LIMA WORLD LIBRARY

കഴുകനും ചുണ്ണയും സാക്കിർ – ( സാക്കി നിലമ്പൂർ )

1988 ലെ ഒരു സാധാരണ വ്യാഴാഴ്ച . 
സമയം വൈകുന്നേരം .
” അല്ല ചെങ്ങായ്…
നാള്യെല്ലേ കാള്യേവില് സിൽമ മാറ്ണെ ദിവസം..?”
ജലീൽ ചോദിച്ചപ്പോഴാണ് ഞാനതോർത്തത്.
ഹയ്യോ… ശരിയാണല്ലോ.
ഞാൻ ധൃതിയിൽ അങ്ങാടിയിലേക്കോടി. ഓടാൻ ശക്തമായ കാരണമുണ്ട്.
നാളത്തെ സിനിമയുടെ പോസ്റ്റർ ഇന്ന് വൈകുന്നേരമാണ് അബ്ബാസ്ക്കയുടെ സൈക്കിൾ ഷോപ്പിന്റെ മതിലിൽ ചുണ്ണ ഒട്ടിക്കാറ്.
ചുണ്ണയെ അറിയില്ലേ..?
കാളികാവ്
 ദർശന എന്ന സിനിമാകൊട്ടകയിൽ ടിക്കറ്റ് മുറിക്കലും ,
മാറുന്ന സിനിമകളുടെയെല്ലാം പോസ്റ്റർ നാട്ടിലെ മതിലായ മതിലുകളിലെല്ലാം ഒട്ടിക്കലുമാണ് ചുണ്ണയുടെ ജോലി.
 75 പൈസയുടെ ഏറ്റവും താഴ്ന്ന ക്ലാസിലാണ് ചുണ്ണ ടിക്കറ്റ് മുറിക്കാൻ നിൽക്കുന്നത്.
സൈക്കിളിന്റെ പിറകിൽ മൈദപ്പശ നിറച്ച ഒരു ഇരുമ്പുബക്കറ്റും വച്ച് കെട്ടി പോസ്റ്ററുകൾ മുന്നിലെ ഹാൻഡിൽബാറിൽ തൂക്കിയിട്ട്
ചാഞ്ഞും ചെരിഞ്ഞും സൈക്കിൾ ചവിട്ടി ഒരു വരവുണ്ട് ചുണ്ണക്ക്.
ഞങ്ങൾ കുട്ടികളെല്ലാം ആരാധനയോടെ ചുണ്ണയുടെ ചുറ്റും കൂടും.
വലിയൊരു പോസ്റ്ററായത് കൊണ്ട് തന്നെ നാല് കഷ്ണങ്ങളായിട്ടായിരിക്കും ഇത്.
 ചുണ്ണ, ആദ്യം ഒന്നിൻമേൽ മൈദപ്പശ തേക്കും.
അതൊട്ടിക്കും. രണ്ടാമത്തേത് അതിനോട് ചേർത്തൊട്ടിക്കും. അങ്ങനെ നാലും കൂടുമ്പോൾ മനോഹരമായ രംഗങ്ങളുള്ള ഒറ്റ പോസ്റ്ററായി മാറും.
ഈ സംഗതിയാണ് ജലീൽ എന്നെ ഓർമ്മിപ്പിച്ചത്. ഞാൻ കാലുകൾ നീട്ടിവലിച്ചോടി.
മഴക്കാലമാണ്. വലിയൊരു മഴയുടെ സൂചനയുണ്ട്.
അതങ്ങനെ പെയ്യാനായി ആകാശം ഇരുട്ടുമൂടി നിൽക്കുന്നു.
ഞാൻ ഓടിക്കിതച്ച് ചെല്ലുമ്പോൾ ചുണ്ണ ആദ്യത്തെ കഷ്ണത്തിൽ മൈദപ്പശ തേക്കാൻ തുടങ്ങിയിരിക്കുന്നു.
കുട്ടികളെല്ലാം ചുറ്റും കൂടിയിട്ടുണ്ട്.
ചുണ്ണ അത് ചുവരിൽ ഭംഗിയായി ഒട്ടിച്ചു.
