ചാര്‍ളി പ്രകാശത്തില്‍ ഓടികളിക്കുന്ന പല നിറത്തിലുള്ള കുഞ്ഞു മത്സ്യങ്ങളെ നിമിഷങ്ങള്‍ നോക്കിനിന്നു. ഏറെ നാളുകളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ഈ മത്സ്യങ്ങളെ രക്ഷപ്പെടുത്തണമെന്ന്. അതിനൊരു അവസരം ലഭിച്ചിരുന്നില്ല. വരാന്തയിലെ കമ്പികൊണ്ടുള്ള വാതില്‍ എപ്പോഴും പൂട്ടിയിടുക പതിവാണ്. ഒരു പക്ഷേ താന്‍ വരുന്നതുകൊണ്ടായിരിക്കും അതു പൂട്ടാതിരുന്നത്. കണ്ണാടി കൂടിനുള്ളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ നോക്കിനില്ക്കുമ്പോള്‍ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. വളരെ ധൃതിയില്‍ ഇരുമ്പ് വാതിലടച്ച് പുറത്തിറങ്ങി നിന്നു.
മലമുകളില്‍ സൂര്യന്‍ ഉണര്‍ന്നു. പ്രകൃതി പുതച്ചിരുന്ന ഇരുട്ട് മാറ്റി വെള്ളപ്പുടവ അണിഞ്ഞുനിന്നു. സൂര്യപ്രഭയില്‍ പ്രകൃതി തിളങ്ങി. റബര്‍ മരങ്ങള്‍ക്കിടയില്‍ നിന്ന കുട്ടന്‍ ഒരാള്‍ സൈക്കിളില്‍ ചാര്‍ളിയുടെ അടുത്തേക്ക് വരുന്നത് കണ്ട് കുരച്ചു. അവന്‍റെ അടുത്തേക്ക് വന്നത് പതിനാറ് വയസ്സ് പ്രായമുള്ള ഒരു കുട്ടിയായിരുന്നു. അവന്‍ സൈക്കിള്‍ സ്റ്റാന്‍റില്‍ വെച്ചിട്ട് ചോദിച്ചു.
‘നീയാ ചാര്‍ളി?’ അവനൊന്ന് മൂളി.
‘എന്‍റെ പേര് ശശി. ഇന്നലെ അച്ചായന്‍ വിളിച്ചു നിന്‍റെ കാര്യം പറഞ്ഞു. ഇന്ന് ഞാന്‍ ഏതൊക്കെ വീടുകളിലാണ് പേപ്പര്‍ ഇടേണ്ടതെന്ന് കാണിച്ചു തരാം. നെനക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയോ?’
‘അറിയാം.’ ശശി വീടിന്‍റെ പുറകില്‍ പോയി ഒരു സൈക്കിള്‍ എടുത്ത് ചാര്‍ളിയെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു.
‘ഇത് നിന്‍റെ സൈക്കിളാ. സൂക്ഷിച്ചോണം. അച്ചായന്‍ ഞങ്ങള്‍ക്കെല്ലാം സൈക്കിള്‍ തന്നിട്ടുണ്ട്.’ ചാര്‍ളി സന്തോഷത്തോടെ സൈക്കിള്‍ നോക്കി. സൈക്കിള്‍ പഴയതെങ്കിലും ഒരു സൈക്കിള്‍ കിട്ടിയില്ലേ? അതൊരു ഭാഗ്യമാണ്. കൂട്ടുകാരൊക്കെ സൈക്കിളില്‍ കറങ്ങുന്നതും സ്കൂളില്‍ വരുന്നതൊക്കെ കാണുമ്പോള്‍ കൊതി തോന്നാറുണ്ട്. സൈക്കിളിന്‍റെ വീലിലേക്ക് നോക്കി. പല ഭാഗത്തും തുരുമ്പിച്ചിട്ടുണ്ട്.
