വൈകി വന്ന വിവേകം 9
തുടരുന്നു….
വീട്ടിൽ എത്തിയപ്പോൾ എല്ലാവർക്കും അത്ഭുതം. വീക്ക് എൻഡ് ആയിട്ടില്ല. ശനിയാഴ്ച പൊതു അവധിയാണെന്ന് അറിയാമായിരുന്നു. അപ്പോൾ വെള്ളിയാഴ്ച എത്തിയാൽ മതി. പെരുന്നാൾ ഞായറാഴ്ച ആണു താനും.
പിന്നെ ബുധനാഴ്ച എത്താൻ?
“ചുമ്മാ. പത്തു ദിവസം തികച്ചു വീട്ടിൽ നിന്നപ്പോൾ പിന്നെയും നിൽക്കാൻ ഒരാഗ്രഹം.”
സംശയങ്ങൾക്ക് വിരാമം ഇട്ട്
അവൾ പറഞ്ഞു. അപ്പന് മനസ്സിലായി എങ്ങും തൊടാതെ,പറയേണ്ടത് പറയാതെ,ബസ് കേറ്റി വിട്ടപ്പോഴേ തോന്നിയിരുന്നു .പറയാൻ വേണ്ടി മാത്രമാണ് താൻ അന്ന് അവളോടൊപ്പം ഇറങ്ങിയതും. എന്തു ചെയ്യാൻ. പറ്റിയില്ല അത്ര തന്നെ. അന്ന് വീട്ടിൽ വന്നിട്ടും അതു തന്നെ ചിന്ത. ഭാര്യയോട് പറയുകയും ചെയ്തു. അവൾ ആ ആഴ്ച മുഴുമിപ്പിക്കില്ലെന്നു. സാരമില്ല. ഏതായാലും ഈ ആഴ്ച വരുമ്പോൾ പറയാൻ ഇരുന്നതാണല്ലോ.
സാധാരണപോലെ കുളിയും പ്രാർത്ഥനയും കഴിഞ്ഞു. അൽപനേരംpഒത്തൊരുമിച്ചിരുന്നു സംസാരിക്കാറാണ് പതിവ്. അന്നും അങ്ങനെതന്നെ. പക്ഷെ ഇളയവർ ഒപ്പം ഉള്ളപ്പോൾ ഈ വിഷയം എങ്ങനെ തുടങ്ങി വയ്ക്കും.? അവൾ അവരോടൊപ്പം സൊറ പറയാനിരുന്നു. അമ്മയും അപ്പനും കണ്ണിൽക്കണ്ണിൽ നോക്കി,താനത് കണ്ടില്ലെന്നു നടിച്ചു.അവർ പറയാനുള്ളതു പറയട്ടെ.
അത്താഴം കഴിഞ്ഞു. ഇളയവർ പഠിക്കാൻ അകത്തേക്കു കയറി.
” അമ്മ വരട്ടെ ഞങ്ങൾക്കു മോളോടൽപ്പം സംസാരിക്കാൻ ഉണ്ട്.”
താനും അമ്മയും കൂടി എല്ലാം ഒതുക്കി അടുക്കള വൃത്തിയാക്കി,തിരികെ എത്തി. മൂവരും കൊച്ചുപിള്ളേർ ശ്രദ്ധിക്കാത്ത മുറിയിലേക്ക് അകന്നു മാറിയിരുന്നു.
“മോളെ അന്നവർ വന്നത് ഞങ്ങളെ കാണാനും വീടും പരിസരവും കാണാനും ഒക്കെയായിട്ടാ.പോകുന്നതിനു മുൻപ് അവർ ഒരു കാര്യവും പറഞ്ഞു. മോളെ അവർക്ക് താല്പര്യം ആണെന്ന്. ഇവിടെ വന്ന് കണ്ടപ്പോൾ എല്ലാം കൊണ്ടും തൃപ്തി. നമുക്ക് താല്പര്യം ഉണ്ടെങ്കിൽ അങ്ങോട്ടു ചെല്ലാനും പറഞ്ഞാണ് പോയത്.”
അമ്മ തുടർന്നു
“മോളുടെ അഭിപ്രായം അറിഞ്ഞിട്ടു വേണം അങ്ങോട്ടു പോകണോ വേണ്ടയോന്ന് തീരുമാനിക്കാൻ.പോകുന്നതിനു മുൻപ് പറഞ്ഞാ മതി “
” ശരിയമ്മേ ഞാൻ ആലോചിച്ചു പറയാം. ഇപ്പോൾ ഞാൻ പെരുന്നാള് കൂടാൻ വന്നതല്ലേ. ഈ ആഴ്ച ഇങ്ങനെ
പോട്ടെ. അമ്മേ സഹായിച്ചു വല്ലതും അവർക്കും കൂടെ കൊണ്ടു പോകണം.
അതിനാണ് ഞാൻ നേരത്തെ വന്നത്. “
ചെറിയ നുണ തട്ടി വിട്ടു. അത്രയും അടുത്ത കൂട്ടുകാരി എന്തിന് തന്നോട് ഒളിച്ചു വച്ചു. അതു ഉള്ളിൽക്കിടന്ന് വിങ്ങിനീറി ക്കൊണ്ടിരുന്നു. അത് അറിഞ്ഞിട്ടു ബാക്കികാര്യം. പോയി വന്നിട്ടു വീട്ടിൽ പറയാം. തീരുമാനം എന്തായാലും. ആൾ നല്ലവനാണ്. മോശം സ്വഭാവം ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല, തന്നോട് കാണിച്ചിട്ടും ഇല്ല.
പെരുന്നാൾ പൊടിപൂരമായി കഴിഞ്ഞു. ചിന്തിക്കടകളും ഉഴുന്താടമാലകളും ഈന്തപ്പഴവും വിവിധ ആകൃതിയിൽ ബലൂണുകളും എല്ലാം കൂടി നല്ല ഒരു മേളം തന്നെയായിരുന്നു. കൊട്ടും വാദ്യമേളങ്ങളും എല്ലാം ഒത്തിണങ്ങിയ റാസയും ഒന്നിനും കുറവില്ലാത്ത ഒരു പെരുന്നാൾ.അനുജനും അനുജത്തിക്കും പെരുനാൾ പടി കൊടുത്തു. അപ്പൻ കൊടുത്തതിനു പുറമെ. രണ്ടുപേർക്കും സന്തോഷമായി,
തനിക്കും. ആവശ്യമുള്ളതൊക്കെ താനും വാങ്ങി.ഒപ്പം കൂട്ടുകാരിക്കും.
രാത്രിയിൽ തന്നെ എടുത്തു വക്കാനുള്ളതൊക്കെ എടുത്തു വച്ചു. ഹോസ്റ്റലിലേക്കും ഓഫീസിലേക്കും നെയ്യപ്പം,ഉലർത്തിറച്ചി, മീൻ പിക്കിൾ എന്നുവേണ്ട പലതും. മോശമാക്കരുതല്ലോ
കാലത്തെ അപ്പവും കോഴിക്കറിയും.അൽപ്പം കഴിക്കാനുള്ളതും എല്ലാവർക്കും കൊടുക്കാനായി കുറച്ചു കൂടുതലും. എന്നിട്ടും മനസ്സു ചഞ്ചലപ്പെട്ടു തന്നെയിരുന്നു. ഇറങ്ങിയപ്പോൾ അപ്പൻ
ചോദിച്ചു,
“മോളൊന്നും പറഞ്ഞില്ല.”
“പോയിട്ടു വന്നിട്ടാട്ടെ അപ്പാ “
മറുപടിയും കൊടുത്ത് ബാഗ് എടുത്തു തോളിലിട്ടു.പിന്നൊന്നും ചോദിക്കാതെ തന്നെ യാത്രയാക്കാൻ അനുജനെ ഏർപ്പാടാക്കി.
തുടരും
About The Author
No related posts.