വൈകിവന്ന വിവേകം { അദ്ധ്യായം 16 } – മേരി അലക്സ് ( മണിയ )

Facebook
Twitter
WhatsApp
Email

വൈകിവന്ന വിവേകം 16
തുടരുന്നു
Mary Alex ( മണിയ )


ഹോസ്റ്റലിൽ കാര്യം പറഞ്ഞപ്പോൾ കുട്ടികൾക്കും വാർഡനും എന്തിന്,ജോലിക്കാരി ക്കു വരെ ദുഃഖം. എന്തു ചെയ്യാൻ!പോകാൻ ഒരുങ്ങി കാത്തിരുന്ന കാര്യം വല്ലതും അവരോടു പറയാൻ ആവുമോ?
ഹോസ്റ്റലിലെ കണക്കു സെറ്റിൽ ചെയ്യാൻ തക്കപോലെ ഒന്നുമില്ലായിരുന്നു. മാസാദ്യം തന്നെ ആ മാസത്തെ പണം കൊടുക്കും.ഭക്ഷണത്തിനും താമസത്തിനുമുള്ളത്. അഡ്വാൻസ് പേയ്‌മെന്റ്, അതാണ് റൂൾ. മാസാമാസം ആദ്യം തന്നെ കൊടുത്താണ് താമസിക്കുന്നത്. തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്.
പാതി ആയിട്ടില്ല, പാതി മാസം കഴിഞ്ഞാൽ ഒന്നും തരില്ല.
എങ്കിലും ചോദിക്കാൻ പോയില്ല. ജോലിക്കാരിയുടെ കയ്യിൽ ഒരു തുക ഏൽപ്പിച്ചു  അതൊക്കെയെ അവർക്കിരുവർക്കും കിട്ടാനുള്ളു.
കിടക്കാൻ ഉള്ള കൊച്ചു മെത്തയും തലയിണയും ബെഡ് ഷീറ്റും ഒരു കെട്ടായും, ഡ്രസ്സുകൾ ബാഗിലും പാക്ക് ചെയ്തു വെച്ചു. എല്ലാവരോടും യാത്രയും പറഞ്ഞ് ഓഫീസിലേക്ക് ഒരു ഓട്ടോ പിടിച്ചു പോയി. അല്ലെങ്കിൽ തിരികെ വന്നു പോകുമ്പോൾ സമയം കൂടുതൽ ആകും.
ഉച്ചവരെ ജോലിചെയ്തു പിന്നെ എല്ലാരും സെന്റ് ഓഫിന്റെ മൂഡിൽ ആയി.ആദ്യമായുള്ള ഒരനുഭവം. മറ്റാരുടെയും സെന്റ് ഓഫ് നടന്നിട്ടില്ല. തന്റെതാണ് ആ ഓഫീസിൽ കാലു കുത്തിയതിനു ശേഷമുള്ള ആദ്യത്തേത്. തന്റെ ആദ്യ അനുഭവവും .മെയിൻ ഹാളിൽ  മേശയിൽ ഭംഗിയുള്ള ഫ്ലവർവാസിൽ ഒരു പൂച്ചെണ്ട്. ഓഫീസർക്കും ഹെഡ് ക്ലർക്കിനും പിന്നെ ഒരു കസേര കൂടി മേശക്കരികിൽ.അതു തനിക്കായിരുന്നു എന്ന്‌ തന്നെ അവിടെ കൊണ്ടു ചെന്നിരു ത്തിയപ്പോൾ മാത്രമാണ് മനസ്സിലായത്. കൂട്ടുകാരി മുന്നോട്ടുവന്ന് ഒരു പ്രാർത്ഥനാ  ഗാനത്തിന്റെ ഈരടികൾ ആലപിച്ചു.ചിലപ്പോഴൊക്കെ ഊണ്‌ കഴിഞ്ഞുള്ള അവസരങ്ങളിൽ  രണ്ടുപേരും ചേർന്നും ഒറ്റയ്ക്കും പാട്ടുകൾ പാടാറുണ്ടായിരുന്നു. ഏറിയ സമയവും പുതിയ സിനിമാ ഗാനങ്ങൾ.
ഹെഡ് ക്ലർക്കാണ് ഒരു മുഖവുര പ്രസംഗം നടത്തിയത് എല്ലാം തന്നെ കുറിച്ച് നല്ല നല്ല വാക്കുകൾ.അദ്ദേഹവും പറഞ്ഞു ഇത്ര പെട്ടെന്ന് ഈ ട്രാൻസ്ഫർ പ്രതീക്ഷിച്ചില്ല, ഓഫീസിനു ഒരു നല്ല സ്റ്റാഫിനെ ആണ് നഷ്ടപ്പെടുന്നത് എന്ന്. അടുത്തത് ഓഫീസർ തന്നെയായിരുന്നു. പാതി ഇഗ്ലീഷിലും പാതി ഹിന്ദി യിലും ഒന്നു രണ്ടു വാക്കുകൾ മലയാളത്തിൽ പെറുക്കി പെറുക്കിയും സംസാരിച്ചത് മുഴുവൻ തന്നെ സംബന്ധിച്ചു തന്നെ. അപ്പോൾ തനിക്കും തോന്നി ഇത്ര നല്ല ഒരു ഓഫീസ് വിട്ട്  പെട്ടെന്ന് പോകേണ്ടിയി രുന്നില്ല എന്ന്.അപ്പോഴത്തെ മാനസിക നിലപാടിൽ അങ്ങനെ  വീട്ടിൽ പറഞ്ഞും പോയി. ഭാവുകങ്ങൾ നേർന്ന് തനിക്കായി ഓഫീസിൽ വാങ്ങി വച്ച ഉപഹാരവും തന്ന് അദ്ദേഹം ഇരിക്കുമ്പോൾ ചോദിച്ചു
“മിസ്റ്റർ ജോസ് എവിടെ “.
ഹെഡ്ക്ലർക്ക് മറുപടി പറയുന്നതു കേട്ടു
“അറിയിച്ചിരുന്നു കണ്ടില്ല.”
”  ഇനി ഒരു കാര്യം കൂടിയുണ്ട്. ഒരു മറുപടി പ്രസംഗം. കുട്ടിയല്ലേ പോകുന്നത് കുട്ടി പറയു ”
ഹെഡ്ക്ലാർക്കാണ്.
സൺ‌ഡേ സ്കൂളിലും സ്കൂളിലും പ്രസംഗമത്സരത്തിനു ചേരുകയും പ്രൈസ് വാങ്ങുകയും ചെയ്തിട്ടുള്ളതാണ്. പോരാഞ്ഞ് സൺ‌ഡേ സ്കൂൾ ടീച്ചറും. ആ ഒരു ധൈര്യത്തിൽ എഴുനേറ്റു. പക്ഷെ പിടിവിട്ടുപോയി. തുടക്കം ഭംഗിയായി. പക്ഷെ വാക്കുകൾ ഗദ്ഗദത്താൽ പുറത്തേക്കു വന്നില്ല. അവസാനിപ്പിച്ചത് ഒരു പൊട്ടിക്കരച്ചിലിൽ ,ഉള്ളിൽ ഒതുക്കിയിരുന്നതൊക്കെ അണപൊട്ടി ഒഴുകുകയായി രുന്നില്ലേ?ഓഫീസർ സ്വന്തം മകളെ എന്നപോലെ , തന്നെ പിടിച്ച് കസേരയിൽ ഇരുത്തി. ഹെഡ്ക്ലർക്ക് സൂസനോട് പറഞ്ഞു അല്പം വെള്ളം കൊടുക്ക്‌ മുഖം കഴുകട്ടെ.അങ്ങനെ ആദ്യത്തെ ഓഫീസും ആദ്യത്തെ സെന്റ് ഓഫും ഒരു തിക്താനുഭവമായി മാറി.
.പിന്നെ നടന്നത് ട്രേയിൽ കാപ്പിയും,പ്ലേറ്റിൽ   പലഹാരങ്ങളും  വിളമ്പൽ ആ യിരുന്നു. അതിനു കൂട്ടുകാരി മുൻകൈ എടുത്തു. അവസാനം അവരുടെ അടുത്തു തന്നെ തന്നെയും പിടിച്ചിരുത്തി. ഒന്നും കഴിക്കാൻ തോന്നിയില്ല.കാപ്പി മാത്രം എടുത്തു കുടിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കൂട്ടുകാരിയോട് പറഞ്ഞു
“എനിക്ക് ജോസ് സാറിനോട് യാത്ര പറഞ്ഞിട്ടുവേണം പോകാൻ ഒന്നു വരാമോ.”
“അതിനെന്താ നല്ല  കാര്യം വരാമല്ലോ “.
പാക്കേജുകളുടെ എണ്ണം കൂടി കൂടി വന്നു.ഓഫീസിൽ തന്റെതായി ഉണ്ടായിരുന്ന പേർസണൽ ഫയൽ, മറ്റു പേപ്പറുകൾ എല്ലാം എല്ലാം. എല്ലാകാര്യത്തിനും കൂട്ടുകാരി കൈത്താങ്ങായി കൂടെ നിന്നു.
കുറച്ചു പലഹാരങ്ങളും നല്ലതുപോലെ പൊതിഞ്ഞ്  ബാഗിൽ വെച്ചു തന്നു. ഒന്നും കഴിച്ചില്ലല്ലോ പിള്ളേർക്കും വീട്ടിലും എടുക്കാം.
ഹെഡ് ക്ലർക്ക്,ലഗേജുകൾ എടുക്കാനും കൂടെ വന്നു ബസ്സിൽ വെച്ചു തരാനുമായി  ഒരു സ്റ്റോർ മാനേ ഏർപ്പാടാക്കി.
ഓഫീസർ ഓഫീസ് പടിക്കൽ ഇറങ്ങിനിന്ന് ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞ് കൈ തന്നു യാത്രയാക്കി. മറ്റുള്ളവർ ബസ്സ് കയറ്റിവിടാൻ മെയിൻ റോഡ് വരെ കൂടെ എത്തി. എല്ലാവർക്കും അവിടെ നിന്നു വേണം ബസ്സ് കിട്ടുകയോ സ്വന്തം വാഹനത്തിൽ പോകയോ ചെയ്യാൻ.
കണ്ണു വീണ്ടും നിറയാതിരിക്കാൻ വളരെ പണിപ്പെട്ട്, പാക്കേജുകളോടൊപ്പം
ജോലിക്കാരനെ അവിടെ നിർത്തി. രണ്ടുപേരും മാത്രം മുന്നോട്ടു നടന്നു.അകലെ നിന്നെ കണ്ടിട്ടാവണം അമ്മ ഇറങ്ങി വന്നു കൈ പിടിച്ച് പൂമുഖത്തേക്ക് കയറ്റി. അവർ എന്തോ പറയാൻ പണിപ്പെടുന്നതുപോലെ തോന്നി. താനും മറിച്ചായിരുന്നില്ല.
“ഇന്നു പോകയാ അല്ലേ സെന്റ് ഓഫ് കഴിഞ്ഞതു കൊണ്ട് കുട്ടിക്ക് കാപ്പിയൊന്നും എടുക്കേണ്ടല്ലോ .”
അവർ കൂട്ടുകാരിയെ നോക്കി. സൂസൻ വേണ്ട എന്നരീതിയിൽ തലയാട്ടി. തന്റെ കണ്ണുകൾ ചുറ്റിലും പരതുന്നത് അവർ ശ്രദ്ധിച്ചു.
“മോനോട് ഓഫീസിൽ നിന്നു വന്നു സെന്റ്‌ ഓഫിന്റെ കാര്യം പറഞ്ഞിരുന്നു. അവന് തിരക്കല്ലേ,കല്യാണം. മോൾ അറിഞ്ഞില്ലേ? വിളിക്കും, വരണം കേട്ടോ. അവനു ഇഷ്ടമായിരുന്നു. അതിലേറെ എനിക്ക്. പക്ഷെ  ദൈവയിഷ്ടം അതല്ലായിരിക്കാം.”
ഇത് ദൈവയിഷ്ടം മാത്രമാക്കി മാറ്റാമോ?തന്റെ വിവേകക്കുറവല്ലേ.ഒന്നും ആരും
തുറന്നു പറഞ്ഞില്ല. ഇനി എന്തു പറയാൻ.
യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ അമ്മ തന്നെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു.
“മോൾക്ക്‌ നല്ലതേ വരൂ. ദൈവം
അനുഗ്രഹിക്കും ”
ആ അമ്മയുടെ മോനെ താൻ നിരാകരിച്ചിട്ടും അതിന്റെ ഇഷ്ടക്കേടൊന്നും പുറമേ കാണിക്കാതെ ആ അമ്മ തന്നെ അനുഗ്രഹിക്കുന്നു.
നിറയാൻ തുടങ്ങിയ മിഴികൾ കാണാതിരിക്കാൻ പണിപ്പെട്ട്
പറഞ്ഞു.
” ജോസ് സാറിനെക്കൂടി കണ്ട് യാത്ര പറയാനാണ് ഞാൻ വന്നത്. സാറിനോട് ക്ഷമ ചോദിക്കാനും. അമ്മ പറയണം.”
“പറയാം മോളെ അതു ദൈവത്തിന്റെ തീരുമാനമാണ്.
സാരമില്ല. മോളിൽക്കൂടി അതു വെളിപ്പെടുത്തിയെന്നേയുള്ളു. മോൾ ധൈര്യമായിട്ട് പൊയ്ക്കോളു .”
അവർ കൂട്ടുകാരിയോടായി പറഞ്ഞു
“കൂട്ടിക്കൊണ്ട് പൊയ്ക്കോ. ബസ്സ് കയറ്റിവിട്ടിട്ടെ വീട്ടിൽ പോകാവൂ. ഇടക്കിടക്ക് അന്വേഷണവും വേണം.  അതാ നല്ല കൂട്ടുകാരുടെ ലക്ഷണം.”
തന്നെയും കൂട്ടി ആ പടിയിറങ്ങുമ്പോൾ കൂട്ടുകാരി പറഞ്ഞു
“നല്ല അമ്മയായിരുന്നു. മോനും അങ്ങനെ തന്നെ.”
താൻ ഒന്നും മിണ്ടിയില്ല വൈകി വന്ന വിവേകത്തിനു മാപ്പില്ല എന്നു മനസ്സിൽ ഓർത്ത് ,മൗനമായി മുന്നോട്ടു നടന്നു.

(ലഘു നോവൽ ഇവിടെ അവസാനിക്കുന്നു.)

About The Author

Leave a Reply

Your email address will not be published. Required fields are marked *