അവന്‍റെ നോട്ടം കണ്ടിട്ട് ശശി ചോദിച്ചു. ‘നീയെന്താ സൈക്കിള്‍ കണ്ടിട്ടില്ലേ?’ചാര്‍ളി ശശിയുടെ മുഖത്തേക്ക് സ്നേഹപൂര്‍വ്വം നോക്കി. ഓര്‍ക്കാപ്പുറത്തൊരു സൈക്കിള്‍ കിട്ടിയപ്പോള്‍ മുല്ലപ്പൂവിന്‍റെ മണമാണ് തോന്നിയത്. ശശിക്കൊപ്പം സൈക്കിളുമായി റോഡിലേക്കിറങ്ങി. ഗേറ്റടച്ചിട്ട് രണ്ടുപേരും സൈക്കിളില്‍ കയറി. സൈക്കിള്‍ മുന്നോട്ട് ചവിട്ടാനാകാതെ ചാര്‍ളി ഒരു ഭാഗത്തേക്ക് കാല് ചവുട്ടിനിന്നു. ശശി സൈക്കിളില്‍ നിന്ന് ഇറങ്ങിയിട്ട് ചോദിച്ചു. എന്താടാ നെനക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലേ?’ ചാര്‍ളി ഒരു പരുങ്ങലോടെ പറഞ്ഞു. ‘അറിയാം.’ ഉള്ളില്‍ ഒരു നെഞ്ചിടിപ്പ് തോന്നി. ശശിയുടെ മുഖത്ത് നോക്കാനുള്ള ധൈര്യമില്ലായിരുന്നു. അവന്‍ സൈക്കിളില്‍ മുന്നോട്ട് കുതിച്ചു. ചാര്‍ളി അല്പമൊന്ന് കിതച്ചു. ശരീരമാകെ ഒരു തളര്‍ച്ചപോലെ. വെറുതെ മനസ്സിനെ അലട്ടാതെ അവനൊപ്പം ചെല്ലാന്‍ നോക്ക്. മനസ്സിന്‍റെ പിരിമുറുക്കം കുറച്ചിട്ട് ധൈര്യപൂര്‍വ്വം സൈക്കിളിലേക്ക് കയറി. പതുക്കെ മുന്നോട്ട് ഓടിച്ചു. ആദ്യം സൈക്കിളിന്‍റെ ഹാന്‍റില്‍ അങ്ങോട്ടുമിങ്ങോട്ടും താളംതെറ്റി പോയപ്പോള്‍ സ്വന്തം നിയന്ത്രണത്തിലാക്കി. തന്‍റെ സൈക്കിള്‍ യജ്ഞം ആരും കാണാന്‍ വഴിയില്‍ ഇല്ലാത്തത് നന്നായി. ശശി പരക്കം പാഞ്ഞ് പോകയാണ്. ഞാനൊരുത്തന്‍ പിറകില്‍ ഉള്ളത് ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല. ചാര്‍ളി ഒരു വളവ് തിരിയവേ സൈക്കിള്‍ ഒരു കല്ലില്‍ തട്ടുക മാത്രമല്ല വഴിയിലെ ഒരു കുഴിയില്‍ വീണ് മറിയുകയും ചെയ്തു. ചുറ്റിനുമുള്ള പച്ചിലക്കാടുകള്‍ അവനെ ദയനീയമായി നോക്കി. അവന്‍റെ ശരീരമാകെ ചെളി പുരണ്ടു. എത്രയും വേഗം ശശിക്കൊപ്പം ചെല്ലണം.
ധൃതിപ്പെട്ട് എഴുന്നേറ്റ് കൈയും കാലും തുടച്ചു. സൈക്കിള്‍ എടുത്ത് നേരെ നിറുത്തി യാത്ര തുടര്‍ന്നു. ജംഗ്ഷനില്‍ എത്തുമ്പോള്‍ ശശി അവനെ കാത്ത് നില്പുണ്ടായിരുന്നു. ‘എന്താടാ നെനക്ക് സൈക്കിള്‍ ചവിട്ടാന്‍ പേടിയാ?’ ശശി ശകാരത്തോടെ ചോദിച്ചു. ചാര്‍ളി മറുപടിയായി ഒരു സോറി പറഞ്ഞു.
