ഭാരതീയ പരമോന്നത ബഹുമതികൾ – (കാരൂർ സോമൻ, ചാരുംമൂട്)

Facebook
Twitter
WhatsApp
Email

1954 ല്‍ ആരംഭിച്ച ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവു, ചൗധരി ചരണ്‍ സിംങ്, ശാസ്ത്രജ്ഞന്‍ എം. എസ് സ്വാമിനാഥന്‍ തുടങ്ങിയവര്‍ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ചത് പ്രധാനമന്ത്രി പറഞ്ഞതുപോലെ ഓരോ ഭാരതീയനും സന്തോഷമുള്ള വാര്‍ത്തയാണ്. അതില്‍ മലയാളിയായ എം.എസ്. സ്വാമിനാഥന് ലഭിച്ചത് അതിമധുരം നല്‍കുന്നു. സ്വര്‍ണ്ണം കൊണ്ടുനിര്‍മ്മിച്ച ഈ പുരസ്‌കാരം കൊടുക്കുന്നത് കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം, കായികം തുടങ്ങിയ മേഖലകളില്‍ അസാധാരണമായ സേവനം കാഴ്ചവെച്ചവര്‍ക്കാണ്. കാലം പലപ്പോഴും കുതിച്ചുചാടിയും വളഞ്ഞുപുളഞ്ഞുമാണ് സഞ്ചരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ എതിര്‍പ്പും ഭിന്നതകളും സര്‍വ്വസാധാരണമാണ്. എന്നാല്‍ യോഗ്യരായവര്‍ക്ക് പുരസ്‌കാരം ലഭിക്കുമ്പോള്‍ എന്തിനാണ് ബിജെപിയുടെ നാനൂറ് സീറ്റ് തികയ്ക്കാനുള്ള തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രമെന്ന വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്?
1993 ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു സാംസ്‌ക്കാരിക വേദിയില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതിനിടയില്‍ എനിക്കും പ്രവാസി സാഹിത്യ പുരസ്‌കാരം മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവില്‍ നിന്ന് ലഭിച്ചു. അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗത്തില്‍ നിഴലിച്ചു നിന്നത് ഒരു ഭാഷാ പണ്ഡിതന്റെ ഭാഷാ പ്രണയമാണ്. ഓരോ വാക്കിലും കാവ്യപരമായ ആത്മവത്ത നിറഞ്ഞിരുന്നു. കവി, സാഹിത്യകാരന്‍ മാനുഷസത്തയുടെ തട്ടകത്തിലേക്ക് ഇറങ്ങിവരണം. അവിടെ നിഷ്‌ക്രിയത്വവും ഉദാസീനതയും പാടില്ല. ആരുടെയും വാഴ്ത്തുപാട്ടുകാരാകരുത്. നിങ്ങളില്‍ സര്‍ഗ്ഗസിദ്ധിയുടെ വര്‍ണ്ണശബളിമ വളര്‍ന്നുവരാന്‍ വിജ്ഞാനമേഖലകളില്‍ നിന്ന് അറിവുകള്‍ ആര്‍ജ്ജിക്കുക. വ്യാസനും വാല്മീകിയും സവര്‍ണ്ണ ഹിന്ദുക്കളായിരുന്നില്ല ദളിതനായിരുന്നുവെന്ന് പറഞ്ഞതും ഇന്നും ഓര്‍മ്മയിലുണ്ട്. അദ്ദേഹം സാഹിത്യരംഗത്ത് മാത്രമല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥിതിയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയ സാമ്പത്തിക പരിഷ്‌കര്‍ത്താവ് കൂടിയാണ്.
