വീണ്ടും അവൾ ആ ഓഫീസിന്റെ പടികൾ കയറി. പല തവണ കയറി ഇറങ്ങിയ പടികൾ. അപ്പോഴൊക്കെ തികഞ്ഞ സംതൃപ്തിയോടും ആത്മാർത്ഥതയോടും കൂടിയായിരുന്നു.പക്ഷെ ഇന്ന് അവ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി അവൾക്കു തോന്നി.ഇനി എത്ര നാൾ ഈ
പടികൾ കയറി ഇറങ്ങേണ്ടി വരും? ഒരാഴ്ച, രണ്ടാഴ്ച, ഒരു മാസം….. കണക്കു കൂട്ടിയിട്ട് കാര്യമില്ല. ഗവണ്മെന്റ് കാര്യം മുറ പോലെ എന്നല്ലേ?വരുന്നതു പോലെ വരട്ടെ. അവൾ സ്വന്തം ഇരിപ്പിടം നോക്കി നടന്നു.
പതിവുപോലെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു. ആരെയും കാത്തിരുന്നിട്ട് ഫലമില്ല,ആരും വന്ന് മിണ്ടാനും പോകുന്നില്ല. അവൾ രജിസ്റ്ററുകൾ മേശപ്പുറത്തേക്ക് എടുത്തു വച്ച് മറിച്ചു നോക്കിത്തുടങ്ങി. പതിവില്ലാത്ത ഒരു മുരടനക്കം. അവൾ തലയുയർത്തി,മുന്നിൽ സ്വീപ്പർ. .അവർ കുറച്ചുകൂടി അടുത്തേക്കു നീങ്ങി സ്വകാര്യമായി പറഞ്ഞു.
“കൊച്ചറിഞ്ഞോ നമ്മുടെ ജോസ് സാറിന്റെ കല്യാണമാ.”
ഇത്ര പെട്ടെന്നൊ തനിക്കു വിശ്വസിക്കാൻ തോന്നിയില്ല.
“ക്രിസ്തുമസ് കഴിഞ്ഞ്, പെൺകൊച്ചു നേഴ്‌സ്. ഇവിടുന്നു കുറച്ചു മാറി……”
താൻ കേട്ടിട്ടില്ലാത്ത ഒരു സ്ഥലപ്പേരും പറഞ്ഞു. എന്തായാലും നടക്കട്ടെ. നല്ലകാര്യം. മനസ്സു പറഞ്ഞു.
“എന്നാലും കൊച്ചു സാറിനോട് അങ്ങനെ ചെയ്യണ്ടായിരുന്നു.
നല്ല ഇഷ്ടമായിരുന്നു കൊച്ചിനെ. സാറിന്റെ അമ്മ എന്നോട് പറഞ്ഞതാ. ഞാൻ അവിടെ വല്ലപ്പോഴുമൊക്കെ പോകും. “
അവൾ അടികൊണ്ടതു പോലെ പുളഞ്ഞു പോയി. വെറുതെയല്ല എല്ലാവരും
തന്നോട് ആ വിധത്തിലൊക്കെ പെരുമാറിയത്. എല്ലാവർക്കും എല്ലാം അറിയാമായിരുന്നു. താൻ മാത്രം ഒന്നും അറിഞ്ഞില്ല. തന്റെ തെറ്റിദ്ധാരണ കൊണ്ട് പലതും ഊഹിച്ച് അല്പം ക്രൂരമായി തന്നെ പെരുമാറുകയും ചെയ്തു. ഇനി എന്തുപറയാൻ.എന്തു ചെയ്യാൻ. സ്വീപ്പർ കടന്നു പോയപ്പോൾ അവൾ മേശമേൽ തലചായ്ച്ചു കിടന്നു.അവൾക്കു പൊട്ടി പൊട്ടിക്കരയണം എന്നുതോന്നി. ഓരോരുത്തരും വരുന്നതു മനസ്സിലാക്കി അവൾ സ്വയം നിയന്ത്രിച്ചു.
കൂട്ടുകാരിയും ഭർത്താവും കടന്നു വരുന്നതവൾ അറിഞ്ഞു. പതിവിനു വിപരീതമായി അവർ തന്റെ മേശക്കടുത്തേക്കു തന്നെ വന്നു,സംസാരിച്ചുകൊണ്ട്.
“ഉടനെ ഒരു കല്യാണം കൂടാം കേട്ടോ.”
അവൾ തലയുയർത്തി നോക്കി. തലേ ആഴ്ചയിലെ ഒരു മുഖമായിരുന്നില്ല അപ്പോൾ. അനിഷ്ടത്തിന്റെ ഒരു ഭാവവും
ആ മുഖത്തു കാണാനായില്ല. പകരം നല്ല പ്രസന്നത. അവർ തുടർന്നു.
“ക്രിസ്മസ് കഴിഞ്ഞാൽ കല്യാണം.പെണ്ണ് നേഴ്സ്. മിടുക്കിയാന്നാ കേട്ടെ.നമുക്ക് കല്യാണം പൊടി പൂരമാക്കണം .”
അവൾ വിഷണ്ണയായി. തന്നോടു തന്നെ വേണമായിരുന്നോ ഇത്. തോളിൽ തട്ടി ബാഗ് സ്വന്തം മേശയിൽ വച്ച് അവർ രജിസ്റ്ററിൽ ഒപ്പ് വയ്ക്കാൻ പോയി. ഹെഡ് ക്ലർക്ക് വിളിക്കുന്നതിന് മുൻപ് താനും ഒപ്പിടണമല്ലോ. അവളും എഴുന്നേറ്റ് അടുത്ത മുറിയിലേക്കു ചെന്നു.കുനിഞ്ഞ ശിരസ്സോടെ രജിസ്റ്ററിൽ ഒപ്പു വച്ച് അവൾ തിരികെ നടന്നു. ഭാഗ്യം.അദ്ദേഹം അവിടെയില്ല, മറ്റുള്ളവരും അടുത്ത മുറിയിൽ സഭ കൂടിയിരിക്കുന്നു.പുതിയ വിഷയം കിട്ടിയതിന്റെ ചർച്ച.ഒപ്പം താനും
അതിൽ സംസാരവിഷയം ആകുമല്ലോ, സ്വാഭാവികമായും. അതാണല്ലോ നാട്ടുരീതി.അവൾ പെട്ടെന്നു തന്റെ സീറ്റിലേക്ക് നടന്നു.എല്ലാം മാറി എല്ലാവരും സംസാരിക്കാൻ അടുത്തു വരുമെന്ന് പ്രതീക്ഷിച്ച തനിക്ക് വീണ്ടും പഴയ അവസ്ഥയോ?
ഒരു വിധത്തിൽ ദിവസങ്ങൾ തള്ളി നീക്കി. ഇനിയുണ്ട് രണ്ടു ദിവസം കൂടി ആഴ്ച എത്താതെ എങ്ങനെ വീട്ടിൽ പോകും. പോകുമ്പോൾ കുറച്ചു ദിവസം ലീവ് എടുത്തു പോകണം അവൾ ചിന്തിച്ചുറപ്പിച്ചു.ഒരു ലീവ് ആപ്ലിക്കേഷൻ ഫോം എടുത്ത് പൂരിപ്പിച്ചു വച്ചു. നവംബർ
മാസമാണ് ഒരു മാസം കൂടി പിന്നിട്ടാൽ വർഷം തീരും. പിന്നെ ഈ ലീവ് കിട്ടുകയുമില്ല.പിറ്റേന്ന് എത്തുമ്പോൾ കൊടുക്കാം. പകരം സീറ്റിൽ ആളെ ആക്കണം. അല്ലെങ്കിൽ ഒരു കത്തും സെക്ഷനിൽ എത്തുകയില്ല. ഒരു കത്തും ലക്ഷ്യം കാണുകയുമില്ല.
രാവിലെ പോസ്റ്റ് കൊണ്ടു വന്നത് നോക്കിക്കൊണ്ടിരുന്ന ഹെഡ് ക്ലർക്ക് വിളിച്ചു പറഞ്ഞു
“കുട്ടി കോളടിച്ചല്ലോ ഇത്ര പെട്ടെന്നു ഇതെങ്ങനെ ഒപ്പിച്ചെടുത്തു? മുകളിൽ വല്ല പിടിപാടും ഉണ്ടോ “
ഒന്നും മനസ്സിലായില്ല. ആരോ വിളിച്ചു പറഞ്ഞു സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ.
അപ്പൻ പറഞ്ഞത് ഓർത്തു.
” മോളിപ്പം പോ നമുക്കു വഴിയുണ്ടാക്കാം. നോക്കട്ടെ”,
എന്നാലും ഇത്ര പെട്ടെന്നു ഇത് എങ്ങനെ സാധ്യമായി? അപ്പന്റെ സഹോദരിയുടെ മകന് രാഷ്ട്രീയത്തിൽ പിടിപാടുള്ള കാര്യം ഓർമ്മ വന്നു. ആ വഴിക്കാവും.
സ്വന്തം നാടാണെങ്കിലും രണ്ടു ബസ്സ് കയറണം ഓഫീസിലെത്താൻ. കൊള്ളാം
അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്. അവൾ സ്വാന്തനിച്ചു.
പിന്നെ എല്ലാം ധൃതഗതിയിൽ ആയിരുന്നു. പിറ്റേന്നു വീട്ടിൽ പോകാനിരിക്കയായിരുന്നു. അതു ആ ഓഫീസിൽ നിന്നുള്ള അവസാനത്തെ പോക്കാകും എന്നു ഓർത്തില്ല. ട്രാൻസ്ഫർ വിത്ത് ഇമ്മീഡിയറ്റ് ഇഫക്റ്റ് ആണ്.പിറ്റേന്നു ഉച്ചകഴിഞ്ഞു സെന്റ് ഓഫ്. ഹെഡ് ക്ലർക്ക് ഓഫീസറുടെ റൂമിൽ നിന്നും വന്നു പറയുന്നതു കേട്ടു.റിലീവിംഗ് ഓർഡർ ടൈപ്പ് ചെയ്യുമ്പോൾ കൂട്ടുകാരി കണ്ണു തുടയ്ക്കുന്നത് കണ്ടു.രണ്ടു മൂന്നു പ്രാവശ്യം സൂചിപ്പിക്കുകയും ചെയ്തു.
‘ഇത്ര പെട്ടെന്നു വേണ്ടായിരുന്നു ഒരു അനുജത്തിയായി കണ്ട് ഇടപെട്ടു തുടങ്ങിയിരുന്നു അതു കൊണ്ടു തന്നെയാ ജോസ് സാറിന്റെ കാര്യത്തിൽ ഇഷ്ട്ടം കാണിച്ചതും ….’
പാവം! ഉള്ളു ശുദ്ധമാണ്
( തുടരും….. )
About The Author
No related posts.