ജംഗ്ഷനിലെ പ്രധാന റോഡുകളിലൂടെ ലോറികള്‍ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. ഒരു മനുഷ്യനെപ്പോലും അവിടെ കാണാനില്ല. അവനെയും കൂട്ടി ശശി മുന്നോട്ടു നടന്നു. അടഞ്ഞു കിടന്ന കടത്തിണ്ണകളില്‍ ധാരാളം ദിനപത്രങ്ങളും മാസികകളും കുന്നുകൂടിയും ചിതറിയും കിടക്കുന്നു. ചിലയിടത്ത് മെഴുകുതിരി വെട്ടമുണ്ട്. കുട്ടികളും മുതിര്‍ന്നവരും നിരനിരയായിരുന്ന് പത്രക്കെട്ടുകള്‍ എടുക്കുകയും കെട്ടുകള്‍ പൊട്ടിച്ച് ഓരോരുത്തരുടെ മുന്നിലേക്ക് എണ്ണിവയ്ക്കുകയും ചെയ്യുന്നു. ചിലര്‍ തോര്‍ത്ത് കൊണ്ട് തലമൂടിയിട്ടുണ്ട്. അവരത് എണ്ണിയെണ്ണി ചെറിയ കെട്ടുകളായി മാറ്റുന്നു. ശശിയും ചാര്‍ളിയും ആ നിരയില്‍ സ്ഥാനം പിടിച്ചു. ചാര്‍ളിയെ അടുത്തിരുന്ന കുട്ടികള്‍ക്ക് ശശി പരിചയപ്പെടുത്തിക്കൊടുത്തു. പിന്നെ പേപ്പറുകള്‍ എണ്ണിയെടുക്കേണ്ട വിധം പറഞ്ഞു കൊടുത്തു. അവന്‍റെ വിരല്‍തുമ്പില്‍ പേപ്പറുകള്‍ എണ്ണിമാറി. അവനെ ഏല്‍പ്പിച്ച ജോലി മറ്റുള്ളവരെക്കാള്‍ മുന്‍പേ ചെയ്തു തീര്‍ത്തു. പരിചയക്കുറവുണ്ടെങ്കിലും ആ ജോലി അവന് ഇഷ്ടപ്പെട്ടു. ഇതിനിടയില്‍ ദൂരെയിരുന്ന ഒരു പത്രക്കാരന്‍ ബോബിച്ചായന്‍ വാങ്ങുന്നത് മുടിഞ്ഞ പലിശയാണെന്ന് പറയുന്നതും കേട്ടു.
വല്യപ്പന്‍ പലിശക്ക് കാശ് കടം കൊടുക്കുന്ന കാര്യവും ചാര്‍ളിക്കറിയാമായിരുന്നു. എല്‍സിയമ്മയും വല്യപ്പനും ഒത്തിരി വര്‍ഷങ്ങള്‍ ഷാര്‍ജയിലായിരുന്നു ജോലി ചെയ്തത്. നാട്ടിലേക്ക് വന്നപ്പോള്‍ മറ്റ് തൊഴിലൊന്നുമില്ലാത്തതുകൊണ്ട് പണം പലിശയ്ക്കു കൊടുക്കുന്ന പരിപാടി തുടങ്ങി. എല്‍സിയമ്മ നേഴ്സായതുകൊണ്ട് അടുത്തുള്ള ആശുപത്രിയില്‍ ജോലിയും കിട്ടി.
