സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ? – (കാരൂര്‍ സോമന്‍, ചാരുംമൂട്)

Facebook
Twitter
WhatsApp
Email
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ തൂലിക വാളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പല ഹൃദയങ്ങളില്‍ അത് ആഴത്തില്‍ തുളച്ചിറങ്ങി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഈ അവസരം ഓര്‍മ്മ വന്നത് വിപ്ലവസാഹിത്യ സാംസ്‌കാരിക നായകന്മാരായ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനും, ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നിരീശ്വരവാദി, നാടകകൃത്ത്, നോവലിസ്റ്റ്, തത്വചിന്തകന്‍ ജീന്‍ പോള്‍ സാര്‍ത്താണ്. അദ്ദേഹത്തിന്റ 1938 ല്‍ പുറത്തിറങ്ങിയ ‘ല നൗസി’ നോവലില്‍ അധികാരിവര്‍ഗ്ഗം അടിച്ചേല്‍പ്പിക്കുന്ന അടിമത്വങ്ങളെ തുറന്നെഴുതി. അതിന് പ്രതിഫലമായി ലഭിച്ചത് ജയില്‍ വാസമായിരുന്നു. ചില എഴുത്തുകാര്‍ക്ക് താല്പര്യം പട്ടുമെത്തകളാണ്. 1964 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നിരസിച്ചു അധികാരികളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ഇന്നും ജനകോടികളില്‍ ജീവിക്കുന്ന നാടുവാഴികളെയോ രാജാക്കന്മാരെയോ ഭയക്കാത്ത എത്രയോ ധീരന്മാരായ മഹാപ്രതിഭകളെ കാണാം. കേരളത്തില്‍ കഴിഞ്ഞ തലമുറയിലും നമുക്ക് ധീരരായ സ്ത്രീ-പുരുഷ സാഹിത്യ പ്രതിഭകളുണ്ടായിരുന്നു.
 ഇന്ത്യയില്‍ എത്രയോ നാളുകളായി മനുഷ്യരില്‍ ഭയം, ഭീതി, അനീതി, അഴിമതി, തൊഴിലില്ലായ്മ, ദാരിദ്ര്യം, അക്രമം, വര്‍ഗ്ഗീയ ചിന്തകള്‍ വേട്ടനായ്ക്കളെപോലെ പിന്തുടരുന്നു. നമ്മുടെ മുന്നില്‍ കാണുന്ന വികൃത ജനാധിപത്യത്തെ കണ്ടുകൊണ്ടാണ് മനുഷ്യ മനഃസാക്ഷിയെ തട്ടിയുണര്‍ത്തുംവിധം എം.ടി പറഞ്ഞത് ‘അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിച്ചുമൂടി. ഏകാധിപത്യ സര്‍വ്വാധിപത്യ പ്രവണതകള്‍’. അധികാരികളുടെ ആജ്ഞയനുസരിച്ച് അടിമപ്പണിക്കാരായി ഒരു ജനത അധഃപതിച്ചത് ജനാധിപത്യത്തിന്റ മുഖംമൂടിയണിഞ്ഞവര്‍ അധികാരത്തിലെത്തിയതുകൊണ്ടെന്ന് എം.ടി ക്ക് മാത്രമല്ല ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. ഭാരതത്തിലെ തെരഞ്ഞെടുപ്പുകള്‍ ജാതി മത വോട്ടുകളിലെത്തി സര്‍വ്വാധിപതികളെപ്പോലെ ജീവിച്ച് പാവങ്ങളുടെ ഹൃദയമിടിപ്പുകള്‍ കൂട്ടുന്നു. എം.ടി യുടെ വാക്കുകള്‍ കേട്ടപ്പോള്‍ അഹന്ത അല്പത്വംകൊണ്ട് ആശാന്മാരായി മാറിയവര്‍ക്കെല്ലാം മനോവേദനകളുണ്ടാക്കി. പലരും ഞെക്കിപ്പഴുപ്പിച്ച പഴം പോലെയായി. അതില്‍ എല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളും എണ്ണപ്പെടും. ഇടതുപക്ഷത്തിന്റെ മാത്രം തലയിലിരിക്കട്ടെ എന്നല്ല. ഈ കൂട്ടര്‍ മനസ്സിലാക്കേണ്ടത് ജ്ഞാനിക്ക് തലയിലും കണ്ണുണ്ട്. വെറുതെയല്ല ഇവരെ ബുദ്ധിജീവികളെന്ന് വിളിക്കുന്നത്.
 ഇന്ത്യയില്‍ ചൂഷിതരും മര്‍ദ്ദിതരുമായ ജനക്കൂട്ടത്തെ പാപ്പരാക്കികൊണ്ട് ഇന്ത്യയില്‍ ഒരുപറ്റം തടിച്ചുകൊഴുക്കുന്നത് ഈ വോട്ടുചെയ്യുന്നവര്‍ കാണുന്നില്ലേ? ഇത് ജനാധിപത്യ അധഃപതനം മാത്രമല്ല ഓരോ പൗരന്റെയും ധാര്‍മ്മികനിലവാരത്തിന്റെ പതനം കൂടിയാണ്. ഏത് പാര്‍ട്ടിക്കാരനായാലും ഉള്‍കാഴ്ച്ചയും ദീര്‍ഘവീക്ഷണവുമുള്ളവരാകണം. കെ.സച്ചിദാനന്ദന്‍ പറഞ്ഞു. വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല. സക്കറിയയുടെ അഭിപ്രായം നമ്മള്‍ വീരാരാധനയില്‍ ലയിച്ചുപോയ ഒരു മണ്ടന്‍ സമൂഹമാണ്. എം.മുകുന്ദന്‍ പറഞ്ഞു സിംഹാസനങ്ങളല്ല വലുത് ജനങ്ങളാണ്. സാറാ ജോസഫ് പറഞ്ഞത് ജനങ്ങള്‍ ഫാസിസ്റ്റ് ഭരണത്തിലാണ്. എന്‍.എസ്.മാധവന്‍ പറയുന്നു ഇടതുപക്ഷം ആത്മപരിശോധന നടത്തണം. സാനു മാസ്റ്റര്‍, ടി.പത്മനാഭന്‍, എം.ലീലാവതി ടീച്ചര്‍ തുടങ്ങി പലരും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നടക്കുന്ന കാപട്യങ്ങള്‍ പലപ്പോഴായി തുറന്നു കാട്ടിയിട്ടുണ്ട്. ഇവിടെ ഇടത് വലത് എന്നതിനേക്കാള്‍ ആത്മപരിശോധനകള്‍ നടത്തി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണം. തെറ്റുകള്‍ തിരുത്താതെ പോകുമ്പോഴാണ് കൂരമ്പുകള്‍ ഏല്‍ക്കേണ്ടിവരുന്നത്. ശക്തരായ സര്‍ഗ്ഗപ്രതിഭകള്‍, എഴുത്തുകാര്‍ നോക്കു കുത്തികളാകുന്നതും അധികാരികള്‍ക്ക് ശക്തി പകരുന്നു. റഷ്യന്‍ രാഷ്ട്രപിതാവ് ലെനിന്‍, ഇ.എം.എസ്, നെഹ്റു ഇവരെല്ലാം നല്ല എഴുത്തുകാരായിരുന്നതിനാല്‍ മനുഷ്യര്‍ക്കാണ് മുന്‍ഗണന കൊടുത്തത് . ജാതി മത വര്‍ഗ്ഗങ്ങള്‍ക്കല്ല. ഭാരത മണ്ണിലുറച്ചുപോയ ജാതിമത അരാഷ്ട്രീയ സങ്കുചിത ചിന്തകളാണ് നമ്മള്‍ വലിച്ചെറിയേണ്ടത്?
 ഒരു ഭരണാധിപനെന്നാല്‍ വേലിക്കെട്ടുകളില്ലാത്ത നല്ലൊരു മനസ്സിന്റെ ഉടമയാകണം. ക്ഷണിക കക്ഷി താല്പര്യങ്ങളുള്ളവനാകരുത്. എല്ലാവരുടെയും പ്രിയപ്പെട്ടവനാകണം, മറ്റുള്ളവരുടെ അദ്ധ്വാനഫലം ചൂഷണം ചെയ്യുന്നവനാകരുത്, സമ്പന്നരുടെ ആശ്രിതനും പാവങ്ങളെ വഞ്ചിക്കുന്നവനുമാകരുത്. ഇന്ത്യയുടെ ജനാധിപത്യത്തിന് വിള്ളലുണ്ടെങ്കില്‍ ചോദ്യം ചെയ്യേണ്ടത് ജനങ്ങളാണ്. അവരുടെ പ്രതിഷേധം വോട്ടിലൂടെയെങ്കിലും രേഖപ്പെടുത്തേണ്ടതല്ലേ? ഏത് സര്‍ക്കാര്‍ ഭരിച്ചാലും എഴുത്തുകാര്‍ മാനുഷിക മൂല്യമില്ലാത്ത സര്‍ക്കാര്‍ സമീപനങ്ങളെ ആത്മധൈര്യത്തോടെ ചോദ്യം ചെയ്യേണ്ടവരാണ്. ഒരു പുരസ്‌കാരം, പദവി കിട്ടിയാല്‍ അത് ആരാധനയായി മാറുമോ? മലയാളത്തിലെ എത്ര സാംസ്‌കാരിക നായകന്മാര്‍ എം.ടി യെപ്പോലെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്? അവര്‍ക്കും ഭയമാണ്. കിട്ടാനിരിക്കുന്ന അപ്പക്കഷ്ണം നഷ്ടമാകുമോ? അതാണ് എം.ടി പറഞ്ഞത് ‘ഭരണാധികാരികള്‍ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടല്ല സ്വാതന്ത്ര്യം’. ഒരെഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലുള്ള സര്‍ക്കാരുകളുടെ കടന്നാക്രമണമാണ് അദ്ദേഹം ഉദേശിച്ചത്. മറുഭാഗത്ത് സ്വാതന്ത്യമില്ലാതെ പദവികളിലിരിക്കുന്നത് സര്‍ക്കാരിന്റെ ഔദാര്യം. മുകളില്‍ പറഞ്ഞ ധീരരായ എഴുത്തുകാരെ മുന്‍നിര്‍ത്തി പറഞ്ഞാല്‍ കൊലകൊമ്പന്‍ ചത്താലും അതിന്റെ കൊമ്പ് ജീവിച്ചിരിക്കും. എം.ടി എല്ലാ രാഷ്ട്രീയക്കാരെപ്പറ്റി പറഞ്ഞതുപോലെ ഇത് എല്ലാം എഴുത്തുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. പാര്‍ട്ടികളുടെ കൊടി നോക്കിപോയാല്‍ എല്ലാം വിചിത്രം വിധി വൈഭവം.
 എം.ടി പറഞ്ഞ ഏകാധിപത്യം സാമൂഹ്യ രംഗത്തു മാത്രമല്ല സാംസ്‌കാരിക രംഗത്തുമുണ്ട്. രാഷ്ട്രീയ പ്രേരിതമായിട്ടല്ലേ പലതും കാണുന്നത്. സാഹിത്യരംഗത്ത് ഫലപ്രദമായ സാഹിത്യ സംഭാവനകള്‍ ചെയ്യാത്ത എത്രപേരാണ് സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍, പദവികള്‍ ഏറ്റു വാങ്ങുന്നത്? അദ്ദേഹം സാഹിത്യ സാംസ്‌കാരിക രംഗത്ത് നടക്കുന്ന ചൂഷണങ്ങളെപ്പറ്റി പറയാഞ്ഞത് മഹാഭാഗ്യം. ലോകമെങ്ങുമുള്ള പല ഭരണാധിപന്മാരെ ശ്രദ്ധിച്ചാല്‍ അവരൊക്കെ ഫ്യൂഡല്‍ ജന്മിമാരെപോലെ പ്രവര്‍ത്തിക്കുന്നത് കാണാം. ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്കാവശ്യം സ്തുതിപാടകരെയാണ്. എം.ടി പറയുന്നു. ‘തെറ്റ് പറ്റിയാല്‍ തിരുത്താറില്ല’. തെറ്റുകളെ മൂടിവെയ്ക്കാന്‍വരെ ന്യായീകരണ തൊഴിലാളികളും മാധ്യമങ്ങള്‍, ചാനലുകളുണ്ട്. സര്‍ഗ്ഗധനരായ പ്രതിഭകള്‍ വാലാട്ടികളായി, പാണന്മാരായി സ്തുതിഗീതം പാടി നടക്കുന്നവരല്ല. നല്ല സാഹിത്യപ്രതിഭകള്‍ ഉപരിവര്‍ഗ്ഗത്തിന്റ താല്പ്പര്യ സംരക്ഷകരല്ല. ദുഃഖ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സംരക്ഷകരാണ്.
 നിര്‍ഭാഗ്യമെന്ന് പറയാന്‍ കേരളത്തിലെ എഴുത്തുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറുന്നതിനാല്‍ ഒന്നിച്ചണിനിരക്കാന്‍ സാധിക്കുന്നില്ല. ഈ വേര്‍തിരിവ് രാഷ്ട്രീയപാര്‍ട്ടികളില്‍ മേല്‍ക്കോയ്മ സൃഷ്ടിച്ചു. എഴുത്തുകാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് അടവ് നയമാണ് സാംസ്‌കാരിക രംഗത്ത് കാണുന്നത്. ഇന്ത്യയിലെ ഏതെങ്കിലും സാഹിത്യ കാരന്മാരുടെ പ്രതിഷേധ സ്വരങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ടോ? ഇങ്ങനെ അയോഗ്യരായവരെ പദവികള്‍ കൊടുത്തും പുരസ്‌കാരങ്ങള്‍ കൊടുത്തും സ്വന്തം വരുതിയില്‍ കൊണ്ടുവരുന്നു. അവരെ മൗനികളാക്കുന്ന തന്ത്രങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മെനയുന്നത്. അവര്‍ക്ക് കിട്ടുന്ന താലന്തുകള്‍ മന്ദസ്മിതത്തോടെ സ്വീകരിക്കുന്നു. കേരളത്തിലെ എഴുത്തുകാര്‍ ഒരു കുടകീഴില്‍ നിന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്കൊപ്പം സംഘടിച്ചു ശക്തരാകാനും ഇന്നുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് സാംസ് കാരിക പുരോഗതിയിലേക്ക് നടന്നുകയറാനും സാധിക്കുമായിരുന്നു. മറ്റൊന്ന് ലജ്ജാകരമെന്ന് പറയാന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സാഹിത്യ പ്രസാധകര്‍ രാഷ്ട്രീയ മേലാളന്മാരുടെ ശുപാര്‍ശയുണ്ടെങ്കില്‍ നിലവാരമില്ലത്ത പുസ്തകങ്ങള്‍വരെ ഇറക്കിക്കൊടുക്കാറുണ്ട്. അതില്‍ പ്രവാസി എഴുത്തുകാരുമുണ്ട്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം. ഇവരില്‍ പലരും സാഹിത്യ നായകസ്ഥാനത്തേക്ക് പതിനെട്ടാം പടി പാടി കയറുന്നു. സംഘടന, പദവി, പുരസ്‌കാരം അതിന്റെ ആദ്യ ചവിട്ടുപടികളാണ്. ഇതൊക്കെ സൂക്ഷ്മാവലോകനം ചെയ്യാന്‍ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല.
നല്ല ഭരണാധിപന്മാരെ മുന്‍നിറുത്തി കഥ, കവിത എഴുതിയാല്‍ സിനിമ വന്നാല്‍ അതെങ്ങനെ സ്തുതിഗീതമാകും? എഴുത്തുകാര്‍ മനുഷ്യരുടെ ദുഃഖ ദുരിതങ്ങള്‍, പ്രണയസല്ലാപം മാത്രം എഴുതിയാല്‍ മതിയോ? അങ്ങനെ സ്തുതിഗീതം പാടുന്നവര്‍ക്ക് പുരസ്‌കാരം പദവി കൊടുക്കുക സാംസ്‌കാരിക രംഗത്ത് കാണുന്ന അനാഥത്വവും ദുരവസ്ഥയുമാണ്. ഒരു എഴുത്തുകാരന്‍ ഭാഷാ സാഹിത്യത്തില്‍ അസൂയാര്‍ഹമായ കഠിനാധ്വാനത്തിലൂടെ നേടുന്ന കര്‍മ്മം അല്ലെങ്കില്‍ ചിന്താപ്രപഞ്ചമാണ് ആ വ്യക്തിയെ അനശ്വരനാക്കുന്നത്. സാംസ്‌കാരിക രംഗത്ത് നടക്കുന്ന വിവേകമില്ലാത്ത വികടമായ കാഴ്ചപ്പാടുകള്‍ കഴുകി ശുദ്ധി ചെയ്യാന്‍ ആരെങ്കിലും കടന്നുവരുമോ? നമ്മള്‍ ഏത് തത്വസിദ്ധാന്തങ്ങളുടെ തോഴനായാലും ഭാഷാ സാഹിത്യത്തിന്റെ സമൃദ്ധിയാണാവശ്യം അതിനപ്പുറം സ്വാര്‍ത്ഥതയുണ്ടായാല്‍ സാംസ്‌കാരിക രംഗത്തെ ധാര്‍മ്മിക മൂല്യച്യുതിയാണത്. എം.ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിമയോ ആശ്രിതനോ അല്ല. അതിനാല്‍ അദ്ദേഹം മുന്നോട്ട് വെച്ച ആശയ ആദര്‍ശങ്ങള്‍ മഹത്വപൂര്‍ണ്ണമാക്കാനും തിരുത്താനുമാണ് ശ്രമിക്കേണ്ടത്. എം.ടി യുടെ തുറന്നുപറച്ചില്‍ കണ്ണുണ്ടായാല്‍ പോരാ കാണണമെന്നാണ്. കേരളത്തില്‍ കൊടിയുടെ നിറം നോക്കി കണ്ണു ചിമ്മി പൂച്ച പാലു കുടിക്കുന്നത് എത്രനാള്‍ തുടരും? സാംസ്‌കാരിക -സാമൂഹ്യ രംഗങ്ങളില്‍ സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളായി മാറുമോ?

About The Author

Leave a Reply

Your email address will not be published. Required fields are marked *