്നാളും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് നേരിടാന്‍ ത്രിമുഖപദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 1. ടെസ്റ്റ് പരമാവധി കൂട്ടി രോഗബാധിതരെ വേഗത്തില്‍ കണ്ടെത്തും. 2. കോവിഡ് ആശുപത്രികളിലും വീടുകളിലുമടക്കം ചികില്‍സ ഉറപ്പാക്കും. 3. പ്രത്യേകനിയന്ത്രണങ്ങളും അവയുടെ മേല്‍നോട്ടവും കാര്യക്ഷമമാക്കും.
വിവാഹത്തിന് ഹാളുകളില്‍ പരമാവധി 75 പേര്‍ മതി; തുറസായ സ്ഥലങ്ങളില്‍ 150 പേരും– അദ്ദേഹം പറഞ്ഞു. വിവാഹത്തിന് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് മാത്രം അനുമതി. വാക്സീന്‍ വാങ്ങാന് 1300 കോടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഡോസിന് 400 രൂപ നല്‍കി വാക്സീന്‍ വാങ്ങാന് 1300 കോടി രൂപ ചെലവാകും. രാജ്യത്ത് മുഴുവന്‍ സൗജന്യമായി വാക്സീന്‍ നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.