ഇങ്ങനെ ചിന്തിക്കുന്നതിനിടയില്‍ അവന്‍റെ ശ്രദ്ധ കൈമുട്ടിലേക്ക് പോയി. നല്ല നീറ്റല്‍ തോന്നി. സൈക്കിളില്‍ നിന്ന് വീണപ്പോള്‍ ഉണ്ടായതാണ്. തൊലിയുരിഞ്ഞിട്ടുണ്ട്. അതാണ് നീറ്റല്‍ ഉണ്ടായത്. എല്ലാവരും തല കുനിച്ചിരുന്ന് പത്രങ്ങള്‍ എണ്ണുകയാണ്. ഇടക്ക് ചിലര്‍ എണ്ണത്തിന്‍റെ കണക്കുകള്‍ ചോദിക്കുന്നുണ്ട്.
പേപ്പറുകള്‍ എല്ലാം എണ്ണിതിട്ടപ്പെടുത്തി ഓരോരോ ചെറിയ കെട്ടുകളുമായി ഓരോരുത്തര്‍ എഴുന്നേറ്റു. ചിലര്‍ സൈക്കിളിന്‍റെ മുന്നിലും പിന്നിലുമായി പേപ്പര്‍ വെച്ച് റോഡിന്‍റെ പല ഭാഗത്തേക്ക് സൈക്കിള്‍ ഓടിച്ചു പോയി. ചാര്‍ളിയും ശശിക്കൊപ്പം സൈക്കിളില്‍ കയറി യാത്രയായി. ശശി ദേഷ്യപ്പെടുമെന്ന് കരുതി ഒപ്പം ചവുട്ടിച്ചെല്ലാന്‍ ചാര്‍ളി ശ്രമിച്ചു. അപ്പോള്‍ ശശി പറഞ്ഞു. ‘എനിക്കറിയാം നെനക്ക് സൈക്കിള്‍ ചവുട്ടി പരിചയമില്ല. പതുക്കെ ചവുട്ടി വന്നാ മതി.’
പൂക്കളെപ്പോലെ സൂര്യന്‍ വിരിഞ്ഞുകൊണ്ടിരിക്കുന്നു. നല്ല തണുത്ത കാറ്റ് ശരീരത്തെ തഴുകിപോകുന്നു. ഒരു ഗേറ്റുള്ള വീടിന് മുന്നില്‍ ശശി ഇറങ്ങിയപ്പോള്‍ അവനും ഇറങ്ങി.
‘ഈ വീടു മുതലാണ് നീ പത്രം ഇടേണ്ടത്. നാളെ മുതല്‍ ഞാന്‍ കാണില്ല. നിന്നെ കാണിച്ചിട്ടു വേണം എന്‍റെ പത്രം ഇടാന്‍ മനസ്സിലായോ?’
‘മനസ്സിലായി.’ ചാര്‍ളി മറുപടി പറഞ്ഞു.
‘പിന്നെ നമ്മുടെ ജോലി പത്രം ഇടുക മാത്രമാണ്. വീട്ടുകാരെയൊന്നും നമ്മക്കറിയേണ്ട കേട്ടോ.’ അവന്‍ സമ്മതം മൂളി. റോഡിന്‍റെ ഇടത്തും വലത്തുമുള്ള വീടുകളില്‍ പത്രമെറിഞ്ഞും ഇട്ടും അവര്‍ മുന്നോട്ട് വന്ന് ഇടവഴികളിലൂടെ യാത്രയായി. പേപ്പറുകള്‍ എല്ലാം വീടുകളില്‍ കൊടുത്തിട്ട് വീട്ടിലെത്തുമ്പോള്‍ കുഞ്ഞമ്മയോ കെവിനോ എഴുന്നേറ്റിരുന്നില്ല. നല്ല ദാഹം തോന്നി. കിണറ്റിനരികിലുള്ള പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് ദാഹമടക്കി. സൈക്കിള്‍ തൊഴുത്തിന്‍റെ വരാന്തയില്‍ വെച്ചിട്ട് അതിന്‍റെ ഭംഗി ആസ്വദിച്ചു.
