മുണ്ടന്‍മുടിയിലേക്കുള്ള അവസാനത്തെ ബസ് – (ഡാലിയ വിജയകുമാർ )

Facebook
Twitter
WhatsApp
Email
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ കുറച്ചുമുമ്പിലായാണ് ബസ് നിര്‍ത്തിയത്.
”സ്റ്റാന്റിലെറങ്ങാനൊള്ളോര് എറങ്ങിക്കോ.” കിളി വിളിച്ചുപറഞ്ഞു.
ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്‍സീറ്റില്‍ മയക്കത്തിലായിരുന്ന സീതാലക്ഷ്മി ഞെട്ടിയുണര്‍ന്നു. സ്റ്റാന്റിലേക്കു കുറച്ചു നടക്കാനുണ്ട്.
”അതെന്താ സ്റ്റാന്റില്‍ കേറാത്തെ? ഇവടന്നിനി എന്തോരെ നടന്നാലാ?” പ്രായമായ ഒരാള്‍ കണ്ടക്ടറോടു കയര്‍ക്കുന്നു. അയാളതൊന്നും ശ്രദ്ധിക്കാതെ ആളുകളെ ബസ്സില്‍നിന്നു പുറത്തിറക്കാന്‍ തിരക്കുകൂട്ടി.
ബാഗുകളെല്ലാമെടുത്ത് ആളുകളുടെയിടയില്‍ക്കൂടി ഇറങ്ങാന്‍ സീതാലക്ഷ്മിക്കു ബുദ്ധിമുട്ടായിരുന്നു. ഇരുകൈകളിലും ബാഗുള്ളതുകൊണ്ട് മൂന്നാമതൊന്നുള്ളതെടുക്കാന്‍ അവള്‍ കിളിയുടെ സഹായം തേടി. അയാള്‍ അവളുടെ മുഖത്തുപോലും നോക്കാതെ ബാഗെടുത്ത് വഴിയിലേക്കു വച്ചിട്ട് ഫുട്‌ബോര്‍ഡിലേക്കു ചാടിക്കയറി ഡബിള്‍ ബെല്ലടിച്ചു. ബസ് ഒരിരമ്പലോടെ മുന്നോട്ടു കുതിച്ചു.
ബസ് നീങ്ങിയ വഴിയിലേക്കു തുറിച്ചുനോക്കി സീതാലക്ഷ്മി അല്പനേരം നിന്നു. ഒരു ബാഗ് ചുമലില്‍ തൂക്കി ബാക്കി രണ്ടെണ്ണം ഇരുകൈകളിലുമായി തൂക്കിപ്പിടിച്ച് അവള്‍ റോഡിനപ്പുറത്തേക്കു നോക്കി. ബസ് സ്റ്റാന്റ് റോഡിനപ്പുറത്താണ്. സ്റ്റാന്റിലേക്കു കയറാനുള്ള ചെറിയ കയറ്റം. നാലുമണിയായെങ്കിലും നട്ടുച്ചപോലെ വെയില്‍ തിളച്ച് ഉരുകിയിറങ്ങിവരുന്നു. മുകളില്‍ തിളയ്ക്കുന്ന ആകാശം താഴെ ഉരുകുന്ന ടാര്‍ റോഡ്. അവള്‍ വളരെ ആയാസപ്പെട്ട് റോഡ് കുറുകെക്കടന്നു.
നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ കണ്ടതാണ് ഈ സ്ഥലങ്ങളൊക്കെ. വര്‍ഷമെത്ര കടന്നിരിക്കുന്നു. ഒന്നും ഓര്‍മ്മയില്ല. കിഴക്കോട്ടുള്ള ബസ്സുകള്‍ എന്നെഴുതിയിരിക്കുന്ന ബോര്‍ഡിനടുത്തേക്ക് അവള്‍ നടന്നു. കൈയിലുള്ള ബാഗിന്റെ ഭാരം കൂടുന്നതായി അവള്‍ക്കു തോന്നി. മൂന്നു ദിവസം മുമ്പു തുടങ്ങിയ യാത്രയാണ്, അവള്‍ മടുത്തു. തലങ്ങും വിലങ്ങും ബസ്സുകള്‍ നിരന്നുകിടക്കുന്നു. അവള്‍ യാത്ര തുടങ്ങിയ പട്ടണത്തിന്റെയത്ര തിരക്കില്ലെങ്കിലും ഇവിടെയും തീരെ കുറവൊന്നുമില്ല.
കുറെ സ്‌കൂള്‍ക്കുട്ടികള്‍ ഉറക്കെ സംസാരിച്ചുകൊണ്ട് അവളുടെ അടുത്തുകൂടി നടന്നുപോയി. അവരിലൊരാള്‍ സീതാലക്ഷ്മിയുടെ ബാഗില്‍ അറിയാതെയൊന്നു തട്ടി. മുമ്പോട്ടുപോയ അവന്‍ തിരിഞ്ഞുനോക്കി ക്ഷമാപണത്തോടെ തലയൊന്നു കുലുക്കി. ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ആ മുഖത്തേക്കു നോക്കി അവളും ചെറുതായൊന്നു പുഞ്ചിരിച്ചു. അവന്റെ പുഞ്ചിരിയിലേക്കു മുഖം തിരിച്ചതുകൊണ്ട് തൊട്ടുപിന്നില്‍ വന്നുനിന്ന ബസ് അവള്‍ കണ്ടില്ല. കിളിയുടെ ആക്രോശം അവളെ വിറപ്പിച്ചു. അവള്‍ ബാഗുകളും തൂക്കി വെയ്റ്റിങ് ഷെഡ്ഡിലേക്കു നടന്നു.
കിഴക്കോട്ടുള്ള ബസ്സുകള്‍ നിരന്നുകിടക്കുന്നു. വെയ്റ്റിങ് റൂമിലെ ചാരുബഞ്ചിലേക്ക് ബാഗുകള്‍ എടുത്തുവച്ചിട്ട് സീതാലക്ഷ്മി ചുറ്റും നോക്കി. അവിടെ നാലഞ്ചു സ്ത്രീകള്‍ ഇരുപ്പുണ്ട്. ഓരോ ബസ് വന്നു നില്ക്കുമ്പോഴും അവര്‍ ഓരോരുത്തരും എണീറ്റു നോക്കുന്നുണ്ട്. അവര്‍ക്കു പോകാനുള്ള ബസ്സല്ല എന്നറിയുമ്പോള്‍ തിരികെ വന്നിരുന്ന് മനോരാജ്യത്തില്‍ മുഴുകുന്നു.
കൈയില്‍ പ്ലാസ്റ്ററിട്ട ഒരു സ്ത്രീ ഷോപ്പിങ് കോംപ്ലക്‌സിന്റെ വരാന്തയില്‍ക്കൂടി നടന്നുവരുന്നു. അവരുടെ മകനാണെന്നു തോന്നിക്കുന്ന ഒരു യുവാവ് ഒപ്പം നടക്കുന്നുണ്ട്. എക്‌സ് റേയുടെ കവറും തുണികള്‍ കുത്തിനിറച്ച ഒരു പ്ലാസ്റ്റിക് ബാഗും അയാള്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. അമ്മയുടെ മുഖത്ത് അവശതയും വേദനയും നിറയെ കാണാം. അവര്‍ സീതാലക്ഷ്മിയുടെ അടുത്തു വന്നിരുന്നു. വല്ലാത്തൊരു അവശതയോടെ ദയനീയമായി അവളെയൊന്നു നോക്കി. അവരെത്തന്നെ നോക്കിയിരിക്കുകയായിരുന്ന സീതാലക്ഷ്മി ഒന്നു ചമ്മി നോട്ടം പിന്‍വലിച്ചു. പിന്നെ വെയ്റ്റിങ് റൂമിന്റെ അങ്ങേയറ്റത്തെ, അന്വേഷണങ്ങള്‍ എന്നെഴുതിയ സ്ഥലത്തേക്കു നടന്നു.
