വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 2– ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 2

കല്യാണം അത്ര പെട്ടെന്നു നടക്കുമെന്ന് ആരും കരുതിയില്ല. പെണ്ണുകാണാൻ പോയതും പെൺവീട്ടുകാർ വന്നതുമൊക്കെ പെട്ടെന്നായിരുന്നു. കാണാൻ പോയവർക്കൊക്കെ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. ചെറുക്കന് നന്നായി ചേരും എന്ന കമന്റും. ആരും കുറ്റം പറയാത്ത സൗകുമാര്യം . പിന്നെ നല്ല പെരുമാറ്റവും.
        ഒരു വൈകുന്നേരത്തെ സുഹൃത് സമ്മേളനത്തിലാണ് അവളെക്കുറിച്ചു പറഞ്ഞത്.
“പ്രഭാകരാ! നിനക്കു പറ്റിയ ഒരു പാർട്ടി എന്റെ അറിവിലുണ്ട്. ഞങ്ങളുടെ അടുത്ത ഓഫീസിൽ തന്നെ.”
“എടേ എടേ ഞാൻ പണ്ടേ തന്നോട് പറഞ്ഞിട്ടില്ലേ എനിക്കു ജോലിയുള്ളതിനെ വേണ്ടെന്ന്. എനിക്കു തന്റെ ചേടത്തിയെ
പ്പോലെ ഒരാളെ മതി. ആ അടക്കോം ഒതുക്കോം പക്വതേം പാകതേം ഒക്കെ കാണുമ്പോൾ കോരച്ചായനോട് അസൂയ തോന്നിയ നിമിഷങ്ങൾ പോലുമുണ്ട്.”
“എടാ പ്രഭാകരാ! നിനക്കിന്നു സാമാന്യം ഭേദപ്പെട്ട ഒരു ശമ്പളം ഉണ്ടായിരിക്കാം. നിന്റെ ചെലവിന് അതു ധാരാളം മതിയാകയും ചെയ്യും. പക്ഷെ നീ വിവാഹം കഴിച്ചാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്ക്. പറമ്പും പുരയും അമ്മയുടെ പേരിലല്ലേ? അതു നിനക്കു കിട്ടുമെന്ന് എന്താണുറപ്പ്?”
“എന്നാലും ബേവച്ചാ ….”
“എടാ പണ്ടത്തെ ഫാഷനാണ് ജോലിയില്ലാത്ത പെണ്ണ്. ഇന്ന് ഏതു വീട്ടിലുണ്ടെടാ
ജോലിയില്ലാത്ത പെണ്ണ്?”
“അതൊക്കെ ശരിയാ, എന്തോ എനിക്ക്….
ഈ ജോലിക്കാരി പെണ്ണുങ്ങളെ………. അവരുടെ സംസാരരീതി, കുഴഞ്ഞാട്ടം ഒക്കെ ഞാനും കണ്ടും കേട്ടുമല്ലേ കഴിയുന്നത്?ഒറ്റ എണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളുകേല.”
“എടാ അതു പറയരുത്. ജോലിക്കായി ആദ്യം കേറിവരുന്ന അന്നു മുതലേ ഇവർ
കുഴഞ്ഞാടാറുണ്ടോ? വേണ്ടാത്ത സംസാരത്തിനു മുതിരാറുണ്ടോ?, കാലപ്പഴക്കം കൊണ്ട്, ഒരേ ഭിത്തിക്കുള്ളിൽ ഒരുമിച്ചിരുന്ന് ജോലി ചെയ്യുമ്പോൾ
വല്ലതുമൊന്നു പറഞ്ഞെന്നും പ്രവർത്തിച്ചെന്നും വരാം. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? നമ്മളും അതിനു കൂട്ടുനിൽക്കുന്നില്ലേ? ആ രീതി
നമ്മളും ഇഷ്ടപ്പെടുന്നതു കൊണ്ടല്ലേ? നമ്മളും അതിന്നുത്തരവാദികളല്ലേ?”
          പ്രഭാകരന് പിന്നെ ഒന്നും പറയാൻ ഇല്ലാതായി.കൂട്ടുകാരൻ പറയുന്നത് നൂറ് ശതമാനവും ശരിയാണ്.പിന്നെന്തു പറയാൻ.?
“പ്രഭാകരാ!ജോലിയുള്ള എല്ലാ സ്ത്രീകളും നീചിന്തിക്കുന്നപോലെ
മോശക്കാരാകണമെന്നുണ്ടോ? വീട്ടിൽ നിൽക്കുന്ന എല്ലാ പെണ്ണുങ്ങളും ശീലാവതികളാ ണെന്ന് നിനക്കു ഉറപ്പിച്ചു പറയാമോ?”
“അതു നീ എന്നെ അടിച്ചിരുത്തിക്കളഞ്ഞല്ലോ “
“സോറി പ്രഭാകരാ!ഞാൻ നിന്റെ വീട്ടിലെ കാര്യമൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.കാലത്തിനനുസരിച്ച് നമ്മളും ജീവിക്കണ്ടേ? ഒന്നുമില്ലെങ്കിലും നമ്മുടെ ജീവിത നിലവാരം നമ്മൾ വച്ചു പുലർത്തണ്ടേ?
…………………..
“എന്താ നീയൊന്നും മിണ്ടാത്തത്? ഞാനൊന്നു ശ്രമിക്കട്ടെ?”
“നിന്റെ ഇഷ്ടം പോലെ”
“കൊള്ളാം അങ്ങനെ വഴിക്കുവാ.
ഇന്നത്തെ ഇറക്കം കൊണ്ട് ഇത്രയുമായി
പ്രാർത്ഥനയ്ക്ക് എത്തിയില്ലെങ്കിൽ അച്ചായൻ മെക്കിട്ടുകേറും.”
        അടുത്തടുത്ത രണ്ടു വീടുകൾ. എന്തു
കാര്യം ഉണ്ടെങ്കിലും പരസ്പര സഹകരണം. എല്ലാ കല്യാണങ്ങൾക്കും കാലേകൂട്ടി വന്ന് എല്ലാറ്റിനും കൂടുന്നത്ര അടുപ്പവും സ്നേഹവും.വിശേഷദിവസങ്ങൾക്ക് എന്തുണ്ടാക്കിയാലും അങ്ങോട്ടും ഇങ്ങോട്ടും പങ്കു വയ്ക്കൽ .കല്യാണശ്രമങ്ങൾക്കിടയിൽ ശോശാമ്മയോട് വളരെ ഒതുക്കത്തിൽ നാണിയമ്മ പറഞ്ഞു.
“എന്നാ പറയാനാ ശോശാമ്മേ. എനിക്കത്ര
ഇഷ്ടം ഉണ്ടായിട്ടല്ല. പിന്നെ ഇങ്ങനൊക്കെ
ഒത്തു വന്നപ്പോ അങ്ങു സമ്മതിച്ചെന്നെ ഉള്ളു “
“കുട്ടൻനായർക്കിഷ്ടപ്പെട്ടോ?”
“ഓ അതിയാന്റെ കാര്യം എന്തോ പറയാനാ നേരത്തിനും കാലത്തിനും വല്ലോം തിന്നാൻ കിട്ടണം. അന്തിക്കിത്തിരി മോന്തണം.ഇതൊക്കെയല്ലാതെ അതിയാന് ഒന്നും നോട്ടമില്ല.”
       ഉമയമ്മക്കാണ് ഇക്കാര്യം ഒട്ടും ഇഷ്ടമാകാഞ്ഞത്. അതവളുടെ വാക്കിലും നോക്കിലും തെളിഞ്ഞു നിന്നു.മേരിമ്മ മനസ്സിലോർത്തു. പത്തു മുപ്പതു വയസ്സായിട്ടും കല്യാണമാകാതെ മുരടിച്ചു
നിൽക്കുന്നു. കൊങ്കണ്ണാണ് പ്രധാനം. കൂടെ അല്പം ചില്ലറ പരദൂഷണവും സ്വഭാവദുഷ്യവും ഉണ്ടെന്നാണ് കേൾവി. സുന്ദരിയും സുശീലയും ജോലിക്കാരിയുമായ ഒരു നാത്തൂൻ വന്നു
കയറുന്നതിലുള്ള അസൂയ.ഒന്നു ഗുണദോഷിക്കണം എന്നുണ്ട് പക്ഷെ. തന്നെക്കാൾ മൂത്ത ഒരു വളോട് എന്തു പറഞ്ഞു കൊടുക്കാൻ. മാത്രമല്ല അവർ തന്നെപ്പറ്റി പീലിയുടെ അമ്മയോട് പലതും പറയാറുണ്ടെന്ന് കുഞ്ഞുമറിയം തന്നെയാണ് ഒരിക്കൽ തന്നോട് പറഞ്ഞത്.
     സൗദാമിനിക്ക് മാത്രം പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ലായിരുന്നു. അവൾ
പണ്ടേ അങ്ങനെയാണ്. എല്ലാം മൗനമായി നോക്കിക്കാണും. ഒന്നിനും എതിരഭിപ്രായം
പോയിട്ട് അഭിപ്രായം പോലും പറയുകയില്ല.ഇക്കാര്യത്തിൽ അവൾ ഉള്ളുകൊണ്ട് സന്തോഷിച്ചിരുന്നു താനും. ഒരേ ഒരു സഹോദരൻ. അയാൾക്ക് നന്മ വരാൻ മാത്രമേ അവൾ ആഗ്രഹിച്ചുള്ളു.പക്ഷെ അവളതു പുറമെ കാണിച്ചില്ല.പെണ്ണു കാ ണാൻ പോയപ്പോഴും,
പെൺവീട്ടുകാർ വന്നപ്പോഴും അവളും ഭർത്താവും പങ്കെടുത്തു.
    പിന്നെ വന്നത് കല്യാണത്തലേന്നുമാത്രം.അതിനും അല്പം കാര്യം ഉണ്ട്‌. സൗദം തന്നെ പറഞ്ഞതാണു തന്നോട്. കല്യാണം കഴിഞ്ഞു ആദ്യമായി സ്വന്തം വീട്ടിൽ വിരുന്നുവന്നപ്പോൾ തന്റെ ഭർത്താവിനെ ചേച്ചി ഒന്നു വളയ്ക്കാൻ നോക്കിയത്രേ.അത്ര ദുഷ്ട സ്ത്രീയാണ് ഉമയമ്മ എന്നാണ് അവൾ പറഞ്ഞത്. അനുജത്തിയായ തന്നോട് അവൾക്കു അസൂയയായിരുന്നു. മുത്തവൾ നിൽക്കെ മാലയോഗം ഇളയവൾക്ക് ഒത്തുവരിക. ആരും അസുയപ്പെട്ടുപോകും. അതിന്റെ ചൊരുക്കും അവർ കാണിക്കും. ആർക്കും അത്ര വിശാലമനസ്ക്കരാകാൻ കഴിയില്ല.എല്ലാം തുറന്നു പറയാൻ പറ്റുന്നപോലെ .അത്രയ്ക്ക് കാര്യമായിരുന്നു അയല്പക്കത്തെ തന്നോട് സൗദാമിനിക്ക്.ഒരു ജേഷ്ഠസഹോദരിയും കൂട്ടുകാരിയുമായി അവൾ തന്നെക്കണ്ടിരുന്നു.
             ഒരുവിധം ഭംഗിയായി കീച്ചേരിയിലെ പ്രഭാകരന്റെ കല്യാണം നടന്നു. സൗദത്തിന്റെ കല്യാണം പോലെ എല്ലാറ്റിനും കാലായിക്കാരാണ് മുൻകൈ എടുത്തത്. ചാക്കോച്ചൻ
കലവറയുടെ ചുമതല ഏറ്റു. കുട്ടൻ നായർക്കു സഹായമായി കോരച്ചനും അളിയന്മാരും പ്രഭാകരനു സഹായമായി ബേവച്ചനും. മേരിമ്മയും നാത്തൂന്മാരും സ്ത്രീകളെ
നോക്കാനും. ഉമയമ്മ തനിക്ക്
ഇതിൽ ഒരു പങ്കുമില്ലെന്നമട്ടിൽ ഉടുത്തും ഒരുങ്ങിയും വിലസി നടന്നു.
                  ഗീതക്കു എവിടെ എങ്കിലും ഒന്നു തല ചായ്ക്കണം എന്നുണ്ട്. തന്നെ ഒരു മുറിയിലി രുത്തി പ്രഭാകരൻ കൂട്ടുകാരെ യാത്രയാക്കാൻ പുറത്തേക്കു പോയതാണ്. അവൾ
മുറിയിലാകെ ഒന്നു കണ്ണോടിച്ചു. കട്ടിലുണ്ട്,പക്ഷെ ആകെ അലങ്കോലമായി കിടക്കുന്നു.
ഒന്നു ഒതുക്കി അവിടെയെങ്ങാൻ ചാഞ്ഞാലോ അവൾ ചിന്തിച്ചു. പുതുപ്പെണ്ണല്ലേ അങ്ങനെ കിടക്കുന്നതു ശരിയാണോ? വിവാഹരാത്രി അതിനു അതിൻെറതായ ചടങ്ങുകൾ ഇല്ലേ? മുല്ലപ്പൂ വിതറിയ മെത്ത വിരിച്ച കട്ടിൽ, മേശപ്പുറത്ത് പാലും പഴങ്ങളും.ഒന്നും റെഡിയാക്കിയിട്ടില്ല. കല്യാണത്തിരക്കായിരുന്നല്ലോ. അവൾ ചിന്ത വഴി തിരിച്ചു. എന്തായിരിക്കും പ്രഭാകരൻ തന്നെ വിളിക്കുക ? താനെന്താണ് ഭർത്താവിനെ വിളിക്കേണ്ടത്? പ്രഭാകരേട്ടൻ! അതു വേണ്ട എന്തൊ ഒരകൽച്ചപോലെ. പ്രഭേട്ടൻ!അതുമതി.ആ വിളിയുടെ മധുരത്താൽ ചുണ്ടിലൊരു പുഞ്ചിരിയുമായി അവൾ ഭിത്തിയിലേക്കു ചേർന്നിരുന്നു.
          അല്പം മയങ്ങിക്കാണും പുറത്തു സംസാരം കേട്ടു.
“ചേച്ചി! ആ പുതിയ ഷീറ്റു രണ്ടും എവിടെ?”
“ഏതു ഷീറ്റ് “
“ഞാൻ കഴിഞ്ഞ ആഴ്ച്ച വാങ്ങിവച്ചതെ “.
“പുതുപ്പെണ്ണിനെ പുത്തൻ ഷീറ്റേലേ കിടത്തു എങ്കിൽ തന്നേക്കാം. പക്ഷെ അതിലൊന്നു ഞാനും മറ്റത് അമ്മേം എടുത്തു.”
       കഷ്ടം! ഈ നല്ല ദിവസത്തിനായി മാത്രം വാങ്ങിയത്. ഫാബ്രിക് പെയിന്റിൽ അപ്പുറത്തും ഇപ്പുറത്തുമായി ചുണ്ടോടു ചുണ്ട് മുട്ടിച്ച് ചേർന്നി രിക്കുന്ന ഇണക്കുരുവികൾ. ഒറ്റ ബെഡ്ഷീറ്റ് എന്നു തോന്നിക്കുന്ന രണ്ടു ഷീറ്റിന്റ പാക്ക്. രണ്ടു തലയിണകളുൾപ്പെടെ .
അതിലും അങ്ങനെ തന്നെ. ചേച്ചിക്ക് അറിയില്ലെങ്കിൽ അമ്മക്കറിയില്ലേ ഈ
ദിവസത്തിന്റെ പ്രാധാന്യം.
     ചേച്ചി രണ്ടാമതും തന്നെ പരാജയപ്പെടുത്തിയിരിക്കുന്നു. കല്യാണമല്ലേ വീടിന്റെ മുഖഭാവം ഒന്നു മാറ്റിയെടുക്കണം, ഒരു ഒതുക്കമുള്ള മുറിയും ആകും . കല്യാണം കഴിഞ്ഞാൽ തനിക്ക് ആ മുറി ഉപയോഗിക്കുകയും ചെയ്യാം.പണം കയ്യിലുണ്ടായി രുന്നത് തികയാതെ കടവും കൂടി വാങ്ങിയാണ് പോർട്ടിക്കൊയും സൈഡിൽ ഒരു മുറിയും തീർ
ത്തെടുത്തത്. തീർന്നപ്പോൾ പഴയ ആ വീടാണെന്നെ ആരും പറയില്ല. അത്ര ഭംഗിയായിരുന്നു. ജനാലക്കരുകിൽ ഇടാം ഒരു ഡബിൾ കോട്ട്. അരികിൽ ഒരു ഓഫീസ് ടേബിൾ.കൂടെ ചെയറും. നിലക്കണ്ണാടി ഫിറ്റ്‌ ചെയ്ത ഒരു അലമാര അല്ലെങ്കിൽ ചെസ്റ്റ് ഓഫ് ഡ്രോയേഴ്‌സ്. എല്ലാ മനക്കോട്ട കളും താഴെ വീണുടഞ്ഞു. എല്ലാം ഓർഡർ ചെയ്ത് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച. അകത്തളത്തിൽക്കിടന്ന കട്ടിലും തുണിപ്പെട്ടിയും പുതിയമുറിയിൽ. എല്ലാം ചേച്ചിയുടെ.ഇന്നും അതെ പോലെ.
              പുത്തരിയിൽ തന്നെ കല്ല് കടിച്ചിരിക്കുന്നു. ഗീത ചിന്തിച്ചു പോയി.പ്രഭാകരൻ അകത്തേക്കു കടന്നു വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മാസിക മറിച്ചു നോക്കിക്കൊണ്ടിരുന്നു. ഒന്നും സംഭവിക്കാത്തവളെപ്പോലെ. ജാള്യതയോടെ കടന്നു വരുന്ന പ്രഭാകരന്റെ മുഖം അവൾ കണ്ടതായി നടിച്ചില്ല.
                  ഒരക്ഷരമുരിയാടാതെ പ്രഭാകരൻ അലങ്കോലപ്പെട്ടു കിടന്നിരുന്ന കട്ടിൽ ശരിപ്പെടുത്താൻ തുടങ്ങി. കിടന്നിരുന്ന വിരികൾ സ്വയം കുടഞ്ഞു വിരിച്ചു തലയിണകളും അതുപോലെ തട്ടിപ്പൊത്തി വൃത്തിയാക്കിവച്ചു. കൂടുതൽ നോക്കി നിൽക്കാൻ ഗീതക്കു കഴിഞ്ഞില്ല. അവളുടെ മണിയറ സങ്കല്പമായി തന്നെ അവശേഷിച്ചു. എങ്കിലും ആജീവനാന്തം ഒരുമിച്ചുറങ്ങേണ്ട അവരുടെ ആദ്യരാത്രിയിലെ ഒരുക്കങ്ങൾക്ക് അവൾ കൂടി സഹായിച്ചു.
               ” ഗീതാ!”
ആ വിളിയിൽ ഒരു സ്വർഗ്ഗം ഒളിഞ്ഞുകിടപ്പു ണ്ടെന്നവൾക്ക് തോന്നി. വിളി കേൾക്കണം
എന്നുണ്ടായിരുന്നെങ്കിലും അവളുടെ നാവ് നിശ്ചലമായിരുന്നു. ഒന്നു മൂളാൻ പോലും ആവാത്തവിധം.
പ്രഭാകരൻ അവളുടെ കൈ പിടിച്ച് ഒരിക്കൽക്കൂടി ഗീതയെ വിളിച്ചു.
“വരൂ! വന്നിരിക്കു. ഇപ്പോൾത്തന്നെ മണി
പന്ത്രണ്ടായി നമുക്കു നമ്മുടെ ജീവിതം തുടങ്ങേണ്ടേ “
അവളുടെ ഉള്ളം തുടികൊട്ടി. വിവാഹ ജീവിതാരംഭം.കട്ടിലിൽ അടുത്തിരുന്ന അവളുടെ താടി പിടിച്ചുയർത്തി ആ പേലവാധരങ്ങളിൽ അവനൊരു ചുടുചുംബനം അർപ്പിച്ചു.
“ഈ സ്നേഹമുദ്ര നമ്മുടെ ജീവിതത്തെ മധുരമുള്ളതാക്കട്ടെ.”
അവളും അതുതന്നെ വിചാരിച്ചു ഇതു അങ്ങോളം തുടരാൻ ഈശ്വരൻ അനുവദിക്കട്ടെ.
“ഗീതാ! ദാമ്പത്യജീവിതം റോസാദലങ്ങൾ വിരിച്ച ഒരു പട്ടുമെത്തയല്ല. ചെടിയിൽ മുള്ളുകൾ ഏറെയുണ്ടാകും. അതുപോലെ ജീവിതത്തിലും.
.എന്തുവന്നാലും പുഞ്ചിരിയോടെ നേരിടണം അതാണ് ജീവിതത്തിന്റെ വിജയം.”
അവൾ മൗനിയായിരുന്നു. കാരണം ഏതാനും നിമിഷങ്ങൾ മുൻപാണ് ആദ്യത്തെ മുള്ളു കൊണ്ടത്. അതുൾക്കൊണ്ടാണ്
പ്രഭേട്ടൻ ഈ വാക്കുകൾ പറയുന്നതെന്നവൾക്കറിയാം.
പ്രഭാകരൻ തന്റെ രണ്ടു കയ്യാൽ അവളുടെ മുഖം തിരിച്ചു തനിക്കു നേരെയാക്കി. അവളുടെ കൈകൾ എടുത്തു തന്റെ ദേഹത്തു ചുറ്റി.അവൻ മുഖം തിരിച്ച് കണ്ണുകൾ അടച്ചിരുന്നു.
“ദാ ഇനി ഈ കവിളത്തു ഒരു സ്നേഹമുദ്ര തരൂ. ഒന്നു ഞാൻ തന്നു ഇനി തന്റെ വീതമാണ് “
നാണിച്ചു നാണിച്ചു അവൾ സ്വഭർത്താവിന് ഒരു ചുംബനം നൽകി. ഒരു പുരുഷന് ആദ്യമായി നൽകുന്ന ചുംബനം ബെഡ്‌ റൂം ലാംമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ കവിൾത്തടങ്ങൾ അരുണാഭമായി .

About The Author

Leave a Reply

Your email address will not be published. Required fields are marked *