“ക” ആദ്യപോസ്റ്ററിലെ അക്ഷരം . ഒരു നടന്റെ തലയുടെ ചെറിയൊരു ഭാഗം കൂടിയുണ്ട് ഈ പോസ്റ്ററിന്റെ കഷ്ണത്തിൽ .
“ഈ ചുണ്ണക്ക് മാറ്ണെ എല്ലാ സിൽമീം കാണാമ്പറ്റും…ലേ.?”
റഷീദാണത് ചോദിച്ചത്. ആരും അതിന് മറുപടി പറഞ്ഞില്ലെങ്കിലും
“എന്താ ചുണ്ണയുടെ ഒരു ഭാഗ്യം “
എന്ന് എല്ലാവരും മനസ്സിലോർത്തു.
അടുത്ത മൂന്ന് പോസ്റ്ററും കൂടി ഒട്ടിച്ചാലേ സിനിമയുടെ പേര് പൂർണമാകൂ.
ഞങ്ങളെല്ലാം അക്ഷമയോടെ നിൽക്കുകയാണ്.
ചുണ്ണ രണ്ടാമത്തെ കഷ്ണവുമെടുത്ത്
പശ തേയ്ക്കാൻ തുടങ്ങി. അതുമൊട്ടിച്ചു.
 ” ഴു “
ഇതാണാ അക്ഷരം.
നടന്റെ രൂപം പകുതിയായി.
” ജയന്റെ സിൽമേണ്, ട്ടോ .. “
കുട്ടികളെല്ലാം ആവേശത്തോടെ ഒരുമിച്ച് വിളിച്ച് പറഞ്ഞു.
“സിൽമന്റെ പേര് കയുമരം. “
ഹമീദ് ഉറക്കെപ്പറഞ്ഞു.
“പോട ചെങ്ങായ് .
അങ്ങന്യൊര് സിൽമന്നെ ജയന്ല്ല…!”
നാസറാണ്.
“പിന്നേദാ സിൽമ…?ന്നാ ..ജ്ജ് പറേ ..?”
“കയ്ഗൻ “
നാസറിന് സിനിമയെക്കുറിച്ച് നല്ല ധാരണയാണ്.
സത്യം. മൂന്നാമതൊട്ടിച്ച കഷ്ണത്തിൽ അക്ഷരം
 വീണ്ടും …
 ” ക ” .
“ഇപ്പൊ എന്താ മട്ടം..?
ഞാമ്പർഞ്ഞത് സെര്യല്ലേ…?”
നാസർ അഭിമാനത്തോടെ എല്ലാവരെയും നോക്കി.
“ഞമ്മളെ ചെക്കനാ ജയൻ.
ഓന്റെ യെല്ലാ പടത്തിന്റീം പേര് ഇച്ച് കാണാപ്പാടാടാ…”
എനിക്ക് ജയനോടുള്ള അത്രയും ഇഷ്ടം നാസറിനോടും തോന്നി.
ചുണ്ണ നാലാമത്തെ കഷ്ണത്തിൽ മൈദ തേയ്ക്കാൻ തുടങ്ങി.
ഉടനെ ആർത്തലച്ച് ഒരു പെരുമഴയങ്ങ് പെയ്തു. കുട്ടികളെല്ലാം അങ്ങാടിയിലെ പീടികത്തിണ്ണകളിലേക്ക് ഓടിക്കയറി.
എനിക്ക് ഓടാൻ തോന്നിയില്ല. വല്ലാത്തൊരു ആകാംക്ഷ.
 ജയന്റെ ഏത് രംഗമായിരിക്കും ആ പോസ്റ്ററിൽ.?
ഞാനാ കാഴ്ചകണ്ട് മതിമറന്ന് നിൽക്കുകയാണ്.
ഉടനെ നിലമ്പൂരിൽ നിന്നുള്ള ഒരു ബസ്സ് ഞാൻ പെരുമഴയും കൊണ്ട് നിൽക്കുന്നതിന്റെ തൊട്ടടുത്ത് വന്ന് നിർത്തി. ജോലിസ്ഥലമായ മമ്പാട് നിന്ന് എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം നാട്ടിലെത്താറുള്ള എന്റെ ഉപ്പ ആ ബസ്സിൽ നിന്നിറങ്ങിയപ്പോൾ കണ്ട കാഴ്‌ച ,
ചുണ്ണ സിനിമാപോസ്റ്ററൊട്ടിക്കുന്നതും നോക്കി പെരുമഴയും കൊണ്ട് സ്വയം മറന്ന് നിൽക്കുന്ന എന്നെയാണ്.
“യെട കുതരേ….!”
ഉപ്പ കലിതുള്ളി അലറി.
” അനക്ക് നക്കാൻ തെര്ണത് സിൽമാനടൻ ജയനല്ല. ഞാനാ..
ആ മയ കൊള്ളാതെ കയരി നിക്കടാ ആ പീട്യക്കൊലായ്മക്ക്.”
ഞാൻ ഉടനെ പീടികത്തിണ്ണയിലേക്ക് ഓടിക്കയറി. ചുണ്ണ നാലാമത്തെ കഷ്ണവുമൊട്ടിച്ചു.
“കഴുകൻ. “
ജയനതാ കപ്പടാമീശയൊക്കെ വെച്ച് പെരുംഗുമ്മായി നിൽക്കുന്നു.
എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
എന്റെ തൊട്ടടുത്ത് നിൽക്കുന്ന നാസർ ചോദിച്ചു.
“ഞമ്മക്ക്
നാളെ കയ്ഗന് പോയാലോ..?
ബയങ്കര രസള്ള പടാണോലോ…”
“യെടാ , അയ്ന്ഞ്ചേക്കെ ടിക്കറ്റ് ഇട്ക്കാന്ള്ള
 കായില്ല. “
ഞാനൽപം വിഷമത്തോടെ അതിലേറെ നിരാശയോടെ പറഞ്ഞു.
“അന്റെ ടിക്കറ്റ് ഞാന്ട്ത്ത് തെര. “
വലിയൊരു സന്തോഷവാർത്ത കേട്ട ഞാൻ അവനെ അവിശ്വസനീയതയോടെ നോക്കി.
“പഷേ…”
അവനൊന്ന് നിർത്തി.
ഞാൻ ആകാംക്ഷയോടെ ചോദ്യഭാവത്തിൽ വീണ്ടും അവനെ നോക്കി.
“അന്റെ ,സൈക്കള് ഇജ്ജ് ഇട്ക്കണ്ടി വെരും. ” അവനൊരു കണ്ടീഷൻ മുന്നോട്ടു വെച്ചു. എനിക്ക് ഉപ്പ വാങ്ങിത്തന്ന പഴയൊരു സൈക്കിളുണ്ട്.
“അയ്നെത്താ, നാസറേ ഒര് പ്രസ്നോല്ല. സൈക്കള് ഞാം ഇട്ക്ക .. “
എനിക്ക് പരിപൂർണ സമ്മതം.
ആക്ഷൻ ഹീറോയായ
ജയന്റെ കിടിലൻ സിനിമയായ കഴുകൻ കാണാൻ കിട്ടിയ സുവർണാവസരമാണ്. അതും നാസറിന്റെ
ചിലവിൽ . നമ്മളതൊഴിവാക്കുമോ..?
ഒരിക്കലുമില്ല.
അങ്ങനെ.
നാട്ടുനടപ്പനുസരിച്ച് നേരം വെളുത്തു . സ്വാഭാവികമായും അന്ന് വെള്ളിയാണ്.
ജുമുഅക്ക് നിസ്കരിക്കാൻ നിൽക്കുമ്പോഴൊക്കെ ജയന്റെ ഗംഭീരൻ സിനിമയായ കഴുകൻ മാത്രമാണ് മനസ്സിൽ . നിസ്കാരം കഴിഞ്ഞതും പള്ളിയിൽ നിന്ന് ഓടിയിറങ്ങി വീട്ടിലെത്തി.
കഞ്ഞി കുടിച്ചു എന്ന് വരുത്തി ഉടൻ സൈക്കിളുമായി ഇറങ്ങി.
“എങ്ങട്ടാ സാക്കിറുസൈനേ ഇജ്ജ് തുമ്പ്റി കൾച്ച് മണ്ട്ണ് ..?”
പിറകിൽ നിന്നുള്ള ഉമ്മയുടെ ചോദ്യം ഞാൻ കേട്ടതായി ഭാവിച്ചതേയില്ല.
നാസർ അങ്ങാടിയിൽ കാത്ത് നിന്നിരുന്നു. എന്നെക്കണ്ടതും
അവൻ പുറകിലെ കാരിയറിൽ ചാടിക്കയറി. അവനെ ഇരുത്തി ഞാൻ ആഞ്ഞ് ചവിട്ടി. ഇടക്ക് ചെറിയൊരു കയറ്റമെത്തിയപ്പോൾ ഇറങ്ങാൻ തുനിഞ്ഞ അവനോട് ഞാൻ പറഞ്ഞു.
“ഏയ് …
ഇജ്ജറങ്ങല്ലേ നാസറേ.. അന്നെ ഇര്‌ത്തീങ്ങാണ്ട് തന്നെ ഈ കയറ്റം ഞാനുന്തും…”
കാരണം, അവനാണെനിക്ക് ഈ സിനിമക്ക് ടിക്കറ്റെടുത്തു തരുന്നവൻ. അവനെ നടത്താനോ . ഒരിക്കലുമത് ശരിയല്ല.
ഞാൻ നാസറിനെ പിറകിലിരുത്തി ആ കയറ്റം മുഴുവൻ മിനക്കെട്ട് സൈക്കിൾ തള്ളി വലിയൊരു ത്യാഗം ചെയ്തു.
“വേം ചൗട്ട്. സിൽമ ഇപ്പൊ തൊടങ്ങും..”
തിയറ്റർ അടുക്കുന്തോറും നാസറിന്റെ വെപ്രാളം.
“ഉള്ള്ക്ക് ,പാട്ട് വിട്ട്ക്ക്ണ്. “
അവൻ പറഞ്ഞു.
അതുവരെ പുറത്തെ കോളാമ്പി സ്പീക്കറിൽ നിന്നും ഒഴുകിവരുന്ന പാട്ട് , പടം തുടങ്ങാനായി എന്ന അറിയിപ്പിൻ്റെ സൂചനയായിട്ടാണ് തിയറ്ററിനുള്ളിലെ ബോക്സിലേക്ക് മാറ്റുക. അതാണവൻ സൂചിപ്പിച്ചത്.
” പേട്ച്ചണ്ട നാസറേ..
രണ്ട് റീല് ,
ന്യൂസ് ണ്ട്. “
ഞാനവനെ സമാധാനിപ്പിച്ചു.
സിനിമ തുടങ്ങുന്നതിന് മുമ്പ് കാണിക്കുന്ന ഡോക്യുമെന്ററി ക്കാണ് ഈ ന്യൂസ് എന്ന് പറയുന്നത്.
“ഇൻഡ്യൻ ന്യൂസ്റീൽ ” എന്ന് , അവതാരകൻ മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞ് തുടങ്ങുന്ന ഈ ഡോക്യുമെന്ററി
യിലെ പ്രതിപാദ്യ വിഷയമെന്നത് രാഷ്ട്ര നേതാക്കൻമാർ വിദേശരാജ്യങ്ങൾ സന്ദർശിച്ചതും മറ്റുമായിരിക്കും.
തിയറ്ററിനടുത്ത് എത്തിയ ആവേശത്തിൽ ഞാനാഞ്ഞ് ചവിട്ടി.
“ഇജ്ജ് സൈക്കള് അവടെ നിർത്തി വേം വാ… ഞാനപ്പോക്ക്ന് ടിക്കറ്റ് ഇട്ക്ക…” അവന്റെ നിർദ്ദേശമനുസരിച്ച് ഞാൻ സൈക്കിളുകൾ വെക്കുന്ന സ്ഥലത്തേക്ക് എന്റെ സൈക്കിളുമായി നടന്നു. സൈക്കിൾ ,
സ്റ്റാന്റിലിട്ട് നാസറിനടുത്തേക്ക് ചെന്നു. അവനെ എങ്ങും കാണുന്നില്ല. വെപ്രാളത്തോടെ ഞാൻ
എല്ലായിടത്തും നോക്കി. എവിടെയുമില്ല.
75 പൈസാ ക്ലാസിന്റെ വാതിലടച്ച് തൊട്ടടുത്ത അരത്തിണ്ണയിലിരിക്കുന്ന ചുണ്ണയോട് ഞാൻ ചോദിച്ചു.
” ഇങ്ങള് ഇഞ്ചൊപ്പം മന്ന ഒര് ,
ചങ്ങായിനെ കണ്ടോ…?”
“ങാ…ഓം ടിക്കറ്റ്ട്ത്ത് ഔത്ത്ക്ക് കയര്യേലോ ..”
ചുണ്ണയുടെ വാക്കുകൾ ഞെട്ടലോടെയാണ് ഞാൻ കേട്ടത്. എനിക്ക് മനസ്സിലായി.
 ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു.
മൂന്ന് കിലോമീറ്റർ ദൂരം ഒരു കയറ്റത്തിൽ പോലും ഇറക്കാതെ സൈക്കിളിൽ ഇരുത്തി കഷ്ടപ്പെട്ട് ചവിട്ടി നാസറിനെ ഇവിടെ എത്തിച്ചപ്പോൾ അവൻ ഒറ്റക്ക് ടിക്കറ്റെടുത്ത് ഉള്ളിൽക്കയറിയിരിക്കുന്നു. സമാനതകളില്ലാത്ത കൊടുംചതി.!
എനിക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു.
ഞാൻ ചോദിച്ചു.
“ഇഞ്ഞെ, ഈ സിൽമ കാണാൻ ങ്ങള് ഒന്ന് ഔത്ത്ക്ക് കയറ്റ്വോ…?”
“അയ്ന് അന്റേക്കെ ടിക്കറ്റ് ണ്ടോ?”
ഗൗരവത്തിലാണ് ചുണ്ണയുടെ ചോദ്യം.
“യില്ല. “
വിതുമ്പിക്കൊണ്ട് ഞാൻ പറഞ്ഞു.
“പിന്നെങ്ങനേ.. അന്നെ കയറ്റ്ണ്..?”
ദയനീയമായി ഞാൻ ചുണ്ണയെ നോക്കി.
“അന്റെക്കെ അയ്മ്പദ് പൈസ ണ്ടോ ഇട്ക്കാൻ..?
 അയ്മ്പദ് പൈസ തന്നാ അന്നെ ഞാൻ കയറ്റാ…”
ചുണ്ണ, ചെറിയൊരഴിമതി കാണിക്കാനുള്ള പുറപ്പാടാണ്.
സേഫ്റ്റിപിന്ന് കൊണ്ട് വലിച്ചു കുത്തിയ, കൊളുത്തില്ലാത്തട്രൗസറിന്റെ കീറപ്പോക്കറ്റുമായി നിൽക്കുന്ന പതിമൂന്നുകാരന്റെ കയ്യിൽ കാലണ പോലുമില്ല.
“ഞ്ചേക്കെ,
ഒറ്റപ്പൈസല്ല…”
അപ്പോഴേക്കും ഞാൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
“ചെലക്കാതെ പൊയ്ക്കജ്ജ്.
ഞ്ചെ പണി കളയാൻ..
വേം വണ്ടി വ്‌ട്ടോ…”
ചുണ്ണ എന്നെ ആട്ടി.
വിതുമ്പിവിറക്കുന്ന ചുണ്ടുകളുമായി ശബ്ദമില്ലാതെ കരഞ്ഞ് ഞാൻ മൂന്ന് കിലോമീറ്ററോളമുള്ള ഉദരംപൊയിലിലേക്ക് സൈക്കിൾ തിരിച്ച് ചവിട്ടി.
ഒരുപാട് കാലം എന്നെ സങ്കടത്തിലാഴ്ത്തിയ ഓർമ്മകൾ നൽകിയ സിനിമയാണ് കഴുകൻ.
അകാലത്തിൽ വിട പറഞ്ഞ ജയൻ എന്ന നടൻ വില്ലൻവേഷം ചെയ്ത കഴുകൻ എന്ന ഈ സിനിമ ഇന്നും ഞാൻ കണ്ടിട്ടില്ല. യൂറ്റ്യൂബിൽ ഇടക്ക് ഞാനാ സിനിമ വെറുതെയൊന്ന് തിരയും . കിട്ടിയാലും ഞാനത് വെക്കാറില്ല.
എന്തോ എനിക്കത് കാണാൻ തോന്നാറില്ല.
ഒരുപാട് കാണാനാഗ്രഹിച്ച
സിനിമക്ക് പിന്നിലെ നൊമ്പരക്കഥയാവാം അതിന്
കാരണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px