”4.45 നുള്ള ബസ്സുകള്‍ സ്റ്റാന്റുവിട്ടു പോകണം.” അനൗണ്‍സര്‍ ശബ്ദമുയര്‍ത്തി വിളിച്ചുപറയുന്നു. ചില ബസ്സുകള്‍ സാവധാനം സ്റ്റാന്റില്‍നിന്നു നീങ്ങാന്‍ തുടങ്ങി. ചിലതിലേക്കു ജീവനക്കാര്‍ ഓടിക്കയറി. അനൗണ്‍സ്‌മെന്റിന്റെ ചെറിയൊരു ഇടവേളയില്‍ അയാള്‍ സീതാലക്ഷ്മിയുടെ മുഖത്തേക്കു ചോദ്യഭാവത്തില്‍ നോക്കി.
”…മുണ്ടന്‍മുടിയിലേക്ക് ഇനി?” അവള്‍ ചോദിച്ചുതീരുംമുമ്പ് അയാള്‍ ഭിത്തിയിലെ ക്ലോക്കിലേക്കു നോക്കി. അതു നിലച്ചുപോയിട്ട് നാളുകളേറെയായതാണെന്ന് അതിലെ പൊടിയും മാറാലയും കാണുമ്പോഴേ അറിയാം. എന്നിട്ടും അയാള്‍ ആ ക്ലോക്കിലേക്കു നോക്കിയതെന്തിനാണെന്ന് സീതാലക്ഷ്മി ഓര്‍ത്തു.
”മുണ്ടന്‍മുടീലേക്ക് ഇനി ഏഴേകാലിനാ ബസ്സ്.” ഇപ്പോള്‍ സമയം അഞ്ചുമണി. സീതാലക്ഷ്മി നിലച്ചുപോയ ക്ലോക്കിലേക്കും തിരക്കു കൂടിവരുന്ന അന്തിവെയിലിലേക്കും മാറിമാറി നോക്കി. അനൗണ്‍സര്‍ അവളെ ശ്രദ്ധിക്കാതെ ബസ്സുകളുടെ പേരും സമയവും സ്ഥലങ്ങളും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
സീതാലക്ഷ്മി വീണ്ടും വന്ന് ചാരുബഞ്ചിലിരുന്നു. കൈയില്‍ പ്ലാസ്റ്ററിട്ട സ്ത്രീ അവളെത്തന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു. ഇടയ്‌ക്കെപ്പോഴോ നോട്ടം കൂട്ടിമുട്ടിയപ്പോള്‍ അവര്‍ സീതാലക്ഷ്മിയെനോക്കി വിശാലമായൊന്നു ചിരിച്ചു. സംസാരിക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്തു നിറഞ്ഞുനിന്നു.
”കൊച്ചെങ്ങോട്ടാ?” അവര്‍ ഒന്നിളകിയിരുന്നിട്ടു ചോദിച്ചു. ഇത്രയും നേരം അവരുടെ മുഖത്തുണ്ടായിരുന്ന അവശതയും വേദനയും ഇപ്പോള്‍ തീരെയില്ലായിരുന്നു.
”മുണ്ടന്‍മുടീലേക്ക്.” സീതാലക്ഷ്മി പതുക്കെപ്പറഞ്ഞു.
”മുണ്ടന്‍മുടീലേക്കോ?” അവര്‍ വിസ്മയത്തോടെ അവളെ നോക്കി. ”എന്റെ വീടും അവിടെത്തന്നാ. പക്ഷേ, ഞാനിപ്പം അങ്ങോട്ടല്ല കേട്ടോ. എളേ മോന്‍ താമസിക്കുന്നത് കരിങ്കുന്നത്താ, അങ്ങോട്ടാ.” അവര്‍ ശബ്ദം താഴ്ത്തി രഹസ്യം പറയുംപോലെ പറഞ്ഞു: ”ഈ ഒടിഞ്ഞ കൈയുംവച്ച് മൂത്ത മരുമോടെകൂടെ ശരിയാകത്തില്ല.” അവര്‍ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ഓര്‍മവന്നതുപോലെ അവര്‍ പറഞ്ഞു: ”എന്റെ കൊച്ചേ, മുണ്ടന്‍മുടീലേക്ക് ഇനി വണ്ടിയൊന്നും ഇല്ല.” അവര്‍ താടിക്കു കൈകൊടുത്ത് സീതയെ നോക്കി.
”ഏഴേകാലിന് ഒരെണ്ണം ഒണ്ടെന്ന് പറഞ്ഞല്ലോ” അവള്‍ എന്‍ക്വയറിയിലേക്കു മുഖം നീട്ടി.
”ശരിയാ, അത് ഒണ്ടേല്‍ പറയാം ഒണ്ടെന്ന്.” അവര്‍ മടുപ്പോടെ പറഞ്ഞു: ”അങ്ങോട്ടൊന്നും ഇപ്പഴും ബസ്സൊന്നും ഇല്ലന്നേ, പാലായീന്നും തൊടുപുഴേന്നും ഓരോ ബസ്. അത്രേ ഒള്ള്.” അവര്‍ തത്ത്വജ്ഞാനം വിളമ്പി.
”കൊച്ചൊരു കാര്യം ചെയ്യ്,” അവര്‍ സഹായിക്കാന്‍ സന്നദ്ധയായി അവളുടെ അടുത്തേക്കു നീങ്ങിയിരുന്നു. ”മുണ്ടന്‍മുടീല് എവടെയാ പോകണ്ടത്?” അവര്‍ എളുപ്പവഴി പറഞ്ഞുകൊടുക്കാനെന്നവണ്ണം ഒന്നിളകിയിരുന്നു. സീതാലക്ഷ്മി ഒന്നും മിണ്ടിയില്ല. അവളുടെ താത്പര്യമില്ലായ്മ മനസ്സിലാക്കിയ അവര്‍ സ്വരമൊന്നുമാറ്റി. ”അല്ലാ, എനിക്കവടെ എല്ലാരേം അറിയാം. ഞാനവടെ വന്നിട്ട് കൊല്ലം നാല്പത്തഞ്ചായി.” അവര്‍ വിനീതയായി വിശദീകരിച്ചു. സീതാലക്ഷ്മി അവരെ ഒന്നു നോക്കി എന്നിട്ടു പതിയെപ്പറഞ്ഞു:
”പള്ളീടെ അടുത്തുവരെ പോകണം.”
”പള്ളീടെ അടുത്തോ? അതാ ഞങ്ങടെ പള്ളി. അവടെ ഏതു വീട്ടിലാ?” സീതാലക്ഷ്മിയുടെ മുഖം പിന്നെയും താണു. ”കുളത്തുങ്കലെ വീട്ടില്‍ പോകാനാ.”
അവള്‍ക്ക് അത്രയുമേ അറിയൂ, പോകേണ്ട സ്ഥലത്തെക്കുറിച്ച്,
മുണ്ടന്‍മുടി!
പള്ളീടെ അടുത്ത്!