രാവിലെ തന്നെ പറങ്കിയണ്ടി പെറുക്കിയെടുക്കാന്‍ ഒരു പ്ലാസ്റ്റിക് കവറുമായി പറങ്കിമാവിന്‍റെ ചുവട്ടിലെത്തി. അന്ന് ധാരാളം പഴങ്ങള്‍ വവ്വാലുകള്‍ ചവച്ച് തുപ്പി മരച്ചുവട്ടില്‍ ഇട്ടിരുന്നു. തത്തമ്മയും അവന്‍റയുടുക്കലെത്തി. അവര്‍ സൗഹൃദം പങ്കുവെച്ചു. വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞവന്‍ സ്കൂളിലേക്ക് പോകാന്‍ തയ്യാറായി.
‘കുഞ്ഞമ്മേ ഞാനീ സൈക്കിള്‍ സ്കൂളി കൊണ്ടുപെക്കോട്ടെ.’
കുഞ്ഞമ്മ കണ്ണുമിഴിച്ച് നോക്കി പറഞ്ഞു.
‘നീ നടന്നു തന്നെപോയാ മതി. മനസ്സിലായോ?’ അവന്‍ മറുത്തൊന്നും പറഞ്ഞില്ല. റീന മുറ്റത്ത് നിലക്കുന്നത് കണ്ട് തത്തമ്മ തൊഴുത്തിന് മുകളിലിരുന്ന് വിളിച്ചു. ‘ക…കള്ളി’
അത് കേട്ടയുടനെ റീന വരാന്തയിലേക്ക് ഓടിക്കയറി. തലയില്‍ ഒന്നും ഇടാതെയാണ് പുറത്തിറങ്ങിയത്. തത്തമ്മയെ നോക്കി പറഞ്ഞു. ‘ഇന്നുതന്നെ നിന്‍റെ കഥ ഞാന്‍ കഴിക്കും.’ അത്രയും പറഞ്ഞിട്ട് ധൃതിയില്‍ അകത്തേക്ക് പോയി.
മത്സ്യങ്ങളെ രക്ഷിക്കാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞ ചാര്‍ളിക്ക് ഇരുമ്പ് വാതില്‍ ഒരു തടസ്സമായി. ദിവസവും അതിരാവിലെ വാതില്‍ക്കലേക്ക് അവന്‍ നോക്കും. വാതില്‍ താഴിട്ടു പൂട്ടിയിട്ടാണ് വല്യപ്പന്‍ കിടക്കുന്നത്. താഴ് തല്ലിപ്പൊട്ടിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇതിനിടയില്‍ ഒരു ദിവസം വാതില്‍ പൂട്ടിയിരുന്നില്ലെന്ന് ചാര്‍ളി കണ്ടു. അന്നാകട്ടെ മത്സ്യങ്ങളെ എങ്ങനെ എവിടെനിന്നു രക്ഷപ്പെടുത്തും എന്ന ചിന്തയായിരുന്നു. തെക്കുള്ള പാടത്ത് ചെറിയൊരു തോട് ഒഴുകുന്നുണ്ട്. കടലില്‍ വിട്ടാല്‍ തിരയില്‍ അത് ശ്വാസംമുട്ടി ചാകുമോ എന്നവന്‍ ഭയന്നു. ഒടുവില്‍ തോട്ടില്‍ കൊണ്ട് വിടാന്‍ തീരുമാനിച്ചു.
വാതിലിന്‍റെ കമ്പി ഉള്ളിലേക്ക് കടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. വേഗത്തില്‍ വെള്ളം പിടിക്കുന്ന പൈപ്പിന്‍റെ അടിയിലിരുന്ന ഒരു പഴയ പ്ലാസ്റ്റിക്ക് തൊട്ടിയില്‍ കുറെ വെള്ളവുമായി ഇരുമ്പ് വാതില്‍ തുറന്ന് മത്സ്യങ്ങളുടെ അടുക്കലെത്തി. ഹൃദയം കഠിനമായി തുടിച്ചു. മുഖം വല്ലാതെ വിളറി.
About The Author
No related posts.