ശ്രീ.നരസിംഹ റാവു ഹിന്ദി, തെലുങ്ക് തുടങ്ങി പല ഭാഷകളില്‍ കവിതകള്‍, ലേഖനങ്ങള്‍ എഴുതുക മാത്രമല്ല കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കിയ ശ്രീ.ഹരിനാരായണ്‍ ആപ്‌തെ എഴുതിയ പ്രശസ്ത മറാഠി നോവല്‍ ‘പാന്‍ ലക്ഷത് കോന്‍ ഗേ റ്റൊ’ തെലുങ്കിലേക്ക് ‘അബലജീവിതം’ എന്ന പേരില്‍ പരിഭാഷപ്പെടുത്തി. ഇങ്ങനെ ഹിന്ദിയടക്കം പല ഭാഷകളില്‍ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ തെലുങ്ക് അക്കാദമി ചെയര്‍മാനായും പല സ്വദേശ വിദേശ പഠനകേന്ദ്രങ്ങളിലെ പദവികള്‍ വഹിച്ചിട്ടുണ്ട്. മാതൃഭാഷ തെലുങ്ക് ആണെങ്കിലും 18 – 20 ഭാഷകളില്‍ അദ്ദേഹം സംസാരിക്കുന്ന പണ്ഡിതനെന്ന് പലരില്‍ നിന്ന് കേട്ടു. എന്നോട് ഒരു വാക്ക് ചോദിച്ചത് ‘സുഖമാണോ’ എന്നാണ്. ഹിന്ദി, ബംഗാളി, കന്നഡ, മലയാളം, തമിഴ്, ഉര്‍ദു, ഗുജറാത്തി, മറാത്തി, പഞ്ചാബി, ഒറിയ, സംസ്‌കൃതം, ചില നാടന്‍ ഭാഷകള്‍ ഒപ്പം ഇംഗ്ലീഷ്, ജര്‍മ്മന്‍, ഗ്രീക്ക്, ലാറ്റിന്‍, സ്പാനിഷ്, ഫ്രഞ്ച്, ലാറ്റിന്‍, അറബിക് തുടങ്ങി പല ഭാഷകളിലും അറിവ് നേടിയിരുന്നു.
മഹാ പണ്ഡിതനായ ഒരു പ്രധാനമന്ത്രിക്ക് ഇപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മഹത്വവും മൂല്യവും മനസ്സിലാക്കി പരമോന്നത ബഹുമതി കേന്ദ്രസര്‍ക്കാര്‍ കൊടുത്തത് ധന്യമായി കാണേണ്ടവരല്ലേ? എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഭരണകാലത്ത് കൊടുക്കാതിരുന്നത്? ബുദ്ധിയും യുക്തിയുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പ് വേളകളില്‍ വോട്ടിനായി ജാതി മത തന്ത്ര മന്ത്രങ്ങള്‍ നടത്താറില്ലേ? കുറ്റം പറഞ്ഞാല്‍ ഇഷ്ടം കുറയും. എല്ലാവരും കുറുപ്പിന്റെ ഉറപ്പല്ലേ കൊടുക്കുന്നത്? മുന്‍ പ്രധാനമന്തി ചരണ്‍ സിംങിനെപോലെ സ്വജനപക്ഷപാതവും, സ്വാര്‍ത്ഥതയും, അഴിമതിയുമില്ലാത്ത ഒരു ജനപ്രതിനിധിയെ ഇന്ന് കാണാനുണ്ടോ? രാഷ്ട്രീയ സാഹിത്യരംഗത്ത് പരമയോഗ്യനായ മുന്‍ പ്രധാനമന്ത്രിക്ക് വൈകിയെത്തിയ പുരസ്‌കാരം കൊടുക്കുന്നത് കാണുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഭരണാധികാരമുപയോഗിച്ച് യോഗ്യരായവരുടെ തൂലികയോടിക്കുകയല്ലേ ഇന്നുള്ളവര്‍ ചെയ്യുന്നത്? എഴുത്തുകാരന്റെ വ്യക്തിസത്തയെ കരണ്ടുതിന്നുന്ന രാഷ്ട്രീയ മാനദണ്ഡങ്ങള്‍ സര്‍ഗ്ഗ പ്രതിഭകളെ കരുത്തുള്ളവരാക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ എഴുത്തുകാരെ ഭിന്നിപ്പിച്ചല്ലേ ഭരിക്കുന്നത്? ഈ രംഗത്ത് ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്താന്‍ ആരെങ്കിലും മുന്നോട്ട് വരുന്നുണ്ടോ? ബിജെപി എന്നല്ല ഏത് പാര്‍ട്ടി ഭരിച്ചാലും യോഗ്യതയുള്ളവരെ മാനിക്കണം അതിനെ ദുഷ്ടലാക്കോടെ എന്തിന് കാണണം?
മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ലഭിച്ച ഈ പരമോന്നത പുരസ്‌കാരത്തില്‍ പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായി ചിലരൊക്ക വിമര്‍ശിക്കുന്നുണ്ട്. ഇത് സ്നേഹമാണോ അതോ സ്‌നേഹ വൈകൃതമാണോ എന്നറിയില്ല. നമ്മുടെ രാഷ്ട്രീയ രംഗത്ത് നടക്കുന്ന അടിയൊഴുക്കുകള്‍ അധികാരത്തില്‍ വന്നുപോയിട്ടുള്ളവര്‍ക്ക് നിഷ്പ്രയാസം ഗ്രഹിക്കാന്‍ സാധിക്കുമെന്ന് ഇവരുടെ പുരസ്‌കാര വിവേചന വാദമുഖങ്ങളില്‍ നിന്ന് തന്നെ പഠിക്കാം. രാഷ്ട്രപതി ചിലര്‍ക്ക് കൊടുക്കുന്ന പുരസ്‌കാരങ്ങളില്‍, കലാ സാഹിത്യ മേഖലകളില്‍ സ്വന്തം വര്‍ഗ്ഗ താല്പര്യം സംരക്ഷിക്കാന്‍, മറ്റ് സ്വാധീന വലയങ്ങള്‍ വഴി സുശക്തമായ ഇടപെടലുകള്‍ സംസ്ഥാനങ്ങള്‍ ബോധപൂര്‍വ്വ0 നടത്തുന്നില്ലേ? ഏത് മേഖലയിലുള്ളവരായാലും എല്ലാവരെയും ഒരുപോലെ കാണാതെ അന്യോന്യം കടപ്പാടുകള്‍ തീര്‍ക്കാന്‍ തുടങ്ങിയാല്‍ സ്വന്തം വര്‍ഗ്ഗത്തെ സംരക്ഷിക്കാനും സന്തുഷ്ടരാക്കാനുമാണോ ജനാധിപത്യം?
കലാ സാഹിത്യ രംഗത്ത് യാതൊരു സംഭാവനയും നല്‍കാത്തവര്‍ അതിന് മുകളില്‍ വണ്ടുകളും ഈച്ചകളുമായി മൂളിപ്പറക്കുകയാണ്. അധികാരത്തിലെത്തിയാല്‍ സ്വന്തം കര്‍ത്തവ്യം പൂരിപ്പിക്കാനറിയാത്തവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നീതിപൂര്‍വ്വമാണോ എന്ന് ചിന്തിക്കണം. ഏത് വിശിഷ്ട സേവാമെഡലായാലും അത് രാഷ്ട്രീയ ലാഭത്തിനും, സ്വാധീനിച്ചും വാങ്ങേണ്ടതല്ല. ആ കൂട്ടര്‍ ഒരു സംസ്‌കാരത്തിന്റെ വഴികാട്ടികളേയല്ല. കലാസാഹിത്യ മേഖലകളില്‍ കടിച്ചുതുപ്പിയും ചവുട്ടിമെതിച്ചും പോകുന്ന സംസ്‌കാരം എഴുത്തുകാരന്റെ ആത്മാവിനുണ്ടാകുന്ന മുറിവുകളാണ്. ഈ രംഗത്ത് നടക്കുന്ന അടിയൊഴുക്കുകള്‍ എന്നാണ് അവസാനിക്കുക?

About The Author

Leave a Reply

Your email address will not be published. Required fields are marked *