വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 1


“ലിസാ!”
“എന്താ “
 ” ഇന്നെന്താ നിന്റെ മുഖത്തിനൊരു വാട്ടം?
  “ഒന്നുമില്ല “
“ആ ഒന്നുമില്ലായ്ക്കും ഉണ്ടല്ലോ ഒരു ശോക ഛായ, എന്താ എന്തുപറ്റി ലിസാ?”
“നനയാതെ ഈറൻ ചുമക്കുന്നതിന്റെ വിഷമം ആണ്. “
“നനഞ്ഞിട്ടു തന്നെ ഈറൻ ചുമക്കാമായിരുന്നല്ലോ. ഞാൻ വിളിച്ചതല്ലേ?”
“അതിനു നമ്മൾ ടീൻ ഏജേഴ്സ് ഒന്നുമല്ലല്ലോ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കാൻ “
“അതുകൊണ്ടു തന്നെയല്ലേ നിന്നെ ഞാൻ വിളിച്ചത്. എന്നായാലും എപ്പൊഴായാലും നമ്മൾ വിവാഹിതരാവാൻ ഉള്ളവരാണ്. ഈ കൂറ്റൻ കെട്ടിടത്തിനുള്ളിൽ ഒട്ടു മുക്കാലും പേർക്കും അതറിയുകയും ചെയ്യാം. പക്ഷെ നീ വന്നില്ല നീ നിന്റെ കൂട്ടു
കാരിയോടൊപ്പം പോയി. വാശിക്കു ഞാനും പുറകേ എത്തി. ഒരുമിച്ചല്ല ഇരുന്നതെങ്കിലും ഒരേ ഷോയ്ക്ക് ഒരേ തീയേറ്ററിൽ കയറി. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ എങ്ങനെയോ അടുത്തടുത്തായി, നമ്മൾ സംസാരിച്ചു കൊണ്ട് നടക്കുന്നത് നമ്മെ അറിയുന്ന പലരും കണ്ടു.അത്രതന്നെ.പിന്നെ അവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അതവരുടെ തെറ്റാണോ?”
………………………………………………………………
“ഞാൻ പറഞ്ഞതു ശരിയല്ലേ ലിസാ?”
………………………………………………………………..
“എന്താ പിന്നെയുമൊരാലോചന?”
“ആലോചനകൾ ഇവിടെയല്ല വീട്ടിലാണ് കഴിഞ്ഞ തവണ ചെന്നപ്പോഴും പപ്പാ അതേക്കുറിച്ചു പറഞ്ഞു.”
“ലിസാ “
“ങും “
“നിനക്കെന്നെ ഇഷ്ടമല്ലേ?”
“ഇതെന്തൊരു ചോദ്യമാണ് “
“പിന്നെന്തിനു മറ്റാലോചനകൾ? “
“അതു നമ്മെ വളർത്തി വലുതാക്കിയവരുടെ കടമ അല്ലേ “
“നിനക്കു പറഞ്ഞുകൂടേ നമ്മുടെ കാര്യം? “
“നിശ്ചയിച്ചു കഴിഞ്ഞോ?”
“ഞാനെന്നേ നിശ്ചയിച്ചതാണ്. നിന്നെ ആദ്യമായി കണ്ടനിമിഷം മുതൽ ഈ മോഹവുമായി ഞാൻ കഴിഞ്ഞു. നീ ഇങ്ങോട്ടു മാറിവന്നപ്പോൾ അതു പാതി സാഫല്യമടഞ്ഞതായി എനിക്കു തോന്നി. ഇനി നീ എന്റേതാകണം. എങ്കിൽ ഞാൻ സായൂജ്യവാനായി. ലിസാ നീ അതിനു സമ്മതിക്കില്ലേ?”
“സമ്മതിക്കില്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ “
എനിക്കു ബേബിസാറിനെ ഇഷ്ടമാണ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കയും ചെയ്യുന്നു. പക്ഷെ അതുകൊണ്ടായില്ലല്ലോ. നമുക്കു രണ്ടുപേർക്കും വീടും വീട്ടുകാരും ഉണ്ട്‌. അവരുടെ അനുഗ്രഹവും അനുവാദവുമില്ലാതെ നമ്മൾക്കൊന്നും സാധിക്കില്ല. ആരെയെങ്കിലും വീട്ടിലേക്കു
വിടൂ . പപ്പാ ഒരിക്കലും സമ്മതിക്കാതിരിക്കില്ല. “
“ശരിയാണ്‌ കുട്ടീ അതാണ്‌ നല്ലത്. “
“എങ്കിൽ കുട്ടി സീറ്റിൽ പോകട്ടെ സാർ? ആരെങ്കിലും കണ്ടാൽ മോശമാണ്.”
രണ്ടുപേരും ആ തമാശയിൽ രസിച്ചു ചിരിച്ചു.
“ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു.?
“എന്താ ബേബിസാറേ??
“ദാ പിന്നെയും ബേബിസാർ. ഞാൻ നിന്നോട് എത്ര തവണ പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുതെന്ന്.”
“ഞാൻ കുട്ടിയാണെങ്കിൽ സാറിനെ പിന്നെ എന്താണ് വിളിക്കേണ്ടത്?”
“വീണ്ടും തമാശ. ഞാൻ സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോൾ.”
ബേബി മുഴുമിപ്പിക്കാതെ നിർത്തി.
“സോറി,ബേവച്ചന് എന്താണ് എന്നോടു ചോദിക്കാനുള്ളത്?”
“. നിന്റെ കൂട്ടുകാരി ഗീതയില്ലേ ലോൺസ് ആൻഡ് അഡ്വാൻസിലെ. നിങ്ങൾ ഒരു നാട്ടുകാരല്ലേ?”
