LIMA WORLD LIBRARY

നിരവധി മലയാളികള്‍ യുകെയില്‍ തിരിച്ചെത്താനാകാതെ നാട്ടില്‍ കുടുങ്ങിയകാര്യം റിപ്പോര്‍ട്ട് ചെയ്ത് ബിബിസി

ലണ്ടന്‍ : ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത് മലയാളികളടക്കം പതിനായിരങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ബിബിസിയും. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരികെ പോകാനാവാതെ അവധിക്കു നാട്ടിലെത്തിയ യുകെ മലയാളികള്‍ വലയുകയാണ്. ചിലര്‍ അവധി പൂര്‍ത്തിയാക്കാനാവാതെ നിയമം നടപ്പിലാക്കുന്നതിന് മുന്‍പായി തിരികെ എത്തി. നാളെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക.

യു കെ യിലെ വാള്‍സലില്‍ സോഷ്യല്‍ സര്‍വീസസ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ബിജു മാത്യു ഡെഡ് ലൈന് മുന്‍പ് യുകെയില്‍ എത്തിച്ചേര്‍ന്ന തന്റെ അനുഭവം ബിബിസിയോട് വെളിപ്പെടുത്തി . രണ്ടായിരം പൗണ്ടോളം ചെലവാക്കിയാണ് അദ്ദേഹം തിരികെ എത്തിയത്. ബന്ധുക്കളോടും മറ്റും യാത്ര പറയാന്‍ പോലും തനിക്ക് സാധിച്ചില്ലെന്നു എന്ന് അദ്ദേഹം പറഞ്ഞു.

തിരികെ പോകാന്‍ ടിക്കറ്റ് കിട്ടാതെ നാട്ടില്‍ കുടുങ്ങിയവരാണ് അധികവും. വിവാഹത്തിനായി എത്തിച്ചേര്‍ന്ന കിരണ്‍, സൗമ്യ ഫിലിപ്പ് എന്നിവര്‍ തിരികെ പോകാന്‍ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധിയിലായി. സാധാരണയുള്ള ഫ്ലൈറ്റ് ടിക്കറ്റിന്റെ ഇരട്ടി ചാര്‍ജ് ആണ് ഇപ്പോള്‍ ഈടാക്കുന്നത്. അതോടൊപ്പം തന്നെ ടിക്കറ്റ് ലഭിക്കാനുമില്ല എന്നാണ് ആളുകള്‍ പരാതിപ്പെടുന്നത്. ഏപ്രില്‍ 12 മുതല്‍ തന്നെ ടിക്കറ്റിനായി നോക്കുന്നുണ്ടെങ്കിലും ലഭിച്ചില്ല എന്ന് ഇരുവരും പറഞ്ഞു.

തങ്ങളുടെ വിസ പുതുക്കാനായി യുകെയിലേക്ക് പോകാന്‍ സാധിക്കാതെ വിഷമിക്കുകയാണ് പ്രീത കെജ്‌രിവാളും, മകന്‍ തനിഷും. മെയ് 6 മുതല്‍ മകന് യുകെയില്‍ പരീക്ഷകള്‍ ഉള്ളതായി ഇവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആണ് തിരികെ പോകാനുള്ളവര്‍.സ്റ്റുഡന്റ് വിസയില്‍ ഉള്ളവരും, പുതിയതായെത്തുന്ന നഴ്സുമാരുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ആവശ്യക്കാര്‍ കൂടിയതോടെ അധികമായതോടെ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയരുകയായിരുന്നു.

കോവിഡ് ഇടയ്ക്കൊന്നു കുറഞ്ഞു നിന്ന സമയത്തു നാട്ടിലെത്തിയവരാണ് പ്രതിസന്ധിയിലായത്. 24 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലക്ക് നീളാനാണ് സാധ്യത. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയെ ബ്രിട്ടണ്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെയില്‍ പ്രവേശിക്കാനാകില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കും. ഇവര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനിന്റെ ചിലവ് 1750 പൗണ്ടാണ്. ഹോട്ടല്‍ താമസം, ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടെയാണ് ഒരാളില്‍ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വര്‍ഷം വരെ തടവ് ശിക്ഷയാണ്. ബ്രിട്ടനിലെ ഹീത്രു, ഗാട്ട് വിക്ക്, ലണ്ടന്‍ സിറ്റി, ബര്‍മിംഹാം, ഫാരന്‍ബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവര്‍ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴശിക്ഷ ഉണ്ടാവും. പിഴയോടൊപ്പം ഈ വിമാനത്താവളത്തില്‍ നിന്നും ക്വാറന്റീന്‍ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും.

ഇരുപതിലേറെ ആഫ്രിക്കന്‍ രാജ്യങ്ങളും 14 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമടക്കം നാല്‍പതിലേറെ രാജ്യങ്ങളാണ് ഇപ്പോള്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px