കുളത്തുങ്കലെ വീട്!
”കൊളത്തുങ്കലെ…” വൃദ്ധ പിന്നെയും ചോദിച്ചു: ”ഞാനിന്നലെ ആശൂത്രീല്‍ നിക്കുമ്പം സരസ്വതിയെ കണ്ടാര്‍ന്നു.”
”സരസ്വതിയോ?”
”ആ… മാധവന്റെ… പ്ലഷറ് കൂടുതലാന്നാ പറഞ്ഞത്. കൊച്ച് അവടെ ആരെക്കാണാനാ?” വൃദ്ധ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. സീതാലക്ഷ്മിക്കു മടുപ്പു തോന്നി.
”ആറുമണിക്കുള്ള ബസ്സുകളെല്ലാം സ്റ്റാന്റുവിട്ടു പോകണം” അനൗണ്‍സര്‍ മൈക്കില്‍ക്കൂടി നിലവിളിക്കുന്നതുകേട്ട് അവള്‍ ഞെട്ടി.
”കൊച്ചൊരു കാര്യം ചെയ്യ്, ഏതേലും ബസ്സേല്‍ കേറീട്ട് വണ്ണപ്പൊറത്തെറങ്ങ് എന്നിട്ട് ഒരു ഓട്ടോയോ ജീപ്പോ കിട്ടുവോന്ന് നോക്ക്.” അവര്‍, അവസാനവാക്കെന്നോണം പറഞ്ഞു: ”ഇവിടന്ന് കൊറേ ദൂരോണ്ട്. ഏഴരയ്ക്കു പോയാ ചെല്ലുമ്പം ഒത്തിരി രാത്രിയാകും.”
”ഓ, ബസ് വരട്ടെ.” അവള്‍ ചാരുബഞ്ചിലേക്കു തല ചായ്ച്ച് കണ്ണടച്ചിരുന്നു. വൃദ്ധ അമ്പരന്ന് സീതാലക്ഷ്മിയെ തുറിച്ചുനോക്കി. സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകളുടെ പുറകില്‍നിന്ന് ഒരു നിലവിളി ഉയര്‍ന്നുകേട്ടു. സീതാലക്ഷ്മിയും മറ്റു സ്ത്രീകളും അങ്ങോട്ടു നോക്കി.
”ശ്ശൊ, ഒരു കൊച്ചിന്റെ കരച്ചിലല്ലേ കേക്കുന്നെ?” പ്ലാസ്റ്ററില്‍ തൂക്കിയിട്ടിരിക്കുന്ന കൈ മറ്റേക്കൈകൊണ്ടു താങ്ങിപ്പിടിച്ച് വൃദ്ധ എണീറ്റു. ”എന്റെ കൊച്ചേ, അതെന്നാന്ന് ഒന്ന് നോക്കിക്കേ.” അവര്‍ സീതയോട് ഒച്ചവെച്ചു. അവള്‍ സാവധാനം എണീറ്റ് ബസ്സിന്റെ അപ്പുറത്ത് ആളുകള്‍ കൂടിനില്‍ക്കുന്നിടത്തേക്ക് എത്തിനോക്കി.
നാലോ അഞ്ചോ വയസ്സുള്ള ഒരു പെണ്‍കുട്ടി മുഖം പൊത്തിപ്പിടിച്ചുകൊണ്ട് ഉറക്കെക്കരയുന്നു. അവളുടെ മുഷിഞ്ഞ ഉടുപ്പും ചിതറിക്കിടക്കുന്ന മുടിയും സീതാലക്ഷ്മിയില്‍ നടുക്കമുണ്ടാക്കി. പെണ്‍കുട്ടിയുടെ അമ്മയെന്നു തോന്നിക്കുന്ന ഒരു സ്ത്രീ ഓടിവന്ന് കുട്ടിയെ തലങ്ങും വിലങ്ങും തല്ലി. സീതാലക്ഷ്മി കാതുകളില്‍ കൈകള്‍ ചേര്‍ത്തുവച്ച് സ്തബ്ധയായി നിന്നു. സ്റ്റാന്റിനു മുന്നിലൂടെ നടന്നു നീങ്ങുന്ന ഒരു മദ്ധ്യവയസ്‌കനോട് ആ സ്ത്രീ ഉറക്കെ അലറി: ”ഇതിനെക്കൂടെ കൊണ്ടുപോടാ നാറീ, ഒണ്ടാക്കീപ്പം നീ ഓര്‍ത്തില്ലേടാ പട്ടീ?” അയാള്‍ ഒന്നു തിരിഞ്ഞുനോക്കിയിട്ട് നടപ്പിനു വേഗംകൂട്ടി. മങ്ങിവരുന്ന വെയിലിനിടയിലൂടെ അയാള്‍ സ്റ്റാന്റില്‍നിന്നുള്ള ചെറിയഇറക്കം ഇറങ്ങി. പെണ്‍കുട്ടിയുടെ തലയ്ക്കിട്ട് ആഞ്ഞൊരടികൊടുത്തിട്ട് ആ സ്ത്രീ അയാളുടെ പിറകേ ഓടി. നിലവിളിച്ചുകൊണ്ട് പിന്നാലെ ഓടിയ കുട്ടിയെ അവര്‍ ആട്ടി: ”അവടെ നിന്നോണം കുരുപ്പേ.” അലറിവിളിച്ചുകൊണ്ട് ആ സ്ത്രീയും ഓടിയിറങ്ങിപ്പോകുന്നതുകണ്ട് പെണ്‍കുട്ടി നിലവിളിച്ചുകൊണ്ടുനിന്നു. കാഴ്ച കണ്ടുനിന്നവരെല്ലാം പലവഴിക്കു പിരിഞ്ഞു. ഈച്ചയാര്‍ക്കുന്ന കടത്തിണ്ണയില്‍ കുത്തിയിരുന്നു പെണ്‍കുട്ടി നിലവിളിച്ചു. അവളുടെ നിലവിളി നേര്‍ത്തുനേര്‍ത്ത് ചെറിയ ഏങ്ങലായി അവശേഷിച്ചു. സീതാലക്ഷ്മി നിന്നിടത്തുനിന്ന് അനങ്ങിയില്ല. വൃദ്ധ തിരികെ ബെഞ്ചില്‍ പോയിരുന്ന് അടുത്തിരിക്കുന്ന സ്ത്രീകളോടു വര്‍ത്തമാനം പറഞ്ഞുതുടങ്ങി.
വൃദ്ധയുടെ മകന്‍ ഓടിവന്ന് അവരുടെ കൈപിടിച്ചു. അടുത്തിരുന്ന പ്ലാസ്റ്റിക് കവറുകള്‍ എടുത്തു.
”വണ്ടിവന്നു.” അവര്‍ പെട്ടെന്ന് പിടഞ്ഞെണീറ്റു.
”നേരം വല്ലാതെ ഇരുണ്ടു,” അവര്‍ വേവലാതിയോടെ സീതാലക്ഷ്മിയെ നോക്കി. അവള്‍ അവരെ കാണുന്നേയില്ലായിരുന്നു. അവര്‍ തിരിഞ്ഞുനോക്കിക്കൊണ്ട് മകന്റെ പിന്നാലെ നടന്നു. സീതാലക്ഷ്മി നിലത്തിരുന്നു കരയുന്ന പെണ്‍കുട്ടിയെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
സീതാലക്ഷ്മിയുടെ കണ്ണുകള്‍ക്കു മുന്നിലൂടെ കാലം പുറകോട്ടോടി.
മഴ തോര്‍ന്നുനിന്നിരുന്ന ഒരു വൈകുന്നേരം അമ്മ തന്റെ കൈയും പിടിച്ച് ആ ബസ് സ്റ്റാന്‌റിലൂടെ നടന്നുപോകുന്നത് അവള്‍ കണ്ടു. അന്ന് ആ ബസ് സ്റ്റാന്റ് ഇത്രയും വലുതല്ലായിരുന്നു, ഇത്രയും കടകളും വാഹനങ്ങളും ആള്‍ത്തിരക്കും ഒന്നുമുണ്ടായിരുന്നില്ല. തലകുനിച്ചുനടന്നുനീങ്ങുന്ന അമ്മ ഇടയ്ക്കിടയ്ക്ക് കണ്ണുതുടയ്ക്കുന്നുണ്ടായിരുന്നു എന്ന് സീതാലക്ഷ്മി നന്നായി ഓര്‍ക്കുന്നു.
കുറച്ചുദിവസങ്ങളായി മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. അമ്മയ്ക്കു വലിവും ശ്വാസംമുട്ടലും കൂടുതലായിട്ടും കുറെ ദിവസങ്ങളായി. മരുന്നു വാങ്ങിയില്ല പൈസയില്ലായിരുന്നു. അവര്‍ക്ക് ഒന്നിനും പണമില്ലായിരുന്നു. സീതയെക്കാള്‍ ഒരുവയസ്സിനിളയ കൊച്ചമ്മിണിയെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. പണമില്ലാഞ്ഞിട്ട് സീതയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. സീതയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണം അമ്മ എപ്പോഴും പിറുപിറുത്തുകൊണ്ടിരുന്നു. അതു കേള്‍ക്കുമ്പോഴൊക്കെ പേരമ്മ അമ്മയെ ചീത്ത വിളിച്ചു. സീതയെ പ്രാകി. സീതയ്ക്ക് ഇതൊന്നും എന്തിനാണെന്നു മനസ്സിലായില്ല. അവള്‍ ചാര്‍ത്തിന്റെ ഇത്തിരിമുറ്റത്ത് മണ്ണുവാരിക്കളിച്ചു. വിശന്നപ്പോള്‍ അടുക്കളത്തിണ്ണയില്‍ ചെന്നിരുന്ന് പേരമ്മ കൊടുക്കുന്ന ഇത്തിരിയെന്തെങ്കിലും വാങ്ങിക്കഴിച്ചു. എന്നിട്ട് എടുത്താല്‍ പൊങ്ങാത്ത ചൂലുമെടുത്ത് മുറ്റമടിക്കാന്‍ ശ്രമിച്ചു. അമ്മമാത്രം എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു.
മഴ ഇത്തിരിയൊന്നു തോര്‍ന്ന ഒരു ദിവസം അമ്മ സീതയെ കൂട്ടി ഇറങ്ങിയതാണ്. രണ്ടു ദിവസമായി സീതയ്ക്കു പനിയായിരുന്നു. അതുകൊണ്ട് ഈ മഴയത്ത് പുറത്തിറങ്ങാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. എവിടെപ്പോവുകയാണെന്ന് അമ്മ അവളോടു പറഞ്ഞതുമില്ല. കുറെ ദിവസങ്ങളായി പേരമ്മ അമ്മയെ എന്നും വഴക്കുപറഞ്ഞുകൊണ്ടിരുന്നു. പേരമ്മ സീതയെയും വെറുതേ വഴക്കു പറയും. ചിലപ്പോള്‍ ചെവിക്കുപിടിച്ചു തിരുമ്മും. പേരപ്പനെയും സീതയ്ക്കു പേടിയായിരുന്നു. അയാള്‍ എപ്പോഴും സീതയെ നോക്കി പല്ലിറുമ്മും.
സീതയുടെ തലമുടി എപ്പോഴും എണ്ണമയമില്ലാതെ ചിതറിക്കിടന്നു. പിഞ്ഞിക്കീറിയ ഒരു ഉടുപ്പുമാത്രമാണ് അവള്‍ക്കുള്ളത്. അത് പാകവുമായിരുന്നില്ല.
അന്ന് രാവിലെമുതല്‍ പേരമ്മ അമ്മയോട് ഒച്ചവെച്ചുകൊണ്ടിരുന്നു. അമ്മ ഒന്നും മിണ്ടാതെ അടുക്കളവരാന്തയില്‍ തൂണും ചാരിയിരുന്നു. പേരമ്മ എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സീതയ്ക്കു മനസ്സിലായില്ല. അവള്‍ കുറെനേരം അടുക്കളവാതില്‍ക്കല്‍ ചുറ്റിപ്പറ്റിനിന്നു. വിശക്കാന്‍ തുടങ്ങിയിരിക്കുന്നു. പേരമ്മ അവളെ ഗൗനിച്ചതേയില്ല.
ഉരലിനപ്പുറത്ത് വള്ളിക്കൊട്ടകൊണ്ട് മൂടിവച്ചിരിക്കുന്ന ചക്കപ്പഴം സീത കണ്ടു. അവള്‍ വിരലുകൊണ്ട് അതില്‍ കുത്തിനോക്കി. കുരുവും വെള്ളവും നിലത്തുവീണു. സീത പിന്നെയും ചക്കപ്പഴത്തില്‍ കുത്തി. വിരലുകള്‍ നക്കി.
”അമ്മേ, ശകലം എടുത്തു തരാവോ?” അവള്‍ ഇരുന്നയിരുപ്പില്‍ത്തന്നെയിരുന്നിട്ട് അമ്മയോടു ചോദിച്ചു. അമ്മ ഒന്നും മിണ്ടിയില്ല. തിരിഞ്ഞുപോലും നോക്കിയില്ല.
”അമ്മേ,” സീത കുറച്ചുകൂടി ഉച്ചത്തില്‍ വിളിച്ചു. അമ്മ നോക്കുന്നേയില്ല. അവള്‍ നിലത്തിരുന്ന് കരയാല്‍ തുടങ്ങി.
”വെച്ചേച്ചും പോടീ,” പേരമ്മയുടെ ആക്രോശം കേട്ട് സീത നടുങ്ങി. അവളുടെ കരച്ചില്‍ ഉച്ചത്തിലായി.
”എന്നാ കണ്ടാലും അതെല്ലാം വേണം,” പേരമ്മ സീതയുടെ ചെവിയില്‍പ്പിടിച്ച് നിലത്തുനിന്ന് ഉയര്‍ത്തി. ”തന്ത സമ്പാദിച്ചുവെച്ചേക്കുന്നത് ഇവിടെയല്ല.” അവര്‍ അവളെ മുറ്റത്തേക്കു തള്ളി. നിലത്തുവീണ സീത കരയാന്‍പോലും മറന്നുപോയി. പടക്കംപൊട്ടുന്നതുപോലെയുള്ള അടിയുടെ ഒരു ഒച്ച ഉയര്‍ന്നു. ഭയന്നുപോയ പേരമ്മ മുഖംപൊത്തി അന്തം വിട്ടുനില്‍ക്കുകയാണ്. ശ്വാസം മുട്ടലിന്നിടയില്‍ അമ്മയുടെ ശബ്ദം ഒരു അലര്‍ച്ചയായി ഉയര്‍ന്നു:
”തൊട്ടുപോകരുത് എന്റെ കൊച്ചിനെ.” അമ്മ കിതച്ചു. എന്നിട്ട് മുറ്റത്തേക്കിറങ്ങി സീതയെ പിടിച്ചെഴുന്നേല്പിച്ചു. ഇത്തിരിനേരം ആലോചിച്ചുനിന്നിട്ട് കിണറ്റില്‍നിന്നു വെള്ളംകോരി സീതയുടെ കാലും മുഖവും കഴുകി. സീതയുടെ കൈമുട്ട് നിലത്തുരഞ്ഞ് തൊലിപോയിരുന്നു. വെള്ളം വീണപ്പോള്‍ അതു വല്ലാതെ നീറി. അവള്‍ ചിണുങ്ങി.
സീതയ്ക്ക് അമ്മയുടെ മുഖത്തു നോക്കാന്‍ പേടിതോന്നി. അമ്മയുടെ മുഖം വല്ലാതെ കല്ലിച്ചിരുന്നു. കണ്ണുകള്‍ കലങ്ങിയിരുന്നെങ്കിലും കണ്ണീര്‍ ഒട്ടുമില്ലായിരുന്നു. അമ്മ സീതയുടെ മുടി വിരലുകള്‍കൊണ്ടു മാടിയൊതുക്കി. പിന്നെ ഉടുപ്പുമാറ്റി. മാമിയുടെ ഗീതേച്ചി ഇട്ടിട്ടുപോയ ഉടുപ്പിടുവിച്ചു. അത് കുറച്ചു വലുതായിരുന്നു. എന്നാലും നല്ല ഉടുപ്പായിരുന്നു. സീത കൈമുട്ടിന്റെ വേദന മറന്നു. അവള്‍ക്കു സന്തോഷം തോന്നി, അവള്‍ പുറംകൈകൊണ്ട് മൂക്കു തുടച്ചു.
”നമ്മള് എവടെപ്പോകുവാമ്മേ?” സീത ചോദിച്ചു.
”ഒരെടംവരെ.” അമ്മ പുഞ്ചിരിച്ചു. എന്നിട്ട് സീതയുടെ കവിളില്‍ ഒരുമ്മ കൊടുത്തു. സീതയ്ക്ക് സന്തോഷവും അതിശയവും തോന്നി. അമ്മ അങ്ങനെ ഉമ്മയൊന്നും തരാറില്ല. അവള്‍ അമ്മയുടെ അടുത്തേക്കു ചേര്‍ന്നുനിന്ന് ഒരു പൂച്ചക്കുട്ടിയെപ്പോലെ കുറുകി.
”മോളവടെ ഇരുന്നേ, അമ്മ സാരി ഉടുക്കട്ടെ.” അമ്മ സീതയെ മുത്തശ്ശിയുടെ കട്ടിലില്‍ പിടിച്ചിരുത്തി. മുത്തശ്ശി മരിച്ചതില്‍പ്പിന്നെ ആ കട്ടില്‍ ചാര്‍ത്തിന്റെ അരികില്‍ ചാരിവച്ചിരിക്കുകയായിരുന്നു. സീതയ്ക്ക് പനി തുടങ്ങിയപ്പോള്‍ അമ്മ അത് നിവര്‍ത്തിയിട്ട് സീതയെ അതില്‍ കിടത്തി.
കട്ടലിന്റെ അടിയില്‍നിന്ന് അമ്മ തകരപ്പെട്ടി വലിച്ചെടുത്ത് അതില്‍നിന്ന് ഒരു സാരിയെടുത്തു നിവര്‍ത്തി. അതില്‍ പലയിടങ്ങളിലും തകരപ്പെട്ടിയുടെ തുരുമ്പുകറ പുരണ്ടിരുന്നു. അമ്മ ഇട്ടിരുന്ന നൈറ്റി ഊരിയെടുത്ത് അതുകൊണ്ടുതന്നെ കഴുത്തും മുഖവും നന്നായി തുടച്ചു. ഉടുത്തിരുന്ന പാവാട ഒന്നുകൂടി അഴിച്ച് മുറുക്കെക്കെട്ടി. സാരിയുടെകൂടെ മടക്കിവെച്ചിരുന്ന ബ്ലൗസ് എടുത്ത് ഒന്നു മണപ്പിച്ചുനോക്കിയിട്ട് അമ്മ അത് ഇട്ടു. സീത അമ്മയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവള്‍ക്കു ചിരിവന്നു. ഇതെന്തൊരു ബ്ലൗസാ, അപ്പറത്തെ അമ്മാമ്മേടെ ചട്ടപോലെ.
”ഇതാരടെ ബ്ലൗസാ, അമ്മയ്ക്ക് ചേരത്തില്ല കേട്ടോ.” അവള്‍ പറഞ്ഞു. അമ്മ സീതയെ നോക്കി ഒന്നു ചിരിച്ചു: ”ഇത് അമ്മേടെ ബ്ലൗസ് തന്നെയാടാ കുട്ടാ…”
സാരിയുടുത്തുകഴിഞ്ഞ് അമ്മ മുടി കോതിക്കെട്ടി. സീത അമ്മയെത്തന്നെ നോക്കിയിരിക്കുകയാണ്. സീതയ്ക്ക് സങ്കടം വന്നു. അമ്മയ്ക്ക് ഒട്ടും വണ്ണമില്ല. ഒടിഞ്ഞുവീഴാന്‍ തുടങ്ങുന്നതുപോലെ.. പേരമ്മയാണെങ്കില്‍ തടിച്ചുരുണ്ട്. അമ്മ ഒരിടത്തിരുന്ന് എന്തെങ്കിലും കഴിക്കുന്നത് സീത കണ്ടിട്ടേയില്ല. എപ്പോഴെങ്കിലും ഒരു നേരത്ത് പിന്നാമ്പുറത്തെ വരാന്തയില്‍നിന്നുകൊണ്ട് എന്തെങ്കിലും വാരിത്തിന്നും. സീത കഴിച്ചതിന്റെ ബാക്കിയായിരുന്നു അമ്മ എപ്പോഴും കഴിച്ചുകൊണ്ടിരുന്നത്. അപ്പേട്ടനും അമ്മിണിയും കഴിച്ചുകഴിഞ്ഞേ പേരമ്മ സീതയ്ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുത്തിരുന്നുള്ളൂ.
”എന്താ മോളേ, നോക്കുന്നെ?” അമ്മ സാരി ഉടുത്തുകഴിഞ്ഞു.
”ഒന്നൂല്ലമ്മേ” സീത ഒന്നിളകിയിരുന്നു. അമ്മ തകരപ്പെട്ടിയില്‍ ബാക്കിയുണ്ടായിരുന്ന നൈറ്റിയും തുണികളും മടക്കി ഒരു പ്ലാസ്റ്റിക് കൂടില്‍ എടുത്തുവച്ചു. കട്ടിലില്‍ക്കിടന്ന നൈറ്റി ചുരുട്ടിയെടുത്ത് പിന്നാമ്പുറത്തെ മുറ്റത്തേക്കിറങ്ങി. അത് താഴെ കൈത്തോട്ടിലേക്കു വലിച്ചെറിഞ്ഞു. പിന്നെ തിരിച്ചുവന്ന് സീതയുടെ കൈ പിടിച്ചു. ”വാ പോകാം” അമ്മയുടെ സ്വരം വിറച്ചു.
കഴിഞ്ഞ ഓണത്തിനു വന്നപ്പോള്‍ മാമീടെ രാധേച്ചി അവിടെ ഇട്ടിട്ടുപോയ ചെരുപ്പ് സീത കട്ടിലിനടിയില്‍ എടുത്തുവച്ചിട്ടുണ്ടായിരുന്നു. അവള്‍ അതെടുത്തു കാലില്‍ തിരുകി. അതു കുറച്ചു വലുതായിരുന്നു. അമ്മ ഒന്നു നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. പുറത്തിറങ്ങിയിട്ട് അമ്മ ചാര്‍ത്തിന്റെ വാതില്‍ പുറത്തുനിന്ന് അടച്ചു. തെക്കേപ്പുറത്തെ പറമ്പില്‍ മുത്തശ്ശിയുടെ കുഴിമാടത്തിന്റെ മുമ്പില്‍ ചെന്നുനിന്നു. അവിടെ നട്ട വാഴ കുലച്ചിട്ടുണ്ട്. സീതയ്ക്ക് ധൃതിയായി പോകാന്‍ ഒരുങ്ങിയതല്ലേ. ഇനിയെന്തിനാ അവടേം ഇവടേം നില്‍ക്കുന്നെ? അവള്‍ക്ക് അരിശം വന്നു. എങ്ങോട്ടാണെന്നറിയില്ല എങ്കിലും അവള്‍ അമ്മയുടെകൂടെ പോവുകയല്ലേ.
”വാ അമ്മേ, പോകാം,” സീത ധൃതിവച്ചു. പിന്നാമ്പുറത്തെ വരാന്തചുറ്റി അടുക്കളപ്പുറത്തു വന്ന അമ്മ അകത്തേക്കു നോക്കുകപോലും ചെയ്യാതെ ഒതുക്കുകല്ലിന്റെ താഴെയിരുന്ന കുടയെടുത്തു. അതൊന്നു കുടഞ്ഞ് നിവര്‍ത്തിനോക്കി. എന്നിട്ട് മടക്കി പ്ലാസ്റ്റിക് കൂടില്‍ വച്ചു.
”അതവടെ വെച്ചേ…” പത്രം വായിച്ചുകൊണ്ട് വരാന്തയിലിരുന്ന പേരപ്പന്‍ ഒച്ചവെച്ചു. ”പറമ്പിലോട്ടെങ്ങാനും ഒന്നെറങ്ങണേല്‍ അതേയൊള്ള്.” സീത പേടിച്ചു തിരിഞ്ഞുനോക്കി. അമ്മ അതു കേള്‍ക്കാത്ത മട്ടില്‍ മുന്നോട്ടു നടന്നു. അകത്തുനിന്ന് പേരമ്മയുടെ പ്രാക്കു കേള്‍ക്കാം:
”നീ കൊണം പിടിക്കത്തില്ലെടീ.” സീത പിന്നെയും തിരിഞ്ഞുനോക്കി. അപ്പേട്ടനെയോ കുഞ്ഞമ്മിണിയെയോ പുറത്തൊന്നും കണ്ടില്ല. നേരം വെളുത്തിട്ട് ഈ നേരമായിട്ടും അവരെ കണ്ടതേയില്ലല്ലോന്ന് സീത അപ്പോഴാണ് ഓര്‍ത്തത്. അവള്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. പേരപ്പന്‍ തിണ്ണയില്‍ പത്രവും കൈയില്‍ പിടിച്ച് അവരെത്തന്നെ നോക്കിയിരിക്കുകയാണ്. അയാളുടെ മുഖത്ത് ഒരമ്പരപ്പുണ്ട്: ഇവളിതെങ്ങോട്ടാ?
സീതയ്ക്ക് സന്തോഷം തോന്നി. ഒത്തിരി നാളായി അമ്മയുടെകൂടെ ഇങ്ങനെ നടന്നിട്ട്. വഴിയില്‍ ഇടയ്ക്കിടയ്ക്ക് തളംകെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചവിട്ടാതെയാണ് സീത നടന്നത്. പിന്നെ ചെരുപ്പുകഴുകാനായി വെള്ളത്തിലിറങ്ങുന്നതായി ഭാവിച്ചു. പിന്നെ അവള്‍ നടപ്പ് വെള്ളത്തില്‍ക്കൂടിത്തന്നെയാക്കി.
”ഉടുപ്പു നനയും കേട്ടോ.” അമ്മ പതുക്കെപ്പറഞ്ഞു.
”ഇല്ലമ്മേ” സീത രണ്ടു കൈകൊണ്ടും ഉടുപ്പു കൂട്ടിപ്പിടിച്ച് നല്ല കുട്ടിയായി.
ബസ്സു പോകുന്ന വഴിയിലേക്കു കയറുന്നിടത്തുതന്നെയാണ് അമ്പലം. അമ്മ വഴിയില്‍നിന്നുതന്നെ നടയ്ക്കു വശം ചെരിഞ്ഞുനിന്നു തൊഴുതു. സീതയുടെ കൈ കൂട്ടിപ്പിടിച്ചു തൊഴുവിച്ചു. സീത അമ്മയുടെ മുഖത്തേക്കു കൗതുകത്തോടെ നോക്കി. അമ്മ കരയുന്നൊന്നുമില്ല. എന്നിട്ടും ഒരുതുള്ളി കണ്ണീര്‍ അമ്മയുടെ കവിളിലൂടുരുണ്ട് സീതയുടെ നെറ്റിയില്‍ വീണു. അവള്‍ അമ്പരന്ന് അമ്മയെ നോക്കി.
ഇന്നാളൊരിക്കല്‍ സീതയുടെ കാതുകുത്തിയ തട്ടാന്റെ അരികിലേക്ക് അമ്മ നടന്നു. സീത അമ്മയെ പുറകോട്ടു വലിച്ചു. അയാളെ അവള്‍ക്കു പേടിയാണ്. മുത്തശ്ശിയും അമ്മയുംകൂടിയാണ് കാതുകുത്താന്‍ അവളെ അവിടെ കൊണ്ടുവന്നത്. മുറുക്കാന്‍കറ പിടിച്ച പല്ലും വായും കണ്ടപ്പോഴേ സീതയ്ക്ക് അറപ്പുതോന്നി. വര്‍ത്തമാനമൊക്കെപ്പറഞ്ഞ് കുറച്ചുനേരം കഴിഞ്ഞ് അയാള്‍ സീതയെ മടിയില്‍ പിടിച്ചിരുത്തി. ഒരു കുഞ്ഞുകഷണം കല്‍ക്കണ്ടം വായിലിട്ടുകൊടുത്തു. പിന്നെയെപ്പോഴാണെന്നറിയില്ല. അയാള്‍ കാതുകുത്തി രണ്ടു കാതിലും കമ്മലിട്ടു. സീതയുടെ വായില്‍നിന്നു കല്‍ക്കണ്ടം ഇമിനീരിന്റെകൂടെ താഴെവീണു. സീത അലറിക്കരഞ്ഞു. അമ്മ അവളെ തോളിലിട്ടുകൊണ്ട് കടവരാന്തയില്‍ക്കൂടി നടന്നു. തട്ടാന്‍ ഒരു കുഞ്ഞുകല്‍ക്കണ്ടംകൂടി അവളുടെ വായിലിട്ടുകൊടുത്തു. ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടാണെങ്കിലും അവളതു നുണഞ്ഞു.
വെള്ളക്കല്ലുവെച്ച കുഞ്ഞുകമ്മല്‍. അതിലൊരെണ്ണം ഇന്നാള് തോട്ടില്‍ കുളിക്കുമ്പം വെള്ളത്തില്‍ പോയി. ഒരെണ്ണം മാത്രം കുറെനാള്‍ കാതില്‍ കിടന്നു. പിന്നെ അതും കണ്ടില്ല. സീതയ്ക്ക് അതോര്‍ത്തപ്പോള്‍ സങ്കടം വന്നു. അവള്‍ കാതില്‍ പിടിച്ചുനോക്കി.
തട്ടാനോട് എന്തൊക്കെയോ പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്ന അമ്മ കഴുത്തിലെ കറുത്ത ചരടില്‍ക്കിടന്ന താലിയഴിച്ച് അയാള്‍ക്കു കൊടുത്തു. അയാള്‍ താലി കൈവെള്ളയില്‍വെച്ച് കുറെനേരം നോക്കിയിരുന്നു. എന്നിട്ട് എണീറ്റുവന്ന് സീതയെ ചേര്‍ത്തുപിടിച്ചു. നെറ്റിയില്‍ ഉമ്മവെച്ചു. എന്നിട്ട് കുറച്ചു രൂപയെടുത്ത് അമ്മയുടെ കൈയില്‍ കൊടുത്തു; കൂടെ താലിയും. അമ്മ ഒന്നും പറയാതെ സീതയുടെ കൈയും പിടിച്ച് ഇറങ്ങിനടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ വൃദ്ധനായ ആ തട്ടാന്‍ കണ്ണുതുടച്ച് കടയ്ക്കകത്തേക്കു കയറിപ്പോകുന്നതു കണ്ടു.
എത്രദൂരം നടന്നെന്നറിയില്ല. സീത മടുത്തു. വെയില്‍ നന്നായി തെളിഞ്ഞിരിക്കുന്നു. വിശക്കുന്നെന്ന് അമ്മയോടു പറയണമെന്നുണ്ട്. ബസ്സു വന്നു. സീതയുടെ കൈപിടിച്ച് അമ്മ ബസ്സില്‍ കയറ്റി. ജനലരികിലെ സീറ്റുതന്നെ കിട്ടി. പുറത്തേക്കു നോക്കിയിരുന്ന സീത കുറച്ചുകഴിഞ്ഞപ്പോള്‍ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ ഒരു സിമന്റുബെഞ്ചില്‍ അമ്മയുടെ ദേഹത്തുചാരി ഇരിക്കുകയാണ്. സീത ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലം. അവള്‍ അമ്പരന്ന് ചുറ്റും നോക്കി. അമ്മ അടുത്തിരിക്കുന്ന സ്ത്രീയോടു പറയുന്നു:
മുണ്ടന്‍മുടീലേക്കാ,
പള്ളീടെ അടുത്ത്…
കൊളത്തുങ്കലെ വീട്ടില്‍ പോകാനാ…
അതുമാത്രം സീതയുടെ ഓര്‍മ്മയില്‍ തെളിഞ്ഞുകിടന്നു.
പിന്നെയും ബസ്… അതില്‍നിന്നിറങ്ങി ഒരു ജീപ്പില്‍ കയറി. മഴ പിന്നെയും പെയ്യാന്‍ തുടങ്ങി. സീത വിശന്നുതളര്‍ന്നു. ഇനി വയ്യ.
ജീപ്പില്‍നിന്നിറങ്ങി സീതയുടെ കൈപിടിച്ച് അമ്മ നടന്നു. സീതയ്ക്ക് വിശന്നിട്ട് കണ്ണുകാണാന്‍പോലും വയ്യ. നടക്കുമ്പോള്‍ കാലുകള്‍ വേച്ചുപോകുന്നു.
”മടുത്തമ്മേ, എനിക്കു നടക്കാന്‍ പറ്റത്തില്ല.” അവള്‍ ചിണുങ്ങി.
അമ്മ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
 ഇടവഴിയില്‍നിന്നിറങ്ങി തെളിഞ്ഞ വെള്ളമൊഴുകുന്ന കൈത്തോട്ടിലേക്ക് അമ്മ പതുക്കെ ഇറങ്ങി. ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. നീലാകാശത്തില്‍ വെളുത്ത പഞ്ഞിക്കെട്ടുകള്‍ ഒഴുകിനടക്കുന്നു. കണ്ണാടിപോലെ തെളിഞ്ഞ ആ ഇത്തിരിവെള്ളത്തില്‍ നെറ്റിയില്‍ സ്വര്‍ണ്ണപ്പൊട്ടുകള്‍ തൊട്ട കുഞ്ഞുമീനുകള്‍ നീന്തിനടന്നു.
സീതയ്ക്കു വെള്ളത്തിലിറങ്ങാന്‍ മടി തോന്നി. തല വേദനിക്കുന്നു. കാലിനും വേദനയുണ്ട്. ദേഹത്തുനിന്നു ചൂടു പറക്കുന്നതുപോലെ… സീതയ്ക്ക് വയ്യ.
”നില്‌ക്കെടീ അവടെ” മടിച്ചുമടിച്ചു വെള്ളത്തിലിറങ്ങാന്‍ നോക്കിയ സീത ഒരു ആക്രോശം കേട്ടു ഞെട്ടി. മുണ്ടും നേര്യതും ധരിച്ച തലമുടി നരച്ച ഒരു വൃദ്ധ പറമ്പിലൂടെ നടന്നു വരുന്നു. ”നീ എന്തിനാടീ ഇങ്ങോട്ടു വന്നത്? നിന്റെ ആരാടീ ഇവടെയൊള്ളത്? വന്ന വഴിക്കുതന്നെ പൊക്കോണം.” അവര്‍ അലറി. സീത അമ്മയുടെ മുഖത്തേക്കു പകച്ചുനോക്കി.
”അമ്മേ, എനിക്കു തീരെ വയ്യ.” അമ്മ കരഞ്ഞു. വീട്ടില്‍നിന്നു പോന്നിട്ട് അമ്മ ഇപ്പോഴാണ് കരയുന്നതെന്ന് സീത ഓര്‍ത്തു. ”എനിക്കു തീരെ വയ്യ അമ്മേ, എന്റെ കുഞ്ഞ്… അവളെയെങ്കിലും… എനിക്ക് മാധവേട്ടനെയൊന്നു കണ്ടാല്‍ മതി.” അമ്മ സീതയെ മുന്നോട്ടു കയറ്റിനിര്‍ത്തി.
”ഭാ…” വൃദ്ധ അമ്മയെ ആട്ടി. അവരുടെ തടിച്ച ശരീരം വല്ലാതെയുലഞ്ഞു. പറമ്പിനു മുകളിലെ വീടിന്റെ വരാന്തയില്‍ ആളുകള്‍ നില്‍ക്കുന്നതു സീത കണ്ടു.
”നിന്റെ കുഞ്ഞോ?” അവര്‍ നിലത്തേക്കു കാറിത്തുപ്പി. മുണ്ടിന്റെ കോന്തലപൊക്കി കൈതുടച്ചു. ”അതിന്റെ തല കണ്ടേപ്പിന്നാ എന്റെ മോന്റെ കഷ്ടകാലം തുടങ്ങിയത്. കൊണ്ടുപൊക്കോണം നശൂലത്തിനെ.” വൃദ്ധ തോട്ടിറമ്പില്‍നിന്ന് ഒരു ചെടിക്കമ്പ് വലിച്ചൊടിച്ചു. സീത പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ചു. ”അവന്‍ സമാധാനമായിട്ടു ജീവിച്ചോട്ടെ.” വൃദ്ധ പിന്നെയും ഒച്ചവെച്ചു.
അമ്മ സാവധാനം കരയ്ക്കു കയറി. സകല പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോലെ തോട്ടിനപ്പുറത്തു നില്‍ക്കുന്ന സ്ത്രീയെ ഒന്നുനോക്കി. എന്നിട്ട് സീതയെ ചേര്‍ത്തുപിടിച്ചു കുന്നുകയറാന്‍ തുടങ്ങി.
അടിവാരത്തേക്കു പുറപ്പെടാന്‍ ജീപ്പ് തയ്യാറായിക്കിടപ്പുണ്ടായിരുന്നു. സീതയെ മടിയിലിരുത്തി അമ്മസീറ്റിന്റെ ഒരരികില്‍ ചുരുണ്ടുകൂടിയിരുന്നു. സീത വിശന്നു തളര്‍ന്നിരുന്നു. ഇന്ന് ഒന്നും കഴിച്ചിട്ടില്ല. അമ്മ അത് മറന്നുപോയോ? അവള്‍ അമ്മയുടെ മടിയിലിരുന്നു മയങ്ങി. അടിവാരത്തെത്തിയപ്പോള്‍ ജീപ്പില്‍നിന്നിറങ്ങാന്‍ ഒരാള്‍ അവളെ സഹായിച്ചു.
”വിശക്കുന്നമ്മേ,” സീത പൊട്ടിക്കരഞ്ഞു. അമ്മയുടെ കണ്ണില്‍നിന്ന് രണ്ടു കുഞ്ഞുനക്ഷത്രങ്ങള്‍ താഴേക്കുവീണു.
ഹോട്ടലിലെ മേശപ്പുറത്തു വന്നുനിരന്ന ചോറും കറികളും കണ്ട് സീത അമ്പരന്നു. അവള്‍ കണ്ടിട്ടേയില്ലാത്തതരം കറികള്‍. അവള്‍ നനഞ്ഞ കണ്ണുകളുയര്‍ത്തി അമ്മയെ നോക്കിച്ചിരിച്ചു. അമ്മ അവളെത്തന്നെ നോക്കിയിരിക്കുകയാണ്.
സീത കറികളെല്ലാമൊഴിച്ച് ഇളക്കി ആദ്യത്തെ ഉരുള വായില്‍ വെക്കാനോങ്ങി. അപ്പോഴാണ് അമ്മയുടെ മുമ്പില്‍ ചോറു വിളമ്പിയിട്ടില്ലെന്ന് അവള്‍ കണ്ടത്.
”അമ്മ കഴിക്കണില്ലേ?”
”അമ്മ കഴിച്ചോളാം. മോള് കഴിക്ക്.”
സീത നിറച്ചുണ്ടു. ചോറ് പിന്നെയും ഒത്തിരി ബാക്കി. അവളുടെ കുഞ്ഞുവയര്‍ ഒത്തിരി നാളുകൂടി അന്നു നിറഞ്ഞു. സീത ബാക്കിവെച്ച ചോറ് അമ്മ കഴിക്കാനെടുത്തു. ചോറുണ്ണുമ്പോള്‍ അമ്മയുടെ കണ്ണില്‍നിന്ന് കുടുകുടാ കണ്ണീരൊഴുകുന്നത് അവള്‍ കണ്ടു. പക്ഷേ, അമ്മ ഒട്ടും കരയുന്നില്ലായിരുന്നു. ‘എരിച്ചിട്ടായിരിക്കും’ സീത സമാധാനിച്ചു. കണ്ണീര്‍ തുടയ്ക്കുകപോലും ചെയ്യാതെ അമ്മ ചോറുണ്ണുന്നതുനോക്കി സീത ഇരുന്നു.
അവര്‍ പിന്നെയും ബസ്സ്റ്റാന്റിലെ സിമന്റുബെഞ്ചില്‍ വന്നിരുന്നു. വൈകുന്നേരമാവുന്നു. വയറുനിറഞ്ഞതുകൊണ്ട് സീതയ്ക്ക് ഉറക്കം വരാന്‍ തുടങ്ങി. അവള്‍ അമ്മയുടെ ദേഹത്തേക്കു ചാരി സിമന്റുബെഞ്ചില്‍ കാലുംനീട്ടിയിരുന്നു.
ഉണരുമ്പോള്‍ സീത സിമന്റുബെഞ്ചില്‍ കിടക്കുകയായിരുന്നു. അമ്മയെ കണ്ടില്ല. സീതയുടെ അടുത്ത് ഒരു പ്ലാസ്റ്റിക്കുകൂട് ഇരിപ്പുണ്ട് അതില്‍ ഒരു പുത്തനുടുപ്പ്. അവള്‍ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് പതുക്കെ വിളിച്ചു: ”അമ്മേ,” അമ്മ വിളികേട്ടില്ല. സീതയുടെ നിലവിളി ഉച്ചത്തിലായി.
”അമ്മേ…”
സീതാലക്ഷ്മി കിതച്ചുകൊണ്ട് കണ്ണുതുറന്നു ചുറ്റും നോക്കി. ഇരുട്ടുവീണിരിക്കുന്നു. അവള്‍ ഇരിക്കുന്ന ബഞ്ചില്‍ത്തന്നെ അമ്മയുപേക്ഷിച്ചുപോയ പെണ്‍കുട്ടി കിടന്നുറങ്ങുന്നുണ്ട്. അവള്‍ സീതാലക്ഷ്മിയുടെ കാലില്‍ കെട്ടിപ്പിടിച്ചിട്ടുണ്ട്. സീതാലക്ഷ്മി പെട്ടെന്ന് കാല്‍ വലിച്ചെടുത്തു, കുട്ടി ഞെട്ടിയുണര്‍ന്നു. അവള്‍ ചുറ്റും പകച്ചുനോക്കി.
വെയ്റ്റിങ് റൂമിന്റെ അങ്ങേയറ്റത്തെ എക്വയറി റൂമില്‍ ഇരുന്ന പോലീസുകാരന്‍ സീതാലക്ഷ്മിയുടെ ശബ്ദംകേട്ട് ടോര്‍ച്ചുമെടുത്ത് എണീറ്റുവന്നു. അയാള്‍ സീതാലക്ഷ്മിയെക്കണ്ട് അമ്പരന്നു. ”കൊച്ച് ഇതുവരെ പോയില്ലേ? മുണ്ടന്‍മുടിക്കുള്ള ബസ് ഇന്ന് എട്ടരയ്ക്കാണല്ലോ പോയത്. ഇന്നത് താമസിച്ചാ വന്നത്.” അയാള്‍ ഒന്നു സംശയിച്ചുനിന്നശേഷം തിരിച്ചുനടന്നു.
സീതാലക്ഷ്മി അടുത്തിരിക്കുന്ന പെണ്‍കുട്ടിയെ ആശങ്കയോടെ നോക്കി. അവള്‍ വിതുമ്പി. ”വിശക്കുന്നു ചേച്ചീ” സീതാലക്ഷ്മിയുടെ മനസ്സിലേക്ക് ഒരു അഗ്നിഗോളം ഇരുണ്ടുവീണു. അവള്‍ ഒരു ഏങ്ങലോടെ കുട്ടിയെ ചേര്‍ത്തുപിടിച്ചു. പിന്നെ അരികിലേക്കു വരുന്ന രാത്രിയെ നോക്കി നിശ്ചലം ഇരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *