ക്ണാപ്പൻ ഗോപൻ – (മുതുകുളം സുനിൽ)

Facebook
Twitter
WhatsApp
Email

ക്ണാപ്പൻ ഗോപന്റെ
കൊല്ലത്തെ വീട്ടിലോട്ടുള്ള കാർ യാത്രയിൽ ആണ് “ക്ണാപ്പന്റെ “കഥ കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ വിവരിച്ചത്.
കൂടെ ഉണ്ടായിരുന്ന റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളായ ഭഗവാൻ രാഘവനും, സഖാവ് പൂകുഞ്ഞും, പട്ടാളം കുട്ടൻപിള്ളയും, വൈതരണി ഗോപിയും കുഞ്ഞുമോൻ ചേട്ടന്റെ കഥയിൽ മുഴുകി…..

പുതുപുരക്കൽ തറവാട്ടിലെ പുരുഷോത്തമന്റെ ഏറ്റവും ഇളയ സന്തതി ആണ് പി. പി. ഗോപകുമാർ.

പു. പു. എന്ന
ചുരുക്കപേരിൽ അറിയപ്പെടുന്ന പുതുപുരക്കൽ പുരുഷോത്തമൻ കശുവണ്ടി സംഭരണ ബിസിനസ്സിൽ അഗ്രഗണ്യൻ ആയിരുന്നു.

എസ്. എസ്. എൽ. സി. പരീക്ഷക്ക് കണക്കിനും, ഇംഗ്ലീഷിനും അഞ്ചു മാർക്കിൽ കൂടുതൽ നേടാൻ പണിക്കർ സാറിന്റെ ശാന്തി നികേതൻ ട്യൂട്ടോറിയലിൽ മൂന്ന് വർഷം പഠിച്ചിട്ടും ഗോപകുമാറിന് കഴിഞ്ഞില്ല.

പഠിത്തം നിർത്തിയ ഗോപന് അച്ഛന്റെ ബിസിനസ്സിൽ താല്പര്യം ഇല്ലായിരുന്നു.

സ്വന്തം ഇഷ്ടത്തിന് പല ബിസിനസ്സും നടത്തി….
പലചരക്കു കട
സൂപ്പർ മാർക്കറ്റ്
സ്വർണപണയം
റിയൽ എസ്റ്റേറ്റ്

ഗോപകുമാർ ചെയ്ത എല്ലാ സംരംഭങ്ങളും വൻ പരാജയത്തിൽ
കലാശിച്ചു.

ചരിത്ര അദ്ധ്യാപകനായ പ്രൊഫസർ ജോൺ തോമസ് ആണ് ഗോപകുമാറിന്
“ക്ണാപ്പൻ ഗോപൻ “എന്ന പേര് ചാർത്തിയത്.

പ്രായോഗികമല്ലാത്ത പദ്ധതികൾ നടപ്പിലാക്കി പരാജയപ്പെട്ട 1891 -ലെ മലബാർ കളക്ടർ ആയിരുന്ന സർ ആർതർ റൗളണ്ട് ക്ണാപ്പിനെ ഓർത്താണ് ഈ കർമ്മം
ജോൺ തോമസ് നടത്തിയത്.

നാട്ടിൽ നിൽക്കാൻ പ്രയാസപ്പെട്ട ക്ണാപ്പൻ പാലക്കാട്ട് പോയി ഒരു പട്ടരുടെ കടയിൽ ജോലി നേടി.

ക്ണാപ്പന്റെ അച്ഛന്റെ നിർബന്ധം കാരണം കൊല്ലത്തുള്ള കശുവണ്ടി തൊഴിലാളി യൂണിയൻ നേതാവിന്റെ മകളെ വിവാഹം കഴിക്കുകയും കൊല്ലത്തു സ്ഥിരതാമസമാക്കുകയും ചെയ്തു….

കുഞ്ഞുമോൻ ചേട്ടന്റെ ക്ണാപ്പൻ വിശേഷം കെട്ട് ചിരിച്ചു കൊണ്ടിരുന്നപ്പോഴ്ക്കും ഞങ്ങൾ ക്ണാപ്പന്റെ
“പുതുപുരക്കൽ കാശ്യു ബംഗ്ലാവ് ” ന്റെ മുന്നിൽഎത്തി.

അമ്മായിയപ്പൻ സ്ത്രീധനം ആയി ക്ണാപ്പന് കൊടുത്ത ബംഗ്ലാവിന് മുമ്പിൽ കുറച്ചു നേരം നിന്ന് കഴിഞ്ഞപ്പോൾ നേപ്പാളി വാച്ച്മാൻ ഗേറ്റ് തുറന്നു തന്നു.പട്ടികളുടെ കുരകൾ ആണ് ഞങ്ങളെ എതിരെറ്റത്…

” പ്ലീസ് ക്വയട്ട്….”
ക്ണാപ്പൻ പറഞ്ഞപ്പോൾ
പട്ടികൾ കുരകൾ നിർത്തി.

പാലക്കാട്‌ പട്ടരുടെ കടയിൽ ജോലി ചെയ്തപ്പോൾ കുറച്ചു ഇംഗ്ലീഷ് ഒക്കെ പഠിച്ച ക്ണാപ്പൻ
വേണ്ടിടത്തും വേണ്ടാത്തിടത്തും അല്പം ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കും.ക്ണാപ്പന് അത് ഒരു ഗമയാണ്.

ചായയും കാശുവണ്ടി പരിപ്പും കഴിച്ചു കൊണ്ടിരിനാപ്പോൾ പട്ടാളം കുട്ടൻ പിള്ള ചർച്ചക്ക് തുടക്കം കുറിച്ചു….

“എടാ ഗോപാ നാട്ടിലേക്ക് ഇടയ്ക്കിടയ്ക്ക് ഒന്ന് വാ…”

ക്ണാപ്പൻ… മുരണ്ട് പറഞ്ഞു..
” ഘു സോ കൊല്ലം
ഹി ഡോൺട് വാണ്ട്‌ ഹിസ് ഇല്ലം ” പട്ടാളം കുട്ടൻപിള്ള ചിരിച്ചു കൊണ്ടു പറഞ്ഞു… “ശരിയാ….കൊല്ലം കണ്ടവന് ഇല്ലം വേണ്ട’ എന്നല്ലേ…?”

ക്ണാപ്പൻ തുടർന്നു….
“ഇപ്പോൾ ഇവിടെ ഇരുപതോളം ഡോഗുകൾ ഉണ്ട്.
ജർമ്മൻ ഷേപ്പേർഡ്, കാനെ കോഴ്സൊ, ലാബ്രഡോർ, അൽസേഷ്യൻ, പൊമറേനിയൻ,, ഒറിയോ,അമേരിക്കൻ ബുള്ളി എക്സ്. എൽ, സൽജിയൻ മാൽനോയിസ് എന്നിവ…”
മൃഗസംരക്ഷണ സെമിനാറുകളിൽ പങ്കെടുക്കുന്ന ക്ണാപ്പൻ വാചാലനായി…..

“നമ്മളെക്കാൾ ‘ക്ലെവെർ’ ആണ് ഡോഗുകൾ…
ടി. വി ഓൺ ചെയ്താൽ അവരിൽ പലരും ഓടി എത്തും. നീലയും, മഞ്ഞയും, ബ്രൗണും കളറുകൾ മാത്രമേ തിരിച്ചറിയാൻ കഴിയുകയു ള്ളെങ്കിലും അവർക്ക് ടിവി കാണാൻ ഇഷ്ടം.. രണ്ടു വയസ്സുള്ള മനുഷ്യകുഞ്ഞിന്റെ അത്ര തന്നെ ബുദ്ധിവികാസം അവർക്കുണ്ട്….
അവർക്ക് നമ്മളെക്കാൾ നന്ദിയുള്ളവർ ആണ്…ഓറിയോ എന്റെ കൂടെയാണ് കിടക്കുന്നത്…. ”

അല്പം പട്ടി പ്രേമം ഉള്ള ഭഗവാൻ രാഘവൻ കൂട്ടി ചേർത്തു….. ” “പാരാഗ്ലൈഡിങ്ങിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഹിമാചൽപ്രദേശത്തിലെ ബിർബില്ലിങ്കിൽ മലക്കയറ്റത്തിനിടയിൽ വീണു മരിച്ച രണ്ടുപേർക്കും കൂടെ പോയ ജർമൻ ഷെപ്പേർഡ് 48 മണിക്കൂറോളം കാവൽ ഇരുന്ന് വേണ്ടപ്പെവരെ അറിയിക്കാൻ കുരച്ചുകൊണ്ടേയിരുന്നു എന്ന് ഇന്നലെ പത്ര വാർത്ത ഉണ്ടായിരുന്നു…”

ക്ണാപ്പൻ തുടർന്നു…. “ഭഗവാൻ…. യു ആർ കറക്റ്റ്. ബട്ട്‌, ഏറ്റവും നന്ദിയുള്ള ജീവി ഡോഗ് ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനെ നമ്മൾ നായിന്റെ മോനേന്നു വിളിക്കും…
ഡോഗുകളെ എങ്ങനെ പരിചരിക്കണം എന്ന് കൂടുതൽ പഠിപ്പിച്ചത് നാട്ടിൽ തറവാട്ടിൽ വാടകക്ക് താമസിക്കുന്ന ചെറുപ്പക്കാർ ആണ്….”

കുഞ്ഞുമോൻ ചേട്ടൻ പറഞ്ഞു തുടങ്ങി….
“ഗോപാ,അത് പറയാൻ ആണ് ഞങ്ങൾ വന്നത്. പട്ടി ഹോസ്റ്റലും പരിശീലനവും എന്നൊക്കെ പറഞ്ഞു പുതുപുരക്കൽ തറവാട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവർ ആണ്.സന്ധ്യ മുതൽ പുലരും വരെ ആളുകൾ വന്നു പോകുന്നു. ചില ദിവസം ഉച്ചത്തിലുള്ള സംഗീതപരിപാടികളും നടത്തുന്നു…. അയലത്തു താമസിക്കുന്നവർക്ക് ഇതൊരു വല്ല്യ ശല്ല്യം ആണ്… ഒരുപാട് കംപ്ലയിന്റ് റെസിഡന്റ് അസോസിയേഷനിൽ കിട്ടി.പോലീസൊ, എക്സയ്‌സോ ചെന്നാൽ പട്ടികളെ തുറന്ന് വിട്ട് ഓടിക്കും എന്നാണറിവ്….
ഗോപാ….. എത്രയും പെട്ടെന്ന് വാടകക്കാരെ മാറ്റണം…..”

മുരണ്ട് കുരച്ചു ചാടി എണീറ്റ് ക്ണാപ്പൻ അലറി….
“യുവർ ഡാൽ ഡോൺട് കുക്ക് ഹിയർ….
യു ഗോ ഫോർ യുവർ സോങ് (നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല… നിങ്ങൾ നിങ്ങളുടെ പാട്ടിനു പോകു… എന്ന് സാരം )”

സഖാവ് പൂക്കുഞ്ഞു തിരിച്ചടിച്ചു….
“ക്ണാപ്പാ… താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും. പറഞ്ഞില്ലെന്നു വേണ്ട…”

ക്ണാപ്പന്റെ വീട്ടിൽ
നിന്നിറങ്ങുമ്പോൾ കുഞ്ഞുമോൻ ചേട്ടൻ ഒരു താക്കിതോടെ പറഞ്ഞു….
“ക്ണാപ്പാ ഞങ്ങൾ പറഞ്ഞത് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് പ്ലാൻ ബി ചെയ്യേണ്ടി വരും.”

യാത്രക്കിടയിൽ പ്ലാൻ ബി എന്തെന്ന് കുഞ്ഞുമോൻ ചേട്ടനോട് ആരും ചോദിച്ചില്ല.

നാരങ്ങ മണമുള്ള കാറിൽ നിന്നിറങ്ങുമ്പോൾ എല്ലാവരും കൈയടിച്ചു പറഞ്ഞു….

” കുഞ്ഞുമോൻ ചേട്ടന്റെ പ്ലാൻ.ബി.സിന്ദാബാദ് ”
🚩🚩🚩🚩🚩🚩🚩🚩🚩

About The Author

Leave a Reply

Your email address will not be published. Required fields are marked *