“അതേ. “
“ആ കുട്ടി എങ്ങനെ?”
“എന്തു ചോദ്യമാ ബേവച്ചാ ഇത്. എങ്ങനെയാ എന്നു ചോദിച്ചാൽ…. എന്തുത്തരമാ പ്രതീക്ഷിക്കുന്നത്?”
“ആ കുട്ടിയുടെ സ്വഭാവം പെരുമാറ്റം ഒക്കെ ഒന്ന് അറിയാനാണ്.”
“കാര്യമെന്താ?എന്നെക്കുറിച്ച് ബേവച്ചന് എന്തഭിപ്രായമാണോ അതു ഗീതക്കും ചേരും. എന്താ പോരെ?”
“ഓ ഒന്നുമില്ല.എനിക്കൊരു കൂട്ടുകാരനുണ്ട്
പറ്റുമോ എന്നറിയാനാണ്. ആലോചിക്കുന്നതിൽ തെറ്റുണ്ടോ? ഗീതക്കു വല്ല…….”
“ഇല്ല ബേവച്ചാ അതെനിക്കു നിശ്ചയമുണ്ട്.ഞങ്ങൾ കൊച്ചുന്നാൾ മുതൽ ഒരുമിച്ചു പഠിച്ചവർ ആണ്. കൂട്ടുകാരും. ഞങ്ങൾ തമ്മിൽ ഒരു രഹസ്യവുമില്ല.”
“അപ്പോൾ നമ്മൾ തമ്മിലുള്ള അടുപ്പമൊക്കെ ഗീതക്കറിയാം അല്ലേ? ഹോസ്റ്റലിൽ വേറെന്താ പണി?”
“വലിയ കേമത്തരമൊന്നും പറയണ്ട കൂട്ടുകാരു തമ്മിൽ ഒത്തോണ്ടല്ലേ, ഈ വലവീശൽ. അയ്യോ ദാ ശശിസാറ് വരുന്നു
ഞാൻ പോകുന്നു.”
ലിസാ സീറ്റിലേക്കു മടങ്ങിയെങ്കിലും ബേബി ആ വരാന്തയിൽ തന്നെ നിന്നു, ലിസായുടെ വീട്ടിലേക്കു ആരെ അയക്കണം എന്ന ചിന്തയുമായി.
                       അവിടെ ചെല്ലുമ്പോൾ ലിസായുടെ പപ്പായുടെ പ്രതികരണം എന്തായിരിക്കും? അവളുടെ വാക്കുകളിൽ നിന്ന് ഒരു സമ്പന്നകുടുംബത്തിലെ അറിവും വിവേകവും ഉള്ള ഒരു മാന്യന്റെ ഏക സന്താനമാണവളെന്നു മനസ്സിലായിട്ടുണ്ട്. അമ്മയില്ലെങ്കിലും ആ കുറവു നികത്തി ഓമനിച്ചാണ് ലിസായെ അദ്ദേഹം വളർത്തി വലുതാക്കി യെടുത്തിരിക്കുന്നത്.അപ്പോൾ കേവലം തുശ്ചശമ്പളക്കാരനായ
തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ? സമ്പത്തിലോ അറിവിലോ യാതൊരു മേന്മയും അവകാശപ്പെടാനില്ലാത്ത ഒരു
തനി നാട്ടുമ്പുറത്തുകാരൻ കൃഷീവലന്റെ മകനെ അദ്ദേഹം തന്റെ ജാമാതാവായി സ്വീകരിക്കുമോ? യാതൊരു പുരോഗനവും ഇല്ലാത്ത ഒരു ഗ്രാമത്തിലേക്കു മകളെ വിവാഹം കഴിച്ചയക്കാൻ ആ പിതാവ് ഒരുങ്ങുമോ?
             തന്റെ വീട്ടിൽ യാതൊരു പ്രശ്നത്തിനും ഇടയില്ല.വീട്ടിലെ ഇളയ പുത്രനാണ് താൻ. അമ്മയുടെയും അച്ചായന്റെയും പുന്നാര കൊച്ചു മോൻ.ചേട്ടന്റെ സ്നേഹനിധിയായ അനുജൻ. നാലു സഹോദരിമാർ. നാലുപെണ്ണിനിളയതായി ജനിച്ച ചേട്ടനെപ്പോലും തലയിൽ വച്ചാൽ പേനരിക്കും താഴത്തുവച്ചാൽ ഉറുമ്പരിക്കും എന്നമട്ടിലാണ് വളർത്തിയെടുത്തത്. ചേട്ടനൊന്നു ചിണുങ്ങിയാൽ ഏതമ്പിളി മാമനെപ്പോലും പിടിച്ചു കൊണ്ടുവരാൻ ചേച്ചിമാർ. അപ്പോൾ പിന്നെ തന്റെ കാര്യം പറയണോ?
അവരുടെ കല്യാണം കഴിഞ്ഞപ്പോൾ എല്ലാകാര്യങ്ങളും ചെടത്തിയമ്മയായി. അമ്മയാണെങ്കിൽ താനിപ്പോഴും കൊച്ചു കുട്ടിയാണെന്നമട്ടിലാണ് തന്നോട് പെരുമാറുന്നത്. ചേട്ടനും അപ്പനും മറിച്ചല്ല. അതുകൊണ്ടു തന്നെ ഇതെങ്ങനെ അവരുടെ മുന്നിൽ അവതരിപ്പിക്കും?ആരു പറയും?
        പ്രഭാകരനെക്കൊണ്ടു പറയിച്ചാലോ?
വേണ്ട. ഉറ്റസ്നേഹിതനായിരുന്നിട്ടും ഇത്രനാൾ പറയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരും. വേണ്ട സമയമാ കുമ്പോൾ താനെ വഴി തുറക്കും. കാത്തിരിക്കാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *